ന്റെമ്മോ! മലയാളത്തിന്റെ മിനിമം ബജറ്റ്‌വെച്ച് ഒരു കോമിക്ക് സയൻസ് ഫിക്ഷനോ, പോസ്റ്റ് അപ്പോകാലിപ്റ്റിക് സിനിമയോ ചെയ്യാൻ കഴിയമെന്ന് ഈ ലേഖകനൊക്കെ സ്വപ്നത്തിൽപോലും കരുതിയതല്ല. ഹോളിവുഡിലും ഇപ്പോൾ ബോളിവുഡിലും വരുന്ന കോമിക് സയൻസ് ഫിക്ഷൻ പരീക്ഷണചിത്രങ്ങൾ നോക്കി വെള്ളമിറക്കി നിൽക്കാനേ മലയാളം ഇൻഡസ്ട്രിക്ക് കഴിയാറുള്ളൂ. ഇനി അഥവാ ഈ ഴോണറിൽ വന്നതാവട്ടെ അറുബോറും ആയിരുക്കും. 'കാലചക്രം' എന്ന ഒരു പെരുംകത്തിപ്പടം കണ്ടതിന്റെ ക്ഷീണം, വർഷങ്ങൾ കഴിഞ്ഞിട്ടുമാറിയിട്ടില്ല. അതുപോലെ നമ്മുടെ മഞ്ജുവാര്യരിനെയും, സൗബിൻഷാറിനെയുമൊക്കെ വെച്ച് സാക്ഷാൽ സന്തോഷ് ശിവൻ ചെയ്ത 'ജാക്ക് ആൻഡ് ജിൽ' എന്ന സയൻസ്ഫിക്ഷൻ മൂഡിലുള്ള ഒരുപടമുണ്ട്. കണ്ടാൽ ഓക്കാനും വരും.

പക്ഷേ ഇപ്പോഴിതാ അരുൺ ചന്തുവെന്ന യുവ സംവിധായകൻ ഗഗനചാരിയെന്ന ഗംഭീരമായ ഒരു ചിത്രത്തിലൂടെ, സയൻസ് കോമിക്ക് വിഭാഗത്തിലേക്കുള്ള മലയാളത്തിന്റെ പ്രവേശനവും ഉദ്ഘാടനം ചെയ്തിരിക്കയാണ്. വെറുമൊരു സയസസ് കോമിക്ക് മാത്രമല്ല, ഭാവിയുടെ കൃത്യമായ രാഷ്ട്രീയ അന്തർധാരയും, ഈ ചിത്രത്തിനുണ്ട്. സ്പൂഫും, കോമഡിയും, സറ്റയറും ശരിക്കും വർക്ക് ആയിട്ടുണ്ട്്. ബഹിരകാശ നിലയവും, ഗോളാന്തരയാത്രയുമൊക്കെ കണ്ടാൽ നാം ഒരുവേള ഇംഗ്ലീഷ് സിനിമയാണോ കാണുന്നത് എന്ന് തോന്നിപ്പോകും.

വിദേശ പ്രതിഭകളുടെ നൂറിരിട്ടി കഴിവില്ലെങ്കിലും ആ പേരിന്റെ ഇന്ത്യൻ വേർഷൻ ചേർത്ത് വിളിക്കുന്ന ഒരു പതിവില്ലേ നമ്മുടെ നാട്ടിൽ. അങ്ങനെ വരുമ്പോൾ, അരുൺ ചന്തുവിനെ നമുക്ക് കേരളാ ക്രിസ്റ്റഫർ നോളൻ എന്ന് വിളിക്കാം! നോളൻ ചിത്രങ്ങളുടെ ഒരു മിനിയേച്ചറെങ്കിലും ഉണ്ടാക്കാനുള്ള പ്രതിഭ അയാൾക്കുണ്ടല്ലോ. നിങ്ങൾ വ്യത്യസ്തതകളും വൈവിധ്യങ്ങളും ആഗ്രഹിക്കുന്ന പ്രേക്ഷകൻ ആണെങ്കിൽ ഈ ചിത്രത്തിന് ധൈര്യമായിട്ട് ടിക്കറ്റെടുക്കാം. മലയാളത്തിൽ നാളിതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കഥയാണ് ഈ ചിത്രം പറയുന്നത്.

