ലയാള സിനിമയുടെ സുവർണ്ണകാലമാണ് 2024 എന്ന് ഒരിക്കൽ കൂടി ഇതാ അടിവരയിടുന്നു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആടുജീവിതം.. ഇപ്പോഴിതാ, ആവേശവും. രോമാഞ്ചം എന്ന കന്നിച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ അരുമയായ ജീത്തുമാധവൻ, ഫഹദ് ഫാസിലിനെ നായകനാക്കി എടുത്ത ആവേശം എന്ന സനിമയെ പൊളി എന്ന വാക്കിൽ കുറഞ്ഞൊന്നും വിശേഷിപ്പിക്കാൻ കഴിയില്ല. ശരിക്കും ഫഹദിന്റെ റീ ഇൻട്രൊഡക്ഷൻ തന്നെയാണ് ചിത്രം. 'പ്രകൃതിപ്പടങ്ങളിൽ' എറെ അഭിനയിച്ച് ഒരു ന്യൂജൻ ടൈപ്പ് ബാൻഡായിപ്പോയതാണ് ഫഹദിലെ നടൻ. പാച്ചുവും അത്ഭുതവിളക്കും, മലയൻകുഞ്ഞും അടക്കമുള്ള അടുത്ത കാലത്തെ ചിത്രങ്ങൾ നോക്കുക. ഫഹദിന്റെ കഥാപാത്രം എന്താവുമെന്ന് നമുക്ക് കൃത്യമായി പ്രവചിക്കാൻ കഴിയും. അവിടെനിന്ന് ഈ രീതിയിൽ ഒരു മാറ്റം അത്യാവശ്യമായിരുന്നു. പക്ഷേ ഇവിടെ ഒരു രക്ഷയുമില്ല. കുമ്പളങ്ങിയിലെ സൈക്കോ ഷമ്മിയും, ട്രാൻസിലെ പാസ്റ്ററും ഒന്നിച്ചുചേർന്നാലുള്ള ഒരുതരം ഉന്മാദ വേഷം. അതാണ് ആവേശത്തിലെ ഫഹദിന്റെ രംഗൻ.

"എടാ.. മോനേ.."... വെള്ള വസ്ത്രങ്ങൾ ധരിച്ച് സ്വർണാഭരണങ്ങൾ വാരിച്ചുറ്റി മുഖത്തൊരു കൂളിങ് ഗ്ലാസ് വെച്ച് മലയാളവും കന്നഡയും കൂട്ടിക്കലർത്തി സംസാരിച്ച് അയാളങ്ങോട്ട് പെരുങ്കളിയാട്ടമാടുകയാണ്. അഴിഞ്ഞാടുക എന്നൊന്നും പറഞ്ഞാൽ ഒന്നുമാവില്ല. ഒരുമാതിരി ഭ്രാന്ത് പിടിച്ച പ്രകടനം. ഈയിടെ തമിഴിൽ മാർക്ക് ആന്റണിയിലും, മാനാടിലും ഒക്കെ എസ് ജെ സൂര്യ കാഴ്ച വെച്ചതിനു സമാനമായ ഉന്മാദനടനം. 'ട്രാൻസി'ന്റെ ഫസ്റ്റ് ഹാഫിലെ ചില പോർഷൻസിൽ മാത്രമാണ് ഇതിന് മുൻപ് ഫഹദ് ഇങ്ങനെയൊരു നടനം പുറത്തെടുത്തിട്ടുള്ളത്.

വീണ്ടും ബാംഗ്ലൂർ ഡെയ്സ്

തന്റെ ആദ്യ ചിത്രമായ രോമാഞ്ചത്തിലെന്നപോലെ, ബാംഗ്ലൂർ എന്ന ബംഗലൂരുവിലാണ് ജീത്തു മാധവൻ ഇത്തവണയും കഥാപരിസരം ഒരുക്കിയിരിക്കുന്നത്. എന്നാൽ രോമാഞ്ചത്തിൽനിന്ന് തീർത്തും വ്യത്യസ്തമാണ് ഈ ചിത്രം. അത് ഹൊറർ കോമഡിയായിരുന്നെങ്കിൽ, ഇതിനെ ഡബിൾ ആക്ഷൻ കോമഡി എന്ന് വിശേഷിപ്പിക്കാം.

