- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭ്രമയുഗത്തിൽ വിഭ്രമിപ്പിച്ച് മമ്മൂട്ടിയും കൂട്ടരും!
കാടുമൂടിയ ഒരു മന എന്ന ഒറ്റ ലൊക്കേഷൻ. മുഖ്യകഥാപാത്രങ്ങളായി വെറും മൂന്നേമുന്നുപേർ. അതുമാത്രംവെച്ച് ഒരു സൂപ്പർ സിനിമ നിർമ്മിക്കാൻ അസാധ്യമായ പ്രതിഭ വേണം. രാഹുൽ സദാശിവൻ എന്ന സംവിധായകനെ നിസ്സംശയം ഒരു ജീനിയസ് എന്ന് വിളിക്കാം. ഭ്രമയുഗം ശരിക്കും സംവിധായകന്റെ സിനിമ തന്നെയാണ്. വെറുമൊരു വാടകവീടും അതിൽ ഒരമ്മയും മകനും മാത്രമുള്ള നിസ്സാരമായ പശ്ചാത്തലം കൊണ്ട് 'ഭൂതകാല'ത്തിലൂടെ മലയാളികളെ പേടിപ്പിച്ച സംവിധായകന്, പിന്നെ മമ്മൂട്ടിയെക്കൂടി കിട്ടിയാലുള്ള അവസ്ഥ പറയേണ്ട കാര്യമുണ്ടോ.
കലിയുഗത്തിലെ അപഭ്രംശമായൊരു ഭ്രമയുഗമാണിത്. ഈ യുഗത്തിൽ ദൈവമില്ല പിശാച് മാത്രമേയുള്ളു. സത്യമില്ല, മിഥ്യയെ ഉള്ളു. അത്തരമൊരു ലോകത്തേക്കാണ് സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്. ഡ്രാക്കുള കോട്ടയിലേക്ക് ജോനാഥൻ പോവുന്നതുപോലുള്ള അതേ അനുഭൂതിയാണ്, കൊടുമൺ പോറ്റിയെന്ന ക്രൂരനായ മാന്ത്രികന്റെ മനയിലേക്ക്, വഴിതെറ്റി അർജുൻ അശോകന്റെ പാണൻ എത്തിപ്പെടുമ്പോൾ നമുക്ക് തോന്നുക. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചതും ശരിക്കും ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ട്. വെറുമൊരു ഹൊറർ ചിത്രമെന്ന് പറഞ്ഞ് മാറ്റിനിർത്താവുന്നതല്ല ഈ പടം. കൃത്യമായും അധികാരത്തിന്റെ, സർവാധികാരം നൽകുന്ന അധികാരക്കൊതിയുടെ കഥ കൂടി ചിത്രം പറയുന്നുണ്ട്.
മലയാളത്തിന്റെ ഡ്രാക്കുള
ഒരു ഭാഗത്ത് യക്ഷിയും മറുഭാഗത്ത് കൂറ്റൻ വെള്ളച്ചാട്ടവും. തന്റെ കൂട്ടുകാരന്റെ ജീവനെടുത്ത യക്ഷിയെ പേടിച്ച്, പുഴ കടക്കാനാവാതെ അർജുൻ അശോകന്റെ പാണൻ, കൊടുമൺ പോറ്റിയുടെ മനയിലേക്ക് കടന്നെത്തുന്നതോടെ സിനിമ ആരംഭിക്കുന്നു. മൊത്തതിൽ ഒരു ഡ്രാക്കുള പടത്തിന്റെ കേരളീയമായ ആമ്പിയൻസ്. 'എന്റെ മനയിലേക്ക് സ്വാഗതം" മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയുടെ ഡയലോഗിൽ തന്നെ ഡ്രാക്കുള റെഫറൻസുണ്ട്. തുടർന്നങ്ങോട്ടുള്ള രണ്ട് മണിക്കൂറുകൾ കണ്ടിരിക്കേണ്ടതാണ്.
