''മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്''- എമ്പുരാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ചപ്പോള്‍, സംവിധായകന്‍ പൃഥിരാജ് സുകുമാരന്‍ ഒരിക്കല്‍ പറഞ്ഞത് അങ്ങനെയാണ്. തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണിത്. ചിത്രത്തിന്റെ ബോക്സോഫീസ് വിജയവും ഫലത്തില്‍ അങ്ങനെ, സൂപ്പര്‍ ഹിറ്റിനും ഫ്ളോപ്പിനും ഇടയിലായിപ്പോയി. ആരാധകര്‍ അര്‍മാദിച്ച തള്ളുന്നതുപോലുള്ള ഹോളിവുഡ് നിലവാരത്തിലുള്ള ചലച്ചിത്ര അത്ഭുതമൊന്നുമല്ല. എന്നാല്‍ ഹേറ്റേഴ്സ് സോഷ്യല്‍ മീഡിയയില്‍ എഴുതി മറിക്കുന്നതുപോലെ, കാശിനുകൊള്ളാത്ത ചവറുമല്ല. വണ്‍ടൈം വാച്ചബിള്‍ ആയ ആവറേജ് മൂവി എന്നാണ് എമ്പുരാന്റെ ഏറ്റവും നല്ല ബോക്സോഫീസ് ടാഗ്.

പക്ഷേ എമ്പുരാന്‍ കളഞ്ഞുകുളിച്ചത് അഭൂതപുര്‍വമായ ഒരു അവസരമാണ്. കന്നഡ ഇന്‍ഡസ്ട്രിയില്‍ കെജിഎഫും, തെലുഗില്‍ ബാഹുബലിയും പുഷ്പയുമൊക്കെ ചെയ്തപോലെ, മലയാള സിനിമയെയും പാന്‍ ഇന്ത്യന്‍ ലെവലില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുമായിരുന്നു; ഈ പടം ഒരു സൂപ്പര്‍ഹിറ്റ് ആയിരുന്നെങ്കില്‍. പക്ഷേ സ്‌ക്രിപ്റ്റിലെ വലിയ രീതിയിലുള്ള പ്രശ്നങ്ങളും, ഡയറക്ക്ഷനിലെ വികാരരാഹിത്യവും പടത്തിന് വിനയാവുകയാണ്. ലൂസിഫര്‍ ഫാന്‍സുകാരെ പൂര്‍ണമായും തൃപ്തിപ്പെടുത്തിയെന്ന് വരില്ല ചിത്രം.

ഓവര്‍ലോഡഡ് ആയ സ്‌ക്രിപ്റ്റ്

ഒരുപാട് കാര്യങ്ങള്‍ കുത്തിക്കയറ്റിയ മുരളിഗോപിയുടെ സ്‌ക്രിപ്റ്റാണ് എമ്പൂരാനില്‍ പാളിയ ഏറ്റവും പ്രധാന ചലച്ചിത്ര ഘടകം. കേരളരാഷ്ട്രീയത്തിലെ വലതുപക്ഷവത്ക്കണം, ഉത്തരേന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയം, ആഗോള തലത്തിലെ മയക്കുമരുന്ന് മാഫിയ അങ്ങനെ, ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് കണക്റ്റ് ചെയ്യുന്നതിന്റെ ഫലമായി എമ്പുരാന് ഒരു ഫോക്കസ് കിട്ടുന്നില്ല. പണ്ട് മുരളീഗോപിയും, പൃഥിരാജും ഒന്നിച്ച 'ടിയാന്‍' എന്ന ചിത്രത്തിന്റെ അവശിഷ്ടങ്ങള്‍ ലൂസിഫര്‍ 2 വിലും കാണാം. മൊത്തം ഫിലോസഫിക്കല്‍ ഡയലോഗുകളും, സാഹിത്യഭാഷയുമൊക്കെയായി, ആകെ കുളമായ ടിയാന്റെ അതേ ഴോണ്‍ര്‍ പലയിടത്തും, എമ്പുരാനിലും കയറിവരുന്നുണ്ട്.




