സുഖബാധിതനായി 8 മാസത്തെ ഇടവേളക്കുശേഷം താരരാജാവിന്റെ മടങ്ങിവരവ്. അത് ഒരു ഒന്നൊന്നര വരവാണ്. ഈ 74-ാം വയസ്സിലും മലയാളത്തിന്റെ മെഗാസ്റ്റാര്‍ തീയേറ്ററുകള്‍ക്ക് തീപ്പിടിപ്പിക്കയാണ്. അതും സെക്്സ് പ്രഡേറ്ററായ ഒരു സീരിയല്‍ സൈക്കോ കില്ലറായി. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിച്ച, മമ്മൂട്ടിക്കമ്പനി തന്നെ നിര്‍മ്മിച്ച 'കളങ്കാവല്‍' സിനിമ കണ്ട് ആരാധകര്‍ അത്ഭുദത്തോടെയാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടി എന്ന മഹാനടനെ ആധുനികകാലത്തിനൊപ്പിച്ച് റീ ലോഞ്ച് ചെയ്തിരിക്കയാണ് ഈ ചിത്രമെന്ന് വേണമെങ്കില്‍ പറയാം.

രണ്ടരമണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഒരു നിമിഷം പോലും നമുക്ക് ശ്രദ്ധമാറുന്നില്ല. ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ അഡ്രിനാലില്‍ റഷ് നല്‍കിക്കൊണ്ട് കഥയങ്ങോട്ട് പറ പറക്കയാണ്. ഇന്‍ട്രവല്ലിന്റെ ആ പഞ്ചൊക്കെ ഒന്ന് വേറെയാണ്. മമ്മൂട്ടി എന്ന നടന്റെ ആദ്യ നൂറുകോടി ക്ലബായി കളങ്കാവല്‍ മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇമേജിന്റെ യാതൊരു ഭാരവും പരിഗണിക്കാതെ ഒരു പക്കാ സെ്കസ്- സൈക്കോയായി മമ്മൂട്ടിയങ്ങോട്ട് ചിത്രത്തില്‍ നിറഞ്ഞാടുകയാണ്.

മരണം ആസ്വദിക്കുന്നവന്‍

ഇന്ത്യ കണ്ട ഏറ്റവും നിഷ്ഠൂരനായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായ സയനൈഡ് മോഹനെയാണോ കളങ്കാവലില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 'മനുഷ്യനെ കൊല്ലുന്നതിലാണ് ഏറ്റവും വലിയ സന്തോഷം' എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഡയലോഗും മറ്റും ഈ കഥാപാത്രം സയനൈഡ് മോഹനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാകാം എന്ന ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ശാരീരിക ബന്ധത്തിനുശേഷം ഇരകളെ, ഗര്‍ഭനിരോധ ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക കഴിപ്പിക്കുന്ന മോഹനന്റെ മോഡസ് ഓപ്പറന്‍ഡി ഇവിടെ മമ്മൂട്ടി കഥാപാത്രം സ്റ്റാന്‍ലിയും എടുക്കുന്നുണ്ട്. പക്ഷേ സയനൈഡ് മോഹന്റെ കഥ അതുപോലെ ചിത്രം പറയുന്നുമില്ല.

നേരത്തെ 'കുറുപ്പ്' എന്ന സുകുമാരക്കുറപ്പിന്റെ കഥ പറയുന്ന ദുല്‍ഖറിന്റെ ഹിറ്റ് ചിത്രത്തിന്റെ കഥ എഴുതിയ പ്രതിഭയാണ്, കളങ്കാവലിന്റെ ഡയറക്ടര്‍ ജിതിന്‍ കെ ജോസ്. 'കുറുപ്പ്' സിനിമയിറങ്ങുന്നതിന് മുമ്പ് അയാളാല്‍ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം പ്രതിഷേധിച്ചപ്പോള്‍, ടീം സിനിമയുടെ പ്രിവ്യൂ കാണിക്കുകയും, അതിനുശേഷം സുകുമാരക്കുറുപ്പിനെ വെളുപ്പിക്കാനുള്ള ശ്രമമില്ല എന്ന് ചാക്കോയുടെ മകന്‍ പറയുകയും ചെയ്തത് ഓര്‍മ്മയുണ്ടാവും. അതുപോലെ സയനൈഡ് മോഹന്‍ എന്ന സൈക്കോ കില്ലറെ വെള്ളപൂശാനുള്ള ഒരു കാര്യവും ഈ സിനിമ ചെയ്യുന്നില്ല. അവിടെയാണ്, ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥയുടെ കരുത്ത്.