കൊടുമൺ പോറ്റിയുടെ ഇൻട്രോ സീനുകൾ മാരകമാണ്. പിന്നീടങ്ങോട്ട് പോറ്റിയുടെ മായിക വിളയാട്ടം എന്നുതന്നെ പറയാം. പോറ്റിക്ക് വെച്ചുവിളമ്പിത്തരുന്ന, അടിമയേപ്പോലെ പണിയെടുക്കുന്ന വെപ്പുകാരനല്ലാതെ ( സിനിമയിൽ സിദ്ധാർഥ്് ഭരതൻ) മറ്റൊരു കഥാപാത്രം പോലുമില്ലാഞ്ഞിട്ടും പടം കത്തിക്കയറുകയാണ്. പോറ്റിയുടെ മാസ്മരിക വലയത്തിന്റെ നിയന്ത്രണത്തിലാവുന്നത് സിനിമയും അതിലെ ഭൂപ്രകൃതിയും സഹ കഥാപാത്രങ്ങളും മാത്രമല്ല, തിയേറ്ററും പ്രേക്ഷകരും കൂടിയാണ്.
ഹൊറർ ചിത്രമെന്ന് കരുതി ഇംഗ്ലീഷ് ഹൊറർ ചിത്രം പോലെ മുഴുവൻ സമയവും ഹൊറർ അല്ല ചിത്രം. അതിനിടയിൽ അധികാരത്തിന്റെ പകിട കളിയാണ്. ജ്യോതിഷ് ശങ്കറിന്റെ ആർട്ട് ഡയറക്ഷൻ സൂപ്പറാണ്. സ്‌കോറിങ് മേഖല ക്രിസ്റ്റോ സേവിയർ സമ്പന്നമാക്കി. ഇതിന്റെ മാജിക്കാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. രാഹുൽ സദാശിവന്റെ സംവിധാന ഗ്രാഫ് ഉയരത്തിലേക്കെത്തിക്കുകയാണ് ഭ്രമയുഗം. ഫോട്ടോഗ്രാഫിയെക്കുറിച്ച് ഒന്നും പറയാനില്ല. കണ്ടംബെച്ച കോട്ട് മുതൽ കളറിലേക്ക് വന്ന മലയാളം സിനിമയെ ബ്ലാക്ക് ആൻഡ് വൈറ്റിന്റെ ശക്തി ഒരിക്കൽകൂടി കാണിച്ചുതരുന്നു, ഷഹനാദ് ജലീലിന്റെ ക്യാമറ. വിൻസെന്റ് മാസ്റ്റർ പതിറ്റാണ്ടുകൾക്കുമുൻപ് സംവിധാനം ചെയ്ത പഴയ ഭാർഗവീനിലയം ബ്ലാക്ക് ആൻഡ് വൈറ്റാണെങ്കിൽപ്പോലും ഇപ്പോഴും അത് ഭയമുണ്ടാക്കുന്നുണ്ട്. അതുപോലെ ഈ സിനിമയുടെ കഥാപരിസരത്തിൽ ഹൊറർ മൂഡ് ശക്തമാക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റാണ്.
വിഭ്രമിപ്പിച്ച് മമ്മൂട്ടി
കാതലിൽ ഒരു നായകനും ചെയ്യാത്ത സ്വവർഗാനുരാഗിയുടെ വേഷം ചെയ്ത് ഞെട്ടിച്ച മമ്മൂട്ടി വീണ്ടും നമ്മെ അമ്പരിപ്പിക്കയാണ്. ഇതുപോലെ ഒരു ഡാർക്ക് സബ്ജക്റ്റിൽ, വില്ലൻ വേഷത്തിൽ എത്താൻ വേറെ ആർക്കാണ് ധൈര്യം. വെറ്റിലക്കറ പൂണ്ട പല്ലുകൾ കാട്ടിയുള്ള ആ കൊലച്ചിരിയും, പകിട കളിയും, ഒക്കെ ഒന്നുകാണേണ്ടത് തന്നെയാണ്. പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്ത ഈ കഥയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്റെ താരം. ഈ 72വയസ്സിനിടെ ചെയ്യാനുള്ളതെല്ലാം ഞാൻ ചെയ്തു. ഇനി പുതുമയും വൈവിധ്യവുമാണ് തനിക്ക് വേണ്ടത് എന്ന് ആവർത്തിച്ച് പ്രഖ്യാപിക്കയാണ്, മലയാളത്തിന്റെ ഈ സ്വകാര്യ അഹങ്കാരം.
