ഹൈക്കോടതി കണ്ട് ബോധ്യപ്പെട്ടതിനുശേഷം റിലീസ് അനുവദിച്ചസിനിമ. നിഷാദ് കോയയുടെ രചനയില്‍, റഫീഖ് വീര സംവിധാനം ചെയ്ത ഹാല്‍ എന്ന ഷെയിന്‍ നിഗം നായകനായ ചിത്രം റിലീസിനുമുമ്പേ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയതാണ്. എന്തോ മാരകവും പൊതു സമൂഹത്തിന് താങ്ങാന്‍ കഴിയാത്തതുമായ വലിയ പ്രമേയമായിരിക്കണം ഇതിന്റെത് എന്ന് വിചാരിച്ചിരുന്നു. പക്ഷേ ചിത്രം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഈ സമൂഹത്തിന് കാര്യമായ എന്തോ കുഴുപ്പുമുണ്ട്. ഈ ചീളു കേസിന് വേണ്ടിയാണോ ഇത്രയേറെ ബഹളമുണ്ടാക്കിയത്. കോടതി കയറാന്‍മാത്രവും, സെന്‍സര്‍ കട്ടുകള്‍വരാനും മാത്രം ചിത്രത്തില്‍ എന്താണുള്ളത്?

ആസിഫ് കടലുണ്ടി എന്ന ഒരു റാപ്പറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. പരീക്ഷപൊട്ടി പാട്ടും കൂട്ടവുമായി നടക്കുന്ന ഇയാള്‍ യാദൃശ്ചികമായ മരിയ ഫെര്‍ണാണ്ടസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. തുടര്‍ന്ന് അത് ലൗ ജിഹാദായി ചിത്രീകരിക്കപ്പെടുകയും ആ കമിതാക്കള്‍ വേട്ടയാടപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അത് ഇത്രമാത്രം വിവാദമാക്കാനുള്ള യാതൊരു സാധനവും ഇല്ലായിരുന്നു.

ഒരു ശരാശരി ചിത്രംമാത്രം

ഇനി പ്രമേയം എന്തോ ആവട്ടെ. ചിത്രത്തിന്റെ നിലവാരത്തിലേക്ക് വന്നാല്‍ അത് ശരാശരി മാത്രമാണ്. ആദ്യത്തെ ഒരു 20 മിനുട്ട് അസഹനീയമാണ്. അതിനുശേഷമാണ് ചിത്രം ചൂടുപിടിക്കുന്നത്. നായകന്റെയും കൂട്ടരുടെയും ബന്ധവും പ്രണയവും എസ്റ്റാബ്ലിഷ് ചെയ്യുന്ന സീനുകള്‍ വെറുപ്പിക്കലാണ്. നടന്‍ രവീന്ദ്രനൊക്കെ കുറേ അരോചക ഗാനങ്ങളമായി ബോറടിപ്പിക്കുന്നു. അത് സംവിധായകനുതന്നെ തോന്നിയതുകൊണ്ടാവണം പിന്നീട് രവീന്ദ്രന്റെ കഥാപാത്രത്തെ കാണാനില്ല. തുടക്കത്തിലെ ഒരു പാട്ടൊക്കെ, മലബാറിനെ സംഗീതം ആല്‍ബം നിലവാരത്തില്‍ തീര്‍ത്തും അമേച്വറായാണ് എടുത്തിരിക്കുന്നത്. നായകന്റെ സുഹൃദ് സംഘത്തില്‍ നടന്‍ ജോണി ആന്റണിയാണ് ആശ്വാസം. മോണോലോഗുകളിലൂടെയുള്ള, ജോണിയുടെ മതസൗഹാര്‍ദവും സാരോപദേശവും കുറച്ച് കൂടിപ്പോയെങ്കിലും.

