കൊച്ചി: മലയാളത്തിൽ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. റീ റിലീസായെത്തിയ ചിത്രങ്ങൾ നേടുന്ന വിജയം കൂടുതൽ ക്‌ളാസ്സിക് ചിത്രങ്ങളെ വീണ്ടും തീയേറ്ററുകളിൽ എത്തിക്കാൻ പ്രചോദനമാകുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ സ്ഫടികം, ദേവദൂതൻ എന്നീ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഈ ചിത്രങ്ങൾ വീണ്ടുമെത്തിയപ്പോഴുണ്ടായ വിജയം മറ്റ് ക്ലാസ്സിക്കുകളെയും റീ റിലീസ് ചെയ്യിക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുകയാണ്.

മലയാളത്തില്‍ സ്ഫടികവും, ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം റീ റിലീസ് ആകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മോഹൻലാൽ നായകനായി തീയേറ്ററുകളിൽ വൻ വിജയമായ ചിത്രമായിരുന്നു 'ഉദയനാണ് താരം'. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്.

സംവിധായകൻ റോഷൻ ആൻഡ്രൂസാണ് മോഹൻലാല്‍ ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരിയില്‍ ആണ് ചിത്രം എത്തുക. ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ തിരക്കഥ. സഹസംവിധായകനായ ഉദയാഭാനുവായിരുന്നു ചിത്രത്തില്‍ മോഹൻലാല്‍. രാജപ്പൻ തെങ്ങുമ്മൂടെന്ന മറ്റൊരു കഥാപാത്രം ചിത്രത്തില്‍ ശ്രീനിവാസൻ അവതരിപ്പിച്ചു. സരോജ് കുമാറായി മാറുന്ന കഥാപാത്രമായിരുന്നുവിത്. മോഹൻലാലിന്റെ നായികയായി മീന എത്തിയപ്പോള്‍ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, ഭാവന എന്നിവരും വേഷമിട്ടു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും ഗാനങ്ങളുടെ ഈണം ദീപക് ദേവുമായിരുന്നു.