ന്തൊക്കെയായിരുന്നു തള്ളുകള്‍. 350 കോടിയുടെ ബജറ്റ്, 38 ഭാഷകളിലെ റിലീസ്, ആദ്യദിനം തന്നെ അയ്യായിരത്തോളം ഷോകള്‍.... അടുത്തകാലത്തൊന്നും ഒരു ചിത്രത്തിന് കങ്കുവയെപ്പോലെ ഹൈപ്പ് കിട്ടിയിട്ടിണ്ടാവില്ല. പക്ഷേ പടം കണ്ടപ്പോള്‍ പവനാഴി വീണ്ടും ശവമായി. എന്റെമ്മോ എന്തൊരു കത്തി, എന്തൊരു വെറുപ്പിക്കല്‍! ശരിക്കും ഒരു വിഷ്വല്‍ ടോര്‍ച്ചറിങ്്. ഒരു സീന്‍ പോലും വൃത്തിക്ക് എടുത്തിട്ടില്ല. എല്ലാ ഘടകങ്ങളും ഒരുപോലെ പാളി. കഥയും തിരക്കഥയും, ഗ്രാഫിക്സും, സംവിധാനവും, അഭിനയവും, മേക്കപ്പുമൊക്കെ ഒന്നിനൊന്ന് മോശം. ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും അവരാതമാണ്, തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ നായകനായ കങ്കുവ എന്ന പുതിയ ചിത്രം!




പുലര്‍ച്ചെ നാലുമണിക്ക് ടിക്കറ്റ് എടുത്ത് ആദ്യഷോക്ക് കയറിയ സൂര്യ ഫാന്‍സിനുമുന്നിലൊന്നും ഇതിന്റെ സംവിധായകന്‍ ശിവ ചെന്നുപെടേണ്ട. പിള്ളേര്‍ ചെകിടടിച്ച് പൊളിച്ചു കളയും. അത്രക്കുണ്ട് ഈ ചിത്രത്തിന്റെ ഗുണം. കമലാഹാസന്റെ ഇന്ത്യന്‍ 2 വിനുശേഷം ഈ വര്‍ഷത്തെ തമിഴകത്തെ ബിഗ് ഫ്ളോപ്പാണ് ഈ ചിത്രമെന്ന് നിസ്സംശയം പറയാം. നടന്‍ സൂര്യയുടെ കാര്യമാണ് കഷ്ടം. അദ്ദേഹത്തിന്റെ രണ്ടര വര്‍ഷത്തെ പ്രയത്്നമാണ്, ഈ ഴോണറിലുള്ള ചിത്രങ്ങളെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ ടീമിന്റെ കൈയില്‍പെട്ട് പാഴായിപ്പോയത്. സംവിധായകന്‍ ശിവയും ടീമും, ആ നേരത്ത് ഒരു വാഴ വെച്ചിരുന്നെങ്കില്‍, എത്ര നന്നായിരുന്നു! (പണ്ട് സാഹിത്യാവാരഫലത്തില്‍ ഒരു ബോറന്‍ കഥയെ വിമര്‍ശിച്ച് എം കൃഷ്ണന്‍ നായര്‍ ഇങ്ങനെ എഴുതിയിരുന്നു. -'ഈ കഥയെഴുതിയ സമയത്ത് ടിയാന്‍ ഒരു ഇഡ്ഡലിയുണ്ടാക്കിയിരുന്നെങ്കില്‍ അത് ചട്ടണിയില്‍ മുക്കി കഴിക്കാമായിരുന്നു''. കൃഷ്ണന്‍നായര്‍ കങ്കുവ കണ്ടിരുന്നെങ്കില്‍, ഈ സംവിധായകന്‍ ഇനി പടം എടുക്കുന്നത് നിരോധിക്കണം എന്ന് കേസിന് പോയേനെ.)

അപ്പോകലിപ്റ്റോ സിനിമകളും, അവതാറുമൊക്കെ മനസ്സില്‍വെച്ച് ബാഹുബലിയും, കല്‍ക്കിയുടെയുമൊക്കെ വിജയം മുന്നില്‍ കണ്ട് തട്ടിക്കൂട്ടിയ, മലബാര്‍ ഭാഷയില്‍ പറഞ്ഞാല്‍, 'ഒരു ഹലാക്കിന്റെ അവിലുംകഞ്ഞിയാണ്' ഈ പടത്തിന്റെ കഥ. ഇത്രയും കോടി മുടക്കുമ്പോഴും ഒരു ലോജിക്കലായ കഥാ പരിസരം സൃഷ്ടിക്കാന്‍ കഴിയുന്നില്ല എന്ന് പറയുന്നത് കഷ്ടമാണ്. യാതൊരു പഠനവും നടത്താതെ വെറുതെ ഒരു പീരീഡ് മൂവി തട്ടിക്കുട്ടുകയാണ്. 1070ലും 2024ലും 954 വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ നടക്കുന്ന രണ്ട് കഥകളാണ് ചിത്രം പറയുന്നത്. ഇത് രണ്ടുതമ്മിലുള്ള ലോജിക്കല്‍ കണക്ഷന്‍ വ്യക്തമാവുന്നുമില്ല.