പക്ഷേ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ലൂസിഫറിലെപോലെ പ്രേക്ഷകന് ഒരു ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാവുന്നില്ല. ഇത് ഒരു പോപ്പ്കോണ്‍ മൂവിയാണെന്ന് പൃഥിരാജ് പറഞ്ഞെങ്കിലും, പ്രേക്ഷകന് കൈയടിക്കാനുള്ള കാര്യങ്ങളൊന്നും കാര്യമായി കിട്ടുന്നില്ല. ആദ്യത്തെ അമ്പത് മിനുട്ടിനുശേഷം ചിത്രത്തിലേക്ക് വരുന്ന ലാലേട്ടന്റെ ഒന്ന് രണ്ട് സ്ലോമോഷന്‍ സീനുകളില്‍ മാത്രമാണ്, തീയേറ്ററില്‍ ഹര്‍ഷാരവം ഉയരുന്നത്. അല്ലാത്ത സമയത്തൊക്കെ നിശബ്ദതയാണ്. ഖുറൈഷി കോട്ടുമിട്ട്, നീളയും വിലങ്ങനെയും സാഗര്‍ ഏലിയാസ് ജാക്കി മോഡലില്‍ നടക്കുന്നു, തോക്കെടുക്കുന്നു എന്നല്ലാതെ, ഒരു മാസ് അഡ്രിനാലില്‍ ബോംബിങ്ങിന് ഈ കഥാപാത്രത്തിന് കഴിയുന്നില്ല. രാവിലെ നാലുമണിക്കുതന്നെ തീയേറ്ററില്‍ ഓടിക്കൂടിയെത്തിവര്‍ പടം കഴിഞ്ഞതോടെ നിരാശരായിപ്പോവുന്നതും അതുകൊണ്ടുതന്നെ. ലാലേട്ടന്റെ സീനുകളും ചിത്രത്തില്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ കുറവാണ്.

സയദ് മൂസദ് എന്ന പൃഥിരാജ് അവതരിപ്പിച്ച, ഖുറൈഷിയുടെ വലംകൈയായ പടനായകന്റെ കഥ പറയാനാണ് ഈ ചിത്രം ഏറെ നേരം ഉപയോഗിച്ചത്. ഖൂറൈഷി ആരാണെന്നത് ഈ മൂന്നാം ഭാഗത്തിലെ അറിയൂവത്രേ! ഒരു മാസ് ചിത്രം സംവിധാനംചെയ്ത്, അതില്‍ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തുക എന്ന വലിയ വെല്ലുവിളി ഇവിടെ പൃഥി സ്വീകരിക്കുന്നുണ്ട്.

ആദ്യഭാഗമായ ലൂസിഫറിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ വലുതായിട്ടുണ്ട് ചിത്രത്തിന്റെ ക്യാന്‍വാസ്. ഹെലികോപ്റ്ററുകളില്‍ വന്ന് ഖുറൈഷി ടീം ഹണ്ട് ചെയ്യുന്ന വലിയൊരു ലൊക്കേഷന്‍ ചിത്രത്തിന്റെ പ്രത്യേകതയാണ്. വടക്കന്‍ ഇറാഖില്‍ തുടങ്ങി, ഖുറേഷിയുടെ ഇന്‍ഡോ-അറബ് മെഗാ സിന്‍ഡിക്കേറ്റ് വേരൂന്നിയ നാടുകളിലൂടെയുള്ള കാഴ്ചയിലൂടെ മലയാള സിനിമക്ക് ഒരു ഹോളിവുഡ് ഛായ നല്‍കുന്നുണ്ട് പൃഥി. സെനഗല്‍, മുംബൈ, യു.കെ, യമന്‍, പാകിസ്ഥാന്‍ എന്നിങ്ങനെ അനേകം ദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഡ്രഗ് സിന്‍ഡിക്കേറ്റിന്റെ യുദ്ധമൊക്കെ കണ്ടിരിക്കാവുന്നതാണ്. ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റെ ഫ്രെയിമുകള്‍ ചിത്രത്തിന് കരുത്താവുന്നുണ്ട്.

