സംവിധായകൻ പുതുമുഖം, നായകനടക്കം ഭൂരിഭാഗം കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്, അപ്രശസ്തരായ അഭിനേതാക്കൾ. മിക്കവാറും രംഗങ്ങളും ഇൻഡോർ. വലിയ പരസ്യമില്ല സോഷ്യൽ മീഡിയയിലെ തള്ളുകളില്ല, ഇന്റവ്യൂ ബഹളങ്ങളില്ല. റിലീസ് ചെയ്തതാവട്ടെ നല്ല മഴക്കാലത്തും. എന്നിട്ടും ഗോളം എന്ന കൊച്ചു ചിത്രത്തിന് ജനത്തിരക്കേറുകയാണ്! ഒരു ബ്രില്ലന്റ് മർഡർ മിസ്റ്ററി സിനിമയെടുക്കാൻ, കോടികളുടെ സെറ്റപ്പും, മാസ് ആക്ഷൻ സീനുകളുടെയോ, ബിൽഡപ്പുകളുടെയോ ഒന്നും പിന്തുണ വേണ്ടെന്നും, നല്ല തലച്ചോർ മാത്രം മതിയെന്നും ഈ ചിത്രം തെളിയിക്കുന്നു. സത്യത്തിൽ തിരക്കഥതന്നെയാണ് സിനിമയിലെ താരം. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നൊരുക്കിയ തിരക്കഥയിൽ അടിമുടി ആകാംക്ഷ നിലനിർത്താൻ സാധിച്ചിട്ടുണ്ട്.

സാധാരണ ഈ ഴോണറിലുള്ള സിനിമകളിലെപ്പോലെ നായകന് മാസ്സ് കാണിക്കാനുള്ള ചിത്രമല്ല ഇത്. ഒരു ഗ്രൂപ്പിന്റെ കഥയാണ്. പിരിമുറുക്കത്തോടെ വെളിപ്പെടുന്ന കഥയെ അതിന്റെ എല്ലാ തീവ്രതയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. രണ്ടേകാൽ മണിക്കുർ സമയം പോവുന്നത് അറിയില്ല. പക്ഷേ ഇങ്ങനെ പറയുന്നതുകൊണ്ടുതന്നെ പഴുതുകൾ ഒന്നുമില്ലാത്ത ചിത്രമാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. നടന്ന ക്രൈമിന്റെ ശാസ്ത്രീയതയും ലോജിക്കുമൊക്കെ നോക്കിയാൽ പണി പാളും. പക്ഷേ സിനിമയെ ഒരു വിനോദോപാധിയെന്ന രീതിയിൽ കാണുന്നവർക്ക് ഇഷ്ടപ്പെടുന്നതാണ് ഈ ചിത്രം.

അയാൾ മരിച്ചത് എങ്ങനെ?

ഒരു അസാധാരണമായ കൊലപാതകത്തിന്റെ കഥയാണ് ഗോളം വെളിപ്പെടുത്തുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ ഐടി കമ്പനിയുടെ ഉടമയായ ഐസക് ജോൺ (ദിലീഷ് പോത്തൻ) തന്റെ ഓഫീസിലെ ബാത്തുറുമിൽ, തലയിടിച്ചു വീണ് മരിച്ചുകിടക്കയാണ്. പട്ടാപ്പകൽ ഓഫീസിൽ നിരവധി ജീവനക്കാർ ഉള്ള സമയത്താണ് മരണം. പുറത്തുനിന്ന് ആരും അങ്ങോട്ട് വന്നിട്ടില്ല. സിസിടിവി ഫൂട്ടേജിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. ബാത്ത്റൂമിനുള്ളിൽ സംഘട്ടനം നടന്നതിന്റെയോ മറ്റോ യാതൊരു സാഹചര്യവുമില്ല. അതുകൊണ്ടുതന്നെ കാൽ വഴുതിവീണ് ബാത്ത് റൂമിൽ തലയടിച്ചാവാം, സ്വതവേ ആസ്മാ രോഗിയായ ഐസക്ക് മരിച്ചത് എന്നായി ആദ്യഘട്ടത്തിൽ പൊലീസ് നിഗമനം.

