- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജു മേനോൻ-ജോജു ജോർജ് കൂട്ടുകെട്ടിന്റെ 'വലതുവശത്തെ കള്ളൻ'; ഒടിടി റിലീസിനൊരുങ്ങി ജീത്തു ജോസഫിന്റെ ക്രൈം ഡ്രാമ; ചിത്രം ആമസോൺ പ്രൈമിൽ മാർച്ച് 27 മുതൽ

കൊച്ചി: തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ മനംകവർന്ന ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ ഒടിടിയിലെത്തുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ മാർച്ച് 27 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രം തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. കാലടി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ആന്റണി സേവ്യറായാണ് ബിജു മേനോൻ ചിത്രത്തിലെത്തുന്നത്.
ഒരു മിസ്സിങ് കേസിനെത്തുടർന്ന് ആന്റണി സേവ്യറുടെ ജീവിതത്തിലുണ്ടാകുന്ന നാടകീയമായ മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സാമുവൽ ജോസഫ് എന്ന അച്ഛൻ കഥാപാത്രമായി കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് ജോജു ജോർജ് കാഴ്ചവെച്ചത്. ഡിനു തോമസ് ഈലന്റേതാണ് തിരക്കഥ. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു., ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിനായകിന്റെ എഡിറ്റിംഗും ചിത്രത്തിന് കരുത്തേകുന്നു. വിഷ്ണു ശ്യാമാണ് സംഗീത സംവിധാനം. ലിൻഡ ജീത്തു (കോസ്റ്റ്യൂം), പ്രശാന്ത് മാധവ് (പ്രൊഡക്ഷൻ ഡിസൈൻ), ജയൻ പൂങ്കുളം (മേക്കപ്പ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ വിതരണം നിർവഹിച്ചത്. കുറ്റാന്വേഷണവും വൈകാരിക മുഹൂർത്തങ്ങളും ഒരുപോലെ കോർത്തിണക്കിയ ചിത്രം ഒടിടിയിലും മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.


