- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; ഇൻട്രോ സീനും പാട്ടും ഓൺലൈനിൽ; സെൻസർ കുരുക്കിന് പിന്നാലെ ചിത്രത്തിന് പുതിയ വെല്ലുവിളി; ആരാധകർ നിരാശയിൽ

ചെന്നൈ: പ്രദർശനാനുമതിക്കായി നിയമപോരാട്ടം തുടരുന്നതിനിടെ തമിഴ് സൂപ്പർതാരം വിജയ്‌യുടെ പുതിയ ചിത്രം 'ജനനായകൻ' ഓൺലൈനിൽ ചോർന്നു. ചിത്രത്തിന്റെ നിർണായക ഭാഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ ലാപ്‌ടോപ്പിൽനിന്ന് പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിജയ്‌യുടെ മാസ് ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, നേരത്തെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയ 'ദളപതി കച്ചേരി' എന്ന പാട്ടിന്റെ ദൃശ്യങ്ങൾ എന്നിവയാണ് എക്‌സ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ സർപ്രൈസ് കാമിയോ വേഷങ്ങളെക്കുറിച്ചുള്ള സൂചനകളും ഇത്തരത്തിൽ പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ ഭൂരിഭാഗവും ചോർന്നതായും റിപ്പോർട്ടുകളുണ്ടെങ്കിലും നിർമാതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പൂർണ്ണസമയ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നു.
സെൻസർ തടസ്സങ്ങൾക്കെതിരെ നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് സിനിമയുടെ ദൃശ്യങ്ങൾ ചോർന്നത് അണിയറ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുന്നത്. സംഭവത്തിൽ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


