കൊച്ചി: സിനിമയിലെ ലഹരി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണ് എന്ന് ഉണ്ണി മുകുന്ദന്‍ ചൂണ്ടിക്കാട്ടി. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്. സിനിമാ മേഖലയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുവെന്നും ഉണ്ണി പറഞ്ഞു.

സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ചൂണ്ടികാട്ടുക മാത്രമാണ് സിനിമ ചെയ്യുന്നത്. മാര്‍ക്കോ സിനിമ അല്ല പ്രശ്‌നം. സംസ്ഥാനത്തേക്ക് ലഹരിയെങ്ങനെ എത്തുന്നു? അത് എങ്ങനെ സ്‌കൂളുകളിലേക്ക് എത്തുന്നു? ആരാണ് കാരിയേഴ്‌സ് എന്നെല്ലാം പരിശോധിക്കണം. ലഹരി വളരെ അപകടരമാണ്. സിനിമ മേഖലയില്‍ മാത്രമല്ല. എല്ലാ മേഖലയിലും പ്രശ്നങ്ങള്‍ ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് പരാതി പറഞ്ഞത് നടന്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം വ്യാഴാഴ്ചയാണ് പുറത്തുവന്നത്. ഷൈനിനെതിരെ വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈന്‍ മോശം പെരുമാറ്റം നടത്തിയത്. സംഭവത്തില്‍ താര സംഘടനയുടെ ഇടപെടലുണ്ടാകുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

അതിനിടെ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാന്‍സാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈന്‍ മൂന്നാം നിലയിലെ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇന്ന് രാവിലെ ഷൈന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.