പൃഥിരാജിനും വലിയ പിഴവുകള്‍

ആദ്യത്തെ അരമണിക്കൂര്‍ ചിത്രം നടക്കുന്നത് ഉത്തരേന്ത്യയിലാണ്. അവിടുത്തെ കമ്യൂണല്‍ പൊളിറ്റികസിന്റെയൊക്കെ ഒരു ടെറൈന്‍ സൃഷ്ടിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. അതിനുശേഷമാണ് കഥ കേരളത്തില്‍ എത്തുന്നത്. ബൈജുവും, സുരാജും അടക്കമുള്ളവരുടെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബൈജുവിന്റെ പതിവ് തഗ്ഗടി മോശമായിട്ടില്ല.




അവിടെ ലൂസിഫറില്‍ പറഞ്ഞ, ജതിന്‍ രാംദാസും, പ്രിയദര്‍ശിനിയുമൊക്കെ അടക്കുള്ള രാഷ്ട്രീയം തുടരുകയാണ്. വലതും, ഇടതും, കാവിയുമായ കക്ഷികളുടെ കുത്തിത്തിരുപ്പുകള്‍. അങ്ങനെ കഥ 52 മിനുട്ടിലേറെ നീണ്ടപ്പോഴാണ് മോഹന്‍ലാലിനെ കാണിക്കുന്നത്. ഈ സമയത്താണ് തീയേറ്റര്‍ ഉണരുന്നത്. പക്ഷേ പിന്നീട് അങ്ങോട്ട് ഒരു ഹൈപ്പ് ഉണ്ടാവുന്നില്ല. ചിത്രത്തിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറിങ്ങും ആവറേജ് മാത്രമാണ്. ഒരു പാട്ടുള്ളത് സഹിക്കാന്‍ ആവില്ല. സിനിമയുടെ മൊത്തത്തിലുള്ള ഘടനയില്‍ മുഴച്ചുനില്‍ക്കുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒപ്പിച്ച് എഴുതുന്നു എന്ന് പഴികേട്ട മുരളി ഗോപി, പക്ഷേ ഇത്തവണ ബിജെപിക്കും സിപിഎമ്മും കണക്കിന് കൊടുക്കുന്നുണ്ട്.

സ്റ്റീഫനാകുന്ന ലാലേട്ടന്‍ കിടു, വിഷ്യലി ബ്രില്ല്യന്റ്..

പക്ഷേ രണ്ടാംപകുതി എന്തൊക്കെപ്പറഞ്ഞാലും ഒന്നാംപകുതിയേക്കാളും മെച്ചമാണ്. സ്റ്റീഫനാവുന്ന മോഹന്‍ലാലിന്റെ ആ പഞ്ച്്, പക്ഷേ ഖുറൈഷിക്ക് കിട്ടുന്നില്ല. നിമിഷങ്ങള്‍ മാത്രം വന്നുപോകുന്ന ഒരു സ്‌റ്റൈലിഷ് ലുക്കില്‍ സ്റ്റീഫനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ലൂസിഫര്‍ അവസാനിച്ചത്. അന്ന് മിക്ക പ്രേക്ഷകരും ചോദിച്ച ഒരു ചോദ്യമായിരുന്നു ഈ ലുക്കില്‍ ഒരു മുഴുനീള പടം വന്നാല്‍ നല്ലതായിരിക്കില്ലേ എന്ന്. ആ ചോദ്യം പൃഥ്വിരാജും സംഘവും കേട്ടതിന്റെ ഉത്തരമാണ് ഈ ചിത്രം. പക്ഷേ എമ്പൂരാനിലെ ഖുറൈഷിക്ക് ആകെ നനഞ്ഞുപോയ പ്രതീതിയാണുള്ളത്. ആ കിടിലന്‍ സാധനം വരുന്നില്ല.