അന്യഗ്രഹജീവി കേരളത്തിൽ

2043ലാണ് ഗഗനചാരിയുടെ കഥ നടക്കുന്നത്. ബഹിരാകാശ നിലയത്തിൽനിന്നുള്ള കേരളക്കാഴചകൾ കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. കലൂർ സ്റ്റേഡിയംവരെ വെള്ളത്തിലാണ്. പ്രളയത്തോടൊപ്പം അന്യഗ്രഹജീവി ആക്രമണവും നാട്ടിലുണ്ടാവുന്നു. ഇത്തരം ജീവികളെപേടിച്ച് കർഫ്യൂ പ്രഖ്യാപിച്ച ഒരു നഗരത്തിലാണ് കഥ തുടങ്ങുന്നത്. പ്രളയത്തിലും രോഗങ്ങളിലും തകർന്ന കൊച്ചിയുടെ ശേഷിപ്പുകളിലാണ് ചിത്രത്തിൽ. തകർന്ന കെട്ടിട്ടങ്ങളും നശിച്ച പാട ശേഖരങ്ങളും ഒറ്റപ്പെട്ട തുരുത്തുകളുമായി ഭീതിതമായ ഒരു കേരളക്കാഴ്ച.

ഗണേശ് കുമാർ അവതരിപ്പിക്കുന്ന ഏലിയൻ ഹണ്ടറായ മുൻ ആർമി ഉദ്യോഗസ്ഥൻ വിക്ടറും, അദ്ദേഹത്തിന്റെ ജോലിക്കാരായ അലനും (ഗോകുൽ സുരേഷ്) വൈഭവും (അജു വർഗീസ്), പിന്നെ ഇവരുടെ അടുത്തെത്തുന്ന അന്യഗ്രഹജീവിയുമാണ് (അനാർക്കലി മരിക്കാർ- മരക്കാർ എന്നല്ല അവരുടെ പേര്) സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ഡോക്യുമെന്ററിയുടെ വിവരണ ശൈലിയാണ് സിനിമ പുരോഗമിക്കുന്നത്. ചന്ദ്രനിലേക്ക് വിസ ലഭിക്കാൻ കാത്തിരിക്കുന്ന വിക്ടറും, 250 വയസ്സുള്ള അന്യഗ്രഹജീവിയെ പ്രണയിക്കുന്ന 25കാരൻ അലനും, വൈബ് ജീവിതം ആഗ്രഹിക്കുന്ന വൈഭവും, ഇവരുടെ ജീവിതത്തെ നിരീക്ഷിക്കുന്ന ഭരണകൂടവും തമ്മിലുള്ള സംഘർഷങ്ങളാണ് ഗഗനചാരിയുടെ പ്രമേയം.

ചന്ദ്രനിലേക്ക് വിസ നോക്കി ഇരിക്കുന്ന വിക്ടർ, രാഘവൻ എന്ന് പേരിട്ട എ ഐ സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. മണിച്ചിത്രത്താഴിലെ 'രാഘാവോ' എന്ന ഇന്നസെന്റിന്റെ വിളിയാവും ഇവിടെ റഫറൻസ്. മലയാള സിനിമകൾ മാത്രം കാണുന്ന പ്രേക്ഷകർക്ക് ആശയക്കുഴപ്പമുണ്ടാകുന്ന വിധത്തിലുള്ള സയൻസ് ഫിക്ഷൻ സാങ്കേതികതകളെ മറികടക്കാൻ സിനിമ ഉപയോഗിക്കുന്ന സങ്കേതങ്ങൾ പോപ്പ് കൾച്ചർ റെഫറെൻസുകളും ഹാസ്യവുമാണ്., മലയാള സിനിമക്ക് സയൻസ് ഫിക്ഷൻ ചേരില്ല എന്നൊക്കെയുള്ള ധാരണകളെ തിരുത്തുന്നു. തുടക്കം മുതൽ ഒടുക്കം വരേ സ്പുഫ് കൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട് ചിത്രം. വിക്ടറും എഐയുമായുള്ള സംഭാഷണങ്ങളൊക്കെ ചരിയുയർത്തുന്നുണ്ട്.

