- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരതന്റെ നാട്യങ്ങള്‍ പറയുന്ന ഭരതനാട്യം; കഥനോക്കുമ്പോള് ന്യൂജെന്‍ ബാലേട്ടന്; സായികുമാറും സൈജുകുറുപ്പും തിളങ്ങുന്നു; ഇത് രസകരമായ ഫാമിലി ഡ്രാമ
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍, ഖനി അപകടം ഉണ്ടായി കുറേപ്പര് ആഴ്ചകളോളം അതിനുള്ളില്‍ കുടങ്ങിയ സംഭവം ഉണ്ടായിരുന്നു. അപകടത്തില്‍പെട്ടവരുടെ പേരും ഫോട്ടോയുമൊക്കെ മാധ്യമങ്ങളില്‍ വന്നതോടെ, അവരുടെ ഭാര്യയും മക്കളും അടങ്ങുന്ന ബന്ധുക്കള്‍ അലമുറകളോടെ ഖനിക്കുമുന്നില് തടിച്ചുകൂടി. അപ്പോഴാണ് ഒരു തൊഴിലാളിയുടെ പേരില്‍ രണ്ടു ഭാര്യമാരും രണ്ടുകുടുംബങ്ങളും എത്തുന്നത്. അവര്‍ പരസ്പരം അറിയുകയില്ല. ഇതിലേതാണ് ഒറിജിനല്‍ എന്ന് അധികൃതര്‍ക്ക് അറിയില്ല. കുടുങ്ങിക്കിടക്കുന്ന ആള് മരിച്ചാല്‍ ആര്‍ക്ക് ആനുകൂല്യം കൊടുക്കും. പക്ഷേ അയാള്‍ മരിച്ചില്ല. ആഴ്ചകള്‍ക്ക്ശേഷം രക്ഷാപ്രവര്‍ത്തകര്‍ അവരെ രക്ഷിച്ചു. […]
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍, ഖനി അപകടം ഉണ്ടായി കുറേപ്പര് ആഴ്ചകളോളം അതിനുള്ളില്‍ കുടങ്ങിയ സംഭവം ഉണ്ടായിരുന്നു. അപകടത്തില്‍പെട്ടവരുടെ പേരും ഫോട്ടോയുമൊക്കെ മാധ്യമങ്ങളില്‍ വന്നതോടെ, അവരുടെ ഭാര്യയും മക്കളും അടങ്ങുന്ന ബന്ധുക്കള്‍ അലമുറകളോടെ ഖനിക്കുമുന്നില് തടിച്ചുകൂടി. അപ്പോഴാണ് ഒരു തൊഴിലാളിയുടെ പേരില്‍ രണ്ടു ഭാര്യമാരും രണ്ടുകുടുംബങ്ങളും എത്തുന്നത്. അവര്‍ പരസ്പരം അറിയുകയില്ല. ഇതിലേതാണ് ഒറിജിനല്‍ എന്ന് അധികൃതര്‍ക്ക് അറിയില്ല. കുടുങ്ങിക്കിടക്കുന്ന ആള് മരിച്ചാല്‍ ആര്‍ക്ക് ആനുകൂല്യം കൊടുക്കും. പക്ഷേ അയാള്‍ മരിച്ചില്ല. ആഴ്ചകള്‍ക്ക്ശേഷം രക്ഷാപ്രവര്‍ത്തകര്‍ അവരെ രക്ഷിച്ചു. പക്ഷേ അയാളുടെ ജീവിതത്തിലെ കള്ളക്കളി പൊളിഞ്ഞു. ഇനി താന്‍ പറ്റിച്ച ഈ രണ്ട് കുടുംബങ്ങളിലുമായി അയാള്‍ എങ്ങനെ ജീവിക്കും എന്ന് ചോദിച്ച്, രസകരമായ ഒരു ഫീച്ചര്‍ വായിച്ചത് ഓര്‍മ്മയുണ്ട്.