ബംഗളൂരുവിലെ ഒരു എൻജിനീയറിങ് കോളെജിൽ പഠിക്കാനെത്തുന്ന ഒരുകൂട്ടം മലയാളി വിദ്യാർത്ഥികളിലുടെയാണ് ചിത്രത്തിന്റെ കഥ പോവുന്നത്. സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങ് നന്നായി കടക്കുന്ന ഈ ക്യാംമ്പസിലെ നവാഗതരിൽ മൂന്നുപേരിലൂടെയാണ് കഥ ചലിക്കുന്നത്. മിഥുൻ ജയ്ശങ്കറും, ഹിപ്സ്റ്റററും, റോഷൻ ഷാനവാസുമാണ് വിദ്യാർത്ഥികളായ സുഹൃത്തുക്കളെ അവതരിപ്പിച്ചിരിക്കുന്നത്. അവരുടെ ഹോസ്റ്റൽ, കോളേജ് ജീവിതം, സീനിയേഴ്സിനോടുള്ള ഭീതി ഇവയെല്ലാം വേഗത്തിൽത്തന്നെ ജിത്തു വരച്ചിടുന്നു.

അവർക്ക് ഈ റാഗിങ്ങിന് പ്രതികാരം ചെയ്യണം. നേരിട്ട അനീതിക്ക് പകരം ചോദിക്കാൻ ലോക്കൽ സപ്പോർട്ട് അന്വേഷിക്കാൻ ആരംഭിക്കുന്ന മൂവർ സംഘത്തിന് മുന്നിലേക്ക് നമ്മുടെ രംഗ, 'എടാ മോനെ' എന്ന് വിളച്ച് വരികയാണ്. ആദ്യകാഴ്ചയിൽ മണ്ടനെന്നും സ്വയംപൊങ്ങിയായ ഒരാളെന്നുമൊക്കെയാണ് യുവാക്കൾ രംഗയെക്കുറിച്ച് കരുതുന്നത്. എന്നാൽ ഒപ്പമുള്ളവർക്കുപോലും പൂർണ്ണമായും അറിയാൻ സാധിക്കാത്ത അയാൾ അവർക്കുമുന്നിൽ എപ്പോഴും സർപ്രൈസുകൾ കാത്തുവെക്കുന്നുമുണ്ട്. അവിടെയാണ് ഡയറക്ഷനിലെയും സ്‌ക്രിപ്പിറ്റിലെയും മികവ്. അത് കണ്ടുതന്നെ അറിയേണ്ടതാണ്.

ഒപ്പമുള്ളവരെക്കൊണ്ട് തന്നെക്കുറിച്ച് വീരവാദങ്ങൾ പറയിപ്പിച്ചും, സംഘട്ടന രംഗങ്ങളിൽ കാഴ്ചക്കാരനായി നോക്കി നിന്നും ഇൻസ്റ്റഗ്രാം റീലുകളിട്ട് അതിൽ ആവേശം കൊള്ളുകയും ചെയ്യുന്ന ഗുണ്ടാനേതാവ്. അതിഭീകരനായ ഒരു ക്രിമിനലാണോ. അതോ വെറുമൊരു വിഡ്ഡിവേഷമോ എന്ന സംശയം സൃഷ്ടിച്ച് മുന്നോട്ട് പോകുന്ന രംഗ തന്നെയാണ് ആവേശത്തിന്റെ ആത്മാവ്. ഒപ്പം ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും രംഗയുടെ സംഘാംഗങ്ങളും. അവർക്കൊപ്പം പിടിച്ച് നിന്ന് കോളേജ് പിള്ളാരും. ശരിക്കും ആവേശം തന്നെയാണ് ഈ ചിത്രം

