ന്തൊക്കെയായിരുന്നു ബഹളങ്ങൾ...ഇസ്രയേലിലും ഐസ്ലാന്റിലും ആദ്യമായി റിലീസ് ചെയ്യുന്ന മലയാള സിനിമ, 25ൽ അധികം യൂറോപ്യൻ രാജ്യങ്ങളിൽ ഇറങ്ങുന്ന ചിത്രം, റിലീസിന്മുമ്പ് 50 കോടി ക്ലബിലെത്തിയ ചിത്രം, പൃഥിരാജും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം... അങ്ങനെ പോകുന്നു. തന്റെ മനസ്സിലെ സങ്കൽപ്പങ്ങളോട് നൂറ് ശതമാനം നീതി പുലർത്തി ക്രാഫ്റ്റിൽ വീണ്ടും വീണ്ടും വീണ്ടും മിനുക്കുപണികൾ ചെയ്യുന്ന സംവിധായകൻ അൽഫോൻസ് പുത്രന്റെ വിചിത്ര സ്വഭാവമാണ് ഗോൾഡ് എന്ന സിനിമയുടെ റിലീസ് ഇത്രയും നീട്ടിയത് എന്നാണ് പറഞ്ഞ് കേട്ടത്. നിർമ്മാതാക്കളിൽ ഒരാളായ ലിസ്റ്റിൻ ജോസഫ് പറഞ്ഞത് സിനിമയിൽ ധാരാളം ട്വിസ്റ്റുകൾ കണ്ടിട്ടുണ്ടെങ്കിലും, റിലീസിൽ ഇത്രയ്ക്കധികം ട്വിസ്റ്റുകൾ കാണുന്നത് ഇതാദ്യമാണെന്നാണ്. പ്രേമം എന്ന സൂപ്പർഹിറ്ററ് ചിത്രത്തിനുശേഷം ഏഴ് വർഷത്തെ ഇടവേളയെടുത്താണ് അൽഫോൻസ് പുത്രൻ എത്തുന്നത് എന്നതും പ്രതീക്ഷ വർധിച്ചിച്ചു.

പക്ഷേ സിനിമ കണ്ടപ്പോൾ പവനാഴി ശവമായ അവസ്ഥയായി. പടം പെർഫെക്ട് അല്ല എന്ന് സംവിധായകൻ മുൻകൂർ ജാമ്യം എടുത്തപ്പോൾ ആരാധകർ കരുതി വിനയം കൊണ്ടാണെന്ന്. പക്ഷേ പടം അത്രക്കില്ലെന്ന് സംവിധായകന് മറ്റാരെക്കാളും ബോധ്യമുണ്ടായിരുന്നു എന്ന് വേണം കരുതാൻ. വെറുതെ കണ്ടിരിക്കാം എന്നല്ലാതെ ഒരു പൃഥ്വിരാജ് സിനിമയിൽനിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത് ഒന്നും നൽകാൻ ഈ പടത്തിന് കഴിയില്ല.

അൽഫോൻസിന്റെ സിനിമകൾ സ്‌ക്രിപ്റ്റിങ്ങിലും ഷൂട്ടിംഗിലും ഒന്നുമല്ല സംഭവിക്കുന്നത്, എഡിറ്റിങ് ടേബിളിലാണ് എന്നാണ് ആരാധാകർ പറയുന്നത്. അത് ശരിയാണ്. ഫ്രെയിമുകളുടെയും മേക്കിങ്ങിന്റെയം വെറ്റൈറ്റി സമ്മതിക്കുന്നു. പക്ഷേ അത് മാത്രം മതിയോ ഒരു സിനിമക്ക്. യുക്തിഭദ്രമായ ഒരു പ്രമേയം വേണ്ടേ. ഒരു പൊട്ടക്കഥ, കുറേ വളിപ്പ് തമാശകൾ ചേർത്ത് എടുത്തുവെച്ച്, എഡിറ്റ്ചെയ്ത് മറിച്ചിട്ടാൽ അത് നല്ല സിനിമാവുമോ?

