- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം രാജമൗലിയായി അശ്വിൻ നാഗ്; കൽക്കി കത്തിയുയരുമ്പോൾ!
മഹാഭാരതവും അവഞ്ചേഴ്സും ചേർത്ത് ഒരു ചിത്രമുണ്ടാക്കിയാൻ എങ്ങനെ ഉണ്ടായിരിക്കും! ആർജുനന്റെ ഖാണ്ഡീവവും അശ്വത്ഥമാവിന്റെ ബ്രഹ്മാസ്ത്രവും, എ ഐ ടെക്ക്നോളജി റോബോട്ടുകളോടും ലേസർ ഗണ്ണുകളോടും ഏറ്റുമുട്ടിയാൽ എങ്ങനെയിരിക്കും! തെലുഗ് സംവിധായകൻ നാഗ് അശ്വനിന്റെ തലക്ക് കോടിക്കണക്കിന് ഡോളർ വിലയിടാം. കാരണം ലോകത്തിൽ ആരും പറയാത്ത കഥ ജനിച്ചത് ആ മസ്തിഷ്ക്കത്തിലാണ്. അതാണ് കൽക്കി 2898 എ ഡി എന്നപേരിൽ, 600 കോടി രൂപ ചെലവിലെടുത്ത, ബ്രഹ്മാണ്ഡ ചിത്രം.
വ്യത്യസ്തമായ ഈ കഥാപരിസരം തന്നെയാണ് ചിത്രത്തിന്റെ ഹീറോ. ആദ്യത്തെ അര മണിക്കുറിലെ ചില മന്ദിപ്പിന് ശേഷം, ഘട്ടം ഘട്ടമായി ഗിയർ മാറ്റി, ക്ലൈമാക്സ് എത്തുമ്പോഴേക്കും, ശര വേഗതയിൽ സഞ്ചരിക്കുന്ന ചിത്രമാണിത്. ബാഹുബലിക്കുശേഷം വീണ്ടും തെലുഗിൽനിന്ന് ഒരു പാൻ ഇന്ത്യൻ ഹിറ്റ് എന്ന് ഉറപ്പിച്ച് പറയാം. ഗ്രാഫിക്സ് അടക്കമുള്ള സാങ്കേതികതയിൽ ഇന്ത്യൻ സിനിമ എത്രയോ മുന്നോട്ടുപോയി എന്ന് ചിത്രം കണ്ടാൽ അറിയാം. ബച്ചന്റെ ഷോലെ പോലെ, ദ ഗ്രേറ്റ് ഇന്ത്യൻ കോമേഴ്സ്യൽ മൂവി എന്ന് ഒറ്റവാക്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം.
മഹാഭാരത യുദ്ധം മുതലുള്ള കഥ
ബി.സി 3101-ലെ മഹാഭാരത ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് 6000 വർഷങ്ങൾക്കു ശേഷമുള്ള ലോകമാണ് ചിത്രം കാണിക്കുന്നത്. അപ്പോഴേക്കും യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളുമായി ലോകം നശിച്ചിരിക്കയാണ്. ശുദ്ധവായുപോലും ഇല്ലാതായി. ഗംഗപോലും വറ്റിവരണ്ടു. ലോകത്ത് അവശേഷിക്കുന്ന രണ്ട് നഗരങ്ങളാണ് കാശിയും ശംഭാലയും. ശംഭാല പ്രതീക്ഷയുടെ നഗരമാണെങ്കിൽ കാശി നാശത്തിന്റെ വക്കിലാണ്.