പരീക്ഷണ ചിത്രങ്ങളുടെ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി മാറി എന്നതിനെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നുണ്ട് ഭ്രമയുഗം. മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇത്ര ഭ്രാന്തമായും ക്രൂരമായും ചിരിക്കാനും പെരുമാറാനുമാകില്ല എന്ന് സോഷ്യൽ മീഡിയയിലെ കമന്റ്സ് നോക്കുക. ഇടവേളയ്ക്ക് മുമ്പ് മമ്മൂട്ടിയുടെ കഥാപാത്രം ചിരിക്കുന്നൊരു ചിരിയുണ്ട്. നടുങ്ങിപ്പോവും.
മമ്മൂട്ടി ഒരു ഭാഗത്ത് നിറഞ്ഞു അഴിഞ്ഞാടുമ്പോൾ മുഴുവൻ നേരവും ഓപ്പോസിറ്റ് നിൽക്കുക എന്നത് ഏത് നടന്മാർക്കും വെല്ലുവിളി ആവുന്ന സീനാണ്. പക്ഷേ അർജുൻ അശോകനും സിദ്ധാർഥ് ഭരതനും വിട്ടുകൊടുക്കുന്നില്ല. സിദ്ധാർഥ് ഭരതിന്റെ ശരിക്കുമുള്ള മടങ്ങിവരവാണ് ഈ ചിത്രം. ഗംഭീരമായിട്ടുണ്ട് അയാളുടെ വേഷപ്പകർച്ച. ഇവർ മൂന്നുപേരെ കൂടാതെ മണികണ്ഠൻ ആചാരിയുടെ കേളുവും അമൽഡ ലിസിന്റെ യക്ഷിയും കൂടിയായാൽ ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾ പൂർത്തിയായി. ആകെ അഞ്ചു കഥാപാത്രങ്ങളെ വച്ചാണ് ഈ രീതിയിൽ ഒരു പടം നിർമ്മിച്ചിട്ടുള്ളത്. ചില സമയങ്ങളിൽ അർജുൻ അശോകനേയും സിദ്ധാർഥ് ഭരതനേയും നടിക്കാൻ വിട്ട് മമ്മൂട്ടി വിശ്രമിക്കയാണ്. പക്ഷേ അപ്പോഴും പശ്ചാത്തലത്തിലൂടെ അയാൾ സാന്നിധ്യമറിയിക്കുന്നുണ്ട്.
ചില വിയോജിപ്പുകൾ
ഈ സിനിമയെ പിന്തുണക്കുന്നതോടെപ്പം തന്നെ ശക്തമായ ചില വിയോജിപ്പികളുമുണ്ട്. അതിൽ ഏറ്റവും പ്രധാനം രണ്ടാംപകുതിയിലെ തിരക്കഥയിലെ ബലമില്ലായ്മ തന്നെയാണ്. ആദ്യ പകുതിയിൽ കിട്ടിയ മിത്തും യാഥാർത്ഥ്യവും ചേർന്ന മിസ്റ്റിസത്തിന്റെ ഒരു രസത്തിന് പകരം, രണ്ടാം പകുതിയും ക്ലൈമാക്സും അടുപ്പിച്ച് ചിത്രം ഒരു സാധാരണ, ആവാഹന- ഒഴിപ്പിക്കൽ വിദ്യകളുള്ള മന്ത്രവാദ സിനിമാവുന്നു.