ഐസക്കിൻേറത് സാധാരണ മരണമാണ് എന്ന് സന്ദീപിനൊപ്പമുള്ള സിഐ റഹീമടക്കം (അലൻസിയർ) പറയുകയും ചെയ്യുന്നു. പക്ഷേ നിരവധി ദുരൂഹമായ കൊലപാതക കേസുകൾ തെളിയിച്ച എഎസ്‌പി സന്ദീപ് (രഞ്ജിത്ത് സജീവ് ) അത് ചെവിക്കൊള്ളുന്നില്ല. അദ്ദേഹം ഇത് ഒരു കൊലപാതകം ആണെന്ന് വിശ്വസിക്കുന്നു. സന്ദീപ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുന്നു. ഒരോ സുക്ഷ്മാംശങ്ങളും വിട്ടുപോവാതെ കേസ് പരിശോധിക്കുന്നു. അപ്പോൾ അയാൾക്ക് ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടുന്നത്. അതാണ് ഈ സിനിമയടെ ഹൈലൈറ്റ്.

കൂടുതലും ഇന്റീരിയറിലാണ് സിനിമ നടക്കുന്നത് എന്നതും വലിയ വെല്ലുവിൽയാണ്. ആ മൊണോട്ടൊണെസ് പരിഹരിച്ചതിൽ ക്യാമറക്കം, പശ്ചാത്തലസംഗീതത്തിനും എഡിറ്റിങ്ങിനും വലിയ പങ്കുണ്ട്.കേസിന്റെ ചുരുളഴിഞ്ഞ് മുന്നേറുന്ന ഓരോ നിമിഷവും ഉദ്വേഗഭരിതമാക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കണ്ട കാഴ്ചകളെ മനസിലേക്ക് റിവൈൻഡ് ചെയ്യിപ്പിച്ചുകൊണ്ട്, ഒളിച്ചിരിക്കുന്ന ആ കുറ്റവാളിയെ കണ്ടെത്തിയിട്ടും ചിത്രം വീണ്ടും ചലിക്കയാണ്.
ഗംഭീര മേക്കിങ്ങിലൂടെ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാകുന്നു.

തിളങ്ങി ഈ താരങ്ങൾ

അത്രയൊന്നും പ്രശസ്തിയില്ലാത്ത ഒരുപാട് താരങ്ങളെ കൃത്യമായി ബ്ലെൻഡ് ചെയ്തുവെന്നതാണ്് ഈ പടത്തിലെ ഏറ്റവും വലിയ സവിശേഷത. ദിലീഷ് പോത്തൻ, സിദ്ദീഖ്, സണ്ണി വെയ്ൻ, ചിന്നു ചാന്ദ്നി, അലൻസിയർ എന്നിവർ മാത്രമാണ് ഈ പടത്തിൽ അറിയപ്പെടുന്ന നടന്മാരായിട്ടുള്ളത്. പക്ഷേ ഐടി കമ്പനിയിലെ ജീവനക്കാരായി വേഷമിട്ട് ഈ പടത്തിലെ നിർണ്ണായക റോളുകൾ ചെയ്ത, അപ്രശസ്തരായ അഭിനേതാക്കളാണ് ഈ പടത്തിലെ ജീവൻ. പലരും പുതുമഖങ്ങളാണ്. എന്നിട്ടും അവർ പടം ഗംഭീരമാക്കുന്നു. അവരുടെ പ്രകടനം പാളിയിരുന്നെങ്കിൽ ചിത്രം വെടിതീർന്നുപോയേനെ.