മലയാള സിനിമയില്‍ സംഭവിക്കുന്ന ഭാവുകത്വപരമായ പരിണാമങ്ങളുടെ ലിറ്റ്മസ് ടെസ്്റ്റ് കൂടിയാണ് ഈ ചിത്രം. ഭ്രമയുഗത്തിനുശേഷം മമ്മൂട്ടി വീണ്ടും പക്കാ പ്രതിനായക വേഷത്തിലെത്തുകയാണ്. പഴയകാലമാണെങ്കില്‍ ഈ സിനിമയില്‍ വിനായകന്‍ ചെയ്ത പൊലീസ് ഓഫീസറുടെ റോളിലായിരിക്കും മമ്മൂട്ടി. ഇതുപോലെ ഒരു പക്കാ വില്ലനെ ലീഡ് റോളില്‍ ചെയ്താല്‍, മമ്മൂട്ടി ഫാന്‍സ് തീയേറ്റര്‍ തല്ലിത്തകര്‍ത്തേനെ! കാമം കത്തുന്ന ആ നോട്ടത്തിലൂടെ, ഇരകളുടെ മരണം പല്ലുകടിച്ച് സിഗരറ്റ് തുപ്പി ആസ്വദിക്കുന്ന ഭാവത്തിലൂടെയൊക്കെ മമ്മൂട്ടിയങ്ങോട്ട് തകര്‍ക്കയാണ്. അരനറ്റാണ്ടോളം അഭിനയിച്ചിട്ടും, ഇനിയും ഖനനം ചെയ്തെടുക്കാന്‍ കഴിയുന്ന ഭാവങ്ങളുടെ സ്വര്‍ണ്ണഖനിയാണ് താനെന്ന് താരം വീണ്ടും വീണ്ടും തെളിയിക്കുന്നു.

കട്ടക്ക് വിനായകനും

മമ്മൂട്ടിക്ക് ഒപ്പം കട്ടക്ക് നില്‍ക്കയാണ് വിനായകന്‍. മമ്മൂട്ടി, വിനായകന്‍, അദ്ദേഹത്തിന്റെ സഹായിയായി എത്തുന്ന ജിതിന്‍ ഗോപിനാഥ് ( ഡീയസ് ഈറെ ഫെയിം) എന്നീ മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് കഥയുടെ ഭുരിഭാഗവും നീങ്ങുന്നത്. ഡിപ്പാര്‍ട്ട്മെന്റില്‍ 'നത്ത്' എന്ന ഇരട്ടപ്പേരുള്ള, ഒരു കേസ് തെളിയിക്കാന്‍ ഏത് അറ്റംവരെയും പോവുന്ന, അണ്ടര്‍കവര്‍ ഓപ്പറേഷന്‍ സ്പെഷ്യലിസ്റ്റായ പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ വിനായകന്. എത്ര ഉജ്ജ്വലമായാണ് അദ്ദേഹം അത് ചെയ്തിരിക്കുന്നത് കണ്ടറിയുക. കള്ളും കഞ്ചാവുമടിച്ച് വെറുതെ വഴക്കുകൂടി തീരേണ്ടതല്ല ആ ജീവിതം. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ മാറ്റിവെച്ച്, അഭിനയമെന്ന 'മാരക ലഹരിയിലേക്ക്' വിനായകന്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ എത്രമാത്രം നല്ല കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് കിട്ടുമായിരുന്നു! ആനയ്ക്ക് അനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നതുപോലെ, വിനായകന് തന്റെ വില അറിയില്ല എന്നുതോന്നുന്നു.

