- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്ക ഓഫ് ഇന്ത്യക്ക് പകരം റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ; 1.60 കോടി രൂപയുടെ കള്ളനോട്ട് നല്‍കി സ്വര്‍ണം വാങ്ങി, പ്രചോദനം ഷാഹിദ് കപൂറിന്റെ 'ഫര്‍സി'
ഗാന്ധിനഗര്‍: മഹാത്മാ ഗാന്ധിക്ക് പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രം ഉപയോഗിച്ച് തയ്യാറാക്കിയ കള്ളപ്പണം ഉപയോഗിച്ച് സ്വര്‍ണം തട്ടിയെടുത്ത പരാതിയില്‍ കേസെടുത്ത് പൊലീസ്. 1.60 കോടി രൂപയുടെ കള്ളപ്പണം ഉപയോഗിച്ചാണ് തട്ടിപ്പ്. സ്വര്‍ണവ്യാപാരിയായ മെഹുല്‍ തക്കറിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
1.6 കോടി രൂപ വിലമതിക്കുന്ന 2,100 ഗ്രാം സ്വര്‍ണമാണ് തട്ടിപ്പ് സംഘം സ്വന്തമാക്കിയത്. മെഹുല്‍ തക്കറുമായി വര്‍ഷങ്ങളായി വ്യാപാരം നടത്തുന്ന പ്രശാന്ത് പട്ടേലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണം നല്‍കാന്‍ തക്കര്‍ സമ്മതിച്ചത്. സ്വര്‍ണം വാങ്ങുന്നയാള്‍ക്ക് മുഴുവന്‍ പണവും ആര്‍ടിജിഎസ് വഴി നല്‍കാന്‍ സാധിക്കില്ലെന്നും പകരം 1.30 കോടി രൂപ പണമായും 30 ലക്ഷം തൊട്ടടുത്ത ദിവസം നല്‍കുമെന്നുമായിരുന്നു തട്ടിപ്പ് സംഘം പ്രശാന്ത് പട്ടേല്‍ വഴി നല്‍കിയ വാഗ്ദാനം.
തുടര്‍ന്ന് തക്കറിന്റെ ജീവനക്കാരനായ ഭരത് ജോഷി സ്വര്‍ണവുമായി നവരംഗ്പുരയിലെ ഒരു ഓഫീസില്‍ എത്തുകയും സ്വര്‍ണം നല്‍കുകയുമായിരുന്നു. 'രണ്ട് പേര്‍ 500 രൂപ നോട്ടുകളുടെ 26 കെട്ടുകള്‍, മൊത്തം 1.3 കോടി രൂപ നല്‍കി , ബാക്കി 30 ലക്ഷം രൂപ എടുത്ത് വരാമെന്ന് പറയുകയും ജോഷിയോട് നോട്ട് എണ്ണുന്ന മെഷിന്‍ ഉപയോഗിച്ച് പണം എണ്ണാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കൊണ്ടുവന്ന 2100 ഗ്രാം സ്വര്‍ണം ജോഷി ഇരുവര്‍ക്കും കൈമാറി. നോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ ആണ് നോട്ടില്‍ ഗാന്ധിക്ക് പകരം അനുപം ഖേറിന്റെ ഫോട്ടോയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതിനോടകം തട്ടിപ്പ് സംഘം രക്ഷപ്പെട്ടിരുന്നു' എന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്.
ജോഷിക്ക് ലഭിച്ച നോട്ടില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ന്നാണ് മെഹൂല്‍ തക്കര്‍ പൊലീസില്‍ പരാതിയുമായി എത്തിയത്. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി സൂറത്ത് കമ്മീഷ്ണര്‍ രാജ്ദീപ് നുകും അറിയിച്ചു. ബോളിവുഡ് താരം ഷാഹിദ് കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഫര്‍സി' സീരിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളപ്പണം നിര്‍മിച്ച് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ നിന്ന് വ്യാജ കറന്‍സി നിര്‍മാണ യൂണിറ്റ് പിടികൂടിയിരുന്നു. കേസില്‍ നാല് പേരെ പിടികൂടുകയും ചെയ്തിരുന്നു.