ഫഫാ തരംഗം വീണ്ടും

അവസാനം ഇറങ്ങിയ 'പാച്ചുവും അത്ഭുതവിളക്കുമൊക്കെ' കണ്ടപ്പോൾ ഫഹദ് ഫാസിലിന്റെ കാലം കഴിഞ്ഞുവെന്ന് പലരും ശങ്കിച്ചിരുന്നു. നടൻ എന്ന നിലയിൽ അയാൾക്ക് കൂടതൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. എന്നാൽ പുഷ്പ, വിക്രം എന്നീ ചിത്രങ്ങളിലൂടെ ഒരു പാൻ ഇന്ത്യൻ താരമായി അയാൾ വളരുകയും ചെയ്യുന്നു. ഈ സമയത്ത് ഫഹദ് എന്ന ഫയർബ്രാൻഡ് നടനെ പൂർണ്ണമായും പുതുക്കി തിരിച്ചുകൊണ്ടുവന്നിരിക്കയാണ് ആവേശം. തമിഴിലും ഹിന്ദിയിലുമൊക്കെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും, മലയാളത്തിൽ രംഗണ്ണനെപ്പോലെ ഒരു വിചിത്ര ക്യാരക്ടർ ഇത് ആദ്യമാണ്. അൽപ്പം ഓവറാകുന്നില്ലേ എന്ന് ചോദിച്ചാൽ വിചിത്രനായ രംഗ ഓവറാകാതെ തരമില്ലല്ലോ എന്നാണുത്തരം.

ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജി. അങ്ങേയറ്റം ഹൈപ്പർ ആയ രംഗ അടുത്ത നിമിഷം എന്തു ചെയ്യുമെന്നുള്ള ആകാംക്ഷയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കന്നഡ കലർന്ന മലയാളം സംസാരിക്കുന്ന ഫഹദിനെ ഇതുവരെ കാണാത്ത സ്വാഗിലും സ്‌ക്രീൻപ്രസൻസിലും അവതരിപ്പിക്കുന്നതിൽ ജിത്തു മാധവൻ വിജയിച്ചിട്ടുണ്ട്. സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തലസംഗീതംകൂടിയാവുമ്പോൾ വല്ലാത്തൊരു വൈബാണ്. ചിരിപ്പിച്ചും ,കയ്യടിപ്പിച്ചും ഫഹദ് രംഗണ്ണനായി അരങ്ങ് തകർക്കുന്നത് കാണാൻ വേണ്ടി മാത്രം പോലും ആവേശത്തിന് ടിക്കറ്റെടുക്കാം.

മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ് എന്നിവരടങ്ങുന്ന മൂവർസംഘം ആദ്യചിത്രമാണെന്ന തോന്നലുണ്ടാക്കാത്തവിധം കഥാപാത്രങ്ങൾ ഭംഗിയാക്കി. തങ്കം മോഹൻ അവതരിപ്പിച്ച അമ്മ വേഷം എടുത്തുപറയേണ്ടതാണ്. മൻസൂർ അലി ഖാൻ, പ്രമോദ് വെളിയനാട്, ആശിഷ് വിദ്യാർത്ഥി, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ എന്നിവരും കഥാപാത്രത്തോട് നീതി പുലർത്തി. സുഷിന്റെ പാട്ടുകളും ചിത്രത്തെ നന്നായി ലിഫ്റ്റ് ചെയ്തിട്ടുണ്ട്. സമീർ താഹിറിന്റെ ഛായാഗ്രഹണ മികവ് എപ്പോഴും എടുത്തു പറയേണ്ടതില്ലെങ്കിലും രാത്രി രംഗങ്ങളും ലൈറ്റിങ്ങുമൊക്കെ അതിഗംഭീരമായി ഒരുക്കിയിരിക്കുന്നു.