ഈ കാശിയിൽതന്നെ രണ്ടുതരത്തിലുള്ള ആളുകൾ ഉണ്ട്. ഒരു മനുഷ്യനിർമ്മിത കോംപ്ലക്സിനുള്ളിൽ ജീവിക്കുന്ന ധനികരാണ് ഒരുകൂട്ടർ. ആ കോംപ്ലക്സ് ശരിക്കും സ്വർഗമാണ്. കാശിയിലെ പുറത്തുള്ളവർ നരകത്തിലും. കോംപ്ലക്സിൽ ഉദ്യാനങ്ങളും, നദികളും, കടലും എല്ലാമുണ്ട്. പക്ഷേ പുറത്ത് മലിനമാകാത്തതായി ഒന്നുമില്ല. പാവപ്പെട്ടവന് കോംപ്ലക്സിലേക്ക് കടക്കാനാകില്ല. അവിടം ഭരിക്കുന്നത് സുപ്രീം എന്ന 200 വർഷം പ്രായമുള്ള ടെക്ക്നോളജികൊണ്ട് ജീവിതം നിലനിർത്തുന്ന ഒരു രാക്ഷസമാനനായ മനുഷ്യനാണ് ( കമൽഹാസൻ). ഗർഭിണികളിൽ അവർ ചില ദൂരൂഹമായ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
വിമതരുടെ നഗരമാണ് ശംഭാല. നല്ല നാളേക്ക് വേണ്ടി കോംപ്ലകിസിനെതിരെ പോരാടിക്കുന്നവർ. മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമായ കൽക്കിക്കുവേണ്ടി ശംഭാലയിലെ ഒരു കൂട്ടർ കാത്തിരിക്കുന്നുണ്ട്. പക്ഷേ ശംഭാല എന്ന നഗരം ഉണ്ടെന്ന് പുറത്താർക്കും അറിയില്ല. അവരെ കോംപ്ലക്സുകാർ തേടിക്കൊണ്ടിരിക്കയാണ്.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കാശി അന്വേഷിച്ചാണ് ആളുകൾ പല വാഹനങ്ങളിൽ എത്തിച്ചേരുന്നത്. വിമാനം പോലെ പറക്കുന്ന വാഹനങ്ങൾ, ഭൂമിയിലും ആകാശത്തും ഒരുപോലെ ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കാനാവും. വെള്ളത്തിനുപോലും വിലയുള്ള നാടാണ് ഇന്ന് കാശി. അവിടുത്തെ ഒരു ബൗണ്ടി ഹണ്ടറാണ് ഭൈരവ ( പ്രഭാസ്). എങ്ങനെയും കുറച്ച് വിമതരെ പിടികൂടെ പോയിന്റ് ( പണം) സമ്പാദിച്ച്, കോംപ്ലക്സിനുള്ളിൽ കയറിക്കൂടി സുഖമായി ജീവിക്കയാണ് ഭൈരവയുടെ ലക്ഷ്യം. ഇതിനിടയിലേക്കാണ് അമിതാബച്ചൻ അവതരിപ്പിക്കുന്ന ഒരു വൃദ്ധകഥാപാത്രമെത്തുന്നത്. അതോടെ സിനിമ മൊത്തം മാറുകയാണ്. ബച്ചന്റെ കഥാപാത്രത്തിനാണ് പലപ്പോഴം പ്രഭാസിനേക്കാൾ കൈയടി കിട്ടുന്നത്.
ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയിൽ സെറ്റിട്ട ഈ ചിത്രം മിത്തും സയൻസ് ഫിക്ഷനും ടെക്ക്നോളജിയുമെല്ലാം കുട്ടിക്കുഴച്ച വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ് നൽകുന്നത്. ഒരുവേള അവഞ്ചേഴ്സും അവതാറും സ്റ്റാർവാറുമൊക്കെപ്പോലെ ഏതോ ഒരു ഹോളവുഡ് ചിത്രത്തിനുള്ളിൽപെട്ട പ്രതീതിയാണ് ഉണ്ടാവുക. തീയേറ്ററിൽപോയി 3 ഡി ഫോർമാറ്റിൽ തന്നെ കാണേണ്ട ചിത്രമാണിത്. സാധാരണ ഇത്തരം ചിത്രങ്ങളിൽ മലയാളം ഡബ്ബിങ്ങ് പിഴച്ചുപോവാറുണ്ട്. സലാറിലൊക്കെ അത് പ്രകടമായിരുന്നു. പക്ഷേ ഇവിടെ ഡബ്ബിങ്ങും സ്വാഭാവികമാണെന്ന ആശ്വാസമുണ്ട്.
പ്രഭാസിന്റെ തിരിച്ചുവരവ്
ബാഹുബലി സീരീസിലുടെ പാൻ വേൾഡ് ഹീറോയായ, പ്രഭാസ് എന്ന വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്ന 44 കാരന്റെ ശക്തമായ തിരുച്ചുവരവ് കൂടിയാണ് ഈ ചിത്രം. ബാഹുബലിക്ക് ശേഷം ഇറങ്ങിയ പ്രഭാസിന്റെ സഹോ, ആദിപുരഷ് എന്നീ ചിത്രങ്ങൾ വൻ ദുരന്തങ്ങളായി. നമ്മുടെ പൃഥിരാജിന് ഒപ്പം ചെയ്ത സലാർ മാത്രമാണ് വിജയ ചിത്രമായത്്. പക്ഷേ അവിടെയും ബാഹുബലിക്ക് ഒപ്പം നിൽക്കുന്ന കഥാപാത്രമാവാൻ പ്രഭാസിന് കഴിഞ്ഞിരുന്നില്ല. പക്ഷേ ഇവിടെ ആദ്യത്തെ ചില വെറുപ്പിക്കലുകൾക്ക് ശേഷം, പ്രഭാസ് കത്തിക്കയറുകയാണ്. ഭൈരവൻ എന്ന പ്രഭാസിന്റെ കഥാപാത്രം ശരിക്കും ആരാണെന്ന് വെളിവാകുന്ന കൈക്ലമാസിനോട് അടുപ്പിച്ച സെക്കൻഡ് ഇൻട്രോയിൽ തീയേറ്ററിൽ കരഘോഷമാണ്. ശരിക്കും രോമാഞ്ചിഫിക്കേഷൻ!
