- Home
- /
- Cinema
- /
- FILM REVIEW
അടി, ഇടി, വെടി, പാട്ട്, ഡാന്‍സ്...പക്ഷേ അവസാനം പുക! വിജയ് വേഴ്സസ് വിജയ് എന്ന ഫോര്മുല; ഇത് ഫാന്സിനുവേണ്ടിയുള്ള കൊണ്ടാട്ടം; ഗോട്ട് ആവറേജ് മാത്രം
തിരക്കഥയും, മ്യൂസിക്കും ശോകം
- Share
- Tweet
- Telegram
- LinkedIniiiii
വെറുത്തു വെറുത്ത് ഇഷ്ടപ്പെട്ടുപോയ കുട്ടിശങ്കരനാണ് ഈ ലേഖകനെ സംബന്ധിച്ച് ദളപതി വിജയ്്. ഒരു പാട്ട് ഒരു സ്റ്റണ്ട് എന്ന നിലയില്‍, ഇത്തിരി പ്രണയം, അണ്ണന്‍ പാസം, തങ്കച്ചി പാസം, അമ്മ പാസം എന്നിവയൊക്കെ ചേരുവ ചേര്‍ത്ത് ഒരേ പാറ്റേണിലുള്ള വിജയ് ചിത്രങ്ങള്‍ ഒരുകാലത്ത് പരിഹാസമാണ് ഉയര്‍ത്തിയത്. ഒരേ ചര്‍വിതം ചര്‍വണം ചെയ്തിട്ടും, വിജയ് പക്ഷേ വന്‍ വിജയങ്ങള്‍ ആവര്‍ത്തിച്ചു. വായതുറക്കാതെ പല്ലുഞെരിച്ചതുപോലെുള്ള ഡയലോഗും, ആക്ഷന്‍-ഡാന്‍സ് രംഗങ്ങളിലെ ഫയര്‍ ബ്രാന്‍ഡ് പെര്‍ഫോമന്‍സുമൊക്കെ അയാളെ കൊമേര്‍ഷ്യല്‍ സിനിമയുടെ ഇഷ്ട നായകനാക്കി. വിജയ് എന്ന നടനെ കണ്ട മാത്രയില്‍ ഇഷ്ടപ്പെടുകയായിരുന്നില്ല. കണ്ടു കണ്ട്്, ചിര പരിചിതത്വം കൊണ്ട് ഇഷ്ടപ്പെടുകയായിരുന്നു!'
തമിഴകത്തെ ഒരു നെക്സ്റ്റ് ഡോര്‍ ബോയ് എന്ന ഇമേജില്‍ തുടങ്ങിയ വിജയ്, സമകാലീനരായ അജിത്തിനെയും, സൂര്യയെയും, വിക്രമിനെയുമൊക്കെ കടത്തിവെട്ടി രജനീകാന്തിനുശേഷം തമിഴകത്തെ ഏറ്റവും വലിയ താരമായി. ഇപ്പോഴിതാ രാഷ്ട്രീയത്തിനുവേണ്ടി സിനിമ മതിയാക്കുന്ന, ജോസഫ്് വിജയുടെ അവസാന ചിത്രമെന്ന ലേബലില്‍, ദ ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം അഥവാ ഗോട്ട് എന്ന ചിത്രം ഇറങ്ങിയിരിക്കയാണ്. മങ്കാത്തയടക്കമുള്ള ഒരുപാട് ഹിറ്റ് ചിത്രങ്ങളെടുത്ത, വെങ്കിട് പ്രഭു രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പക്ഷേ ആവറേജില്‍ ഒതുങ്ങുകയാണ്.
ഇത് കട്ട വിജയ് ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ്. ആരാധകരല്ലാത്തവര്‍ക്ക് പടം കണ്ടാല്‍ നിരാശയാവും ബാക്കി. എന്നാല്‍ കമലഹാസന്റെ ഇന്ത്യന്‍ 2 ഒക്കെപ്പോലെ, ഒരു ഭീകര ഫ്ളോപ്പ് ചിത്രവുമല്ല ഇത്. 3 മണിക്കൂറോളം സമയം എന്‍ഗേജിങ്ങായി കൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഒരു വിജയ് ഫാനാണെങ്കില്‍ അദ്ദേഹത്തിന്റെ എല്ലാ മാനറിസങ്ങളും കണ്ട് ആസ്വദിക്കാം. അല്ലാത്തവര്‍ക്ക് അടി, ഇടി, വെടി, പാട്ട്, ഡാന്‍സ്, എന്ന വിജയുടെ പതിവ് ഫോര്‍മുലാ ചിത്രമാണിത്. പക്ഷേ അവസാനം പുക മാത്രമാവുന്നുവെന്ന് മാത്രം. ഇതിലും നല്ലൊരു വിടവാങ്ങല്‍ ചിത്രം തീര്‍ച്ചയായും വിജയ് അര്‍ഹിച്ചിരുന്നു.
