- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹേഷ് നാരായണന്റെ 'അറിയിപ്പ്' ഒന്നാന്തരം സ്യൂഡോ ആർട്ട്; ഓർമ്മിക്കാവുന്ന ഒറ്റ സീൻ പോലും ഇല്ലാത്ത ചിത്രം; 17വർഷത്തിനുശേഷം ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ചിത്രമെന്നത് തള്ളു മാത്രം; ഒന്നും ചെയ്യാനില്ലാതെ കുഞ്ചാക്കോ; തിളങ്ങിയത് നടി ദിവ്യപ്രഭ; ന്യൂജൻ സംവിധായകരും അടൂരിന് പഠിക്കുമ്പോൾ!
കാൻ ഫെസ്റ്റിവൽ കഴിഞ്ഞാൽ ലോകത്തിലെ എണ്ണം പറഞ്ഞ ഫിലിം ഫെസ്റ്റിവലിൽ ഒന്നാണ് ലൊക്കാർണോ ഫെസ്റ്റിവൽ. അതിന്റെ മത്സര വിഭാഗത്തിലേക്ക് നീണ്ട് 17 വർഷത്തെ ഇടവേളക്ക് ശേഷം ഒരു മലയാള ചലച്ചിത്രം തെരഞ്ഞെടുക്കപ്പെടുക എന്നാൽ അത് നിസ്സാര കാര്യമാണോ. അതാണ്, ടേക്ക് ഓഫ്, സീ യു സുൺ, മാലിക്ക് എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ മഹേഷ് നാരായണൺ സംവിധാനം ചെയ്ത, 'അറിയിപ്പ്' എന്ന ചിത്രം സാധ്യമാക്കിയത്. നേരത്തെ 2005ൽ ഋതുപർണോഘോഷ് സംവിധാനം ചെയ്ത അന്തരമഹൽ ആണ് ഇതിന് മുമ്പ് ലൊക്കാർണോ ഫെസ്റ്റിവലിൽ മത്സരിച്ച ഇന്ത്യൻ സിനിമ. 2011ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കുത്ത് എന്ന ചിത്രം സ്‌പെഷ്യൽ ഷോകേസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ അതിനും മത്സര വിഭാഗത്തിലേക്ക് എൻട്രി കിട്ടിയിരുന്നില്ല.
അതുകൊണ്ടുതന്നെ ഗോവ ഐഎഫ്ഐഫ്ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിച്ചപ്പോൾ പ്രതീക്ഷകൾ ഏറെ ആയിരുന്നു. ഗോവൻ ചലച്ചിത്രോത്സവത്തിൽ എത്തിയ മലയാളികൾ ഒന്നടങ്കം ചിത്രത്തിനായി കയറി. മഹേഷ് നാരായണനെയും കൂട്ടരെയും പരിചയപ്പെടുത്തുമ്പോഴും ആദരിക്കുമ്പോഴും മുഴങ്ങിയത് നിറഞ്ഞ കരഘോഷം ആയിരുന്നു. പക്ഷേ ചിത്രം അവസാനിച്ചപ്പോൾ ക്ലാപ്പടിക്കാൻ കൈ പൊങ്ങിയില്ല. ഒന്നാന്തരം സ്യൂഡോ ആർട്ട്. ഒരു സീൻ പോലും മനസ്സിൽ തട്ടുന്നതായി എടുത്തിട്ടില്ല. ശരിക്കും അടൂർ ഗോപാലകൃഷ്ണൻ മുമ്പ് കാണിച്ചപോലുള്ള സായിപ്പിനെ പറ്റിക്കാനുള്ള എക്പോർട്ട് ക്വാളിറ്റി ഫിലിം. നിർമ്മാണ പങ്കാളികൂടിയായ നായകൻ കുഞ്ചാക്കോ ബോബന് കാര്യമായി ഒന്നും ചെയ്യാനില്ല. തിളങ്ങിയത് ദിവപ്രഭയെന്ന നടിമാത്രമാണ്. മഹേഷിനെപ്പോലെ പ്രതിഭയുള്ള ന്യൂജൻ സംവിധായകർ പോലും ഇതുപോലെ ചവറുകൾ എടുക്കുമ്പോൾ അദ്ഭുദപ്പെട്ട് പോവുകയാണ്.