ജീവിത സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന, ഇത്തരം ഡാര്‍ക്ക് കോമഡി വീണ്ടും ഓര്‍ത്തത് നവാഗതനായ കൃഷ്ണദാസ് മുരളി രചനയും സംവിധാനം നിര്‍വഹിച്ച ഭരതനാട്യം എന്ന ചിത്രം കണ്ടപ്പോഴാണ്. സായികുമാറിന്റെ ഭരതന് എന്ന ടിപ്പിക്കല്‍ മല്ലു സോഫ്റ്റ് ടോക്സിക്ക് ഫാദറിന്റെ ചില നാട്യങ്ങളാണ് ചിത്രം. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം കൂട്ടുകുടുംബമായി ജീവിക്കുന്ന ഭരതന് നായര്‍, ഒരു സുപ്രഭാതത്തില്‍ സ്ടോക്ക് വന്ന് മരണം മുന്നില്‍ കാണുകയാണ്. ഇനി അധികം ദിവസം ഇല്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍, മകന് ശശിധരനു ( സൈജു കുറുപ്പ്) മുന്നില്‍ അയാള്‍ ഒരു ദയനീയ വെളിപ്പെടുത്തല്‍ നടത്തുന്നു. തനിക്ക് മറ്റൊരു കുടുംബമുണ്ട്. അതില്‍ ഒരു മകനുമുണ്ട്. അവരെ കാണണം. പകച്ചുപോയ ശശിധരന് രണ്ടാം 'ബാലേട്ട'നാവുന്നു. മോഹന്‍ലാലിന്റെ ബാലേട്ടന് സിനിമയുടെ ഒരു സ്പൂഫും ചിത്രം ഉപയോഗിക്കുന്നുണ്ട്.
ശരിക്കും പുതുമയും കൗതുകവും ഉണര്‍ത്തുന്നതാണ് ഭരതനാട്യത്തിന്റെ ത്രഡ്. അത് നര്‍മ്മം ഒട്ടും ചോര്‍ന്നുപോവാത്ത രീതിയില്‍ കൃത്യമായ ഫാമിലി ഡ്രാമയായി എടുത്തു ഫലിപ്പിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. കൊടുത്ത കാശ് വസൂലാവുന്ന ഒരു കൊച്ചുചിത്രമാണ് ഭരതനാട്യമെന്ന നിസ്സംശയം പറയാം.
സൈജുകുറുപ്പും സായികുമാറും
ഈ ലേഖകന്‍ വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള നടനാണ് സൈജു കുറുപ്പ്. അതീവ രസകരമായ ഒരു ശരീരഭാഷയും ആക്റ്റിങ്് മെത്തേഡുമാണ് അയാളുടേത്. കോമഡിയും സീരിയസും എന്ന് വേണ്ട ഏത് വേഷവും ആശാന് ചെയ്യും. നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ ഒരു സൂപ്പര്താരംവരെ ആവേണ്ട നടന്. ഈ ചിത്രത്തിന്റെ സഹ നിര്‍മാതാവ് കൂടിയായ സൈജു. ഇവിടെയും വീടും നാടും അമ്പല കമ്മിറ്റിയുമായി നടക്കുന്ന ശശിധരന് എന്ന നാട്ടിന് പറുത്തുകാരനായാണ് സൈജുവിന്റെ വേഷം. ഉള്ളില്‍ ജാതി ചിന്തയൊക്കെയുള്ള, ഒരു അമ്പലം വിഴുങ്ങി എന്ന് പറയാവുന്ന കഥാപാത്രം കൂടിയാണത് അത്. പ്രത്യേക ഗൃഹപൂജ വഴി അമ്പലത്തിലേക്ക് ഒപ്പം സ്വന്തം പോക്കറ്റിലേക്കും വരുമാനമുണ്ടാക്കാനൊക്കെ ശശിക്ക് അറിയാം.