2024-ല്‍ റഷ്യന്‍ സംഘം ഇന്ത്യയില്‍ നടത്തുന്ന പരീക്ഷണ മുറിയില്‍ നിന്ന് ഇറങ്ങിയോടിയ പയ്യനെ തേടിയുള്ള യാത്രയാണ് സിനിമ. ഈ സമയത്താണ്, കുട്ടിക്ക് രക്ഷകനായി സൂര്യയുടെ ആധുനികകാലത്തെ നായകന്‍ എത്തുന്നത്. ആ കുട്ടിക്കും സൂര്യക്കുമിടയില്‍ ഒരു ഭൂതകാലമുണ്ട്. അതാണ് കങ്കുവ എന്ന യോദ്ധാവിറെ കഥ. പ്രസന്റ് ടെന്‍സിലെ കഥയില്‍ സൂര്യയുടെ നായകന്‍ പൊലീസിനുവേണ്ടി വലിയ പ്രതികളെ പിടിച്ചുകൊടുക്കുന്ന ഒരു വിരുതനാണ്. പേര്, ഫ്രാന്‍സിസ്. ഈ കഥാപാത്രത്തിന്റെ സുഹൃത്താണ് യോഗിബാബു. സിനിമയുടെ ആദ്യ അരമണിക്കുര്‍ ഫ്രാന്‍സിസിന്റെയും, യോഗിബാബുവിന്റെയും വെറുപ്പിക്കലാണ്. നായിക ദിഷാ പഠാനികൂടി അവര്‍ക്കൊപ്പം ചേര്‍ന്നതോടെ ബോറടി മത്സരമായി സിനിമ മാറി. ഈ സമയത്ത് ഇറങ്ങിപ്പോയാലോ എന്ന് തോന്നിപ്പോവും.




ആ സമയത്താണ് പ്രതീക്ഷയുയര്‍ത്തിക്കൊണ്ട് കങ്കുവ എന്ന യോദ്ധാവിനെ പരിചയപ്പെടത്തുന്ന ഭൂതകാലം വരുന്നത്. അതോടെ പടം നന്നാവും എന്നുകരുതി, നടു നിവര്‍ത്തിയിരുന്ന, പ്രേക്ഷകന് അല്‍പ്പം കഴിയുമ്പോള്‍ തന്നെ കാര്യം പിടികിട്ടും. 'മലൈക്കോട്ടെ വാലിബനൊക്കെപ്പോലെ' ഒരു മലങ്കള്‍ട്ടായിപ്പോയി ഈ പടം. സീരിയസായ പല രംഗങ്ങളും കണ്ടാല്‍ ചിരിച്ചുപോവും. കുട്ടികള്‍ ഫാന്‍സി ഡ്രസിന് മേക്കപ്പിടുന്നതുപോലുള്ള കോസ്റ്റിയൂം. കണ്ണുതള്ളിയും, മുഖത്ത് ഭീകരഭാവം വരുത്തിയും അലറുന്ന കഥാപാത്രങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ അലര്‍ച്ചയുണ്ടാക്കിയ സിനിമ എന്ന പേരില്‍ ഈ പടത്തിന് ഒരു അവാര്‍ഡ് കൊടുക്കാം. സൂര്യയുടെ കുങ്കുവയും തൊട്ടാല്‍ ഒരു അലര്‍ച്ചയാണ്! അവസാനം ആവുമ്പോഴേക്കും ഈ അലര്‍ച്ച കേള്‍ക്കുമ്പോള്‍ ചിരി വരും. ഇങ്ങനെയാണ് മലങ്കള്‍ട്ട് ഉണ്ടാകുന്നത്. അത് ബോധപൂര്‍വം ഉണ്ടാക്കുകയല്ല, ഉണ്ടായിപ്പോവുകയാണ്.