ഒർത്ഥത്തിൽ പറഞ്ഞാൽ സ്വന്തം വിജയത്തിന്റെ ഇരയായിരുന്നു, റെബൽ സ്റ്റാർ എന്ന് തെലുഗ് മക്കൾ വിശേഷിപ്പിക്കുന്ന ഈ നായകൻ. പ്രഭാസിന്റെ പ്രശ്നം ബാഹുബലിയെപ്പോലെ കരുത്തിന്റെ കാരിരുമ്പാർന്ന ഒരു കഥാപാത്രത്തെയും, വിശ്വസനീയമായ ഒരു കഥയും കിട്ടാത്തത് തന്നെയായിരുന്നു. അതുവന്നതോടെ കളിമാറുകയാണ്.
അതുപോലെ 81ാം വയസ്സിലാണ് അമിതാബച്ചൻ ഇതുപോലെ ഒരു ഫയർ ബ്രാൻഡ് കഥാപാത്രം ചെയ്യുന്നത് എന്ന് ഓർക്കണം. പുലി പ്രായം ചെന്നാലും പുലി തന്നെയാണെന്ന്, ബിഗ് ബിയെ കാണിക്കുമ്പോൾ ഇങ്ങ് കേരളത്തിലെ തീയേറ്ററിൽവരെ ഉയർരുന്ന ആരവങ്ങളിൽനിന്ന് വ്യക്തം. ബച്ചന്് പകരം മറ്റാര് ചെയ്തിരുന്നെങ്കിലും ഈ കഥാപാത്രം കൺവിൻസിങ്് ആവുമായിരുന്നില്ല. ഇന്ത്യൻ യുവതയെ കിടിലം കൊള്ളിച്ച ബച്ചന്റെ ആ വിസ്മയിപ്പിക്കുന്ന യഥാർത്ഥ ശബ്ദത്തിനൊപ്പം ചിത്രം ഒരിക്കൽകൂടി കാണണമെന്നുണ്ട്.
ദീപിക പദുക്കോൺ ഒരു സിനിമയുടെ നായികയാവുമ്പോൾ അതിന്റെ ക്വാളിറ്റിയെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. കൽക്കിയെ ഗർഭം ധരിച്ച അമ്മയായുള്ള ദീപികയുടെ പ്രകടനം, സിനിമ ആവശ്യപ്പെടുന്ന അതേ അളവിലും തൂക്കത്തിലുമാണ്. പക്ഷേ കൽക്കി കൊണ്ട് എറ്റവും നേട്ടമുണ്ടാവാൻ പോകുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടി അന്നാ ബെന്നിനാണ്. എതാനും സീനുളകിലേ ഉള്ളുവെങ്കിലും എന്താണ്് ഫയർ! ഹാരിപോർട്ടൽ മോഡൽ പറന്നുകൊണ്ടുള്ള അന്നയുടെ ഒരു ഫൈറ്റ് സീനൊക്കെ കണ്ടിരുന്നുപോവും. ഈ പടത്തിനുശേഷം ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്ന് അന്നക്ക് വിളിയുണ്ടാവുമെന്ന് ഉറപ്പാണ്്.
നടി ശോഭന, മറിയം എന്ന പ്രധാന കഥാപാത്രത്തെ ചെയ്യുന്നുണ്ട്. ക്ലൈമാക്സിലെ ഫൈറ്റ് സീനിൽ ശോഭന കൈയടി നേടുന്നുണ്ട്. നമ്മുടെ ദുൽഖർ സൽമാൻ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പിതാവായി ഫ്ളാഷ് ബാക്കിൽ, മൂന്നാല് സീനുകളിൽ വരുന്നുണ്ട്. അദ്ദേഹത്തിന് ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ല.