നായകന്‍ എന്ന നിലയില്‍ ഔട്ട് സ്റ്റാന്‍ഡിങ് പ്രകടനമൊന്നുമല്ല ഷെയിന്‍ നിഗത്തിന്റെത്. മുമ്പ് അദ്ദേഹം ചെയ്ത കഥാപാത്രങ്ങളുടെ ഛായ പലയിടത്തും പ്രതിഫലിക്കുന്നുണ്ട്. നായിക, സാക്ഷിവേദയും ഒപ്പിച്ചു എന്നേ പറയാന്‍ കഴിയൂ. പലപ്പോഴും മുഖത്ത് ഒരേഭാവം ഒട്ടിച്ചതായി തോന്നാം. ഒരു തീവ്രമായ പ്രണയത്തിന്റെ മൂഡ് പ്രേക്ഷകനിലേക്ക് എത്തുന്നില്ല. ഗാനങ്ങളും, മ്യൂസിക്കും ശോകമാണ്. നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, ഉണ്ണിരാജ തുടങ്ങിയ ചെറിയ വേഷങ്ങള്‍ ചെയ്ത ഒരുപാട് താരങ്ങള്‍ ചിത്രത്തിലുണ്ട്. ക്ലൈമാക്സില്‍ ഒരു ട്വിസ്റ്റുമായി ധ്യാന്‍ ശ്രീനിവാസനുമുണ്ട്.




തുടക്കം കാണുമ്പോള്‍ പണി പൂര്‍ണ്ണമായും പാളിയെന്ന് തോന്നുമെങ്കിലും, പിന്നീട് പ്രണയവും വിവാദവും വരുമ്പോള്‍ ചിത്രം എന്‍ഗേജിങ്ങ് ആവുകയാണ്. രണ്ടാം പകുതിയിലൊക്കെ ചിത്രം വേഗത്തില്‍ നീങ്ങുന്നുമുണ്ട്. പക്ഷേ മൊത്തത്തില്‍നോക്കുമ്പോള്‍, ആവറേജ് എന്ന് മാര്‍ക്ക് കൊടുക്കാനല്ലാതെ ഔട്ട് സ്റ്റാന്‍ഡിങ്ങ് എന്ന് പറയാന്‍ കഴിയില്ല. ഇത്രയും നിസ്സാരകാര്യത്തിനാണോ ഈ ബഹളമൊക്കെ ഉണ്ടായത് എന്ന് ചോദിച്ചുപോവും.

സെന്‍സര്‍ബോര്‍ഡിന്റെ തലപരിശോധിക്കണം!

ചിത്രത്തിന്റെ പൊളിറ്റിക്സിലേക്ക് വന്നാല്‍, തീര്‍ത്തും മതേതര പക്ഷത്തുതന്നെയാണ് ഈ സിനിമ നില്‍ക്കുന്നത്. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.നമ്മുടെ സെന്‍സര്‍ബോര്‍ഡും, കേസില്‍ കക്ഷിചേര്‍ന്ന കത്തോലിക്കാകോണ്‍ഗ്രസുമൊക്കെ എത്ര ബയാസ്ഡ് ആണെന്ന് ചിത്രം കണ്ടാല്‍ മനസ്സിലാവും. സെന്‍സര്‍ ബോര്‍ഡിന്റെ പ്രശ്നം ഇവിടെ എന്താണ്. സംഘപരിവാറിനുനേരെ വരുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കണം. 16 കട്ടുകളാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്. കമ്യൂണല്‍ വിഷയങ്ങള്‍ ഉള്ളതിനാല്‍ 'എ' സര്‍ട്ടിഫിക്കറ്റാണ് ആദ്യം നല്‍കിയത്. ഹൈക്കോടതി ഇടപെട്ടാണ് അത് 16 പ്ലസ് യുഎ ആക്കിയത്. പൊളിറ്റിക്കല്‍ സറ്റയറിന്റെ രൂപത്തില്‍ സിനിമയില്‍ ഉപയോഗിച്ച, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശം എന്നിവ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശം എന്നിവയൊക്കെ നീക്കിയാണ് ചിത്രം ഇറങ്ങിയത്. ഇത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കൃത്യമായ കത്തിവെക്കലാണ്. ഇത് ഒരു താലിബാന്‍ രാജ്യമൊന്നുമല്ല. മതമൗലികവാദത്തെ വിമര്‍ശിക്കാനും, ആക്ഷേപഹാസ്യം ചമക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതുപോലെ നായിക ഒരു റാപ്പ് സോങ്ങിന്റെ ഭാഗമായിട്ട് പര്‍ദ്ദയിട്ടിട്ട് ഡാന്‍സ് കളിക്കുന്നുണ്ട്. ആ പര്‍ദ്ദ ഉള്ള സീന്‍ കട്ട് ചെയ്യണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ റഫീഖ് വീര പറഞ്ഞിരുന്നു. ഈ ചിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കഥയെ ബാധിക്കുന്ന സീനാണിത്. ഇതാണ് സിനിമയിലെ കോടതിയില്‍ നായകനെതിരെ തെളിവായി എത്തുന്നതുപോലും. ഇതൊക്കെ കട്ട് ചെയ്യാന്‍ പറയുന്ന സെന്‍സര്‍ബോര്‍ഡുകാരുടെ തലയാണ് ആദ്യം പരിശോധിക്കേണ്ടത്.

