തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മികച്ച നടനുള്ള പുരസ്‌ക്കാരം പൃഥ്വിരാജ് സുകുമാരന്‍ നേടി. മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി ഉര്‍വ്വശി ബീന ആര്‍ ചന്ദ്രനുമായി പങ്കിട്ടു. മികച്ച സംവിധായകന്‍ ബ്ലെസ്സിയാണ്. കാതലാണ് മികച്ച സിനിമക്കുള്ള പുരസ്‌ക്കാരം നേടിയത്.

മികച്ച തിരക്കഥ ഉള്‍പ്പടെ നാല് പുരസ്‌കാരങ്ങള്‍ നേടി ആടുജീവിതം പുരസ്‌ക്കാരത്തില്‍ തിളങ്ങി നിന്നും. ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരം ആടുജീവിതത്തിന്, ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആര്‍. ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്‌കാരങ്ങള്‍ ആടുജീവിതം നേടി.

കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച നടിമാരായി ഉര്‍വശിയെ തിരഞ്ഞെടുത്തത്. ബീന ആര്‍. ചന്ദ്രന്‍ തടവ് സിനിമയിലൂടെയും പുരസ്‌ക്കാരം നേടി. 'തടവ്' സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കല്‍ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം (കാതല്‍), ജസ്റ്റിന്‍ വര്‍ഗീസ് മികച്ച സംഗീത സംവിധായകന്‍ (ചിത്രം: ചാവേര്‍).

സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ
മികച്ച നടന്‍- പൃഥ്വിരാജ്(ആടുജീവിതം)
മികച്ച നടി- ഉര്‍വ്വശി(ഉള്ളൊഴുക്ക്്), ബീന ചന്ദ്രന്‍-(തടവ്)
മികച്ച സംവിധായകന്‍-ബ്ലെസ്സി(ആടു ജീവിതം)
മികച്ച ചിത്രം- കാതല്‍
ചലച്ചിത്രഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)
ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ (പി.പ്രേമചന്ദ്രന്‍)
സ്‌പെഷ്യല്‍ ജൂറി്യു നടന്മാര്‍ -കെ.ആര്‍ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് -കാതല്‍
സ്‌പെഷ്യല്‍ ജൂറി ചിത്രം -ഗഗനചാരി
നവാഗത സംവിധായകന്‍- ഫാസില്‍ റസാഖ് (തടവ്)ജനപ്രിയ ചിത്രം -ആടുജീവിതം
നൃത്തസംവിധാനം - വിഷ്ണു (സുലൈഖ മന്‍സില്‍)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പെണ്‍ - സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ്‍ - റോഷന്‍ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടി

2023ലെ സംസ്ഥാന അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകള്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളില്‍ നാല് സിനിമകള്‍ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകള്‍ അവസാനറൗണ്ടില്‍ എത്തി. ഇതില്‍ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്.

ഫാലിമി, പൂക്കാലം, ശേഷം മൈക്കില്‍ ഫാത്തിമ, ഗഗനചാരി, പ്രണയ വിലാസം, കഠിന കഠാരമീ അണ്ഡകടാഹം, നെയ്മര്‍, ഒറ്റ്, 18 പ്ലസ് തുടങ്ങി 160 ചിത്രങ്ങളാണ് ഇക്കുറി സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിച്ചത്. ഇതില്‍ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്.