കഥയില്ലായ്മയെന്ന അലങ്കാരം

രണ്ടു ചക്കയിട്ടപ്പോൾ, രണ്ടുമുയലുകൾ ചത്തുവെന്ന് കരുതി ചക്കയിടുമ്പോഴൊക്കെ മുയലുകൾ ചാവുമെന്ന് കരുതിയതാണ് അൽഫോൽസ് പുത്രന് പറ്റിയ തെറ്റ്. അൽഫോൻസിന്റെ മുൻ കാല ഹിറ്റ് ചിത്രങ്ങളായ നേരത്തിലും പ്രേമത്തിലും ഒരു ശക്തമായ കഥയൊന്നും ഉണ്ടായിരുന്നില്ല. നോൺ ലീനിയർ ആഖ്യാനം, അതിചടുലമായ എഡിറ്റിങ്ങ്, മനോഹരമായ ഗാനങ്ങൾ, കുറിക്കുകൊള്ളുന്ന നർമ്മങ്ങൾ, എന്നിങ്ങനെ ഒരു പ്രത്യേക സൗന്ദര്യമുള്ള ചിത്രം ഉണ്ടാക്കിയെടുത്ത്, യുവ തലമുറയെ തീയേറ്ററിലേക്ക് ഇടിച്ച് കയറ്റിക്കുക, എന്ന തന്ത്രം ആയിരുന്നു അയാൾ എടുക്കാറുണ്ടായിരുന്നത്. അതുതന്നെ ആവർത്തിച്ചാൽ പ്രേക്ഷകർക്ക് ബോറടിക്കില്ലേ.

പ്രേമത്തിലെ അതേ ആഖ്യാന രീതിതന്നെയാണ് അൽഫോൻസ് ഇവിടെയും എടുത്തിരിക്കുന്നത്. ഒരു സീനിനിടെ ക്യാമറ ഫോക്കസ് ആവുന്നത്, ഒരു പുൽച്ചാടിയിലേക്കോ, ലഡു തിന്നുന്ന ഉറുമ്പുകളിലേക്കൊ ആയിരിക്കും. പൊലീസ്റ്റേഷനിന് മുകളിലെ ആകാശവും, പറമ്പിലെ അണ്ണാനും, പ്രേമത്തിലെ സ്റ്റാമ്പിങ്ങ് ആയ പൂമ്പാറ്റയുമെല്ലാം പലതവണ കയറിവരുന്നു. (ഇത്തവണ അൽഫോൻസ് പിടിച്ചിരിക്കുന്നത് ഒരു പുൽച്ചാടിയിലാണ്.) ഫ്ാളഷ് ബാക്കും ഫാളാഷ് ഫോർവേഡും ഇടകലർന്ന് വരുന്ന എഡിറ്റിങ്ങിന്റെ കുഴമറിച്ചിൽ. കഥാപാത്രങ്ങളുടെ ടൈറ്റിലുകൾ എഴുതിക്കാട്ടുന്നു. ഒറ്റ നോട്ടത്തിൽ വട്ടാണോ എന്ന് തോന്നിപ്പോവും. കുറസോവയും, പസോളിനിയും, ബർഗ്മാനുമൊക്കെ ഉണ്ടാക്കിയ പുതിയ ചലച്ചിത്ര സങ്കേതങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവർ, അൽഫോൻസ് പുത്രനെയും കാണാതെ പോകരുത്!

ഇനി കഥയിലേക്ക് വന്നാൽ, കഥയില്ലായ്മ ഒരു അഹങ്കാരമായി എടുത്തിരിക്കയാണ് സംവിധായകൻ എന്ന് തോനുന്നു. ടൗണിലെ ഒരു മാളിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് നായകൻ ജോഷി. പെരിയാറിന്റെ തീരത്തുള്ള വീട്ടിൽ അമ്മയ്ക്ക് ഒപ്പമാണ് താമസം. ഒരു സുപ്രഭാതത്തിൽ അമ്മ ജോഷിയെ വിളിച്ചുണർത്തുന്നത് വിചിത്രമായൊരു കാഴ്ചയിലേക്കാണ്. വീട്ടുവളപ്പിലേക്കുള്ള വഴിയടച്ച് ആരോ ഒരു വണ്ടി പാർക്ക് ചെയ്തിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ആ ബൊലേറോ ജോഷിയുടെ പ്രശ്നമായി മാറുന്നു. അയാൾ അന്നാണ് ഏറെ ആശിച്ച് ഒരു പുത്തൻ കാർ വാങ്ങിയത്. അത് വീട്ടിലേക്ക് ഇടാൻപോലും ഈ ബൊലേറോമൂലം കഴിയുന്നില്ല.

