ചെന്നൈ: രജനീകാന്തിന്റെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയന്‍.ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയനുണ്ട്.ഇപ്പോഴിത ചിത്രത്തിലെ ആദ്യഗാനം ചൊവ്വാഴ്ച്ച എത്തുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.മാത്രമല്ല അതൊരു മലയാളം പാട്ടാണെന്ന പ്രത്യേകത കൂടിയുണ്ട്.

നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വേട്ടയനിലെ ആദ്യഗാനമായാണ് 'മനസിലായോ' എത്തുന്നത്. മലയാളവും തമിഴും കലര്‍ന്ന വരികളായിരിക്കും ഗാനത്തിലുണ്ടാവുകയെന്ന് ലൈക്ക പ്രൊഡക്ഷന്‍സ് പുത്തന്‍ പോസ്റ്റര്‍ പങ്കുവെച്ച് അറിയിച്ചു. മലയാളവും തമിഴും കൂടിച്ചേര്‍ന്ന ഗംഭീര ഗാനവുമായി നമ്മുടെ ചേട്ടന്‍ വരുന്നു എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷന്‍സ് കുറിച്ചത്.

നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു രജനികാന്ത് ചിത്രത്തില്‍ മലയാളഗാനം അല്ലെങ്കില്‍ മലയാളം വരികളുള്‍പ്പെടുന്ന ഗാനം വരുന്നത്. 1995-ല്‍ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രത്തിലെ കുളുവാലിലെ എന്ന ഗാനത്തില്‍ മലയാളം വരികളുണ്ടായിരുന്നു.എ.ആര്‍. റഹ്‌മാനായിരുന്നു ഈ ഗാനത്തിന് ഈണമിട്ടത്.വേടയനിലെ ഗാനങ്ങള്‍ക്ക് ഈണമിടുന്നത് അനിരുദ്ധ് ആണ്.

നെല്‍സണ്‍ സംവിധാനം ചെയ്ത കഴിഞ്ഞ വര്‍ഷമെത്തിയ ജയിലറില്‍ വില്ലനായെത്തിയ വിനായകന്റെ മനസിലായോ എന്ന ഡയലോഗ് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ഹിറ്റായിരുന്നു.ഇതിന് പിന്നാലെയാണ് സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രമായ വേട്ടയനില്‍ മനസിലായോ എന്നുതുടങ്ങുന്ന ഒരു ഗാനമുണ്ടെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, കിഷോര്‍, റെഡിന്‍ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ചിത്രം ഈ വരുന്ന ഒക്ടോബര്‍ പത്തിന് ദീപാവലിയോടനുബന്ധിച്ച് തിയേറ്ററുകളിലെത്തും.