ചെന്നൈ: 'മക്കൾ സെൽവൻ' വിജയ സേതുപതിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 'മഹാരാജ'. ഈ വർഷം തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനത്തോടൊപ്പം പ്രേക്ഷക നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. നിതിലന്‍ സാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 104.84 കോടി രൂപയാണ് നേടിയത്. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായിയിരുന്നു 'മഹാരാജ'. ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചിത്രം ചൈനയിൽ റിലീസ് ചെയ്തത്.

ചിത്രം ചൈനയിലും മികച്ച കളക്ഷൻ നേട്ടവുമായി മുന്നേറുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചൈനയിൽ റിലീസായി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 26.32 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. ചിത്രം ഓപ്പണിംഗില്‍ 4.57 കോടി രൂപയാണ് നേടിയിരുന്നത്. രണ്ടാം ദിവസം കളക്ഷനിൽ വർദ്ധനവ് നടത്തിയ ചിത്രം 9.21 കോടിയാണ് നേടിയത്. മൂന്നാണ് ദിവസം ആയ ഇന്നലെ 7.13 കോടി രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്.

വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രമാണ് മഹാരാജ. അനുരാഗ് കശ്യപ് ആണ് ചിത്രത്തിലെ വില്ലന്‍. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്.

അലിബാബ ഗ്രൂപ്പ് ആണ് ചിത്രം ചൈനയില്‍ എത്തിക്കുന്നത്. ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന്‍ സ്വാമിനാഥന്‍ കഥ പറയുന്നത്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‍മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.