പരാതി പറയാനായി ജോഷി പൊലീസ് സ്റ്റേഷനിലേക്ക് എത്തുമ്പോൾ കാണുന്നത് തന്റെ വീട്ടിലേക്ക് എന്നപോലെ അവിടെയും വഴി ഒരു മരലോറി അടിച്ചിരിക്കുന്നുവെന്നതാണ്. അതുകൊണ്ട് പൊലീസിന് ഈ വണ്ടി സ്്റ്റേഷനിലേക്ക് കൊണ്ടുപോവാൻ കഴിയിന്നില്ല. അവർ അത് ജോഷിയുടെ വീട്ടുമുറ്റത്തുതന്നെ ഇടുന്നു. വണ്ടിയിൽ നിറയെ സ്പീക്കറുകൾ ആയിരുന്നു. അതിൽ ഒരെണ്ണം യാദൃശ്ചികമായി പരിശോധിച്ചതോടെ ജോഷിയുടെ ജീവിതം മാറി മറയുന്നു. എന്തായിരിക്കും ആ സ്പീക്കറിൽ എന്നത് ഏവർക്കും അറിയാവുന്നതാണ്. ഒരു മുത്തശ്ശിക്കഥപോലുള്ള ഈ തുടക്കം പ്രതീക്ഷ നൽകുന്നതായിരുന്നു. പക്ഷേ പിന്നീടങ്ങോട്ടാണ് നാം അറിയുക ഈ കഥക്ക് ഒരു കാമ്പുമില്ലെന്ന്.

ബ്ലാക്ക് ഹ്യൂമർ കൊണ്ടുള്ള ഭീകരാക്രണം

നർമ്മത്തിനല്ല ലോകത്തിലെ ഏത്് കാര്യത്തിനും ബാധകമായ കാര്യമാണ് യുക്തിയെന്നത്. നിങ്ങൾ ഒരു മരണ വീട്ടിൽ പോയെന്ന് വെക്കുക. മൃതദേഹത്തിന്റെ ചുണ്ടുകൾ വികൃതമായി ഏങ്കോണിച്ചാണ് കിടക്കുന്നത്. അത് കണ്ട് നിങ്ങൾക്ക് പൊട്ടിച്ചിരിക്കാൻ കഴിയുമോ. അങ്ങനെയുള്ളവയെ തമാശ എന്നാണോ അതോ ചെപ്പക്കുറ്റിച്ച് ഒന്ന് പൊട്ടിക്കാത്തതിന്റെ കുഴപ്പം എന്നാണോ പറയുക. രണ്ടാമത്തെ മോഡലിലുള്ള ബ്ലാക്ക് ഹ്യൂമർ കൊണ്ടുള്ള ഭീകരാക്രമണമാണ് ചിത്രത്തിൽ ഉടനീളം.

ചില ഉദാഹരണങ്ങൾ നോക്കുക. കോവിഡ് കാലത്ത് പണിപോയതിനാൽ നിർഗതിയും പരഗതിയുമില്ലായെ തൂങ്ങിച്ചാവാൻ ഒരുങ്ങി നിൽക്കയാണ് സ്വർണ്ണപ്പണിക്കാരനായ പ്രേം കുമാറിന്റെ കഥാപാത്രം. അയാൾ കഴുത്തിൽ കുരുക്കിട്ട് നിൽക്കുമ്പോഴാണ് നമ്മുടെ നായകനായ ജോഷിയുടെ വിളിയെത്തുന്നത്. സ്വർണം ഉരുക്കുന്ന മെഷീൻ ഉണ്ടോ എന്ന് ചോദിച്ച്. അയാൾ ആ മെഷീൻ പതിനായിരം രൂപക്ക് ജോഷിക്ക് വിൽക്കുന്നു. ജോഷി ആ പണം ഗൂഗിൾ പേ ചെയ്തു കഴിഞ്ഞുള്ള സീനാണ് അതി ദയനീയം. ഉടനെ പ്രേം കുമാറിന്റെ കഥാപാത്രം ഒറ്റ ഓട്ടമാണ്. തൊട്ടുടുത്തുള്ള ചായക്കടയിൽ കയറി കുറച്ച് പുട്ടും കറിയും പപ്പടവുമൊക്കെവാങ്ങി പണം ഗൂഗിൾ പേ ചെയ്തുകൊടുത്ത് അയാൾ നേരെ വീട്ടിലെത്തി അത് ഭാര്യക്കും മക്കൾക്ക് കഴിക്കാൻ കൊടുക്കുന്നു! ഹൃദയം തകർന്നുപോവുന്ന ഈ രംഗംപോലും അൽഫോൽസ് പുത്രന് കോമഡിയാണ്. പുട്ടു കഴിക്കാൻ എടുക്കുന്നതിനിടെ ഒരു മഞ്ചുകൂടി വെണമെന്ന് മകളുടെ മുഖം മറക്കാനാവില്ല. പക്ഷേ സംവിധായകന് ഇതും ബ്ലാക്ക് കോമഡിയാണ്.