അച്ഛനും, അമ്മയും, സഹോദരങ്ങളും അളിയന്മാരും അവരുടെ മക്കളും അടങ്ങുന്ന ഒരുകൂട്ടുകടുംബമാണ് അവരുടേത്. അപ്പോഴാണ് പിതാവ് ഭരതന് അസുഖബാധിതനാവുന്നതും, ശശിയുടെ ജീവിതം ആകെ മാറിമറിയുന്നതും. കുറച്ചുകാലത്തെ ഒരു ഗ്യാപ്പിന്ശേഷമാണ്, നടന് സായികുമാറിനെ ഒരു മുഴനീളം വേഷത്തില്‍ കാണുന്നത്. ഭരതന്റെ നാട്യങ്ങളുള്ള ഇരട്ട ജീവിതം അതിഭംഗിയായാണ്, സായികുമാര്‍ അവതരിപ്പിക്കുന്നത്. എല്ലാ വീടുകളിലും കാണുന്നതു പോലെ ഒരു മുരടനായ അച്ഛന് കഥാപാത്രമാണ് തുടക്കത്തിലിയാള്. മക്കളുമായി അത്രമേല്‍ അടുപ്പം കാണിച്ചില്ലെങ്കിലും വീട്ടിലെ കാര്യങ്ങള്‍ക്ക് യാതൊരു കുറവും വരുത്താത്ത അച്ഛന്. ആ വേഷം സായികുമാര്‍ ഭംഗിയാക്കുന്നുണ്ട്. കലാരഞ്ജിനി, മണികണ്ഠന് പട്ടാമ്പി, ശ്രീജ രവി, അഭിരാം രാധാകൃഷ്ണന്, , സോഹന്‍ സീനുലാല്‍, ഗംഗ, ശ്രുതി സുരേഷ് തുടങ്ങിയവരും അവരുടെ റോള്‍ നന്നാക്കി. പക്ഷേ ചിത്രത്തില്‍ ഏറ്റവും നന്നായത് സൈജുകുറപ്പിന്റെ സഹോദരനായി അഭിനയിച്ച ഇരട്ടകളാണ്. ചിത്രം അവസാനിക്കുമ്പോള്‍, ഇവരുടെ മുഖമാണ് മനസില്‍ തെളിഞ്ഞുവരുന്നത്.
മാമൂലുകള്ക്കെതിരെയുള്ള പടം
ഒരു ശരാശരി മലയാളിയുടെ ജീവിതമെന്ന് പറയുന്നത്, രാവിലെ എണീക്കുക നാട്ടുകാര്‍ എന്ത് പറയും എന്ന ഭീതിയില്‍ സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവെച്ച് അഡ്ജസ്റ്റ് ചെയ്യുക എന്നതാണെന്നാണ് പൊതുവെ പറയാറുണ്ട്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് കരുതി സ്വന്തം ആഗ്രഹങ്ങള്‍ കുഴിച്ചുമൂടി ജീവിക്കുന്നവര്‍. അതുപോലെ കുടുംബത്തിന്റെ മാനം, സദാചാരം, ജാതിബോധം എന്നീ കാര്യങ്ങളിലൊക്കെ ഇനിയും നാം എത്രയോ മാറേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള പലകാര്യങ്ങളിലേക്കും ചിത്രം വിരല്‍ ചൂണ്ടുന്നുണ്ട്. പക്ഷേ അതൊക്കെ പൊളിറ്റിക്സ് പറയാനായി പ്രത്യേകം കൊണ്ടുവന്നതല്ല. കഥയുടെ ഘടനയുമായി സ്വാഭാവികമായി അലിഞ്ഞുചേര്‍ന്നതാണ്. അതാണ് ഭരതനാട്യത്തിന്റെ ബ്യൂട്ടി.
