ബിഗ് ബി എന്ന ഒറ്റപ്പടംകൊണ്ട് മലയാള സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ ചലച്ചിത്രകാരനാണ് അമല്‍ നീരദ്. ഇറങ്ങിയകാലത്ത് ഹിറ്റാവാതെപോയ ബിഗ് ബി, പിന്നീട് സോഷ്യല്‍ മീഡിയിയിലൂടെയാണ് കള്‍ട്ട് ആവുന്നത്. ഇപ്പോള്‍ ആ സിനിമയൂടെ ബിലാല്‍ എന്ന രണ്ടാംഭാഗത്തിനായി കേരളം കാത്തിരിക്കയാണ്. വ്യത്യസ്തമായ മേക്കിങ്ങിലൂടെ അമല്‍ നീരദും യുവാക്കള്‍ക്കിടയില്‍ തരംഗമായി.

താരാധിപത്യം കൊടികുത്തിവാഴുന്ന മലയാള സിനിമയില്‍, സംവിധായകന്റെ പേരില്‍ പടം മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന അവസ്ഥ വരുന്നത് ശരിക്കും അത്ഭുതമാണ്. വരത്തന്‍ ഫഹദിന്റെ പടമായിരുന്നില്ല, ഭീഷമപര്‍വം മമ്മൂട്ടിയുടെയും. അതെല്ലാം അമല്‍ നീരദ് മൂവിയായിരുന്നു. സംവിധായകന്റെ പേര് എഴുതിക്കാണിക്കുമ്പോള്‍ തീയേറ്ററില്‍ കൈയടി ഉയരുന്ന അപൂര്‍വത. അയാളുടെ സ്റ്റെലിഷ്മേക്കിങ് കാണാനാണ് ജനം തീയേറ്ററില്‍ കയറുന്നത്. ഇത്തവണ ബൊഗൊയ്ന്‍ വില്ല എന്ന തന്റെ പത്താമത്തെ ചിത്രത്തിലൂടെയും അമല്‍, മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ എന്ന പേരുകാത്തു. സ്തുതി പാട്ടിന്റെ വിവാദവും, കടുംചുവപ്പ് ഷെയിഡിലുള്ള പോസ്റ്ററുകള്‍ തീര്‍ത്ത തരംഗവും ചിത്രത്തിന്റെ പ്രേമോഷന് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്.

ടിപ്പിക്കല്‍ അമല്‍ നീരദ് ചിത്രം

ഒരു ടിപ്പിക്കല്‍ അമല്‍ നീരദ് പടമാണ് ബൊഗെയ്ന്‍വില്ല. എഡിറ്റിങ്ങും, മ്യൂസിക്കും, കളര്‍ കോമ്പോസിഷനും, ക്യാമറയുമെല്ലാം ചേരുമ്പോള്‍ ഐഎഫ്എഫ്കെയില്‍നിന്നൊക്കെ ഒരു വിദേശ ഫെസ്റ്റിവല്‍ മൂവി കാണുന്ന പ്രതീതിയാണ് ഉണ്ടാവുന്നത്. അമലിന്റെ തന്നെ സ്റ്റാമ്പിങ്് ഷോട്ടായ സ്ലോമോഷന്‍ മാജിക്കോടെയാണ് ചിത്രം തുടങ്ങുന്നത്. വിജനമായ ഒരു മലഞ്ചെരുവിലൂടെ രാത്രി പാട്ടുകേട്ട് കാര്‍ ഓടിച്ചുവരുന്ന, ആ ദമ്പതികള്‍ ഒരു ഹെഡ് ഓണ്‍ കൊളീഷനില്‍ പെടുകയാണ്. കാര്‍ സ്ളോമോഷനില്‍ തെറിച്ച് പറക്കുന്ന ആ ഒരു ആദ്യഷോട്ടില്‍ തന്നെയുണ്ട് അമലിന്റെ വിഷ്വല്‍ മാജിക്ക്.