എത്രയോ വർഷംമുമ്പ് കണ്ട സിനിമയാണ് ടി വി ചന്ദ്രന്റെ തമിഴ് പടമായ 'ഹേമാവിൻ കാതലർകൾ'. അതിൽ പിതാവ് മരിച്ച വിവരം, സഹോദരിയുടെ വീട്ടിൽ അറിയിക്കാൻ വരുന്നു ഒരു ഗതികെട്ട സഹോദരന്റെ വേഷമുണ്ട്. അച്ഛൻ മരിച്ച വിവരം അറിയാത്തതുകൊണ്ട് സഹോദരി അവനെ സൽക്കരിക്കയാണ്. അവൻ ആണെങ്കിൽ കുറേ ദിവസമായി ഒന്നും കഴിച്ചിട്ടില്ല. അച്ഛൻ മരിച്ചുവെന്ന് ആദ്യമേ പറഞ്ഞാൽ തനിക്ക് അന്നം നഷ്ടമാവും. അതിനാൽ അയാൾ അത് തിന്ന് കഴിഞ്ഞിട്ടാണ് മരണ വിവരം പറയുന്നത്. എന്തൊരു ഷാർപ്പായ, സീൻ ആയിരുന്നു അത്. അതുപോലെ ശക്തമായ സീൻ ആയിരുന്നു പ്രേം കുമാറിന്റെതും. പക്ഷേ അൽഫോൻസ് അത് കളഞ്ഞുകുളിച്ചു.

കഥയിലെ വിഡ്ഡിത്തങ്ങളും അസംബന്ധങ്ങളും എണ്ണിപ്പറയുകയാണെങ്കിൽ അത് എത്രയോ നീണ്ടുപോകും. ഒരു കാര്യം കൂടി പറയാം. ഇന്നത്തെകാലത്ത് ആരെങ്കിലും മകളുടെ പ്രതിശ്രുതവരന് സ്ത്രീധനം എന്നപേരിൽ വിവാഹത്തിന് മുമ്പേ തന്നെ തനിക്കുള്ള ഷോപ്പിങ്ങ് കോംപ്ലകസ് അടക്കമുള്ള സ്വത്തുവകകൾ എഴുതിക്കൊടുക്കുമോ. അത് മാത്രമല്ല, ഒരു ബൊലേറോയിൽ ഒളിപ്പിച്ച കിലോക്കണക്കിന് സ്വർണ്ണവും. ഇത് കിട്ടിയ സൈക്കോകൾ പറയുന്നത് ഡൈനാമീറ്റ്‌വെച്ച് ഷോപ്പിങ്ങ് കോംപ്ലകസ് പൊളിച്ച് കളയുമെന്നുമാണ്. പ്രിയദർശന്റെ വെട്ടം സിനിമയിലെ ഇന്നസെന്റിന്റെ കഥാപാത്രത്തെ എടുത്ത് ലാലു അലക്സിന് വെച്ച് കൊടുത്തിരിക്കയാണ്. അതായത് ഗോൾഡിന്റെ കഥയിൽ ഏറെയും ഓൾഡായ ആശയങ്ങളാണ്്. ഇനി ഇത്രയും സ്വർണം ഒറ്റയടിക്ക് പോയിട്ടും, നഷ്ടമായവന് യാതൊരു കുലുക്കവുമില്ല. കോടികൾക്ക് ഒന്നും യാതൊരു വിലയും ഇല്ലേ ഈ നാട്ടിൽ. എന്റെ പുത്രാ ഒരു കഥ തല്ലിക്കൂട്ടുമ്പോൾ, അൽപ്പമെങ്കിലും ലോജിക്ക് ഉപയോഗിക്കൂ...