പക്ഷേ ഇവിടെ ചിത്രം സുഡാപ്പികളെയും, കാസപോലത്തെ ക്രിസ്തന്‍ മതമൗലികവാദികളെയും ട്രോളുന്നുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവ് എന്ന് തോനുന്ന നിര്‍മ്മല്‍ പാലാഴിയുടെ കഥാപാത്രം, 'കുറേപ്പര്‍ ജയിലിലാണ്, അതിനാല്‍ ആളുകുറഞ്ഞുപോയി' എന്ന് പറയുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അകത്തിട്ടതാണ് പ്രശ്നം എന്ന് മനസ്സിലാവും. അതൊക്കെ പരിഹസിക്കാം പക്ഷേ സംഘികളെ പറ്റില്ല എന്നാണോ സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. നേരത്തെ ജാനകി എന്ന സിനിമയുടെ പേര് സീതയുടേതാണെന്ന് പറഞ്ഞ് സെന്‍സര്‍ബോര്‍ഡ് വാളെടുത്തത് നോക്കുക. ആധുനിക ഇന്ത്യയില്‍ ഒരു സിനിമക്ക് പേരിടാന്‍പോലും വയ്യാതായിരിക്കുന്നു! പുരോഗമിച്ച്. പുരോഗമിച്ച് നാം എവിടെയത്തി. ഒരു ഹിന്ദുപാക്കിസ്ഥാനിലേക്കാണോ രാജ്യം പോവുന്നത്.

ക്രിസ്ത്യന്‍ സമുദായത്തെയും താമരശ്ശേരി ബിഷപ്പ് ഹൗസിനെയും അപമാനിക്കുന്ന സീനുകള്‍ ഉണ്ടെന്ന് പറഞ്ഞാണ്, കാത്തലിക് കോണ്‍ഗ്രസ് കേസില്‍ കക്ഷിചേര്‍ന്നത്. പക്ഷേ അത്തരത്തിലുള്ള രംഗങ്ങള്‍ ഇല്ല എന്ന് മാത്രമല്ല, ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഹീറോയാവുന്നത് ബിഷപ്പാണ്! അത് കണ്ടുതന്നെ അറിയുക. സിനിമയിലെ ചില രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമെന്നുമുള്ള ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. അതുകൊണ്ടുതന്നെയാവണം, സെന്‍സര്‍ബോര്‍ഡും, കാത്തലിക് കോണ്‍ഗ്രസും സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി റദ്ദാക്കിയത്. ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുരന്നു ഡിവിഷന്‍ ബഞ്ച് അംഗങ്ങളുടെ പ്രതികരണം എന്നാണ് കേട്ടിരുന്നത്. ഈ ഒരു നിസ്സാര ചിത്രം റിലീസ് ചെയ്യാന്‍ ഹൈക്കോടതിവരെ പോവേണ്ടിവരിക എന്നതും, കേരളീയ പൊതുസമൂഹത്തിന് നാണക്കേടാണ്. നിര്‍മ്മാല്യം തൊട്ട് തൊട്ടാല്‍പൊള്ളുന്ന എത്രയെത്ര വിഷയങ്ങള്‍ അഭ്രപാളികളില്‍ എത്തിച്ചവരാണ് നാം!

