ഹൈദരാബാദ്: ഹൈദരാബാദില്‍ നടന്ന റെട്രോ സിനിമയുടെ പ്രീ-റിലീസ് പരിപാടിയില്‍ ആദിവാസി സമൂഹത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ട വിവാദത്തില്‍. നടന്‍ ആദിവാസി സമൂഹത്തിനെതിരെ അനാദരവ് പ്രകടിപ്പിച്ചതായി ഗോത്ര അഭിഭാഷക അസോസിയേഷന്‍ ബാപ്പുനഗര്‍ പ്രസിഡന്റ് കിഷന്‍രാജ് ചൗഹാന്‍ ആരോപിച്ചു.

പരിപാടിയില്‍ കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. അതിനിടയില്‍ '500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിവാസികള്‍ പെരുമാറിയതുപോലെ സാമാന്യബുദ്ധിയില്ലാതെയാണ് പാകിസ്താനികള്‍ പെരുമാറുന്നതെ'ന്ന് നടന്‍ പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. നടന്‍ ഉടന്‍ മാപ്പ് പറയണമെന്ന് ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ആക്രമണത്തില്‍ താന്‍ വളരെയധികം അസ്വസ്ഥനാണെന്ന് പറഞ്ഞുകൊണ്ടാണ് താരം ആരംഭിച്ചത്. 'ചില പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഭീകരാക്രമണത്തില്‍ ഞാന്‍ വളരെയധികം അസ്വസ്ഥനാണ്, ആഭ്യന്തര പ്രശ്‌നങ്ങള്‍ പോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത പാകിസ്താന്‍ പോലുള്ള ഒരു രാജ്യത്തിന് ഇന്ത്യയെ ആക്രമിക്കാന്‍ ധൈര്യമുണ്ടായി.


ഇത് വളരെ അര്‍ത്ഥശൂന്യമാണ്, കശ്മീര്‍ ഇന്ത്യയുടേതാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. പാകിസ്താന്‍ ഇത് മനസിലാക്കേണ്ടതുണ്ട്' എന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.