വിജയ് വേഴ്സ്സ് വിജയ്
ഇന്ത്യന്‍ സിനിമയില്‍ ഒരു സിനിമക്കായി ഒരു നടന്‍ വാങ്ങിയ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തുകയും ഇതാണെന്നാണ് പറയുന്നത്. 200 കോടിരൂപയാണ് ദളപതി ചിത്രത്തിനായി വാങ്ങിയത്. അതിന് കാര്യവുമുണ്ട്. നായകനും, വില്ലനുമൊക്കെയായി ഒരുപോലെ ചിത്രത്തില്‍ നടന്‍ നിറഞ്ഞു നില്‍ക്കയാണ്. പണ്ട് കമലഹാസനൊക്കെ ചെയ്തതുപോലെ, വിജയ് തന്റെ തന്നെ മകനായി എത്തുന്ന മിനിയേച്ചറിനോടാണ് യുദ്ധം ചെയ്യുന്നത്. പക്ഷേ കുറ്റം പറയരുതല്ലോ, തന്റെ റോള്‍ വിജയ് ഭംഗിയായി ചെയ്തിട്ടുണ്ട്. ഈ പടത്തിനുള്ള കുഴപ്പം അത് കഥയിലും, സംവിധാനത്തിലും, സംഗീതത്തിലുമൊക്കെ വന്നതാണ്. അതില്‍ വിജയ്ക്ക് കാര്യമായ പങ്കില്ല.
ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ അംഗമായ തീവ്രവാദ വേട്ടക്കാരന്‍ എം.എസ്.ഗാന്ധിയായും അദ്ദേഹത്തിന്റെ മകന്‍ ജീവനായും ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. ഗാന്ധിയുടെ ടീമില്‍ ഒപ്പമുള്ളത് പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍ എന്നിവരാണ്. കെനിയയില്‍ വച്ച് ഒരു ട്രെയിന്‍ അറ്റാക്കിലാണ് ചിത്രം തുടങ്ങുന്നത്. ഇവിടെയൊന്നും സാധാരണ വിജയ് ചിത്രത്തില്‍ കിട്ടുന്ന ഫീല്‍ പ്രേക്ഷകന് കിട്ടുന്നില്ല. കോളിളക്കത്തിലെ ജയനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഹെലികോപ്റ്റിലേക്ക് കയറില്‍ കയറിപ്പോവുന്ന വിജയിലെ ഹീറോയെ കാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് തുടങ്ങുന്നത്.
പിന്നീട് അങ്ങോട്ട് നായകന്റെ വീര ജീവിതമാണ്. അതിനിടെ ഭാര്യ സ്വപ്നയുമായുള്ള വിജയുടെ ചില കോമഡി രംഗങ്ങളൊക്കെ വരുന്നുണ്ട്. ഫാന്‍സിനുള്ള ടെയ്ലര്‍ മെയ്ഡ് സാധനം എന്ന് പറയാം. മറ്റൊരു ഓപ്പറേഷനായി തായ്ലന്‍ഡില്‍ എത്തുന്ന ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ കഥയാണ് പിന്നീട്. അവിടെ വെച്ച് വിജയുടെ മകന്‍ കൊല്ലപ്പെടുന്നു. ആ സീനിലൊക്കെ വിജയ് എന്ന നടന്റെ പ്രകടനം എടുത്തുപറയണം. ശരിക്കും നല്ല കഥാപാത്രങ്ങള്‍ കിട്ടുമായിരുന്നെങ്കില്‍, നമ്മുടെ മോഹന്‍ലാലിനെയൊക്കെപ്പോലെ, അസാധ്യമായ മെയ്വഴക്കത്തോടെ അഭിനയിക്കാന്‍ പറ്റുന്ന ഒരു നടികര്‍ തന്നെയാണ് അയാള്‍. പക്ഷേ വിപണി അയാളെ ഒരു പാറ്റേണ്‍ നടനാക്കി.