പ്രശ്നം ഇരവാദ രാഷ്ട്രീയം

പക്ഷേ കാത്തലിക് കോണ്‍ഗ്രസിനും, സെന്‍സര്‍ബോര്‍ഡിനുമൊന്നും ചിത്രം ഉയര്‍ത്തുന്ന ഇരവാദ രാഷ്ട്രീയത്തിന്റെ അപകടം പിടികിട്ടിയിട്ടില്ല. സ്വത്വവാദ ഇടതുപക്ഷമായ നമ്മുടെ കെഇഎന്നും, പോക്കര്‍ മാഷും തൊട്ട് മീഡിയാവണ്ണിലെ സി ദാവൂദിനെവരെ ആവേശം കൊള്ളിക്കുന്നതാണ് ചിത്രത്തിലെ ഇരവാദം. 'എന്റെ പേരാണോ പ്രശ്നമെന്ന' വിക്ടിം കാര്‍ഡ് അതിശക്തമായി ചിത്രം എടുത്തുവീശുന്നുണ്ട്. നായകനായ ഷെയിന്‍ നിഗത്തിന്റെ റാപ്പര്‍, ഒരിക്കല്‍ ഒരുപൊലീസ് കേസില്‍പെട്ടപ്പോള്‍, തന്റെ ആസിഫ് ബീരാന്‍ എന്ന പേരിന്റെ പേരില്‍ ഒരു പൊലീസുകാരനാല്‍ അധിക്ഷേപിക്കപ്പെടുകയാണ്. അതിന്റെ വേദിയില്‍ ആസിഫുണ്ടാക്കിയ റാപ്പ് വൈറല്‍ ആവുന്നുമുണ്ട്. തുടര്‍ന്ന് അങ്ങോട്ടും ഇരവാദമാണ് കഥയില്‍.

മുസ്ലീം പേരിന്റെ പേരില്‍ മാത്രമാണ് നായകന്‍, ക്രിസ്ത്യന്‍ യുവതിയെ പ്രേമിച്ചു എന്ന കുറ്റത്തിന് ജയിലില്‍ ആവുന്നതും പീഡിപ്പിക്കപ്പെടുന്നതും. രഹസ്യനേഷ്വണ ഏജന്‍സികളൊക്കെ അയാളെ പേരിന്റെ പേരില്‍ വേട്ടയാടുകകയാണ്. ഇവിടെയാണ് നിഷാദ് കോയയുടെ തിരക്കഥ ദുര്‍ബലമായിപ്പോവുന്നത്. പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റി ഐസിസിലേക്ക് റിക്രൂട്ട്ചെയ്തു എന്ന് ആരോപണമുയര്‍ന്ന കേസുകളിലെല്ലാം വ്യക്തമായ ഒരു മോഡസ് ഓപ്പറാന്‍ഡിയുണ്ടായിരുന്നു. അത് കേവലം പേരിന്റെ പേരില്‍ മാത്രമല്ല.




പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കാനെത്തുന്ന, പെണ്‍കുട്ടികളെ ഹോസ്റ്റലിലും പേയിംഗ് ഗസ്റ്റായുമൊക്കെ കൂടെകൂട്ടി, സ്ത്രീകളുടെ സംഘം തന്നെ അടുപ്പം കാണിച്ച് വന്ന് ബ്രയിന്‍വാഷ് ചെയ്യുകയാണ് ആദ്യഘട്ടം. തുടര്‍ന്നാണ് ഇമോഷണല്‍ ബ്ലാക്ക്മെയിലിങ്ങ്. പിന്നെയാണ് അവരുടെ കൂട്ടത്തിതന്നെയുള്ള ഒരാളുമായി പ്രണയം ഉണ്ടാവുന്നത്. പിന്നെ മതം പഠിപ്പിക്കലും മതംമാറ്റവും, അഖില ഹാദിയയുടെ പിതാവ് അശോകനടക്കും ഇപ്പോഴും പറയുന്നത് ഈ പ്രണയക്കെണിയെക്കുറിച്ചാണ്. അല്ലാതെ രണ്ടുപേര്‍ പ്രണയത്തിലാവുന്നതിനെയല്ല.

ഈ വ്യത്യാസം ഹാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാവാതെപോയി. ഏത് പൊലീസുകാരനും മനസ്സിലാവും ഹാല്‍ സിനിമയിലെ ആസിഫും മരിയ ഫെര്‍ണാണ്ടസും തമ്മില്‍ പ്രണയം മാത്രമാണെന്ന്. അതിന് ലൗജിഹാദ് എന്ന പേരിലോ, ഐസിസ് റിക്രൂട്ട്മെന്റ് എന്നോ പ്രഥമദൃഷ്ട്യാ തോന്നിക്കാനുള്ള കാരണങ്ങളില്ല. അത് അങ്ങനെ വളച്ചൊടിക്കപ്പെടുന്നതിന് മറ്റ് ചില കാരണങ്ങള്‍കൂടി ബോധിപ്പിക്കാന്‍ കഴിയുന്നിടത്താണ് സ്‌ക്രിപിറ്റിന് വിശ്വസനീയത വരിക. എന്നാല്‍ മുസ്ലീങ്ങളെ അവരുടെ പേരിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ഭരണകൂടം നിരന്തരം വേട്ടയാടും എന്ന ജമാഅത്തെ ഇസ്ലാമിയടക്കം പറയുന്ന, അതിഭീകരമായ ഇരവാദത്തിലേക്കാണ് ചിത്രത്തിന്റെ ഈ ഭാഗം വീണുപോവുന്നത്. ക്ലൈമാക്സില്‍ നായിക നായകനോട് പറയുന്നുണ്ട് 'നിന്റെ പേരാണ് പ്രശ്നമെന്ന്'. ഈ കണ്ണില്‍കുത്തുന്ന ഇരവാദമാണ് ചിത്രത്തിന്റെ പ്രശ്നം. അല്ലാതെ അത് മതേതര വിരുദ്ധമായതല്ല.

പക്ഷേ അങ്ങനെ ഒരു സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം, നിഷാദ് കോയക്കും, റഫീഖ് വീരയ്ക്കുമില്ലേന്ന് എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ് മറുപടി. അതാണ് നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം. ആ ഇരവാദത്തെ വിമര്‍ശിക്കാന്‍ നമുക്കും സ്വതന്ത്ര്യമുണ്ട്. അല്ലാതെ സെന്‍സര്‍ കട്ടുകളിലുടെയും, നിരോധനങ്ങളിലുടെയും ഒരു പരിഷ്‌കൃത സമൂഹം ഉണ്ടാവില്ല.

വാല്‍ക്കഷ്ണം: സാറമ്മയും കേശവന്‍നായരും പ്രണയിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' കഥ ഇന്ന് സിനിമയായിരുന്നെങ്കില്‍, നമ്മുടെ സെന്‍സര്‍ ബോര്‍ഡ് വെട്ടിത്തിമര്‍ത്തേനെ. അതുപോലെ ചിത്രത്തിന്റെ വിവാദ സമയത്ത് റഫീഖ് വീര എന്നായിരുന്ന സംവിധായകന്റെ പേര് കേട്ടിരുന്നത്. എന്നാല്‍ സിനിമയില്‍ ടൈറ്റിലില്‍ കാണിക്കുന്നത് വെറും 'വീര' എന്നാണ്. പേരാണോ ഇവിടെയും പ്രശ്നം!