കൊച്ചി: മെറിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം 'കരം' റിലീസിന് തയ്യാറെടുക്കുന്നതിനിടെ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'വെൽകം ടു ലെനാർക്കോ...' എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ നായകൻ നോബിൾ ബാബുവും നായിക രേഷ്മ സെബാസ്റ്റ്യനും പ്രധാന വേഷത്തിലെത്തുന്നു.

ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഗാനം അനു എലിസബത്ത് ജോസാണ് വരികളെഴുതിയിരിക്കുന്നത്. കെ.എസ്. ഹരിശങ്കർ, ഇസബെൽ ജോർജ്ജ്, മെഗിഷ രാജ്ദേവ്, അനെറ്റ് സേവ്യർ, അരുന്ധതി പി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആകാംഷയും വിസ്മയവും നിറച്ച ദൃശ്യങ്ങളോടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്.

'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ഒരുമിച്ചാണ് 'കരം' നിർമ്മിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും സംയുക്തമായാണ് ചിത്രത്തിന്റെ നിർമ്മാണം. 'ആനന്ദം', 'ഹെലൻ' ചിത്രങ്ങൾക്ക് ശേഷം വിനീത് നിർമ്മാതാവായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 'തിര' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ത്രില്ലർ ചിത്രമാണിത്.

ജോർജിയ, റഷ്യ-അസർബൈജാൻ അതിർത്തി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് പൂർത്തിയായത്. ഷിംല, ചണ്ഡീഗഡ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നിട്ടുണ്ട്. 2024 ഏപ്രിലിൽ ആരംഭിച്ച പ്രീ-പ്രൊഡക്ഷൻ ജോലികൾ ഒരു വർഷത്തോളം നീണ്ടുനിന്നു. മെറിലാൻഡ് സിനിമാസ് 1955-ൽ പുറത്തിറക്കിയ 'സി.ഐ.ഡി.' മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ ചിത്രമായിരുന്നു. ഈ ചിത്രത്തിന്റെ എഴുപതാം വാർഷികത്തിലാണ് മെറിലാൻഡ് വീണ്ടും ഒരു ത്രില്ലർ സിനിമയുമായി എത്തുന്നത്.