പിന്നീട് 8 വര്‍ഷത്തിനുശേഷമുള്ള ജീവിതമാണ് ചിത്രം കാണിക്കുന്നത്. ഡോ ജോയ്സ് ( സിനിമയില്‍ കുഞ്ചാക്കോ ബോബന്‍), ഭാര്യ റീത്തു ( ജ്യോതിര്‍മയി) എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ ചലിക്കുന്നത്. ആ അപകടത്തില്‍ ഓര്‍മ നഷ്ടപ്പെട്ട റിത്തുവിനു സ്നേഹവും കരുതലുമാണ് ജോയ്സ്. മറവിരോഗത്തിലുടെയും, ഹാലൂസിനേഷനിലൂടെയും കടന്നുപോകുന്ന റീത്തുവിന്, ചിരപരിചയക്കാരെയല്ലാത്തവരെ, ഒരു ദിവസത്തില്‍ കൂടുതല്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. റീത്തുവിന്റെ വിഭ്രാന്തികളിലൂടെയും വിചിത്രമായ ജീവിതത്തിലൂടെയുമാണ് ചിത്രം മുന്നോട്ടുപോവുന്നത്. റീത്തു,

ക്യാന്‍വാസില്‍ ചിത്രം വരക്കുക മാത്രമാണ് റീത്തുവിന്റെ ഹോബി. വരയ്ക്കുന്നത് ഒക്കെയും ബൊഗെയ്ന്‍വില്ലകളാണ്. നടി ശ്രിന്ദ്രയുടെയും ഷറഫുദ്ദീന്റെയും കഥാപാത്രങ്ങള്‍ ഭംഗിയാക്കിയ വീട്ടുവേലക്കാര്‍ അല്ലാതെ അധികം പേര്‍ അവിടെയില്ല. ഓര്‍മ്മ നഷ്ടപ്പെട്ട ഭാര്യയെ, ഒരു കൊച്ചുകുട്ടിയെ എന്നോണ് പരിചരിക്കുന്ന ഡോക്ടറുടെ ജീവിതം കാണിച്ചുകൊണ്ട് പോവുന്ന ചിത്രം ചൂടുപിടിക്കുന്നത്, ഫഹദ് ഫാസിലിന്റെ പൊലീസ് കഥാപാത്രത്തിന്റെ വരവോടെയാണ്.

തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെത്തി കാണാതായ ഒരു പെണ്‍കുട്ടിയുടെ അന്വേഷണവുമായാണ് തേനി പൊലീസ് ഇവിടെ എത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്, പെണ്‍കുട്ടി കാണാതാവുന്നതിന് തൊട്ട്മുമ്പ് റീത്തു അവളെ ഫോളോ ചെയ്തിരുന്നു എന്നാണ്. എന്നാല്‍ റീത്തുവിന് അവ്യക്തമായ ചില ഓര്‍മ്മകളല്ലാതെ ഒന്നും കൃത്യമായി ചികഞ്ഞെടുക്കാനാവുന്നില്ല. റീത്തു പറയുന്നത് വെറും ഭാവനയാണോ, യാഥാര്‍ത്ഥ്യമാണോ എന്ന് അറിയാതെ അമ്പരന്നു നില്‍ക്കയാണ് പൊലീസ് സംഘം. അവിടുന്ന് അങ്ങോട്ട് ചിത്രം കൃത്യമായ ഒരു സൈ്ക്കോളജിക്കല്‍ മിസ്ട്രി ത്രില്ലറായി മാറുകയാണ്.

