ചെന്നൈ: രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് തമിഴ് സൂപ്പർ താരം ഇളയ ദളപതി വിജയ് സിനിമ മതിയാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രമെന്ന വാർത്തകളും ചർച്ചകളിൽ ഇടം നേടി. പ്രേക്ഷകർ ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് വിജയുടെ അവസാന ചിത്രം. ഇപ്പോഴിതാ ദളപതി 69ന്റെ പുതിയ അപ്‍ഡേറ്റ് ആരാധകർക്ക് കൂടുതൽ ആകാംഷയാണ് നൽകുന്നത്. അസുരൻ ഫെയിം തേജയും വിജയ് ചിത്രത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മലയാളത്തിന്റെ യുവ താരങ്ങളിൽ ശ്രദ്ധനേടിയ മമിത ബൈജുവും വിജയ് ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയുടെ ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. എച്ച് വിനോദാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ദളപതി 69ന്റെ പേര് എന്തായിരിക്കും എന്നതും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.



ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൗതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും പ്രകാശ് രാജ് എന്നിവരും പ്രധാന പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ. അനിരുദ്ധ് ഒരുക്കിയ സംഗീതത്തിന് അസൽ കൊളാരുവാണ് വരികൾ എഴുതിയത്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 8 വർഷത്തിന് ശേഷമാണ് വിജയ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നത്. 2016 ൽ അറ്റ്ലീ സംവിധാനത്തിലെത്തിയ 'തെരി'യിലാണ് വിജയ് അവസാനമായി പൊലീസ് വേഷത്തിൽ എത്തിയത്.