ലോകപ്രശസ്തനായ കൊറിയന്‍ ഫിലിം മേക്കര്‍ കിം കി ഡുക്കിന്റെ ചിത്രങ്ങള്‍ ഓര്‍മ്മയില്ലേ. പതിഞ്ഞ താളത്തില്‍ തുടങ്ങി പ്രകൃതിയുടെയും, മനുഷ്യന്റെയും വന്യതയിലേക്ക് ചുഴ്ന്നിറങ്ങുന്ന സിനിമകള്‍. ചിത്രം തുടങ്ങുമ്പോഴുള്ള ഷേഡല്ല അവസാനിക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ഉണ്ടാവുക. അവസാനം, ഒരു കൈയടിക്കാന്‍ പോലും കഴിയാതെ നാം തിരിച്ചിരുന്ന് പോവും. കിമ്മിന്റെ ദ ബോ, സമരറ്റിന്‍ ഗേള്‍, ദ ഐല്‍, ത്രീ അയേണ്‍, ടൈം തുടങ്ങിയ ചിത്രങ്ങളൊക്കെ കണ്ട് തിരിച്ചിരുന്ന ഈ ലേഖകന്‍ ഒരിക്കലും കരുതിയതല്ല അതുപോലെ ഒരു സിനിമ മലയാളത്തില്‍ ഇറങ്ങുമെന്ന്. പക്ഷേ അതും സംഭവിച്ചു. അതാണ് കിഷ്‌ക്കിന്ധാകാണ്ഡം എന്ന ഹിറ്റ് സിനിമ ഒരുക്കിയ ഡയറക്ടര്‍ ദില്‍ജിത്ത് അയ്യത്താനും, റൈറ്റര്‍ ബാഹുല്‍ രമേശനും ഒന്നിച്ച എക്കോ എന്ന പുതിയ ചിത്രം!

രാജ്യാന്തര നിലവാരമുള്ള ഒരു മലയാള ചിത്രമാണിതെന്ന് നിസ്സംശയം പറയാം. ഒരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലോ മറ്റോ ചിത്രമാണ് കാണുന്നതെന്ന് ഇടക്ക് തോന്നിപ്പോവും. വ്യത്യസ്തമായ കഥ, സ്പൂണ്‍ ഫീഡിങ്ങ് ഇല്ലാതെ പോകുന്ന പഴുതടച്ച സ്‌ക്രിപ്റ്റ്, കിടിലന്‍ മേക്കിങ്്. പാട്ടുകളില്ലാത്ത ഈ ചിത്രത്തിലെ സ്‌കോര്‍ തന്നെ ഒരു ഗാനമാണ്. മൊത്തത്തില്‍ പറഞ്ഞാല്‍ ക്ലാസിക്ക്. ഐഎഫ്എഫ്കെയിലും ഇന്ത്യന്‍ പനോരമയിലുമൊക്കെ, രാഷ്ട്രീയ പ്രേരിതമായി കുറേ ചവറുകള്‍ കാണിക്കുന്ന സമയത്ത്, ഇത്തരമൊരു ചിത്രം കാണിക്കട്ടെ. മലയാളത്തിന്റെ എന്‍ട്രിയായി ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഇതിനേക്കാള്‍ നല്ല സിനിമയില്ല.

സ്വാതന്ത്ര്യം, സ്നേഹം, സംരക്ഷണം....?

'സംടൈംസ് പ്രൊട്ടക്ഷന്‍ ആന്‍ഡ് റെസ്ട്രിക്ഷന്‍ ബോത്ത് ലുക്ക് സെയിം' എന്ന് ചിത്രത്തില്‍ രണ്ടിടത്ത് പറയുന്നു. അത് തന്നെയാണ് പടത്തിന്റെ തീം. സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും മറവില്‍ തടവിലിട്ട ജീവിതങ്ങളുടെ കഥ പറയുകയാണ് ചിത്രം.