രഞ്ജിത്ത് സജീവാണ് നായകകഥാപാത്രമായ എഎസ്‌പി സന്ദീപിനെ അവതരിപ്പിച്ചിരിക്കുന്നത്. സംഭാഷണങ്ങളിലടക്കം മാസ് കാണിക്കുകയോ ആക്ഷൻ രംഗങ്ങളിൽ ത്രസിപ്പിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥനല്ല സന്ദീപ്. മറിച്ച് ബുദ്ധിപരമായി കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായി അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തി കേസിന്റെ മറുപുറങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. ഒരു ഗോളമെന്നപോലെ അന്വേഷണവും കറങ്ങിത്തിരിയുകയാണ്. പക്ഷേ ഇവിടെ രഞ്ജിത്ത് സജീവിന്റെ പ്രകടനവും അത്ര നന്നായി എന്ന് പറയാൻ കഴിയില്ല. ഡയലോഗ് ഡെലിവറിയിലടക്കം കൃത്രിമത്വം തോന്നുന്നുണ്ട്. ഒരു ഹിന്ദി സിനിമ ഡബ്ബ്ചെയ്തപോലെ. പക്ഷേ തുടക്കമല്ലേ, പരിഹരിക്കാം. ആദ്യചിത്രമായ 'കൈയത്തും ദൂരത്തിലെ' ചോക്ലേറ്റ് നായകനായ ഫഹദ് ഈ രീതിയിൽ അടിച്ചുകയറിവരുമെന്ന് ആരെങ്കിലും കരുതിയോ, അതുപോലെ. പക്ഷേ രഞ്ജിത്തിന്റെ ശരീരഘടന ഒരു സിനിമാറ്റിക് പൊലീസ് ഓഫീസറുടെ വേഷത്തിന് തികച്ചും അനുയോജ്യമാണ്. മലയാള സനിമയിലെ വയറുചാടിയ നായകന്മാർക്കിടയിൽ ഒരു സിക്സ് പാക്കും കിടക്കട്ടെ!

ഈയടുത്തു കാലത്ത് മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഇനിയൊരു രണ്ടാം ഭാഗമുണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയാണ് അവ അവസാനിക്കുന്നത്. ഗോളവും ഉരുളുന്നത് അങ്ങോട്ടേക്കാണ്., ഗോളത്തിന്റെ ഒരു പകുതി മാത്രമാണ് പ്രേക്ഷകർ കാണുന്നത്. മറുപകുതിയിൽ കാണാനുള്ളത്, ട്രെയിലറിൽ സൂചിപ്പിക്കുന്നതു പോലെ, ഇപ്പോൾ കണ്ടതിനെക്കാൾ വലുതാകും.

വാൽക്കഷ്ണം: അടുത്തകാലത്തായി മലയാള സിനിമയിൽ ഒട്ടും ലോജിക്കില്ലാത്ത മെഡിക്കൽ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് നല്ല ഗ്രിപ്പ് കിട്ടുന്നുണ്ട്. എബ്രഹാം ഓസ്ലർ ഉദാഹരണം. ശുദ്ധ അസംബന്ധമായിരുന്നു ഈ പടത്തിലെ മെഡിക്കൽ മാഫിയ. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിൽ അവയവമാഫിയ എന്ന് പറഞ്ഞ് കാണിച്ചത് ഒക്കെയും അടിമുടി ഫാക്ച്വൽ എററുകളായിരുന്നു. ശാസ്ത്രീയമായ വീക്ഷണകോണിൽ ഗോളം എന്ന സിനിമയിലെ ഗൂഢാലോചന സിദ്ധാന്താത്തിന് ഒട്ടും യുക്തിയില്ല. അവിടെയാണ് ഹോളവുഡ് സിനിമക്കാരുടെ കൃത്യത. ഇത്തരം സബ്ജറ്റുകൾ എടുക്കുന്നവർ കുറച്ചുകൂടി ഹോം വർക്ക് ചെയ്യേണ്ടിയിരിക്കുന്നു.