പിന്നെ ഉലകനായകൻ കമൽഹാസൻ! വ്യത്യസ്തതക്കായി ഒരു ചെവി വെട്ടിമാറ്റണം എന്ന് പറഞ്ഞാൽ അതും ചെയ്യുന്ന ഈ ഭ്രാന്തൻ നടന് അതിന് പറ്റിയ വേഷമാണ്. വെറും രണ്ടേ രണ്ട് സീനിലാണ് ഉള്ളതെങ്കിലും കമൽ പൊളിക്കുന്നുണ്ട്്. ഇനി രണ്ടാംഭാഗത്തിൽ കമലിന്റെ കഥാപാത്രത്തിന്റെ വിശ്വരൂപം കാണാമെന്ന് സൂചിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. തമിഴ് നടൻ പശുപതി അടക്കമുള്ള ഒരുപാട് കഥാപാത്രങ്ങളുണ്ട് സിനിമയിൽ. കീർത്തി സുരേഷിന്റെ ശബ്ദത്തിൽ സംസാരിക്കുന്ന ബുജി എന്ന ഒരു എ ഐയും കൽക്കിയിലെ ഒരു കഥാപാത്രംപോലെയാണ്.
ഒരുകാലത്ത് ചിരഞ്ജീവിയുടെയും ബാലകൃഷ്ണയുടെയും കത്തിപ്പടങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന തെലുഗ് സിനിമാണ് ഇന്ന് ഹോളിവുഡിനോട് കിടപിടക്കുന്ന സിനിമകൾ നിർമ്മിച്ച്, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ തന്നെ മുന്നോട്ട് നയിക്കുന്നത്. 'മഹാനടി'പോലെത്തെ ചിത്രങ്ങൾ എടുത്ത നാഗ് അശ്വിന്റെ മൂന്നാമത്തെ സിനിമാണ്, ഹോളിവുഡ് അപ്പോകലിപ്റ്റിക് സിനിമകൾ സൃഷ്ടിക്കുന്ന മായാലോകം പുനസൃഷ്ടിക്കുന്നത്. രാജമൗലിയോട് കിടപിടിക്കുന്ന പ്രതിഭതന്നെയാണ് നാഗ് അശ്വിനുമെന്ന് ഈ ചിത്രം തെളിയിക്കുന്നു.
ചില പോരായ്മകൾ, വിയോജിപ്പുകൾ
നൂറുശതമാനം പെർഫക്റ്റ് ആയി ഒരു ചിത്രവും ഉണ്ടാവില്ലല്ലോ. ഈ പടത്തിന്റെ പ്രധാന പരിമതി ആദ്യത്തെ അരമണിക്കൂറിലാണ്. ഈ സമയത്തെ പ്രഭാസിന്റെ ഇൻട്രോയും, അദ്ദേഹവും നടത്തുന്ന ചളിക്കോമഡിയുമെല്ലാം അരോജകമായി തോന്നി. പ്രഭാസിന്റെ ലോക്കൽ ഫാൻസിനുവേണ്ടി തട്ടിക്കൂട്ടിയുണ്ടാക്കിയ ഊള ഫൈറ്റുമായിട്ടാണ് അദ്ദേഹത്തിന്റെ തുടക്കം. ഇതുപോലുള്ള ഒരു ചിത്രത്തിന് ചേരാത്ത രീതിയിൽ, റെബൽസ്റ്റാർ എന്ന പ്രഭാസിന്റെ ചെല്ലപ്പേര് ഉറപ്പിക്കാനായി 'എനിക്ക് റെബൽ ഫാൻസ് ഉണ്ട്' എന്ന് പറയിപ്പിക്കുന്നതൊക്കെ ഭയങ്കര ബോറായിപ്പോയി. ഒരു മലങ്കൾട്ടിനാണെല്ലോ തലവെച്ചുകൊടുത്തത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്, പടം പിന്നീട് റോക്കറ്റ് വിട്ടപോലെ ഉയരുന്നത്.
അതുപോലെ അമിതാബച്ചന്റെ കഥാപാത്രത്തിന്റെ മേക്കപ്പും, ബച്ചനും പ്രഭാസും തമ്മിലുള്ള ആവർത്തിക്കുന്ന ഫൈറ്റുകളിലും കൃത്രിമത്വം ഫീൽ ചെയ്യുന്നുണ്ട്. ചിലയിടത്തൊക്കെ ഗ്രാഫിക്സ് പാളുന്നുമുണ്ട്. പിന്നെ ഇത്തരം സിനിമകളിലെ ക്ലീഷേകളിൽനിന്ന് കൽക്കിക്കും മോചനമില്ല. എ ഡി 2898ലെ കഥപറയുമ്പോഴും, ശംഭാലയിലുള്ളവരുടെ വസ്ത്രമൊക്കെ അറുപഴഞ്ചനാണ്. പന്തം, പെരുമ്പറ, കുന്തം തുടങ്ങിയ പരമ്പാരഗത ശിലായുഗ ടൂളുകൾക്ക് ഒരു മാറ്റവുമില്ല. ഇവിടെയൊക്കെ സ്ക്രിപ്റ്റ് ടീം ഒന്നുകൂടി റീവർക്ക് ചെയ്തിരുന്നെങ്കിൽ കൽക്കി ഇതിലും എത്രയോ മുകളിലേക്ക് പോവുമായിരുന്നു.
