- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീതുപ്പുന്ന ഡ്രാഗണുകളും, തിമിംഗലങ്ങളും, അന്യഗ്രഹജീവികളമെല്ലാം ചേരുന്ന യുദ്ധങ്ങൾ; ത്രീഡിയുടെ വിഷ്വൽ ഇഫക്റ്റിൽ കടലിൽ നടക്കുന്നതുപോലുള്ള ദൃശാനുഭവം; ഒപ്പം വികാരനിർഭരമായ കുടുംബ കഥയും; മൂന്നുമണിക്കൂറിലേറെ നീണ്ട സിനിമ ഒരിക്കലും ബോറടിപ്പിക്കില്ല; വീണ്ടും ജെയിംസ് കാമറൂൺ മാജിക്ക്; അവതാറിന്റേത് അത്ഭുത ലോകം തന്നെ!
പനിച്ച് പൊള്ളിക്കിടക്കുമ്പോൾ നമ്മൾ ചിലപ്പോൾ ചില സ്വപ്നങ്ങൾ കാണാറില്ലേ. വിചിത്ര ശരീരികളായ ജീവികളും, ഏലിയൻസും, തീതുപ്പുന്ന വ്യാളികളുമൊക്കെ കടന്നുവരുന്ന അത്തരം സ്വപ്നങ്ങൾപോലെ ഒരു സിനിമ. 'അലീസിന്റെ അദ്ഭുദലോകം' വായിച്ചപ്പോൾ കിട്ടിയ അതേ ഇഫക്റ്റ് എത്രയോ വർഷങ്ങൾക്ക്ശേഷം വീണ്ടും കിട്ടുകയാണ്. അതാണ് അവതാറിന്റെ അദ്ഭുദ ലോകം. 'അവതാർ ദ വേ ഓഫ് വാട്ടർ' എന്ന മൂന്ന് മണിക്കൂർ 10 മിനിട്ട് ദൈർഘ്യമുള്ള ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരുന്ന ദിനം കൂടിയാണിന്ന്. ലോകത്തിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമയുടെ റിലീസിങ്ങ് ദിവസം. ലോകത്തിൽ ഏറ്റവും കൂടുതൽ കളക്റ്റ് ചെയ്ത സിനിമയുടെ രണ്ടാംഭാഗം. വിശേഷണങ്ങളുടെ സൂപ്പർലേറ്റീവ് ഡിഗ്രിയിലാണ് അവതാർ 2 ഇറങ്ങുന്നത്. അമിത പ്രതീക്ഷമൂലം നിരാശയുണ്ടാവുമെന്ന് ഭയന്നാണ് തീയേറ്ററിൽ കയറിയത്. പക്ഷേ ചിത്രം പൊളിച്ചു. ജുറാസിക്ക് പാർക്കും, ടൈറ്റാനിക്കും, കിങ്ങ്കോങ്ങും, ടെർമിനേറ്ററുമെല്ലാം ഹിറ്റാക്കിയ മലയാളി പ്രേക്ഷകക്ക് ഒഴിവാക്കാൻ പറ്റാത്ത സിനിമതന്നെയാണ് ഇത്.
ഇത്രയും ദൈർഘ്യമുണ്ടായിട്ടും ഒരു സീൻപോലും ബോറിടിപ്പിക്കുന്നില്ല. ആകാശത്തിലും, വെള്ളത്തിലും, മലമുകളിലുമൊക്കയായി നമ്മൾ ഒരു അമ്യുസ്മെന്റ് പാർക്കിലെ റൈഡിലെന്നപോലെ എത്തിപ്പോകുന്നു. ത്രിഡിയുടെ വിഷ്വൽ ഇഫക്റ്റിൽ അന്യഗ്രഹജീവികളുടെ അദ്ഭുദ ലോകത്ത് പൊട്ടുപോകുന്നു. ഗ്രാഫിക്സിൽ, എഡിറ്റിങ്ങിൽ, സീൻ കമ്പോസിങ്ങിൽ എല്ലാം ശരിക്കും ഒരു അതിശയലോകം തീർക്കുകയാണ്, ജെയിംസ് കാമറൂൺ എന്ന വെറും ട്രക്ക് ഡ്രൈവറായി തുടങ്ങി ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിച്ച സംവിധായകനായ ഈ മനുഷ്യൻ.
