ചെന്നൈ: മാരി സെല്‍വരാജ് ഒരുക്കിയ പുതിയ ചിത്രം വാഴൈ കേരളത്തിലും പ്രദര്‍ശനത്തിനെത്തുന്നു. കലൈയരശന്‍, നിഖില വിമല്‍, പൊന്‍വേല്‍ എം, രാകുല്‍ ആര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഈ മാസം 30 ന് ചിത്രം റിലീസ് ചെയ്യും. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

തമിഴ്നാട്ടില്‍ വമ്പന്‍ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ചിത്രം ബോക്സ് ഓഫീസിലും ഗംഭീര കളക്ഷനാണ് നേടുന്നത്. സംവിധായകന്‍ മാരി സെല്‍വരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയ ചിത്രം ആദ്യ വാരത്തില്‍ 11 കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത്.

നവ്വി സ്റ്റുഡിയോയ്സ്, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍, ഫാര്‍മേഴ്‌സ് മാസ്റ്റര്‍ പ്ലാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ - മാരി സെല്‍വരാജ്, ഛായാഗ്രഹണം - തേനി ഈശ്വര്‍, സംഗീതം - സന്തോഷ് നാരായണന്‍, എഡിറ്റര്‍ - സൂര്യ പ്രഥമന്‍. പിആര്‍ഒ - ശബരി.