കൊച്ചി: പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജോജു ജോർജ്ജ് നായകനായ 'വരവ്' സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ ഷാജി കൈലാസും ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന ഈ ആക്ഷൻ സർവൈവൽ ത്രില്ലർ സിനിമയുടെ പാക്കപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏകദേശം എഴുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് മൂന്നാർ, മറയൂർ, തേനി, കോട്ടയം എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായി പൂർത്തിയാക്കിയത്.

ഒരു മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, പോളി എന്ന് വിളിപ്പേരുള്ള 'പോളച്ചൻ' എന്ന കഥാപാത്രത്തിൻ്റെ ജീവിത പോരാട്ടങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തിക്കുക. “Game of Survival” എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ശ്രദ്ധ നേടിയിരുന്നു. ജീപ്പിൻ്റെ തകർന്ന ഗ്ലാസുകളിലൂടെ തീവ്രമായി നോക്കുന്ന ജോജു ജോർജ്ജിൻ്റെ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്' തുടങ്ങിയ ഷാജി കൈലാസ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ എ.കെ. സാജനാണ് 'വരവി'ൻ്റെയും രചന നിർവഹിച്ചിരിക്കുന്നത്. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ സിനിമയുടെ പ്രധാന ആകർഷണം ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റർമാരായ അൻപ് അറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ജാക്കി ജോൺസൺ, ഫീനിക്സ് പ്രഭു, കനൽ കണ്ണൻ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങളാണ്.

ജോജു ജോർജ്ജിനൊപ്പം മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ദീപക് പറമ്പോൽ, കോട്ടയം രമേഷ് തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിൻ്റെ പ്രിയ നടിമാരായ സുകന്യ, വാണി വിശ്വനാഥ് എന്നിവരുടെ ശക്തമായ തിരിച്ചുവരവിനും 'വരവ്' സാക്ഷ്യം വഹിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ്. ശരവണനാണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും. പോളച്ചൻ്റെ 'വരവ്' എപ്പോഴായിരിക്കും തിയേറ്ററുകളിൽ എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേക്ഷകർ.