പഴയ റേഡിയോ നാടകങ്ങളിലെ കഥാപാത്രങ്ങളെപ്പോലെയാണ് ഇതിലെ നടീനടന്‍മ്മാരുടെ സംസാരം. ബാസിട്ട് കര്‍ണ്ണകഠോരമായ ശബ്ദത്തിലാണ് എല്ലാവും സംസാരിക്കുക. ഇനി ഏറ്റവും വലിയ പ്രശ്നം കഥയിലെ പൊട്ടത്തരമാണ്. കങ്കുവയും ആ പയ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ചിത്രത്തിന്റെ വൈകാരിക അംശം. അത് കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാന്‍ ചിത്രത്തിന് കഴിയുന്നില്ല. എന്നിട്ട് പയ്യനുവേണ്ടി കങ്കുവ മതലയോട് ഗുസ്തി പിടിക്കുന്നു, ആനയോട് കിന്നാരും പറയുന്നു... അങ്ങനെ പോവുന്നു ചില വിക്രിയകള്‍. അവന്റെ അമ്മക്ക് കൊടുത്ത വാക്ക് എന്ന ഒരു ഒറ്റ ഘടകത്തിലങ്ങോട്ട് മുറകെ പിടിച്ചാണ് കഥ മുന്നോട്ടുപോവുന്നത്. വളരെ ദുര്‍ബലമായ ഒരു ഫ്രയിം വര്‍ക്കായിപ്പോയി കഥാപരിസരം. ഈ കഥയില്‍ സൂര്യ എങ്ങനെ വീണു എന്നാണ് സംശയം. നമ്മുടെ മമ്മുട്ടിയോടൊക്കെയാണ് ഈ പൊട്ടക്കഥ പറഞ്ഞതെങ്കില്‍, അടിച്ചോടിച്ചേനെ!

ടെക്ക്നിക്കല്‍ ടീമും പറ്റെ പരാജയമാണ്. ചിത്രത്തിന് വേണ്ടത്ര പിക്ച്ചര്‍ ക്ലാരിറ്റിപോലും തോന്നിയിട്ടില്ല. ഒരുപക്ഷേ അത് തീയേറ്ററിലെ പ്രശ്നമായിരിക്കും. ത്രി ഡി ആയതുകൊണ്ട് കല്ലും പാറയുമൊക്കെ മുഖത്തേക്ക് വരുന്ന രീതിയിലുള്ള ഇഫക്ട് സംവിധായകന്‍ ബുദ്ധിപൂര്‍വം ഇട്ടതാവാം. അല്ലെങ്കില്‍ പ്രേക്ഷകര്‍ ഉറങ്ങിപ്പോയേനെ! കോടികള്‍ ചെലവിട്ട ഗ്രാഫിക്സും അവരാധമായിപ്പോയി. ഒറ്റ സീനിലും ഒറിജിനാലിറ്റിയില്ല. അവതാര്‍ മുതല്‍ ലോഡ് ഓഫ് ദി റിങ്ങ്സ് വരെയുള്ള എത്രയോ ഹോളിവുഡ് സിനിമകളിലെ വിഎഫ്എക്സ് ഈ ടീം കണ്ടുപഠിക്കണം. രണ്ട് പാട്ടുകള്‍ എന്തിനോവേണ്ടിയെന്നോണം, ചിത്രത്തിലിട്ടത് നന്നായി. ബോറടി താങ്ങാന്‍ കഴിയാത്തവര്‍ക്ക് ആ സമയം പുറത്തുപോവാം. മൂത്രമൊഴിക്കലെങ്കിലും നടക്കും. പാട്ടയടിക്ക് പകരം എന്തൊക്കെയോ പെരുമ്പറകള്‍ ഒക്കെയായി ഒരു വഴിക്കാണ് സംഗീത വിഭാഗം. മൈഗ്രേനിന്റെ പ്രശ്നമുള്ളവര്‍ തലവേദനക്കുള്ള മരുന്നുമായി ചിത്രത്തിന് കയറുന്നത് നല്ലതാണ്. വിദേശ സിനിമകളിലൊക്കെ കാണുന്നതുപോലെ, നിശബ്ദതയുടെ സൗന്ദര്യമെന്താണെന്ന് ഈ ടീമിന് അറിയില്ല. പാണ്ടിപ്പടം എന്ന് അധിക്ഷേപിക്കപ്പെട്ട പഴയ തമിഴ് കൊമേര്‍ഷ്യല്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തനി ചറപറ ബഹളമാണ് പടം മൊത്തത്തില്‍. അവസാനമെത്തിയപ്പോള്‍ ഇനി ചെവിക്ക് അല്‍പ്പം ആശ്വാസമായെല്ലോ എന്ന് തോന്നിപ്പോയി.




വില്ലനായി എത്തുന്നത് ബോളിവുഡ് താരം ബോബി ഡിയോളാണ്. അരോചകം എന്നല്ലാതെ ഇദ്ദേഹത്തിന്റെ രംഗങ്ങളെ വിശേഷിപ്പിക്കാന്‍ കഴിയില്ല. ബാഹുബലയിലെ കാലകേയനെ അനുകരിക്കുന്നെന്നോണം എന്തൊക്കെയോ കാണിച്ചുവെച്ചിരിക്കുന്നു. ഈയിടെ അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നിഷാദ് യൂസഫാണ് ചിത്രത്തിന്റെ എഡിറ്റര്‍. പടത്തിന് സ്റ്റഫില്ലെങ്കില്‍ എഡിറ്റര്‍ എന്തൂചെയ്യാനാണ്.

