കൊച്ചി: മുഹഷിൻ സംവിധാനം ചെയ്ത 'വള' എന്ന ചിത്രം നാളെ (നവംബർ 13) മുതൽ സൈന പ്ലേ പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബർ 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, 56 ദിവസങ്ങൾക്ക് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനോടനുബന്ധിച്ച് സൈന പ്ലേ ഒരു പ്രത്യേക ട്രെയിലറും പുറത്തിറക്കിയിരുന്നു.

ഹർഷദിന്റെ തിരക്കഥയിൽ ഒരുങ്ങിയ 'വള'യുടെ കേന്ദ്ര കഥാപാത്രങ്ങളെ ധ്യാൻ ശ്രീനിവാസനും ലുക്മാനും അവതരിപ്പിക്കുന്നു. ധ്യാൻ ശ്രീനിവാസൻ ഒരു രാഷ്ട്രീയക്കാരന്റെയും ലുക്മാൻ ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും വേഷങ്ങളിൽ തിളങ്ങുന്നു. രവീണ രവി ധ്യാൻ ശ്രീനിവാസന്റെയും ശീതൾ ജോസഫ് ലുക്മാന്റെയും ഭാര്യമാരായി വേഷമിടുന്നു. വിജയരാഘവൻ, ശാന്തികൃഷ്ണ എന്നിവരും ചിത്രത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

സ്വർണ്ണത്തേക്കാളും വജ്രത്തേക്കാളും വിലമതിക്കുന്ന ഒരു വളയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ചരിത്രപരമായ രഹസ്യങ്ങൾ നിറഞ്ഞ ഈ വള കാലങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തിൽ നിന്നും വർത്തമാനകാലത്തിലെത്തി പലരുടെയും ജീവിതങ്ങളെ സ്വാധീനിക്കുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കൂടാതെ, ചിത്രത്തിലെ ഒരു പ്രധാന പ്രതിനായക വേഷത്തിലും അദ്ദേഹം എത്തുന്നു. ഇത് പതിവ് ക്ലീഷേകളിൽ നിന്നും വ്യത്യസ്തമായ ഒരു വേഷമാണെന്ന് സംവിധായകൻ അവകാശപ്പെടുന്നു. അഫ്നാസ് വി.യുടെ ഛായാഗ്രഹണവും സിദ്ദിഖ് ഹൈദറിന്റെ എഡിറ്റിംഗും ഗോവിന്ദ് വസന്തയുടെ സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മുഹഷിൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'വള'. 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെയാണ് മുഹഷിൻ ആദ്യമായി ശ്രദ്ധ നേടിയത്.