1,200 കോടി രൂപ ചെലവിട്ടാണ് ഒന്നാം അവതാർ നിർമ്മിച്ചത്. അത് അന്ന് ലോകത്തിലെ ഏറ്റവു ചെലവേറിയ ചിത്രം ആയിരുന്നു. പക്ഷേ അത് നേടിയത്, 24,000 കോടിരൂപയെന്ന ഞെട്ടിക്കുന്ന സർവകാല റെക്കോർഡ് ആണ്. രണ്ടാം അവതാറിന് 2,000 കോടി രൂപയോളം ചെലവായിട്ടുണ്ട്. അതും കളക്ഷൻ റിക്കാർഡുകൾ തകർക്കുമെന്നാണ് ആദ്യ ദിനം തന്നെ കിട്ടുന്ന സൂചനകൾ.
എന്താണ് അവതാർ?
അവതാർ ഒന്നാം ഭാഗം കാണാത്തവർക്ക് അത്ര എളുപ്പത്തിൽ രണ്ടാം ഭാഗത്തിലേക്ക് പ്രവേശനം കിട്ടില്ല. സയൻസ് ഫിക്ഷനെ മറുകര കണ്ട പടം എന്ന് വേണമെങ്കിൽ അവതാറിനെ പറയാം. സാധാരണ വർത്തമാനകാലത്തുനിന്ന് കഥ ഫ്ളാഷ്ബാക്കിലേക്ക് പോവുകയാണെങ്കിൽ, അവതാർ പറയുന്നത്, ഇനിയും ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ് 2,154ൽ നടക്കുന്ന കഥയാണ്. ആ സമയം അവുന്നതോടെ ഭൂമിയിൽ അതി ഭീകരമായ ഊർജ പ്രതിസന്ധിയുണ്ടാവുന്നു. ധാതുക്കൾക്കും ഇന്ധനങ്ങൾക്കുമൊക്കെ വല്ലാത്ത ക്ഷാമം നേടിരുന്നു.
അതോടെ മനുഷ്യന്റെ ദൃഷ്ടി പതിയുന്നത് അന്യഗ്രഹത്തിലേക്കാണ്. അങ്ങനെ ഭുമിക്ക് എറ്റവും അടുത്ത നക്ഷത്രമായ, ആൽഫ സെന്റൗറിയുടെ ഒരു ഉപഗ്രഹമായ പൻഡോരയിൽ ശതകോടികളുടെ ധാതുനിക്ഷേപം ഉണ്ടെന്ന് അവർ കണ്ടെത്തുന്നു. ധാതുസമ്പത്ത് മാത്രമല്ല, അത്ഭുത ജീവികളും ഭയാനക ജന്തുക്കളും അവിടെ വസിക്കുന്നുണ്ട്. റിസോഴ്‌സ് ഡെവലപ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷന്റെ (ആർഡിഎ) എന്ന ഒരു കമ്പനിയുടെ നേതൃത്വത്തിൽ പൻഡോരയിലെ അമൂല്യ ധാതുവായ അനോബ്റ്റാനിയം ഖനനം ചെയ്യാൻ നീക്കം തുടങ്ങുന്നു.
നീലനിറവും നീണ്ടവാലുകളും പത്തടിയോളം വലുപ്പവുമുള്ള നാവികളാണ് പൻഡോരയിലെ താമസക്കാർ. മനുഷ്യന്റെ മെറ്റാരു സ്പീഷീസ് എന്ന് പറയാം. വിചിത്രമായ ധാരാളം സസ്യങ്ങളുള്ള കൊടും വനാന്തരങ്ങളിൽ, തങ്ങളുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടർന്ന് ഗോത്രങ്ങളായി ജീവിക്കുകയാണ് നാവികൾ. അസാമാന്യ സാമർഥ്യവും ബുദ്ധിശക്തിയുമുള്ള ഇവരുടെ ഇടയിലേക്ക് മനുഷ്യർക്ക് നേരിട്ടുപോകാൻ എളുപ്പമല്ല.