ജ്യോതിര്‍മയിയുടെ ചിത്രം

ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും പ്രോമിസിംഗ് നടിയായിരുന്ന, ജ്യോതിര്‍മയിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രം. ഓരോ ഇമോഷന്‍സിലൂടെയുമുള്ള ജ്യോതിയുടെ കടന്നുപോക്ക് അത്രയും ശക്തമായിരുന്നു. മീശമാധവനില്‍ ദിലീപിനൊപ്പം ചിങ്ങമാസം പാട്ടുപാടി പൊക്കിള്‍ ഡാന്‍സ് കളിച്ച പഴയ ജ്യോതിര്‍മയി, ഇപ്പോള്‍ ശരിക്കും ഇരുത്തം വന്ന നടിയായിരിക്കുന്നു. നരച്ച മുടിയുള്ള നായികതന്നെ മലയാളത്തില്‍ അപൂര്‍വമാണ്. ക്ലൈമാക്സില്‍ കുറ്റിവെട്ടിയ മൊട്ടത്തലയുമായി ജ്യോതിയുടെ ഒരു മാസ് എന്‍ട്രിയുണ്ട്! ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ കൂടിയാണ് അമല്‍ നീരദിന്റെ ജീവിത പങ്കാളികൂടിയായ ജ്യോതിര്‍മയി.

ചോക്ളേറ്റ് നായക പരമ്പരകള്‍ക്കുശേഷം, നന്‍മരവുമായി സ്ഥിരം വേഷം കിട്ടുന്ന കുഞ്ചാക്കോ ബോബന്റെ തീര്‍ത്തും വ്യത്യസ്തവും സ്റ്റെലിഷുമായ വേഷമാണിത്. നടത്തത്തിലും, ഫൈറ്റിലുമൊക്കെ നാളിതുവരെ കാണാത്ത കുഞ്ചാക്കോയെയാണ് കാണാന്‍ കഴിയുക. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയാണ്. ഫഹദ് ഫാസില്‍ ഒരു ചിത്രത്തിലുണ്ടെങ്കില്‍, പൊളിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ ഫഹദില്‍നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന അത്ര എത്തിയോ എന്നത് സംശയമാണ്. ശ്രിന്ദയും വീണയും ഷറഫുദ്ദീനും ജിനു ജോസും ഷാജി തിലകനും നിസ്താര്‍ സേഠുമടക്കം എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാഗം വെടിപ്പാക്കിയിട്ടുണ്ട്.

ആനന്ദ് സി. ചന്ദ്രന്റെ ക്യാമറയും സുഷിന്റെ സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എടുത്തുയര്‍ത്തുന്നുമുണ്ട്. എഡിറ്റിങ്ങുകളും കട്ടുകളുമൊക്കെ വിസ്മയിപ്പിക്കുന്നു. ഒട്ടും സ്പൂണ്‍ ഫീഡിങ്ങില്ലാതെ, ദൃശ്യങ്ങളിലുടെ കഥപറയാണ് അമല്‍ ശ്രമിക്കുന്നത്. ചിത്രത്തിന്റെ ഒരു കുറ്റമായി പറയാന്‍ കഴിയുന്നത്, പലപ്പോഴും ഇത്തരം കഥകളില്‍ വരുന്ന പ്രവചനാത്മകതയാണ്. ഇത്തരം സൈക്കോ ത്രില്ലറുകള്‍ വായിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ആദ്യ പതിനഞ്ച് മിനുട്ട് കഴിയുന്നതോടെ വില്ലനാരാണെന്ന് പിടികിട്ടും. പക്ഷേ ആ ഒരു രഹസ്യത്തിന്റെ പേരില്‍ മാത്രം പിടിച്ചു നില്‍ക്കുന്ന ചിത്രമല്ല ഇത്. ടോട്ടാലിറ്റിയിലാണ് ബൊഗെയ്ന്‍വില്ല പൂത്ത്, ചുവന്ന് തീയേറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