മഞ്ജുവാരിയയും, ടൊവീനയുമൊക്കെ കഥാപാത്രങ്ങള്‍ ആവേറേജ് ആയിപ്പോയി. ഇന്ദ്രജിത്തിന്റെ ഗോവര്‍ധന്‍ എന്ന കഥാപാത്രവും സസ്പെന്‍സ് ഘടകങ്ങള്‍ നിറഞ്ഞ കഥാപാത്രംതന്നെ. ജെറോം ഫ്ളിന്‍, സായികുമാര്‍, ശിവജി കുരുവായൂര്‍, നന്ദു, സച്ചിന്‍ ഖെഡേക്കര്‍ തുടങ്ങി സ്‌ക്രീനിലെത്തിയവരെല്ലാം മോശമായിട്ടില്ല.

ഈ പടത്തിലെ സ്റ്റണ്ട് കണ്ടാല്‍ നമ്മുടെ പഴയ ത്യാഗരാജന്‍ മാസ്റ്റര്‍ എത്ര ഭേദമായിരുന്നു എന്ന് തോന്നിപ്പോവും. അടുത്തകാലത്ത് കണ്ട ഏറ്റവും മോശം സ്റ്റണ്ട് കോറിയോഗ്രാഫിയാണ് എമ്പുരാന്റെത് എന്ന് പറയാതെ വയ്യ. അതേസമയം മേക്കിംഗ് ക്യാളിറ്റിയില്‍ സിനിമ മുന്നിലാണ്. എടുത്തു പറയേണ്ടത് സിനിമാറ്റോഗ്രഫിയാണ്. സിനിമയുടെ ക്യാമറ ഹോളിവുഡ് നിലവാരത്തിലാണ്.




പൃഥിരാജ് സുകുമാരന്‍ എന്ന ഡയറക്ടറും മുരളീ ഗോപി എന്ന എഴുത്തുകാരനും ഒന്നുകൂടി ശ്രദ്ധിക്കുകയായിരുന്നെങ്കില്‍, ലൂസിഫര്‍ 2 ഇതിനേക്കാള്‍ എത്രയോ മെച്ചമായനേ! സിനിമ അടിസ്ഥാനപരായി സംവിധായകന്റെ കലയാണെന്നാണെല്ലോ പറയുക. പടം ആവറേജില്‍ ഒതുങ്ങിയെങ്കില്‍ അതിന്റെ കുറ്റവും, പൃഥിരാജ് എന്ന ഡയറക്ടര്‍ക്കുള്ളതുതന്നെയാണ്. ഇതിന്റെ മൂന്നാംഭാഗം എടുക്കാതിരിക്കുകയായിരിക്കും, അദ്ദേഹത്തെ സംബന്ധിച്ച് നല്ലത്.

വാല്‍ക്കഷ്ണം: ഈ സിനിമയില്‍ ഏറ്റവും മോശമായ അഭിനയം, ആന്റണി പെരുമ്പാവൂരിന്റെ റാവുത്തര്‍ എന്ന കഥപാത്രത്തിന്റെതാണ്. വേറെ ആരെയും കിട്ടിയില്ലേ എന്ന് ചോദിച്ചുപോവുന്നതുപോലെ. എന്തിന് നിര്‍മ്മാതാവ് എന്ന രീതിയില്‍ പേരുള്ള, ഏറെ തിരക്കുന്ന ആന്റണി ഇങ്ങനെ വേഷം ചെയ്ത് കോമാളിയാവുന്നതെന്ന് മനസ്സിലാവുന്നില്ല. അതും, ലോകം മുഴുവന്‍ നിന്നും ആളുകള്‍ വരുന്ന ഇതുപോലെ ഒരു ബ്രഹ്‌മാണ്ഡ ചിത്രത്തില്‍!