കപട സദാചാരവാദികളള്ക്ക് നേരെയുള്ള നടുവിരല്‍ നമസ്ക്കാരമായാണ് ചിത്രം അവസാനിക്കുന്നതും. ടെയില്‍ എന്ഡുകൂടി കണ്ടാലാണ്, സംവിധാകന് ഉദ്ദേശിക്കുന്ന പൊളിറ്റിക്ക്സ് പൂര്‍ണ്ണമായും മനസ്സിലാവുക. ഒട്ടും സ്പൂണ്‍ ഫീഡിങ്ങില്ലാതെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. പല നര്‍മ്മങ്ങളും അതിനുശേഷമുള്ള സീനുകള്‍ കൂടി കൂട്ടി വായിച്ചാലേ രംഗം പുര്ത്തിയാവൂ. സാധാരണ ഇത്തരം സിനിമകളില്‍ കാണുന്നതുപോലെ, പ്രധാന കഥാപാത്രങ്ങളെ വിശുദ്ധരാക്കാനുള്ള ഒരു ശ്രമവും ചിത്രത്തിലില്ല. ഭരതന് നായര്‍, ബാലേട്ടനിലെപോലെ സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ രണ്ടാം കെട്ട് കെട്ടിയതല്ല. ശരിക്കും ആലോചിച്ച് ഉറപ്പിച്ച്, ചെയ്തതാണ്!
പക്ഷേ ചിത്രത്തിന്റെ ഒരു പ്രധാന പോരായ്മയായി തോന്നിയത് കഥയുടെ മെയിന്‍ സ്ട്രീമിലേക്ക് പ്രവേശിക്കാന്‍ എടുത്ത ആദ്യത്തെ 15 മിനുട്ടാണ്. ഇവിടം അല്‍പ്പം ലാഗടിപ്പിക്കുന്നുണ്ട്. ഹോസ്പിറ്റല്‍ സീനുകളിലെ ഷോര്‍ട്ട് ഷോട്ടുകളെ തനിയാവര്‍ത്തനം പ്രശ്നമാണ്. പക്ഷേ തുടര്‍ന്നങ്ങോട്ട് ചിത്രം വേഗത്തില്‍ നീങ്ങുകയാണ്. ഈ ഫാമിലി ഡ്രാമകളുടെയും, ഫീല്‍ഗുഡ് മൂവികളുടെയും, ഒരു പ്രധാന തകരാറാണ് കഥയുടെ പ്രവചന സ്വഭാവം. ഇത് ഇങ്ങനയേ അവസാനിക്കൂവെന്ന് ഇത്തരം സിനിമകള്‍ കണ്ടതിന്റെ മുന്‍ അനുഭവംവെച്ച് നമുക്ക് പറയാന്‍ കഴിയും. ഇവിടെയും അങ്ങനെ തന്നെ.
പക്ഷേ മൊത്തത്തില്‍ നോക്കുമ്പോള്‍ ഈ സിനിമ നല്ലൊരു കാഴ്ചാനുഭവമാണ് നല്‍കുന്നത്. ഒത്തിരിചിരിയും, ഇത്തരി നൊമ്പരവുമായി ഭരതന്യാട്യം നമ്മെ ആകര്‍ഷിക്കുന്നുണ്ട്്. നവാഗതനെങ്കിലും പണിയറിയാവുന്ന ഡയറക്ടറാണ് കൃഷ്ണദാസ് മുരളിയെന്ന് വ്യക്തം.
വാല്‍ക്കഷ്ണം: കൊച്ചു ചിത്രങ്ങള്‍ വിജയിക്കണമെങ്കില്‍ നല്ല മാര്‍ക്കറ്റിങ്ങ് പാടവവും വേണം. പ്രൊമോഷനും, മാര്‍ക്കറ്റിങ്ങും ഒരു മോശം കാര്യമല്ല. വരും ദിവസങ്ങളില്‍ കുറച്ചുകൂടി പ്രൊമോഷന് ഈ പടത്തിനുവേണ്ടി നടത്താന്‍ അണിയറ ശില്‍പ്പിക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.