വിദേശചിത്രങ്ങളൊക്കെ നോക്കുക, ഫാന്റസിയിലും ഒരു ലോജിക്ക് കണ്ടെത്തി അവർ പഴുത് അടയ്ക്കും. ഇവിടെ നോക്കുക, സർവശക്തനും സർവവ്യാപിയുമായ ചാത്തനെതിരെ, ആ മനയിൽ ഇരുന്ന് രണ്ടുപേർ ഗൂഢാലോചന നടത്തുമ്പോൾ അത് ചാത്തൻ അറിയാതെ പോവുന്നത് എങ്ങനെ? ഡ്രാക്കുള സിനിയിൽ പോലും അവർ ഇതിനായുള്ള ലോജിക്ക് ഇട്ടുകൊടുത്തത് നോക്കുക. പകൽ ഡ്രാക്കുള ഉറക്കമാണെന്നും, ഒരു പ്രത്യേക ദിവസത്തിൽ അതിന് ശക്തിയില്ല എന്നുമൊക്കെ. എന്നാൽ നമ്മുടെ ഭ്രമയുഗം കാണുന്ന കുട്ടികൾ ഇതുപോലെ ഒരു സംശയം ചോദിച്ചാൽ, കഥയിൽ ചോദ്യമില്ല എന്ന് പറഞ്ഞ് തടിയെടുക്കാനേ കഴിയു. പക്ഷേ ഡ്രാക്കുള, തൊട്ട് ലോർഡ് ഓഫ് ദ റിങ്്സ് അടക്കമുള്ള നൂറായിരം ഇംഗ്ലീഷ് സിനിമകൾ കണ്ടുനോക്കുക. പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്താനുള്ള ചില സൂത്രവിദ്യകൾ അവർ അതിൽ ഒളിപ്പിച്ച് വെച്ചിരിക്കും.
ടി ഡി രാമകൃഷ്ണനെപ്പോലെ ഒരു എഴുത്തുകാരൻ ഉണ്ടായിട്ടും സംഭാഷണങ്ങൾ വേണ്ടത്ര നന്നായി എന്ന് പറയാൻ കഴിയില്ല. അടിയാന്റെ ഭാഷയ്ക്ക് പകരം വള്ളുവനാട്ടെ ഭാഷയാണ് പലയിടത്തും. നീ, നിങ്ങൾ എന്നു പറഞ്ഞ് 17ാം നൂറ്റാണ്ടിൽ മനുഷ്യർ സംസാരിക്കുന്നതിലുമുണ്ട് അസ്വാഭാവികത. അതുപോലെ അർജുൻ അശോകന്റെ പാണന്റെ പാട്ട് ഇത്രയും പോളിഷ്ഡ് ആയൊരു ശബ്ദത്തിൽ വേണ്ടിയിരുന്നില്ല. സിനിമയുടെ പ്രമേയത്തോട് അത് നിരക്കുന്നില്ല.
ഇത്തരം ചില വിയോജിപ്പുകൾ ഉണ്ടെങ്കിലും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്. നിർബന്ധമായും തിയേറ്ററിൽ പോയി കാണേണ്ട സിനിമയാണിത്. ഒ ടി ടിയിലോ, ടീവിയിലോ ഈ തീയേറ്റർ അനുഭവം നിങ്ങൾക്ക് കിട്ടാനിടിയില്ല.
വാൽക്കഷ്ണം: അതുപോലെ എന്തിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് കണ്ടുപിടിക്കുന്ന 'പൊക' വാദികൾക്ക് തിമർക്കാനുള്ള അവസരവും ചിത്രം കൊടുക്കുന്നുണ്ട്. ചാത്തൻ എന്നത് അധികാരക്കൊതിയനായ ഒരു സവർണ്ണ ദൈവമല്ല. ചെറുത്തുനിൽപ്പിന്റെ പ്രതീകമായ, അടിച്ചമർത്തപ്പെട്ടവന്റെ ദൈവമായാണ് അതിനെ നാടകങ്ങളിലും കഥകളിലും കൊണ്ടുവന്നിട്ടുള്ളത്. കോടികളുടെ ബിസിനസ് നടക്കുന്ന ചാത്തൻ സേവാ മഠങ്ങൾ ഉള്ള ഈ നാട്ടിൽ ചാത്തനെ വികൃതമാക്കി ചിത്രീകരിച്ചു എന്ന പേരിലും ചിത്രം കോടതി കയറാതിരിക്കട്ടെ! തുമ്പമൺ പോറ്റിയെന്ന ബ്രാഹ്‌മണന്റെ കുടുംബം കേസ് കൊടുത്തപ്പോൾ, പേര് കൊടുമൺ പോറ്റിയാക്കി മാറ്റിയതും ഇതോടൊപ്പം ചേർത്ത് വായിക്കണം.