പക്ഷേ എന്തൊക്കെയായാലും ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയിൽ ഇതുപോലെ ഒരു തീം തെരഞ്ഞെടുപ്പുത്ത സംവിധായകനെ സമ്മതിക്കണം. കാരണം മഹാഭാരതവും അവഞ്ചേഴ്സും തമ്മിൽ ചേർത്ത് പടമെടുക്കുക എന്നതൊക്കെ, അസഹിഷ്ണുത വർധിച്ചുവരുന്ന ആധുനിക ഇന്ത്യയിൽ മതനിന്ദാകുറ്റംപോലും ആവാനുള്ള സാധ്യതയുണ്ട്. മഹാഭാരതത്തിന്റെ മൂലകഥയിൽനിന്നുള്ള ചില ഡൈവേർഷനുകളും ചിത്രത്തിലുണ്ട്. ഒരു കറുത്ത സാധാരണക്കാരനെപ്പോലെ തോന്നിക്കുന്ന ശ്രീകൃഷ്ണനാണ് ചിത്രത്തിൽ. മഹാഭാരതം സീരിയിൽ നാം കണ്ട, പിന്നീട് 'ഞാൻ ഗന്ധർവനായ' നിതീഷ് ഭരദ്വാജിനെപ്പോലെ വെളുത്ത് തുടുത്ത് സുന്ദരനല്ല. ഇതൊക്കെ ചിലപ്പോൾ ഹൈന്ദവ മൗലികവാദികളെ പ്രകോപിപ്പിക്കാനും ഇടയുണ്ട്.
മഹാഭാരതും രാമായണവുമൊക്കെ ഇന്ത്യയുടെ പൊതുസ്വത്താണ്. മഹാഭാരതം ഒരു കഥാസാഗരമാണ്. ആഴം കൂടും തോറും പരപ്പ് കൂടുന്ന ഇതിഹാസം. ഒന്നിനൊന്ന് വ്യത്യസ്തമായ അനേകായിരം കഥാപാത്രങ്ങൾ, നാടകീയത ജ്വലിക്കുന്ന കഥാസന്ദർഭങ്ങൾ, കൃതിയുടെ മെയിൻപ്ളോട്ടിൽ നിന്ന് വേറിട്ട് എന്നാൽ കണക്ട് ചെയ്തു നില്ക്കുന്ന നൂറായിരം സബ് പ്ളോട്ടുകൾ. അവ അഡാപ്്റ്റ് ചെയ്ത് ആർക്കും കഥയുണ്ടാക്കാം. 'കുരുവംശ'ത്തിന്റെ കഥയും ഇതിഹാസങ്ങളിൽ അവസാനിക്കട്ടെ. കുരുപൊട്ടലും ഭാരതീയമല്ലെന്ന് ഇവർ മനസ്സിലാക്കണം. സങ്കേതികവിദ്യയിൽ മഹാഭാരത കഥ ലയിപ്പിച്ചുവെന്നതിന്റെ പേരിൽ ആർക്കും വികാരം വ്രണപ്പെടാനില്ല.
വാൽക്കഷ്ണം: രാജ്യത്തെ രണ്ട് പ്രമുഖ സംവിധായകർ ചിത്രത്തിൽ വന്നുപോവുന്നുണ്ട്. രാം ഗോപാൽ വർമ്മയും സാക്ഷാൽ രാജമൗലിയും. ഇതിൽ രാജമൗലിയെ കാണിക്കുമ്പോൾ തീയേറ്ററിൽ ഹർഷാരവമാണ്. മൗലിക്ക് മുന്നേ തെലുഗിൽനിന്ന് ഹിന്ദിയിലെത്തി രംഗീല പോലുള്ള ഓൾ ഇന്ത്യാ ഹിറ്റ് സിനിമകൾ ഉണ്ടാക്കിയ ആർജിവി ഇപ്പോൾ ബി ഗ്രേഡ് സിനിമകളുടെ ഡയറക്ടറായും മാറുന്നു. രാംഗോപാൽ വർമ്മയിൽനിന്നാണ് നമ്മൾ ഇതുപോലത്തെ ചിത്രങ്ങൾ പ്രതീക്ഷിച്ചിരുന്നത്.