അതിലുപരി പൻഡോരയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിക്കാൻ സാധിക്കുകയുമില്ല. ഇതോടെ നാവികളെ കീഴടക്കാൻ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിക്കയാണ് ശാസ്ത്രജ്ഞർ ചെയ്യുന്നത്. ഇത്തരം ക്ലോണുകളെയാണ് അവതാർ എന്ന് പറയുന്നത്. നീലനിറത്തിലുള്ള ശരീരവും, കൂർത്ത ചെവിയും വാലുമൊക്കെയായി കാഴ്ചയിൽ അവതാറുകളും നാവികളെപ്പോലെയാണ്. പൻഡോര കീഴടക്കാനായി നാവികളും അവതാറുകളും തമ്മിലുള്ള യുദ്ധമാണ് അവതാർ ഒന്നാം ഭാഗം പറയുന്നത്.
ചലനശേഷി നഷ്ടപ്പെട്ട ഒരു പട്ടാളക്കാരനായിരുന്ന ജാക്ക് സള്ളിയാണ് കഥാനായകൻ. പെൻണ്ടോറയിലേക്ക് അവതാർ ആയി പോയാൽ അയാൾക്ക് ചലനശേഷി വീണ്ടുകിട്ടും. ഇതിൽ ആകൃഷ്ടനായ ജാക്ക് പൻഡോരയിലെ നാവിയായി അവതരിക്കാൻ തയ്യാറാവുന്നു. സള്ളി പൻഡോരയിൽ എത്തിയപ്പോൾ അയാൾ ഒരു അപകടത്തിൽപെട്ട് നാവികളുടെ പിടിയിലാവുന്നു. പക്ഷേ അവർ അവനെ കൊല്ലുന്നില്ല. അവരിൽ ഒരാളായി കൂട്ടുന്നു.
പക്ഷേ ഭൂമിയിലെ മനുഷ്യർക്ക് വേണ്ടത് നാവികളെ ഒന്നടങ്കം കൊന്നെടുക്കി ആ ധാതുസമ്പത്ത് കൈക്കലാക്കണം എന്നതാണ്. അതോടെ ജാക്ക് സള്ളി മനസുമാറ്റുന്നു. അയാൾ നാവികൾക്ക് വേണ്ടി പൊരുതുന്നു. മാത്രമല്ല അവിടുത്തെ ഗോത്രത്തലവന്റെ മകൾ നെയിത്രിയുമായി അയാൾ അനുരാഗത്തിലും അവുന്നു. ജാക്കിന്റെ ജീവൻ രക്ഷിച്ചതും നെയിത്രിതന്നെയാണ്. മനുഷ്യരെ തുരത്തിയ ജാക്ക്, നാവികളെ രക്ഷിക്കുന്നു. അവസാനം അയാൾ മനുഷ്യശരീരം വിട്ട് പൂർണ്ണമായും നാവിയാവുന്നിടത്താണ് അവതാർ ഒന്നാംഭാഗം അവസാനിക്കുന്നത്.
വിസ്മയക്കാഴ്ചകളുമായി രണ്ടാം ഭാഗം
ഒന്നാംഭാഗത്തുനിന്ന് നിർത്തിയേടത്ത്നിന്ന് നേരെ തുടങ്ങുകയാണ് ജെയിസ് കാമറൂൺ. അവതാർ ദ വേ ഓഫ് വാട്ടറിലും മനുഷ്യന്റെ പകയുടെ ആർത്തിയുടെയും കഥതന്നെയാണ് പറയുന്നത്. മനുഷ്യന്റെ അസ്തിത്വം വിട്ട് പൂർണ്ണമായും നാവി ആയി മാറിയ ജാക്ക്, പ്രണയിനി നെയിത്രിയെ വിവാഹം കഴിച്ച് ഗോത്രത്തലവനും ഒരു ടിപ്പിക്കൽ കടുംബപുരുഷനുമായി ജീവിക്കയാണ്.
രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും അടങ്ങുന്ന ഒരു സന്തുഷ്ട നാവി കുടുംബത്തിന്റെ കവിതാത്മകമായ ദൃശ്യങ്ങളിലൂടെയാണ് കാമറൂൺ കഥ വിടർത്തുന്നത്. വേട്ടയാടലും, മീൻപിടുത്തവും മക്കളെ പഠിപ്പിച്ചും, ഭാര്യയോട് ചേർന്ന് ആകാശം നോക്കി കിടക്കുകയും ചെയ്യുന്ന ജാക്കിന്റെ ആ സമാധാനം അധികകാലം നീണ്ടുനില്ല. പകവീട്ടാനായി മനുഷ്യർ അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ വീണ്ടും പൻഡോറയിലേക്ക് എത്തുകയാണ്. ഒരു വിധത്തിലാണ് ജാക്ക് തന്റെ മക്കളെ അവിടെനിന്ന് രക്ഷിക്കുന്നത്.
