- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളൈറ്റിലെ ഫൈറ്റുമായി മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്സ്; നായകനെ വെല്ലുന്ന വില്ലന്‍ വിനയ് റായ്; തൃഷ വെറുതേ; അജു വേസ്റ്റ്; സ്‌ക്രിപ്റ്റില്‍ ഉടനീളം പ്രശ്നങ്ങള്‍; ആവറേജില്‍ ഒതുങ്ങിയ ഐഡന്റിറ്റി
തീയേറ്ററില്‍ ഇരിക്കുമ്പോള്‍ നമുക്ക്് ഫുള്‍ടൈം എന്‍ഗേജിങ്ങായി സമയം പോകും. പക്ഷേ തീയേറ്റര്‍ വിട്ടിറങ്ങിയാല്‍ ഒന്നും ഓര്‍മ്മയുണ്ടാവില്ല. ഒരു പുക. അത്തരം സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ആ ടൈപ്പിലേക്ക് ഒന്ന് കൂടി വരികയാണ്, അനസ് ഖാന്‍-അഖില്‍ പോള്‍ ഇരട്ടകള്‍ സംവിധാനം ചെയ്ത, ഐഡന്റിറ്റി എന്ന, യൂത്ത് സൂപ്പര്‍സ്റ്റാര്‍ ടൊവീനോ തോമസ് നായകനായ ചിത്രമാണിത്. 2025-ലെ ആദ്യ മലയാളം റിലീസ്. കണ്ടിരിക്കാം, കൂഴപ്പമില്ല എന്നീ വാക്കുകളില്‍, മലയാളി കൊടുക്കുന്ന ചില പ്രശംസകളില്ലേ. അത് കൃത്യമായി ഈ ചിത്രത്തിന് ചേരും.
ഈ സംവിധായക ഇരട്ടകളുടെ ആദ്യ ചിത്രമായ ഫോറന്‍സിക്കും ഇങ്ങനെ തന്നെയായിരുന്നു. ഇന്ന് ചോദിച്ചാല്‍ അതിലെ കഥപോലും ഓര്‍ത്തെടുക്കാന്‍ കഴിയില്ല. പക്ഷേ തീയേറ്ററില്‍ ചിത്രം എന്‍ഗേജിങ്ങ് ആയിരുന്നു, വിജയമായിരുന്നു. അതുപോലെ, ഐഡന്റിറ്റിയും ഒരു കൊമേര്‍ഷ്യല്‍ സ്‌കസ് മൂവിയാണ്. പക്ഷേ ഔട്ട്സ്റ്റാന്‍ഡിങ്ങ് ചിത്രമല്ല. പക്ഷേ ഒരുകാര്യം ഉറപ്പിച്ച് പറയാം, നല്ല ഫിലിംമേക്കേഴാണ് ഈ ഡയറക്ടറോടിയല്‍ ഡ്യൂ. അത്രക്ക് ചടുലമാണ് ചിത്രത്തിന്റെ മേക്കിങ്ങ്. ക്ലൈമാക്സ് ഒക്കെ ഞെട്ടിപ്പിച്ചു. മലയാളത്തില്‍ ആദ്യമായാണ് വിമാനത്തിനകത്തെ വെടിവെപ്പും സംഘട്ടനവുമായി ഒരു ക്ലൈമാക്സ് കാണുന്നത്. അവസാനത്തെ 40 മിനുട്ടാണ് ചിത്രത്തിന്റെ ആത്മാവ്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ടുതന്നെയാണ് ചിത്രത്തിന്റെ കഥ. തുടക്കം കാണുമ്പോള്‍ ഇത് ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണോ എന്ന് തോന്നിപ്പോവും. ഒരു അപകടത്തിനുശേഷം, വ്യക്തികളുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത അപൂര്‍വ ന്യൂറോ ഡിസോര്‍ഡറിലേക്ക് പോവുകയാണ് തൃഷയുടെ കഥാപാത്രം. ഒരു ഭീകരമായ കൊലപാതകത്തിന് സാക്ഷിയായ അവള്‍, പ്രതിയെ തേടി ഒരു പൊലീസ് ഓഫീസറോട് ഒപ്പം ( ചിത്രത്തില്‍ വിനയ് റായ്) കേരളത്തിലെത്തുന്നു. അവിടെ അവര്‍ക്ക് സഹായിയായി എത്തുകയാണ് സ്‌കെച്ച് ആര്‍ട്ടിസ്റ്റായ ടൊവീനോയുടെ കഥാപാത്രം. പിന്നീടങ്ങോട്ട് ഐഡന്റിട്ടിയുടെ കുഴമറിച്ചിലാണ്്. ആരൊക്കെ യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് ചിത്രം പകുതിയാവുമ്പോഴേ മനസ്സിലാവൂ.