മകന്റെ ദുരന്തത്തിനുശേഷം, എടിഎസില്‍നിന്ന് മാറി നിന്ന ഗാന്ധി, കൊല്ലപ്പെട്ടുവെന്ന് കരുതിയ മകനെ വര്‍ഷങ്ങള്‍ക്കുശേഷം റഷ്യയില്‍ വെച്ച് വീണ്ടെടുക്കുന്നതിലാണ് കഥയുടെ അടുത്ത ട്വിസ്റ്റ്. ഡീ ഏയ്ജിങ്ങ് സാങ്കേതികവിദ്യ വഴിയാണ് സിനിമയില്‍ കൗമാരക്കാരനായ വിജയിനെ പുന:സൃഷ്ടിച്ചത്. ഒരു സെക്കോ വില്ലനെപ്പോലെ തോന്നുന്ന ആ കഥാപാത്രം പലയിടത്തും പൊളിക്കുന്നുണ്ട്. പിന്നീടും സിനിമയില്‍ ഒരുപാട് ട്വിസ്റ്റുകള്‍ ഉണ്ടെങ്കിലും, ടോട്ടാലിറ്റിയില്‍ ഒരു സംതൃപ്തി നല്‍കുന്നില്ല. വിജയ് ചിത്രങ്ങളുടെ ഇഷ്ട റെസിപ്പിയായ,ബൈക്ക്റേസ്, കാര്‍ ചേസിങ്ങ്, ഐറ്റം ഡാന്‍സ് ഒക്കെയുണ്ടെങ്കിലും, പടം അങ്ങോട്ട് പൊങ്ങുന്നില്ല.
തിരക്കഥയും, മ്യൂസിക്കും ശോകം
'ഒരു വെങ്കട് പ്രഭു ഹീറോ' എന്നാണ് ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ തുടക്കത്തില്‍ സംവിധായകന്‍ എഴുതിക്കാണിക്കുന്നത്. സരോജയും ഗോവയും മങ്കാത്തേയുമൊക്കെ ചെയ്ത വെങ്കട് പ്രഭുവിന്റെ കലാപരമായ മിടുക്കൊന്നും പക്ഷേ ഈ ചിത്രത്തില്‍ കാണുന്നില്ല. പഴഞ്ചന്‍ കഥയും, കണ്ടുമടുത്ത ആക്ഷന്‍ രംഗങ്ങളുമൊക്കെയാണ് ഏറെയും. എവിടെയും ആരാധകര്‍ക്ക് ആഞ്ഞ് കൈയടിക്കാന്‍ കാര്യമായ അവസരം കിട്ടുന്നില്ല. ഇന്റര്‍വെല്‍ പഞ്ചിലും, വിജയുടെ ചില ഫൈറ്റ് സീനുകളിലും മാത്രമാണ് ഒരു ആവേശം കിട്ടുന്നത്.
ലോജിക്കും, പൊളിറ്റിക്കല്‍ കറക്ട്നെസ്സും ഒന്നും നോക്കി കാണേണ്ട സിനിമകള്‍ അല്ല വിജയുടേത്. പക്ഷേ ഒരു മിനിമം കോമണ്‍സെന്‍സ് എന്ന സാധനം പലയിടത്തും നഷ്ടമാവുന്നു. ഈ എടിഎസ് സംഘമൊക്കെ പലപ്പോഴും കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന കൊമേഡിയന്‍മാരെ പോലെയാണ് തോന്നുന്നത്. ക്ലൈമാക്സിനോട് അടുപ്പിച്ച് ബോംബിന്റെ റിമോട്ട് കണ്‍ട്രോള്‍ എടുത്തുള്ള കളിയൊക്കെ നാം എത്രതവണ കണ്ടതാണ്. ഒന്ന് മാറ്റിപ്പിടിക്കടേ എന്ന് വിളിച്ചുപറയാന്‍ തോന്നും.
ഈ ചിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ടുപോയത് യുവന്‍ ശങ്കര്‍ രാജയുടെ മ്യൂസിക്ക് ആണ്. അനിരുദ്ധ് ജയിലറില്‍ കാണിച്ച്വെച്ച പോലെ പശ്ചാത്തല സംഗീതം കൊണ്ട് ചിത്രത്തെ ലിഫ്റ്റ് ചെയ്യാന്‍ യുവന്‍ ശങ്കര്‍ രാജക്ക് കഴിയുന്നില്ല. സാധാരണ തീയേറ്ററിന് തീപിടിപ്പിക്കുന്ന രീതിയിലായിരുന്നു വിജയ് സിനിമയുടെ ബിജിഎമ്മുകള്‍. അതുപോലെ പാട്ടുകളും ആവറേജില്‍ ഒതുങ്ങി. ഡാന്‍സും ചിത്രീകരണവും എല്ലാം പഴയപടിയാണ്.