തിരക്കഥയുടെ കരുത്ത്

അതുപോലെ തന്റെ ചില മുന്‍കാല വീഴ്ചകളില്‍നിന്ന് അമല്‍ നീരദ് പാഠം പഠിച്ചിട്ടുണ്ടെന്ന് തോനുന്നു. ഗംഭീരമായി ബില്‍ഡപ്പ് ചെയ്തുകൊണ്ടുവന്ന് ക്ലൈമാക്സില്‍ കലമുടക്കുന്ന അമലിന്റെ പഴയ ചില സിനിമകളിലെ രീതി ഇവിടെയില്ല. ഒരു ലോജിക്കുമില്ലാത്ത സ്ളോമോഷന്‍ കുത്തി നിറച്ച്, വെടിവെപ്പു രംഗങ്ങളൊക്കെ ഒഴിവാക്കി കണ്‍വിന്‍സിങ്് സ്റ്റാര്‍ ആയിട്ടുണ്ട് അമല്‍. അമലിന്റെ മുന്‍കാല പല ചിത്രങ്ങളിലും, സ്‌ക്രിപ്റ്റ് ദുര്‍ബലമായി പോവുമായിരുന്നു. ഇവിടെ ആ പ്രശ്നം തോനുന്നില്ല.

റാം കെയര്‍ ഓഫ് ആനന്ദി എഴുതിയ അഖില്‍ പി ധര്‍മ്മജനെപ്പോലെ, മലയാളത്തില്‍ യുവാക്കളെ വായനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കാരണമായ പുതുതലമുറ നോവലിസ്റ്റുകളില്‍ പ്രമുഖനായ ലാജോ ജോസാണ് അമലിനൊപ്പം രചനയില്‍ കൂട്ടായിരിക്കുന്നത്. ലാജോയുടെ നോവലില്‍നിന്നാണ് ചിത്രത്തിന്റെ ബേസിക്ക് ത്രഡ്. നോവലിലില്ലാത്ത പുതിയൊരു മുഴുനീള കഥാപാത്രം സിനിമയിലുണ്ട്. ലാജോയുടെ തന്നെ മറ്റൊരു നോവലിന്റെ ചില ഭാഗങ്ങളും ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. ലാജോ തിരക്കഥയൊരുക്കിയ ആദ്യസിനിമ കൂടിയാണ് ബോഗെയ്ന്‍വില്ല. ഇത്തരം പുതിയ പ്രതിഭകള്‍ വരുന്നത് കടുത്ത ആശയദാരിദ്ര്യമുള്ള മലയാള സിനിമയില്‍ പുതിയ ആശയങ്ങളുടെ വിസ്ഫോടനം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

മലയാളി പ്രേക്ഷകര്‍ തന്നില്‍നിന്ന് പ്രതീക്ഷിക്കുന്ന മെയ്ക്കിങ്ങ് ശൈലിക്ക് ഒരു ചുവടു മുന്നില്‍നില്‍ക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് വീണ്ടും അമല്‍നീരദ് തെളിയിച്ചിരിക്കുകയാണ്. എന്തൊക്കെയായാലും ഹോളിവുഡിനോട് കിടപിടിക്കുന്ന ഫ്രയിമുകളുള്ള ഒരു സിനിമയുണ്ടാക്കാന്‍ മലയാളികള്‍ക്ക് കഴിയുന്നു എന്നതുതന്നെ വലിയ അത്ഭുതമല്ലേ!


വാല്‍ക്കഷ്ണം: ബൊഗെയ്ന്‍വില്ലയിലെ സ്തുതി ഗാനത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്ന് ചിത്രം കണ്ടാല്‍ മനസ്സിലാവും. അത് ഒരു മതവിശ്വാസത്തെയോ, മതവികാരത്തേയോ വ്രണപ്പെടുത്തുന്നതല്ല. കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കുന്ന തരത്തിലുള്ള കുരുപൊട്ടലുകള്‍, കേരളത്തില്‍ ഒരു സാമുഹിക രോഗമായി മാറിയിരിക്കുന്നുവെന്ന് തോന്നുന്നു.