ചെന്നൈ: സായ് പല്ലവിയുടെ വലിയയൊരു ഫാനാണ് താന്‍ എന്ന് സംവിധായകന്‍ മണിരത്‌നം. ഒരു നാള്‍ നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അമരന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ ലോകേഷ് കനകരാജും പങ്കെടുത്തിരുന്നു.

മണിരത്‌നത്തിന് സായി പല്ലവി കൊടുത്ത മറുപടിയും രസകരമായിരുന്നു. 'സിനിമയില്‍ വരുന്നതിന് മുമ്പ് എനിക്ക് സംവിധായകരുടെ പേരൊന്നും അറിയില്ലായിരുന്നു. പക്ഷെ മണിരത്നം എന്ന പേര് എനിക്ക് എന്നും പരിചിതമായിരുന്നു. തിരക്കഥയുടെയും കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഇത്ര ചൂസിയാകാന്‍ കാരണം അദ്ദേഹമാണ്', എന്നാണ് സായ് പല്ലവി പറഞ്ഞത്. ശിവകാര്‍ത്തികേയനും സായ് പല്ലവിയെ കുറിച്ച് ചടങ്ങില്‍ സംസാരിച്ചു. സിനിമയിലെ ഒരു ബ്രാന്‍ഡ് നെയിമാണ് സായ് പല്ലവി എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. 'സായ് പല്ലവിയെ പ്രേമത്തില്‍ കണ്ടപ്പോള്‍ എല്ലാവരെയും പോലെ ഞാനും മലര്‍ ടീച്ചറിന്റെ ആരാധകനായി', എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.

ശിവകാര്‍ത്തികേയന്‍ -സായ് പല്ലവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അമരന്‍. ഭീകരര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സംവിധാനം രാജ്കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്മീരിലടക്കം ചിത്രികരിച്ച അമരന്‍ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്. ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററിലെത്തും.