പണ്ടു മുതല്‍ ഇന്നുവരെയുള്ള വിജയ് സിനിമകളുടെ പല പല റഫറന്‍സുകളും വെങ്കിട്ട പ്രഭു ഉണ്ടാക്കിവെച്ചിട്ടുണ്ട്. സെല്‍ഫ് സ്പൂഫ് പോലെയാണ് ഇത് തോന്നുന്നത്. പതിവ് പാസങ്ങള്‍ ഒക്കെയുണ്ട്. എന്നാല്‍ 'അച്ഛന്‍ ദളപതി' ഇത്തരമൊരു ഡയലോഗടിക്കുമ്പോള്‍ 'മകന്‍ ദളപതി' ക്രിഞ്ച് ഡയലോഗെന്നു പറഞ്ഞ് കളിയാക്കുന്നതാണ് വെറൈറ്റിയായത്. സ്നേഹ, മീനാക്ഷി ചൗധരി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ ലൈല, ഒരു സീനില്‍ മാത്രം വന്നുപോകുന്ന കനിഹ തുടങ്ങി നടിമാരുടെ വലിയൊരുനിര തന്നെയുണ്ട്. പക്ഷേ വനിതാ താരങ്ങള്‍ക്കൊന്നു കാര്യമായൊന്നും ചെയ്യാനില്ല. എല്ലാം അപ്പന്‍ വിജയും, മകന്‍ വിജയും ചെയ്തോളും.
എഐ ഉപയോഗിച്ച് വിജയകാന്തിനെ പുനഃസൃഷ്ടിക്കാനുള്ള വെങ്കട് പ്രഭുവിന്റെശ്രമം നന്നായിട്ടുണ്ട്. അതുപോലെ ഇളയ ദളപതിയിലെ ഡീ ഏജിങ്ങ് ടെക്ക്നിക്കും ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളും ചിത്രം നല്‍കുന്നുണ്ട്. ഒരു പാട്ടുസീനില്‍, 'പാര്‍ട്ടി തുടങ്ങി, ക്യാംപെയ്ന്‍ തുറന്നുകഴിഞ്ഞു. നന്‍പന്‍മാര്‍ കൂടെയുണ്ട്'' എന്ന് വിജയ് പ്രഖ്യാപിക്കുന്നുണ്ട്. ചിത്രത്തിന്റെ ടെയില്‍ എന്‍ഡില്‍ ഇക്കാലത്തെ പതിവായ രണ്ടാംഭാഗ പ്രഖ്യാപന സൂചനയുമുണ്ട്. പക്ഷേ അതൊക്കെ വെറും ബോറായാണ് തോന്നിയത്. ക്ലോണിങ്ങ് എന്നും സയന്‍സ് ഫിക്ഷന്‍ എന്ന രീതിയിലൊക്കെ എന്തൊക്കെയോ കാണിച്ചുവെച്ചിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ കട്ടഫാന്‍സിനുമാത്രമേ ഗോട്ട് ദഹിക്കുകയുള്ളൂ. മറ്റുള്ളവര്‍ക്ക് ഈ ആട് ഒരു ഭീകര ജീവിയായി തോന്നാം. ഇതിലും നല്ല വിടവാങ്ങല്‍ വിജയ് അര്‍ഹിച്ചിരുന്നുവെന്ന് തീര്‍ത്തുപറയാം. കേരളത്തിലെ ഉള്‍ഗ്രാമങ്ങളിലെ തീയേറ്റുകളെപ്പോലും നിറക്കാന്‍ കഴിയുന്നത്ര വലിയ സ്റ്റാര്‍ വാല്യൂ ഉള്ള ഒരു താരം, രജീനീകാന്ത് പോലും ക്ലച്ച് പിടിക്കാത്ത രാഷ്ട്രീയ മേഖലയിലേക്ക് ഒരുകൈ നോക്കാന്‍ ഇറങ്ങിയിരിക്കയാണ്. അവിടെ അയാളുടെ ഭാവി കാത്തിരുന്ന് കാണാം.
വാല്‍ക്കഷ്ണം: ഇതിനിടെ കൂടെ നമ്മുടെ മോഹന്‍ലാല്‍ ഗോട്ടില്‍ അതിഥിയായി എത്തുന്നുവെന്ന ഒരു കഥ പ്രചരിച്ചിരുന്നു. അതൊക്കെ തെറ്റാണ്. അപ്പന്‍ വിജയും, മകന്‍ വിജയും തമ്മിലുള്ള മുട്ടന്‍ ഇടിയില്‍ മറ്റ് മുട്ടനാടുകള്‍ക്കൊന്നും സ്ഥാനമില്ലാത്ത രീതിയിലാണ് ചിത്രത്തിന്റെ ഘടന.