- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർ പെരുമാറുന്നത് ഗുണ്ടകളെ പോലെ; എന്റെ സിനിമയെ ആവശ്യമില്ലാതെ ഡീഗ്രേഡ് ചെയ്യുന്നു; പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ; വിജയ് ആരാധകർക്കെതിരെ തുറന്നടിച്ച് സുധ കൊങ്കര

ശിവകാർത്തികേയൻ നായകനായ തന്റെ ഏറ്റവും പുതിയ ചിത്രമായ 'പരാശക്തി'ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായിക സുധ കൊങ്കര രംഗത്ത്. വിജയ് ആരാധകരുടെ സംഘടിതമായ ഓൺലൈൻ ഭീഷണികൾക്കും വ്യക്തിഹത്യക്കും എതിരെയാണ് സുധ കൊങ്കര തുറന്നടിച്ചത്.
പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തിയ 'പരാശക്തി'ക്ക് വിജയ് ചിത്രം 'ജന നായക'നുമായി റിലീസ് ക്ലാഷ് പ്രഖ്യാപിച്ചതോടെയാണ് ആരാധകപ്പോരിനിടയിൽ അകപ്പെട്ടത്. ജനുവരി 14-ൽ നിന്ന് 10-ലേക്ക് 'പരാശക്തി'യുടെ റിലീസ് തീയതി മാറ്റിയത് വിജയ്‌ക്ക് എതിരായ രാഷ്ട്രീയ നീക്കമാണെന്നും നടന്റെ അവസാന ചിത്രത്തിന്റെ കളക്ഷൻ കുറയ്ക്കാനുള്ള സംഘടിത ശ്രമമാണെന്നും ചിലർ ആരോപിച്ചിരുന്നു. പിന്നീട് സെൻസർ സർട്ടിഫിക്കേഷൻ പ്രതിസന്ധി കാരണം വിജയ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതോടെ, അതിന്റെയെല്ലാം ദേഷ്യം 'പരാശക്തി'യോട് തീർക്കുകയാണെന്ന് സുധ കൊങ്കര ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അങ്ങേയറ്റം മോശമായ രീതിയിലുള്ള അപകീർത്തിപ്പെടുത്തലുകളും വ്യക്തിഹത്യയുമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്ന് സംവിധായിക പറഞ്ഞു. അജ്ഞാതരായ ആളുകൾ വ്യാജ ഐഡികളിൽ ഒളിച്ചിരുന്നാണ് ഇത് ചെയ്യുന്നതെങ്കിലും, അത് എവിടെ നിന്നാണ് വരുന്നതെന്ന് തനിക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു. "സിബിഎഫ്‌സിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങുന്നതല്ല വലിയ കാര്യം. 'അണ്ണാ' (വിജയ്) ആരാധകരോട് മാപ്പ് ചോദിച്ച് ഒരു അപ്പോളജി സർട്ടിഫിക്കറ്റ് വാങ്ങൂ. ഇനി ഒരു ആഴ്ച കൂടിയുണ്ട്, അവർ ക്ഷമിച്ചാൽ 'പരാശക്തി' ഓടും," എന്ന 'ബ്ലാസ്റ്റിങ് തമിഴ് സിനിമ' എന്ന എക്സ് ഹാൻഡിലിലെ വരികൾ ഉദാഹരിച്ച് തങ്ങൾ നേരിടുന്ന സൈബർ ആക്രമണത്തിന്റെ വ്യാപ്തി സുധ ചൂണ്ടിക്കാട്ടി.
റിലീസിന് മുമ്പുതന്നെ ടൈറ്റിൽ തർക്കങ്ങൾ, സെൻസർ സർട്ടിഫിക്കേഷൻ പ്രതിസന്ധി തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾ ചിത്രം നേരിട്ടിരുന്നു. റിലീസിനു ശേഷവും രാഷ്ട്രീയ കക്ഷികളിൽ നിന്നും തമിഴ്നാട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്നും മറ്റ് ഫാൻസ് അസോസിയേഷനുകളിൽ നിന്നും സിനിമ കടന്നാക്രമണങ്ങൾ നേരിടുന്നുണ്ട്. ഈ കാലഘട്ടത്തിലെ മാർക്കറ്റിങ് രീതികൾ അനുസരിച്ച് സിനിമയെ ആളുകളിലേക്ക് എത്തിക്കാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും സിനിമ തനിയെ സംസാരിക്കട്ടെ എന്ന് കരുതിയിരുന്നിട്ട് കാര്യമില്ലെന്നും സുധ കൊങ്കര അഭിപ്രായപ്പെട്ടു.