പക്ഷേ, മൈ ഡിയർ കുട്ടിച്ചാത്തനിലും സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലും കണ്ട സാധനമാണ് ഈ ചിത്രത്തിന്റെ കോർ കണ്ടന്റ്. ചാത്തൻ അന്തരീക്ഷത്തിൽനിന്ന് ഇവിടേക്ക് വന്ന് പ്രിയപ്പെട്ടവനാവുന്നതും അവസാനം അവർ തിരിച്ചു പോകുമ്പോൾ തോന്നുന്ന ശൂന്യതയും ഒക്കേ നാം ഈ ചിത്രങ്ങളിൽ കണ്ടതാണ്. പക്ഷേ വെറുമൊരു ഏലിയൻ ചിത്രമായി ഇത് മാറാത്തത് അതിന്റെ പൊളിറ്റിക്കൽ രൂപംകൊണ്ട് കൂടിയാണ്. എത്രകൊല്ലം കഴിഞ്ഞാലും സാങ്കേതികമായി എത്ര പുരോഗമിച്ചാലും, വിശ്വാസം, ദൈവം, മതം എന്നിവയിൽനിന്നൊന്നും മനുഷ്യന് മോചനം ഉണ്ടാവില്ല എന്ന് ചിത്രം സൂചിപ്പിക്കുന്നു. ചന്ദ്രനിലേക്ക് പര്യവേഷണ സംഘത്തെ അയയ്ക്കുമ്പോഴും ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്ന ആ മാനസികാവസ്ഥ ചിത്രം കാണിച്ചുതരുന്നുണ്ട്.

സംഘപരിവാറിനെ നന്നായി ട്രോളുന്നുണ്ട് ഈ ചിത്രം. പെട്രോളിനു വില വർധിച്ചു വർധിച്ച് ഒരു പോയിന്റിൽ കലാപത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു നാട്. പെട്രോൾ കള്ളക്കടത്തിലേക്ക് ജനങ്ങൾ തിരിയുമ്പോൾ പെട്രോൾ തന്നെ നിരോധിക്കുന്ന ഒരു ഭരണകൂടം. പിന്നീട് പൊടുന്നനെ 'ഇന്റർനെറ്റും' നിരോധിക്കുന്നു. ബീഫ് വിവാദമായതോടെ ജനിറ്റിക്ക് എൻജീനിയറിങ്ങിലുടെ, പ്രത്യേകമായി നിർമ്മിച്ച 'ഗീഫ്' ഭക്ഷിക്കുന്ന ഒരു ജനത. അതുപോലെ ഏകപാർട്ടി ഭരണത്തിലുടെ, പൗരന്റെ സ്വകാര്യതകൾ ഒന്നും ഇല്ലാത്ത ഒരു കാലമാണ് ചിത്രം കാണിക്കുന്നത്. 'അജയ്യസേന' എന്ന മോറൽ പൊലീസിന് രാജ്യത്തെ ഏത് വീട് കയറിയും പരിശോധിക്കാം. അവരാണ് നാടിന്റെ സർവാധികാരികൾ. അവസാനം അവർ യഥാർത്ഥത്തിൽ എന്താണെന്നും ചിത്രം കാണിച്ചുതരുന്നു.

ഉദിച്ചുയർന്ന് ഗോകുൽ സുരേഷ്

മമ്മൂട്ടിയുടെ മകനും, മോഹൻലാലിന്റെ മകനും തിളങ്ങുന്ന മലയാള സിനിമയിൽ, ഗോകുൽ സുരേഷ് എന്ന സുരേഷ്ഗോപിയുടെ മകന് അത്രയും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. പക്ഷേ ഇപ്പോൾ സുരേഷ് ഗോപി ഫാമിലിയുടെ ടൈം ബെസ്റ്റ് ടൈം ആണെന്ന് തോനുന്നു. ഗോകുൽ സുരേഷിന്റെ കരിയർ ബെസ്റ്റ് ആണ് ഗഗനചാരി. ഇത്ര നന്നായി ഗോകുൽ കോമഡി ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. അസാധ്യമായ ടൈമിങ്ങും ഡയലോഗ് മോഡുലേഷനും ഉള്ള നടനാണ് ഗോകുൽ എന്ന് ഗഗനചാരിയിലെ അലൻ തെളിയിക്കുന്നു. നെപ്പോ കിഡുകൾ എന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്ന, ഏതൊരു താരപുത്രനോടും കിടപിടിക്കാനുള്ള പ്രതിഭയുള്ള നടനാണ് താൻ എന്ന് ഗോകുൽ തെളിയിക്കയാണ്. ഇത് ഒരു പുതിയ താരസൂര്യന്റെ ഉദയം കൂടിയാണ്. ഈ പടത്തിനുശേഷം നിരവധി പ്രോജക്റ്റുകൾ ഗോകുലിന് ഉറപ്പാണ്.