നയൻസ് അതിഥിതാരം മാത്രം

പൃഥ്വിരാജും, നയൻതാരയും, ഒന്നിക്കുന്ന ചിത്രം എന്നതും ശരിക്കും തള്ളലായിപ്പോയി. കാരണം ഒരു എക്്സ്റ്റൻഡഡ്, ഗസ്റ്റ് ആർട്ടിസ്റ്റിന്റെ റോൾ മാത്രമാണ്, നയൻതാരക്ക് ഈ ചിത്രത്തിലുള്ളത്. ആദ്യപകുതിയിൽ നായികക്ക്, പോപ്പ്കോൺ കൊറിച്ച്, ഒരു ഫോണിൽ സംസാരിക്കുന്ന ഒരു സീൻ മാത്രമാണുള്ളത്. രണ്ടാം പകുതിയിൽ നാലഞ്ച് സീനിലും. തീർന്നു. ഇതുപോലെ ഒരു ലേഡി സൂപ്പർസ്റ്റാറിന് ഈ പടത്തിൽ തലവെക്കാൻ എന്തിന്റെ കുഴപ്പമാണെന്ന് മനസ്സിലാവുന്നില്ല. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പഴയ പ്രതാപത്തിന്റെ നിഴൽമാത്രമാണ്, തിരുവല്ലക്കാരി ഡയാനകുര്യൻ എന്ന മലയാളത്തിന്റെ നയൻതാര.

പക്ഷേ വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ വരുന്നത് ലാലു അലക്സിന്റെ ഐഡിയ ഷാജി എന്ന കഥാപാത്രത്തിലാണ്. പഴയ എസ്എംഎസ് ജോക്സും, സർദാർജി തമാശകളുമൊക്കെ, ലാലു അലക്സിന്റെ തലയിൽ കെട്ടിവെച്ച് സംവിധായകൻ മാക്സിമം വെറുപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജിനും നൂറുശതമാനവും വഴങ്ങുന്ന ഒരു കഥാപാത്രല്ല ഇത്. പലയിടത്തും ചേർച്ചക്കുറവ് പ്രകടം. അൽഫോൽസ് പുത്രന്റെ സ്ഥിരം നായകനായ നിവിൻ പോളി തന്നെയാണ് ഈ പടത്തിലും വേണ്ടിയിരുന്നത്.

താരതമ്യേന നന്നായത് രാജുവിന്റെ അമ്മയായി സിനിമയിലും എത്തുന്ന മല്ലികാസുകുമാരനാണ്.അതുപോലെ, പ്രേംകുമാർ, ബാബുരാജ്, സൈജുകുറുപ്പ്, ജഗദീഷ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭദ്രമാക്കിയിട്ടുണ്ട്. സ്ഥിരം മണ്ടന്മാരും, ഗുണ്ടകളുമായി ചെമ്പൻ വിനോദിന്റെ നേതൃത്വത്തിൽ ഒരു സംഘവും ഉണ്ട്. കഥാപാത്രത്തിന് വലിയ കാമ്പില്ലാഞ്ഞിട്ടും, തന്റെ ചില പ്രത്യേക മാനറിസങ്ങൾ ചേർത്തിട്ട്, ഷമ്മി തിലകൻ ചിത്രത്തിലെ പ്രധാന റോൾ വേറിട്ടതാക്കുന്നുണ്ട്. 'പ്രഭാകരാ' എന്ന തിലകന്റെ ആ വിഖ്യാതമായ വിളിയുടെ ചില അലയൊലികൾ മകനിലും കാണാം. 'പൊലീസ് പൊലീസ്' എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന സീനിലൊക്കെ നാടോടിക്കാറ്റിലെ തിലകന്റെ ആ ക്ലാസിക്ക് വേഷം ഓർമ്മയിൽ വരുന്നുണ്ട്. അതിഥി വേഷത്തിൽ എത്തിയ അൽഫോൻസ് പുത്രനും മോശമായിട്ടില്ല.

വാൽക്കഷ്ണം: കേവലം രണ്ടുസിനിമ കൊണ്ട് ഇത്രമാത്രം ആരാധകരെ സ്വന്തമാക്കിയ ഒരു മലയാളി സംവിധായകൻ, അൽഫോൻസ് പുത്രനെപ്പോലെ വേറെ കാണില്ല. ലോകസിനിമാചരിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത മൂന്നാമത്തെ ചിത്രമെന്നാണ് 'ഗോൾഡിന്' സംവിധായകൻ നൽകുന്ന വിശേഷണം. പക്ഷേ ഇത് രക്ഷപ്പെടാനുള്ള ഒരു കുറുക്കുവഴി മാത്രമാണെന്നാണ് ചിത്രം കണ്ടപ്പോൾ തോന്നിയത്. പുതുമ വേണ്ട പക്ഷേ വളിപ്പാവരുതല്ലോ! മേക്കിങ്ങിലെയും ക്രാഫ്റ്റിലെയും മിടുക്ക് കഥ രൂപപ്പെടുത്തുന്നതിലും കാണിച്ചാൽ, തിര മലയാളം മറക്കാത്ത ചിത്രങ്ങൾ ചെയ്യാൻ ഈ സംവിധായകന് കഴിയും.