ഒറ്റസീനില്‍പോലും ആവേശമുണ്ടാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. കട്ട സൂര്യഫാന്‍സിന് ഒപ്പം ഇരുന്നാണ് ഈ ലേഖകന്‍ ചിത്രം കണ്ടത്. പാവങ്ങള്‍, കൂവാന്‍ പോലും ആവാതെ നിശബ്ദം സഹിച്ചു. സൂര്യയുടെ ഇന്‍ട്രാ സീനിന് അല്ലാതെ ഒരിടത്തും കൈയടിയും ഉയര്‍ന്നില്ല. സൂര്യക്ക് അലറുക, വെട്ടുക, കുത്തുക, കയറില്‍ തുങ്ങിയാടുക, വിമാനത്തില്‍ തൂങ്ങിയാടുക, മുതലയോട് പൊരുതുക തുടങ്ങി, പഴയ രജനീകാന്തിനെയും എം ജി ആറിനെയും വെല്ലുന്ന കത്തി രംഗങ്ങളാണ് ചിത്രത്തിലുള്ളത്. പക്ഷേ ഒരുകാര്യം തുറന്ന് പറയണം. സൂര്യ മാത്രമാണ് ഈ ലേഖകന് അല്‍പ്പം ആശ്വാസം തോന്നിയത്. ഇത്രയും മോശമായ കഥാപാത്രത്തെപ്പോലും അയാള്‍ തന്നാല്‍ ആവുന്നവിധം ഭംഗിയാക്കുന്നുണ്ട്. പക്ഷേ കഥയും, തിരക്കഥയും, സംവിധാനവും, ആര്‍ട്ടും അടക്കം മറ്റ് എല്ലാ ഡിപ്പാര്‍ട്ട്മെന്റും, പാളിപ്പോയാല്‍ നടന് എന്ത് ചെയ്യാന്‍ കഴിയും. പക്ഷേ, സൂര്യയുടെ ജനപ്രീതി സമ്മതിക്കണം. കേരളത്തിലെ ഉള്‍ഗ്രാമങ്ങളില്‍പോലും കങ്കുവക്കായി ഫാന്‍സ് കട്ടൗട്ട് വെക്കുന്നു. പുലര്‍ച്ചെ നാലുമണിക്കുപോലും തീയേറ്ററുകള്‍ നിറയുന്നു. എന്തൊരു പ്രതിഭാസമാണ് ഈ നടന്‍.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ തമിഴകത്തിന്റെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ സൂര്യ തന്നെയായിക്കുമെന്ന് ഉറപ്പാണ്. ഈ ഒരുഘട്ടത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറാക്കാം എന്ന് പറഞ്ഞായിരിക്കും, ഈ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അങ്ങേയറ്റം മാന്യനായ ഈ നടനെ വലവീശിപ്പിടിച്ചത്. അത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തവുമായി. ആമസോണ്‍ പ്രൈമില്‍നിന്ന് കിട്ടി നൂറുകോടിയും, സൂര്യ എന്ന താരത്തിന് ആദ്യ ദിനങ്ങളില്‍ കിട്ടുന്ന ഹൈപ്പും, ലോകവ്യാപകമായ റിലീസും കാരണം, ചിത്രം വലിയ നഷ്ടമില്ലാതെ കലാശിച്ചേക്കാം. അപ്പോഴും കലാപാരമായി നോക്കുമ്പോള്‍ ഈ ചിത്രം മലങ്കള്‍ട്ടുതന്നെയാണ്. സൂര്യയെപ്പോലെ ഒരു നടനില്‍നിന്ന് ഇത് പ്രതീക്ഷിച്ചില്ല.

വാല്‍ക്കഷ്ണം: രണ്ട് ഭാഗങ്ങളായാണത്രേ ഈ ചിത്രം ഒരുക്കുന്നത്. രണ്ടാം ഭാഗത്തിന് ആധാരമായ കൊടും വില്ലന്റെ എന്‍ട്രിയൊക്കെ കാണുമ്പോള്‍ ഈ ലേഖകന്‍ പൊട്ടിച്ചിരിക്കയായിരുന്നു. രണ്ടും കൈയും അറ്റുപോയ ഒരുത്തന്‍ ഈ വില്ലനെ കണ്ട് തുള്ളിച്ചാടുന്ന സീനൊക്കെയുണ്ട്! ഇതുപോലെ ഒരു വിഷ്വല്‍ ടോര്‍ച്ചറിങ്ങിന് രണ്ടാം ഭാഗമെടുക്കാനുള്ള ആ വലിയ മനസ്സിനെയും സമ്മതിക്കണം.