ഒരു നായികയല്ല, ചിത്രത്തില്‍ 22 നായികമാരാണ് ഉള്ളതെന്ന് പറയാം. രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം, ഒന്നോ രണ്ടോ സീനിലാണ് ഉള്ളതെങ്കിലും, ഒരാള്‍പോലും മോശമായിട്ടില്ല. അവസാന സീനുകളില്‍ വരുന്ന, ഗായത്രിക്കുപോലുമണ്ട് ('പരസ്പരം' സീരിയലില്‍ ദീപ്തി ഐപിഎസായി വേഷമിട്ട് ട്രോളായ നടി) ഒരു വല്ലാത്ത ചന്തം. ഇവരെകൂടാതെ മേഘ തോമസ്, മാളവിക മേനോന്‍, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വര്‍മ്മ, അനുപമ, വൈഷ്ണവി സായ് കുമാര്‍, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിന്‍ മരിയ, ബിന്‍സി, ധന്യ അനന്യ എന്നിങ്ങനെ ഒരു ലോഡ് നടിമാരുടെ ശവം വീണ ചിത്രമാണിത്! അത് ഓരോന്ന് കാണുമ്പോള്‍, ഇംഗ്ലീഷ് വെബ് സീരീസ്പോലെ ഭീതി നമ്മളില്‍ അരിച്ചരിച്ചങ്ങനെ വരും. ഒരേ സമയം അറപ്പും, വെറുപ്പും, പേടിയും നായക വില്ലനോട് തോന്നും. ഇതുപോലെ ഒരു വേഷം ചെയ്യാന്‍ തീരുമാനിച്ച മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ മാന്‍ ഓഫ് ദി മാച്ച്.

മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും ഫൈസല്‍ അലിയും ദൃശ്യങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഈ ലേഖകന് ചിത്രത്തോടുള്ള വിയോജിപ്പ് ചില രംഗങ്ങള്‍ ആവര്‍ത്തിക്കുന്നതും, പലയിടത്തും വരുന്ന സ്പൂണ്‍ഫീഡിങ്ങുമാണ്. വിനയാകനും, ജിതിനും ചേര്‍ന്ന് ഇനിയെന്ത് ചെയ്യണമെന്ന പൊലീസിന്റെ പദ്ധതികള്‍ ഒരുപോലെയങ്ങ് സ്പൂണ്‍ ഫീഡ് ചെയ്യുകയാണ്. ഇത് ന്യൂജന്‍ പ്രേക്ഷകര്‍ക്ക് കല്ലുകടിയാവാം. പക്ഷേ അതൊന്നും ചിത്രത്തിന്റെ മൊത്തത്തിലുള്ള ഘടനയെ കാര്യമായി ബാധിച്ചിട്ടില്ല. അതുവരെ കൊണ്ടുവന്ന ബില്‍ഡപ്പിനെ വെല്ലുവിളിക്കുന്ന രീതിയിലുള്ള, ഒരു ക്ലൈമാക്സും, ചിത്രത്തിനുണ്ടായിട്ടില്ല.

വാല്‍ക്കഷ്ണം: ചിത്രം കണ്ടുകഴിഞ്ഞാല്‍ തോനുന്ന സംശയം ഇതിന് എന്തിന് കളങ്കാവല്‍ എന്ന് പേരിട്ടു എന്നായിരിക്കും. രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവി ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നാണ് കളങ്കാവല്‍. തെക്കന്‍ തിരുവിതാംകൂറിലെ അമ്പലങ്ങളിലാണ് ഈ ചടങ്ങ് പ്രധാനമായും ആചരിക്കപ്പെടുന്നത്. കളത്തില്‍ ദേവി അസുരനെ നിഗ്രഹിക്കുന്നതിന്റെ പ്രതീകാത്മക ചടങ്ങാണിത്. അസുര നിഗ്രഹം തന്നെയാണ് ഈ ചിത്രത്തിന്റെയും കാതല്‍.