കൊച്ചി: മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ഉദയനാണ് താരം' 4കെ ദൃശ്യമികവോടെ മെയ് 20-ന് തിയറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തും. നേരത്തെ മെയ് 6-ന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും, ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 21 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്നത്.

2005-ൽ പുറത്തിറങ്ങിയ 'ഉദയനാണ് താരം' റോഷൻ ആൻഡ്രൂസിന്റെ സംവിധാന അരങ്ങേറ്റമായിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ ചിത്രം, ശ്രീനിവാസന്റെ മികച്ച തിരക്കഥയിലൂടെ നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും ഒരുപോലെ നേടിയിരുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച 'കരളേ കരളിന്‍റെ കരളേ' ഉൾപ്പെടെ ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു.

കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് ചിത്രം നിർമ്മിച്ചത്. വിതരണവും കാൾട്ടൺ ഫിലിംസ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എസ്. കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചത്. ദീപക് ദേവ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾക്ക് കൈതപ്രമാണ് വരികളെഴുതിയത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഔസേപ്പച്ചനാണ്. ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ 4കെ റീമാസ്റ്ററിംഗ് ജോലികൾ പൂർത്തിയാക്കിയത്.

രഞ്ജൻ എബ്രഹാം എഡിറ്റിംഗും, കരീം അബ്ദുള്ള എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രാജീവൻ ആർട്ട് ഡയറക്ടറുമാണ്. ആൻ്റോ ജോസഫ് പ്രൊഡക്ഷൻ കൺട്രോളറായും, പാണ്ഡ്യൻ മേക്കപ്പും, സായി കോസ്റ്റ്യൂംസും കൈകാര്യം ചെയ്തു. ബിനീഷ് സി കരുൺ ഓഫീസ് ഇൻചാർജായും, ബോണി അസ്സനാർ മാർക്കറ്റിംഗ് തലവനായും പ്രവർത്തിച്ചു. മദൻ മേനോൻ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ നൽകിയപ്പോൾ, രാജ പാണ്ഡ്യൻ (പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്) എന്നിവർ കളറിസ്റ്റ്മാരായി. രാജാകൃഷ്ണനാണ് മിക്സിംഗ് നിർവഹിച്ചത്. മോമി & ജെപി സ്റ്റിൽസുകളും, പ്രദീഷ് സമ ഡിസൈൻസും, പി. ശിവപ്രസാദ് പി.ആർ.ഒ. പ്രവർത്തനങ്ങളും ചെയ്തു.