ചിത്രത്തിന്റെ തിരക്കഥ പലപ്പോഴും അനാവശ്യമായ ഡീറ്റെയലിങ്ങിലേക്ക് നീങ്ങുകയാണ്. മെഡിക്കല്‍ സയന്‍സ് കുത്തിനിറച്ച്, സ്പൂണ്‍ഫീഡിങ്ങ് ധാരാളമുണ്ട്. എന്നാല്‍ പലഭാഗത്തും ഒട്ടും ലോജിക്ക് കാണുന്നുമില്ല. സ്‌ക്രിപ്റ്റില്‍ ശ്രദ്ധിക്കയാണെങ്കില്‍, ഈ സംവിധായക ഇരട്ടകളെ പിടിച്ചാല്‍ കിട്ടില്ല. ഹോളിവുഡ് നിലവാരത്തിലാണ്, അവരുടെ ചിത്രീകരണം. ചിത്രത്തിലെ ഒരു കാര്‍ ചേസ് ഒക്കെ എടുത്തിരിക്കുന്ന രീതി കാണണം! വെറും പാട്ടയടിയല്ല, ചിത്രത്തിന്റെ മൂഡിന് അനുസരിച്ചുള്ള പൊളപ്പന്‍ സാധനമാണ്, ഐഡന്റിറ്റിയുടെ പശ്ചാത്തലസംഗീതം. ജേക്‌സ് ബിജോയി എന്ന മ്യൂസിക്ക് ഡയറക്ടര്‍ ശരിക്കം പ്രതിഭയാണ്. മനോഹരമാണ് ചിത്രത്തിന്റെ ഫ്രെയിമുകള്‍. ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജ് നന്നായി പണിയെടുത്തിട്ടുണ്ട്.
അടുത്തകാലത്തായി വിജയങ്ങള്‍ ആവര്‍ത്തിക്കുന്ന നടനാണ് ടൊവീനോ. ഈ സിനിമയിലും, ടോക്സിക്കായ ബാല്യം അതിജീവിച്ച് വളര്‍ന്ന ഒരു ഫൈറ്ററിന്റെ റോള്‍ ടൊവീനോ ഭംഗിയാക്കുന്നുണ്ട്. പക്ഷേ ഈ പടത്തില്‍ നായകനെ അടക്കം സകലരെയും കടുത്തിവെട്ടിയത്, പ്രതിനായക വേഷത്തിലെത്തിയ, തമിഴ്- തെലുഗ് നടന്‍ വിനയ് റായ് ആണ്. ( മിഷ്‌ക്കിന്റെ തുപ്പരിവാളനിലെ വില്ലന്‍) പൊളി എന്നുപറഞ്ഞാല്‍ പൊളിയാണ് ഈ നടന്‍. മാനാട് എന്ന സിനിമയിലെ എസ് ജെ സൂര്യയുടെ പ്രകടനത്തെ ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ ഷമ്മി തിലകന്‍. എന്താണ് പവര്‍, എന്തൊരു ഷാര്‍പ്പ് ഡയലോഗ് ഡെലിവറി. പലയിടത്തും, അനശ്വര നടന്‍ തിലകന്റെ വേഷപ്പകര്‍ച്ച ഓര്‍മ്മവരും. എന്നാല്‍ തിലകനെ ഷമ്മി കോപ്പി ചെയ്യുന്നുമില്ല. ഗംഭീരമാണ് ആ സ്റ്റെല്‍.
പക്ഷേ ചില മിസ്‌കാസ്റ്റുകളും ഈ ചിത്രത്തിലുണ്ട്. അജു വര്‍ഗീസിനെ എന്തിനാണ് ഈ പടത്തിലിട്ടതെന്ന് മനസ്സിലാവുന്നില്ല. പൊലീസിനൊക്കെ ഈ ഫിസിക്കാണോ വേണ്ടത് എന്ന ചോദ്യം, ബോഡിഷെയ്മിങ്ങ് അല്ല, കോമണ്‍ സെന്‍സാണ്. അതുപോലെ തെന്നിന്ത്യന്‍ റാണി തൃഷയെ കാസ്റ്റ് ചെയ്യാന്‍ മാത്രം ഹെവിയായിരുന്നില്ല ആ കഥാപാത്രം. ആര്‍ക്കും ചെയ്യാവുന്ന ഒരു റോള്‍ ചെയ്യാന്‍ തൃഷ് വേണമായിരുന്നോ എന്നാണ് സംശയം. പക്ഷേ ആ കാസ്റ്റിങ്് തമിഴ്ബോക്സോഫീസില്‍ ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
വാല്‍ക്കഷ്ണം: ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരും കൗതുകമുണര്‍ത്തുന്നുണ്ട്. കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് ഉടമ ഡോ റോയ് ആണ് ഒരു പ്രൊഡ്യൂസര്‍. ബ്ലോസം ഹൈറ്റ്സ് എന്ന അവരുടെ ഫ്്ളാറ്റ് സമുച്ചയവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. മറ്റൊരു പ്രൊഡ്യൂസര്‍, 1979-ല്‍ തുടങ്ങിയ രാഗം മൂവീസ് ആണ്. 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍' അടക്കമുള്ള ക്ലാസിക്കുകള്‍ എടുത്ത ടീം. മുന്തിരിത്തോപ്പുകളുടെയൊക്കെ നൊസ്റ്റാള്‍ജിക്ക് മ്യുസിക്ക് പ്രൊഡ്യൂസറിന്റെ പേര് എഴുതിക്കാട്ടുമ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ കേള്‍പ്പിച്ചതും കൗതുകകരം.