കേരളാ കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ ചേര്‍ന്ന് അതിര്‍ത്തി പങ്കിടുന്ന ഒരു കാടും മലനിരകളും അടങ്ങുന്ന ദുരൂഹമായ ഒരു മലമ്പ്രദേശത്താണ് കഥ നടക്കുന്നത്. 80കളുടെ അവസാനമാണെന്ന് എഴുതിക്കാട്ടാതെ തന്നെ പ്രേക്ഷകന് മനസ്സിലാവും. 'എക്കോ- ഫ്രം ദി ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍' എന്നാണ് ചിത്രത്തിന്റെ മുഴവന്‍ പേര്. ഇതില്‍ സൂചിപ്പിക്കുന്ന കുര്യച്ചന്‍ തന്നെയാണ് കഥയുടെ കേന്ദ്രബിന്ദു. നായ്ക്കള്‍ക്കുവേണ്ടി ലോകം മുഴുവന്‍ കറങ്ങിയ ഡോഗ് ബ്രീഡറായ കുര്യച്ചന്റെ തിരോധാനമാണ് ചിത്രത്തിന്റെ പ്രമേയം. ആ മല മുഴുവന്‍ കുര്യച്ചന്‍ മലേഷ്യയില്‍നിന്ന് കൊണ്ടുവന്ന പ്രത്യേകതരം ഹൈബ്രീഡ് പട്ടികളാണ്. സമ്മതമില്ലാതെ ഒരുത്തന്‍ കുന്ന് കയറിയാന്‍ നായ്ക്കള്‍ വിടില്ല.

കുര്യച്ചന്‍ മലേഷ്യയില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെണ്ണിനെയും കൊണ്ടുവന്നിട്ട്. നാട്ടുകാര്‍ മലേഷ്യന്‍ കൂടോത്രം വശമുണ്ടെന്ന് വിശ്വസിക്കുന്ന 'ബ്ലാത്തി ചേച്ചി'യാണ് ആ മലമുകളിലെ വീട്ടില്‍ നായ്ക്കള്‍ക്കൊപ്പം കഴിയുന്നത്. പലവിധത്തിലുള്ള കേസില്‍ പെട്ട് ഒളിവിലായിരുന്ന കുര്യച്ചനെ തേടി കഴിഞ്ഞ കുറേക്കാലമായി ഈ മലനിരകളിലേക്ക് പൊലീസുകാരടക്കം ഒരുപാട് പേര്‍ എത്തുകയാണ്. ചിലരെ കാണാതാവുന്നു. ചിലര്‍ കൊല്ലപ്പെടുന്നു. ആരാണ് കുര്യച്ചന്‍, എവിടെയാണ് അയാള്‍ ഒളിച്ചിരിക്കുന്നത്, ആരാണ് അയാളുടെ ശത്രുക്കളെ കൊല്ലുന്നത്....

മൊത്തത്തില്‍ കോടമഞ്ഞിറങ്ങിയതുപോലുള്ള പുറമെനിന്ന് നോക്കുമ്പോള്‍ ഒന്നും കാണാന്‍ കഴിയാത്ത ദുരൂഹതയിലുടെയാണ് കഥ കടന്നുപോവുന്നത്. അത് വളര്‍ന്നുവളര്‍ന്ന് ക്ലൈമാക്സില്‍ അത് പീക്കിലെത്തി പൊട്ടുന്നത് വല്ലാത്ത ഒരു സിനിമാറ്റിക്ക് അനുഭവമാണ്. വെറുമൊരു ദൃശ്യവിരുന്നിനപ്പുറം, ചിന്തകളുടെയും സങ്കീര്‍ണ്ണമായ ജീവിതസമസ്യകളുടെയും ആഴങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവാന്‍ ഈ ചിത്രത്തിന് കഴിയുന്നു. പാട്ടും, കൊമേര്‍ഷ്യല്‍ സ്്റ്റണ്ടും, സെക്സും ഒന്നുമില്ല ഈ ചിത്രത്തിന്. ഒരു ശരാശരി പ്രേക്ഷകന് ഇഷ്ടപ്പെടുന്ന സ്പുണ്‍ ഫീഡിങുമില്ല. എന്നിട്ടും ചിത്രം കാണാന്‍ ജനം ഇരച്ചു കയറുന്നു. അവിടെയാണ് ഈ ടീം വീണ്ടും അഭിനന്ദിക്കപ്പെടേണ്ടത്. മലയാളി പ്രേക്ഷകരെ വെറും മൊണ്ണകളായി കാണാത്ത, അവരുടെ തലച്ചോറിനെ വിശ്വസിക്കുന്ന ചിത്രം കൂടിയാണിത്.