ഞെട്ടിച്ച മറ്റൊരു പ്രകടനം ഗണേശ് കുമാറിന്റെതാണ്. ഗണേശിന്റെ സിനിമ ജീവിതത്തിലെ ഒരു ഡ്രീം റോൾ തന്നെയാണ് ഇതിലെത്. മറ്റാരു ചെയ്യുന്നതിനേക്കാൾ ഫ്രഷ്‌നെസ്സ് ഉണ്ടായിരുന്നു ഗണേശ് ആ വേഷം ചെയ്തപ്പോൾ. മന്ത്രിപ്പണിയുടെ നിന്നുതിരിയാൻ ഇടയില്ലാത്ത യമണ്ടൻ തിരക്കിനിടയിൽനിന്നാണ് ഇഷ്ടൻ ഇതുപോലുള്ള വേഷങ്ങൾ ചെയ്യുന്നത് എന്ന് ഓർക്കണം. അജു വർഗീസും പതിവുപോലെ ചിരിപ്പിക്കുന്നുണ്ട്. പക്ഷേ അജു- ഗോകുൽ- ഗണേശ് കോമ്പോയുടെ കരുത്തിലാണ് ചിത്രം മുന്നോട്ടുപോവുന്നത്. പക്ഷേ അജുവിൻെ കഥാപാത്രം ചിലയിടത്തൊക്കെ ടൈപ്പായി പോവുന്നുണ്ട്.

അന്യഗ്രഹജീവിയായി എത്തിയ അനാർക്കലി മരിക്കാർ എന്ന യുവനടിയും കിടുവാണ്. പലയിടത്തും അനാർക്കലി ചിരിപ്പിക്കുന്നുമുണ്ട്. ഒറ്റകഥാപാത്രംപോലും പാളിപ്പോകാതെയുള്ള പെർഫക്റ്റ് കാസിറ്റിങ്് ആണ് ചിത്രത്തിന്റെത്. ഈ നാലുപേരും കൂടാതെ രണ്ടുപൊലീസുകാരും, ഡോക്യുമെന്റി എടുക്കാനെത്തുന്ന രണ്ടുപേരും ചേർന്ന് ആകെ 8 പേരാണ് ചിത്രത്തിൽ കഥാപാത്രങ്ങളായിട്ടുള്ളത്്. പിന്നെ മല്ലികാസുകുമാരന്റെ ശബ്ദം. വെറും ശബ്ദംവെച്ച് അവർ ചിരിപ്പിക്കുന്നു. ഈ എട്ടു പേരെ വെച്ച് ഒരു ഇന്റർസ്റ്റെല്ലാർ കഥ ചെയ്തവരുടെ വൈഭവവും സമ്മതിക്കണം.

സുർജിത് പൈ ഒരുക്കിയ ക്യാമറയാണ് ഈ ചിത്രത്തിലെ സൂപ്പർ സ്റ്റാർ. ശരിക്കും നൈറ്റ് വിഷൻ ക്യാമറയിൽനിന്ന് നോക്കുന്നതുപോലുള്ള മൂഡാണ് കിട്ടുന്നത്. 4 കെ റസല്യൂഷൻ ഉള്ള തീയേറ്റുകളിൽനിന്ന് തന്നെ കണേണ്ട ചിത്രമാണിത്. അടിസ്ഥാനമായി ഈ ചിത്രത്തിന്റെ ക്രെഡിറ്റ് പോവുന്നത് ഡയറക്ടർക്കുതന്നെയാണ്്. അതുപോലെ ഗ്രാഫിക്സ് ടീമിനും. ഹോളിവുഡ് മോഡൽ സിനിമാ സ്വപ്നങ്ങൾ നമ്മൾ മലയാളികൾക്കും കാണാമെന്ന് ഈ ചിത്രം തെളിയിക്കുന്നു. ആ നിലക്ക് മലയാളത്തിലെ ഒരു മൈൽ സ്റ്റോൺ തന്നെയാണിത്.

വാൽക്കഷ്ണം: സ്‌ക്രിപ്റ്റിലെ ചില്ല അലമ്പുകൾ ഒഴിവാക്കിയിരുന്നെങ്കിൽ പടം കുറച്ചുകൂടി നന്നായേനെ. ഒരു തവണ ഉപേക്ഷിച്ച് പരാജയപ്പെട്ടിട്ടും അന്യഗ്രഹജീവിയെ വീണ്ടും ഉപേക്ഷിക്കുന്ന രംഗം അടക്കമുള്ളവ ഉദാഹരണം. ക്ലൈമാക്സിനോട് അനുബന്ധിച്ച് ഏലിയനെ കുരുക്കിട്ട് പിടിക്കുന്നതും ഹോമം നടത്തുന്നതുമൊക്കെ എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സ്‌ക്രിപ്റ്റിലെ ചില ഭാഗത്തെ ഏച്ചുകെട്ടലുകൾ മാറ്റിയിരുന്നെങ്കിൽ ചിത്രം ഒന്നുകൂടി നന്നാവുമായിരുന്നു.