സംവിധായകന്റെ ചിത്രം

ഫഹദ് പൊളിച്ചടുക്കുമ്പോൾ കട്ടയ്ക്ക് സജിൻ ഗോപവും കസറുന്നുണ്ട്. രംഗയുടെ വലം കൈയായ അമ്പാനായി എത്തിയ സജിന്, ഇടയ്ക്ക് രോമാഞ്ചത്തിലെ കഥാപാത്രവുമായി സാമ്യം തോന്നുണ്ട്. സജിന്റെ സിറ്റുവേഷനൽ കോമഡികൾക്ക് തിയറ്ററിൽ ഉയർന്നത് വലിയ പൊട്ടിച്ചിരിയാണ്.
രോമാഞ്ചത്തിലെ പോലെ ആവേശത്തിലും നായികമാരോ ഒരു അമ്മവേഷം ഒഴികെ ഫീമെയിൽ ക്യാരക്ടർ ഇല്ല. ആക്ഷൻ കൊറിയോഗ്രാഫിയും സൂപ്പറാണ്. അവസാനത്തെ ഫൈറ്റൊന്നും ഒരു രക്ഷയുമില്ല. ഇത്തരം മെഗാ ഫൈറ്റ് സീനുകൾ കത്തിയെന്ന് പറയിപ്പിക്കാതെ എടുക്കുക എന്നത് വലിയ ടാസ്‌ക്കാണ്.

ആദ്യപകുതിയങ്ങോട്ട് കത്തിത്തീരുകയാണ്. എന്നാൽ അതുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതി അത്ര മികച്ചതല്ല. പല സീനുകളും തട്ടിക്കൂട്ടി ചെയ്യുന്നതു പോലെ തോന്നിക്കുന്നുണ്ട്. പക്ഷേ പെട്ടന്നുതന്നെ സംവിധായകൻ ചിത്രത്തെ തിരിച്ച് പിടിക്കുന്നുമുണ്ട്. എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമല്ല ഇത്. യുവാക്കളെയാണ് ഈ സിനിമ ലക്ഷ്യമിടുന്നത്.

ആകെ എടുത്തത് ഒറ്റ പടമാണെങ്കിലും അതിന്റെ പേരിൽ ചരിത്രമായ സംവിധായകരുണ്ട്. രോമാഞ്ചം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറിയ ജിത്തു മാധവൻ അത്തരത്തിലൊരാളാണ്. ശൂന്യതയിൽനിന്നാണ് അയാൾ രോമാഞ്ചംപോലെ ഒരു കഥയുണ്ടാക്കിയത്. ഇവിടെയും അതുതന്നെയാണ്. കഥയ്ക്കല്ല, സ്‌ക്രീൻ പ്രസൻസിനാണ് പ്രധാന്യം. ടോട്ടാലിറ്റി നോക്കുമ്പോൾ സംവിധായകൻ തന്നെയാണ് ഇവിടെ താരം. ജീത്തുമാധവ് എന്ന സംവിധായകനിൽനിന്ന് ഇതുപോലെ രോമഞ്ചിഫിക്കേഷൻ ഉണ്ടാക്കാൻ കഴിയുന്ന ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കാം.

വാൽക്കഷ്ണം: ഇപ്പോഴത്തെ ഒരു ട്രെൻഡ് വെച്ച് ആവേശവും നൂറുകോടി ക്ലബിലെത്തുമെന്ന് ഉറപ്പിക്കാം. കൗമാരക്കാരും, യുവാക്കളും തന്നെയാണ്, മലയാള സിനിമയുടെ 95 ശതമാനം പ്രേക്ഷകരും. അവർക്കിഷ്ടപ്പെട്ടാൽ ചിത്രം ഹിറ്റാവുമെന്ന് ഉറപ്പാണ്.