തന്നെതേടി ഇനിയും ആകാശത്തുനിന്ന് ആളുകൾ വരുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അതിനാൽ ജാക്ക് ആ കാട്ടിലെ താമസം മാറ്റുക എന്ന കടുത്ത തീരുമാനം എടുക്കുന്നു. ഏത് ഒരു ഗൃഹനാഥനെയും പോലെ തന്റെ കടുംബത്തിന്റെ സുരക്ഷ മാത്രമായിരുന്നു അയാളുടെ മുന്നിൽ ഉണ്ടായിരുന്നത്്. അങ്ങനെ പൻഡോര ഗ്രഹത്തിലെ യാത്രാ സംവിധാനമായ ഡ്രാഗണുളുടെ ചിറകിലേറി അവർ സമുദ്രങ്ങൾ താണ്ടി മറ്റൊരിടത്തേക്ക് യാത്ര തിരിക്കയാണ്. ആർത്തലക്കുന്ന കടലിനുമുകളിലൂടെയുള്ള ആ യാത്രയൊക്കെ 3ഡിയിൽ അനുഭവിക്കുമ്പോൾ, നാം ഒപ്പം യാത്രചെയ്യുന്നതുപോലെ തോന്നും. അതാണ് ജെയിസ് കാമറൂണിന്റെ മിടുക്ക്!
അങ്ങനെ ജാക്ക് സള്ളിയും കുടുംബവും ഒരു കടലോരത്തേക്ക് താമസം മാറ്റുകയാണ്. അവിടുത്തെ ഗോത്രത്തലവൻ അവരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ആ നാട്ടിലെ രീതികൾ അറിയാതെ പലയിടത്തും കുട്ടികൾ അപമാനിക്കപ്പെടുന്നു. പക്ഷേ വളരെ പെട്ടെന്ന് അവർ കടൽജീവികളുടെ പുറത്ത് കയറിയുള്ള യാത്രകളും, സമുദ്രാന്തർഭാഗത്ത് സഞ്ചരിക്കുവാനൊക്കെ പഠിക്കുന്നു. പക്ഷേ ഭുമിയിലെ മനുഷ്യർ അവിടെയും സള്ളിയെ തേടിയെത്തുന്നു. പിന്നീട് നാം കാണുന്നത് വല്ലാത്ത ഒരു യുദ്ധമാണ്. അൾട്രാമെഷീൻ ഗണ്ണുകളും, റോക്കറ്റ് ലോഞ്ചറുകളും, ഗ്രേനേഡുകളമായി മനുഷ്യ സേനയും, ഡ്രാഗണുകളും തിമിംഗലങ്ങളുടെയും സഹായത്തോടെ അമ്പും വില്ലും കുന്തവുമായി, നാവികളും. അത് ഒരു അസാധരാണമായ അനുഭവം തന്നെയാണ്. ശരിക്കും ദൃശ്യവിസ്മയം.
അടിസ്ഥാനപരമായി കുടുംബ കഥ
താൻ എടുക്കുന്ന ചിത്രത്തിലൊക്കെ അടിസ്ഥാനപരമായി ഒരു പ്രണയം ഉണ്ടാവുമെന്നാണ് ജെയിംസ് കാമറൂൺ ഒരിക്കൽ പറഞ്ഞത്. ടൈറ്റാനിക്കിൽ നാം അത് കണ്ടതാണ്. ജാക്കിന്റെയും റോസിന്റെയും പ്രണയം ഇല്ലായിരുന്നെങ്കിൽ, കപ്പൽ തകർച്ചയെക്കുറിച്ചുള്ള വെറുമൊരു ഡോക്യമെന്റിയായി അത് മാറുമായിരുന്നു. അവതാർ-2വിന്റെ കഥ ഒറ്റവരിയിൽ ചുരിക്കപ്പറയാം. തന്റെ കുടുംബത്തെ രക്ഷിക്കാൻ ഒരു പിതാവ് നടത്തുന്ന പോരാട്ടങ്ങളുടെ കഥയെന്ന്. വികാര സാന്ദ്രമായ നിരവധി രംഗങ്ങൾ ഈ ചിത്രത്തിൽ കാമറൂൺ ഒരുക്കിയിട്ടുണ്ട്.
