ചെന്നൈ: വിജയ് നായകനായ ദ ഗോട്ട് വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തും.വിജയ് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ശേഷം എത്തുന്നത് എന്നതാണ് പ്രധാന പ്രത്യേകത. അതിനാല്‍ വമ്പന്‍ വിജയമാകും വിജയ്യുടെ ദ ഗോട്ട് എന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇപ്പോഴിത ചിത്രത്തെക്കുറിച്ച് മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വെങ്കട്ട് പ്രഭു.ചിത്രത്തിന് ആദ്യം തീരുമാനിച്ച മറ്റൊരു പേരായിരുന്നുവെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നത്.അതിനാല്‍ തന്നെ എക്കാലത്തെയും മഹാന്‍ എന്ന അര്‍ഥത്തില്‍ ഗാന്ധി എന്നായിരുന്നു ചിത്രത്തിന് ആദ്യം ആലോചിച്ച പേരെന്ന് സംവിധായകന്‍ പറയുന്നു.പിന്നീടാണ് ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിച്ചതെന്നും സംവിധായകന്‍ വെങ്കട് പ്രഭു വ്യക്തമാക്കി.

സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥ ആണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

ലിയോയാണ് വിജയ് നായകനായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.ആഗോളതലത്തില്‍ വിജയ്യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപന്‍ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടന്‍ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.