ചെന്നൈ: വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മകുടം’. സംവിധായകൻ രവി അരസുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ചിത്രത്തിന്റെ സംവിധാനം വിശാൽ ഏറ്റെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ സംവിധായകനായി വിശാലിന്റെ പേരാണ് നൽകിയിരിക്കുന്നത്. തിരക്കഥയും വിശാൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

‘മകുടം’ സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് സംവിധായകനെ മാറ്റിയുള്ള ഈ തീരുമാനം. സെറ്റിൽ വെച്ച് വിശാൽ അണിയറപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിച്ചത്. സ്വന്തം കാഴ്ചപ്പാടിൽ സിനിമ പൂർത്തിയാക്കാനാണ് ഈ മാറ്റമെന്ന് സൂചനയുണ്ട്. വിശാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ കഥയിൽ മാറ്റങ്ങൾ വരുമോ എന്ന് വ്യക്തമല്ല.

നേരത്തെ മിഷ്കിൻ സംവിധാനം ചെയ്ത ‘തുപ്പരിവാലൻ’ സിനിമയുടെ രണ്ടാം ഭാഗത്തിലും സമാനമായ രീതിയിൽ സംവിധാനത്തിൽ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ആ സിനിമയും വിശാൽ തന്നെയാണ് പിന്നീട് സംവിധാനം ചെയ്തത്. നിലവിൽ ‘മകുടം’ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ആക്ഷൻ ചിത്രമായാണ് ‘മകുടം’ ഒരുങ്ങുന്നത്. വിശാലിനൊപ്പം ദുഷാര വിജയൻ, അഞ്ജലി, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം നൽകുന്നത്. റിച്ചാർഡ് എം. നാഥൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.