ടെക്ക്നിക്കൽ വശങ്ങളിലേക്ക് വന്നാൽ ഇത്രയും പെർഫക്റ്റായ ഒരു ചിത്രം, അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ത്രീഡിയുടെ മാന്ത്രികക്കണ്ണടയിലൂടെ നോക്കുമ്പോൾ, നമ്മളും ഒരു അവതാർ ആയി മാറുന്ന അവസ്ഥയാണ്. വെള്ളം ചീറ്റിത്തെറിക്കുമ്പോഴോക്കെ കാണികളുടെ ശരീരത്തിൽ വീണപോലെ തോന്നിപ്പിക്കുന്നു. കോരിത്തരിപ്പിക്കുന്ന ഒരു അനുഭൂതി! അപരമായ ക്യാമറാവർക്ക്. ജെയിസ് കാമറൂണിന്റെ 13 വർഷത്തെ കാത്തിരിപ്പ് വെറുതെയായിട്ടില്ല.
സാം വെർത്തിങ്ടൺ, സോയി സാൽഡാന, സ്റ്റീഫൻ ലാങ്, സിഗേർണ്ണി വീവർ എന്നിവർക്കൊപ്പം ടൈാറ്റാനിക്ക് നായിക കേറ്റ് വിൻസ്ലറ്റും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് കേറ്റ് വിൻസ്ലറ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്. ആദ്യ അരമണിക്കൂറിൽ അവതാറിന്റെ സാങ്കേതിക ഭാഗങ്ങൾ കാണിക്കുന്ന ഭാഗത്ത് മാത്രമാണ്, സിനിമ അൽപ്പം ലാഗടിക്കുന്നതായി തോന്നുന്നത്. പക്ഷേ വളരെ പെട്ടന്നുതന്നെ ജെയിംസ് കാമറൂൺ അത് തിരിച്ച് പിടിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള കുട്ടികളും കൗമാരക്കാരുമാണ് ജെയിംസ് കാമറൂൺ സിനിമകളുടെ വലിയ ആരാധകർ. പരീക്ഷക്കാലം ആയിരുന്നിട്ടുപോലും കേരളത്തിലെ തീയേറ്റുകളിൽ കുട്ടികൾ ആർത്തലച്ച് എത്തുന്നത് കണ്ട് ഈ ലേഖകൻ അമ്പരന്നുപോവുകയാണ്. പണ്ടൊക്കെ സംഘട്ടനം ത്യാഗരാജൻ എന്നും, സംവിധാനം ജോഷി, ഐ വി ശശി എന്നിങ്ങനെയൊക്കെ എഴുതിക്കാണിക്കുമ്പോൾ, ഉൾനാട്ടിലെ തീയേറ്ററുകളിൽപോലും കൈയടികൾ ഉയരുമായിരുന്നു. അതിനെ കവച്ചുവെക്കുന്ന രീതിയിലാണ്, ജെയിംസ് കാമറൂൺ എന്ന അവസാനം എഴുതിക്കാണിക്കുമ്പോൾ ഉണ്ടാവുന്ന ഹർഷാരവം!
വാൽക്കഷ്ണം: അവതാർ എന്ന പേര് എവിടെനിന്ന് വന്നു എന്നതിന് ആരും സംശയിക്കേണ്ട. സാക്ഷാൽ ജെയിംസ് കാമറൂൺ തന്നെ തീർത്ത് പറഞ്ഞിട്ടുണ്ട്. അത് ഇന്ത്യൻ പുരാണങ്ങളിൽ നിന്ന് കിട്ടിയതാണ്. ''എനിക്ക് ഇന്ത്യൻ പുരാണങ്ങളും ഇതിഹാസങ്ങളും വളരെ ഇഷ്ടമാണ്. അവതാർ എന്ന വാക്ക് അങ്ങനെ കിട്ടിയതാണ്. പുനർജന്മം എന്ന അർത്ഥം ഉൾക്കൊണ്ടുതന്നെയാണ് ആ പേരിട്ടത്''- ജെയിംസ് കാമറൂൺ പറയുന്നു. ലോക സിനിമയിൽ ഇന്ത്യയെക്കൊണ്ട് അങ്ങനെയെങ്കിലും ഉപകാരം ഉണ്ടാവട്ടെ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