എക്കോയിലെ നായിക ബ്ലാത്തിച്ചേടത്തി ഒരു ഘട്ടത്തില്‍ ചോദിക്കുന്നുണ്ട്.-''സ്നേഹമുണ്ടെന്ന് പറഞ്ഞ് വളര്‍ത്തുന്ന നായ്ക്കളെ കൂട്ടിലും ചങ്ങലയിലും ഇടുമ്പോള്‍ അത് സംരക്ഷണമാണോ തടവാണോ?'' സിനിമ അവസാനിച്ചിട്ടും ഈ ചോദ്യം പ്രേക്ഷകന്റെ ഉള്ളില്‍നില്‍ക്കും.

ബാഹുല്‍ രമേഷ് ദ മാന്‍

അഭിനേതാക്കളുടെ പ്രകടനം അല്‍പ്പം പാളിയാല്‍ അരോചകമായിപ്പോവുന്ന ചിത്രമാണിത്. അവിടെയാണ് സന്ദീപ് പ്രദീപ് അടക്കമുള്ള യൂത്തന്‍മ്മാര്‍ തൊട്ട് വിനീതിനെപ്പോലുള്ള സീനിയേഴ്സുവരെ തകര്‍ക്കുന്നത്. ആലപ്പുഴ ജിംഖാന, പടക്കളം തുടങ്ങിയ സിനിമകളിലൂടെ കയറി വന്ന സന്ദീപ് പ്രദീപിന്റെ കരിയര്‍ ബ്രേക്ക് തന്നെയാണ് ഈ ചിത്രം. നൃത്ത സിനിമകളില്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടതുകൊണ്ടാവും, 'തകജം സ്റ്റാര്‍' എന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെട്ട, വനീതിന്റെ പ്രതിനായക ചുവയുള്ള കഥാപാത്രത്തിന്റെ ശൗര്യമുള്ള ഡയലോഗ് ഡെലിവറിയൊന്ന് കാണണം. കടിച്ച് കീറാന്‍ നില്‍ക്കുന്ന നായ്ക്കളേക്കാള്‍ ശൗര്യമുണ്ട്. ശരിക്കും, വിനീത് എന്ന നടന്റെ തിരച്ചുവരവ് തന്നെയാണ് ഈ സിനിമ. നരേന്‍, അശോകന്‍, ബിനു പപ്പു, രഞ്ജിത് ശേഖര്‍ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം വ്യത്യസ്തമായ ലൈനിലാണ് അഭിനയം. ഇതില്‍ നരേന്റെ പ്രകടനം മാത്രമാണ്, പഴയ ടൈപ്പ് രീതിക്ക് സാമ്യമുള്ളതായി തോന്നിയത്.

കുര്യച്ചന്‍, മ്ലാത്തി ചേടത്തി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖങ്ങള്‍ വേണ്ടെന്നുവെച്ച ആ കാസ്റ്റിങ്ങും ഗംഭീരമായി. കുര്യച്ചനായി സൗരവ് സച്ച്ദേവ് എന്ന ഹിന്ദി നടന്റെയും, ബ്ലാത്തിച്ചേടത്തിയായി മേഘാലയ നടി ബിയാന മോമിന്റെയും പ്രകടനങ്ങള്‍ കണ്ടറിയണം. (ഈ ചിത്രത്തില്‍ ഡോഗ് ട്രെയിനറാണെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍, നടനൊപ്പം ആക്ടിംഗ് കോച്ചുമാണ് പുഷ്പ 2വിലൊക്കെ അഭിനയിച്ച സൗരവ് സച്ച്ദേവ്. റാണ ദഗ്ഗുബതി, ഹര്‍ഷവര്‍ദ്ധന്‍ റാണെ, അനുഷ്‌ക ശര്‍മ്മ, ബാബി ഡിയോള്‍, റിച്ചാ ഛദ്ദ തുടങ്ങിയ അഭിനേതാക്കളുടെ ഒരു നിരയെ പരിശീലിപ്പിച്ചയാളാണ് അദ്ദേഹം.)

ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അതിന്റെ തിരക്കഥയാണ്. ബാഹുല്‍ രമേഷിന്റെ കയ്യൊപ്പ് പതിഞ്ഞ എഴുത്ത്, ലീനിയര്‍-നോണ്‍ ലീനിയര്‍ കഥ പറച്ചില്‍ രീതികളെ അനായാസം സമന്വയിപ്പിക്കുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിനശേഷം എഴുതിയ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 എന്ന വെബ്സീരീസിലുമുണ്ട് ബാഹുലിന്റെ ആ യുണീക്ക് എന്ന് വിശേഷിപ്പിക്കാവുന്ന റൈറ്റിങ്് സ്‌കില്‍. ഈ സിനിമയുടെ മാന്‍ ഓഫ് ദി മാച്ചും, ബാഹുല്‍ രമേഷാണ്. അദ്ദേഹം തന്നെയാണ് എക്കോയുടെ ക്യാമറാനും. വല്ലാത്ത ഒരു കോമ്പോ ആണിത്. ഒരാള്‍ തന്നെ സ്‌ക്രിപ്റ്റും, ഡയറക്ഷനും ചെയ്യുന്നത് കേട്ടിട്ടുണ്ട്. പക്ഷേ തിരക്കഥയും ഛായാഗ്രഹണവും ഒന്നിച്ച്ചെയ്യുകയെന്നത് കേട്ടറിവില്ലാത്ത അസാധാരണമായ അനുഭവമാണ്. ശരിക്കും ഒരു ജീനിയസിനേ ഇതുപറ്റു. താന്‍ എഴുതിവെച്ചതിനെ അതിനേക്കാള്‍ മികവില്‍ എടുത്ത് ഫലിപ്പിക്കാന്‍ ബാഹുലിന് ആയിട്ടുണ്ട്. കാടിന്റെ വന്യത, സൗന്ദര്യം, നിഗൂഢത എന്നിവയെല്ലാം ബാഹുലിന്റെ ലെന്‍സുകള്‍ അതിശക്തമായി ഒപ്പിയെടുക്കുന്നു. ഓര്‍ത്തുവെച്ചോളോ, പത്മരാജനും, ലോഹിതദാസിനുമൊക്കെ ശേഷം ഇനിയങ്ങോട്ട് മലയാള സിനിമയെ നയിക്കുക ബാഹുലിനെപ്പോലുള്ള പ്രതിഭകളാവും. മുജീബ് മജീദിന്റെ പശ്ചാത്തലസംഗീതം ഈ പടത്തിന്റെ മൂഡ് ഉയര്‍ത്തുന്നു. ചിത്രത്തിന്റെ ആര്‍ട്ട് ടീമും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു.

വാല്‍ക്കഷ്ണം: 'കിഷ്‌കിന്ധയ്ക്ക് ശേഷം മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ഒപ്പം അടുത്ത സിനിമ ചെയ്യുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ എക്കോ ചെയ്താല്‍ തന്റെ ഗ്രാഫ് ഉയരുമെന്നാണ് പ്രതീക്ഷ'- റിലീസിന് മുമ്പ് ദില്‍ജിത്ത് അയ്യത്താന്‍ പറഞ്ഞ വാക്കുകളാണിത്. അത് നൂറുശതമാനവും സത്യമായിരിക്കുന്നു. താരങ്ങളല്ല, സിനിമയാണ് പ്രധാനം എന്ന് ചിന്തിക്കുന്ന ഒരു തലമുറ മലയാളത്തില്‍ വളര്‍ന്ന് വരികയാണ്. ആശ്വാസം, സന്തോഷം.