അടൂരിന് പഠിക്കുന്ന ന്യൂജൻ സംവിധായകർ
ലോകത്തിലെ ഏതെങ്കിലും ഒരു ക്ലാസിക്ക് സിനിമ കണ്ടിട്ട് നിങ്ങൾക്ക് അത് മനസ്സിലാവതെ പോയ അവസ്ഥ ഉണ്ടായിട്ടുണ്ടോ. ഫെല്ലിനിയും, കുറസോവയും, കിം കി ഡുക്കും, ബർഗ്്മാനും, ഗൊദാർദും, സനൂസിയുമൊക്കെ കേരളത്തിലെ പ്രാദേശിക ഫിലിം ഫെസ്റ്റിവലികളിൽ പോലും ആഘോഷിക്കപ്പെട്ട സംവിധായകർ ആണ്. ഇവരുടെ ചിത്രം കണ്ടുകഴിഞ്ഞാൽ കഥ നിങ്ങൾക്ക്, മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കേണ്ട ഗതികേട് ഉണ്ടാവാറുണ്ടോ. പക്ഷേ മനീഷ് നാരായണന്റെ അറിയിപ്പ് എന്ന സനിമയിൽ എന്താണ് സംഭവിച്ചത് എന്ന് പ്രേക്ഷകർ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടി വരും. പല ഭാഗങ്ങളും തീർത്തും അവ്യക്തമാണ്. ഇത് പ്രേക്ഷകരുടെ നിലവാരത്തകർച്ചയല്ല, സംവിധായകന് വിഷയത്തിലുള്ള ഫോക്കസ് ഇല്ലായ്മയാണ്.
പിന്നെ ഇത്രയൊക്കെ നെഗറ്റിവിറ്റിയുള്ള ചിത്രം എങ്ങനെ ലൊക്കാർണോ അടക്കമുള്ള ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നതായിരിക്കും ചോദ്യം. അവിടെയാണ് സ്യൂഡോ ആർട്ടിന്റെ കളി. ഇന്ത്യയൂടെ ദാരിദ്ര്യവും, മിഡൽക്ലാസിന്റെ വേദനയും, സായിപ്പിന്റെ അടുത്ത് ഇന്നും വിറ്റുപോവുന്ന ചേരുവകൾ ആണ്. ലൊക്കാർണോ അടക്കമുള്ള ഫെസ്റ്റിവലുകളിൽ ഇത് മാർക്കറ്റ് ചെയ്യപ്പെട്ടത് കോവിഡ് കാലത്ത് ഇന്ത്യൻ യുവത്വത്തിന്റെ പ്രശ്നങ്ങൾ പറയുന്ന ചിത്രം എന്ന പേരിൽ ആയിരിക്കും. ഇതായിരുന്നു അടുരിന്റെയും ടെക്കിനിക്ക്. പ്രാഞ്ചിപ്രാഞ്ചി പതുങ്ങി നടക്കുന്ന മനുഷ്യരുള്ള ഒരു സ്യൂഡോ കേരളത്തെ സൃഷ്ടിച്ച് അതിനെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ വിറ്റ് കാശാക്കുകയാണ് അടൂർ ചെയ്തത്. എലിപ്പത്തായത്തിനുശേഷം, വിധേയൻ അല്ലാതെ ഒരു നല്ല സിനിമ എടുക്കാൻ അടൂരിന് ആയിട്ടില്ല.
അടൂർ അടക്കമുള്ളവർ കൊണ്ടുവന്ന ഇഴയുന്ന സിനിമകൾക്കുള്ള ഒരു സർഗാത്മക പ്രതിരോധം എന്ന നിലയിൽ കൂടിയാണ്, ന്യൂജൻ സിനിമകളുടെ വസന്തം വന്നത്. അത് കെട്ടിലും മട്ടിലും മലയാള സിനിമയെ പുതുക്കിപ്പണിതു. എന്നാൽ മഹേഷ് നാരായണൻ അടക്കമുള്ള ഫിലിം മേക്കേഴ്സ് ഇപ്പോൾ, പഴയ ആർട്ട് കൾട്ട് ഫോർമാറ്റ് പുറത്തെടുക്കുന്നത് അങ്ങേയറ്റം ദയനീയം എന്നേ പറയാൻ കഴിയു.
ഗ്ലൗസ് ഫാക്ടറിയിൽ കുടുങ്ങിയ ജീവിതങ്ങൾ
ഇന്ത്യൻ യുവതയുടെ കോവിഡ് കാല ദുരന്തം എന്ന നിലയിൽ സബ്ടൈറ്റിൽ ചെയ്ത് വിദേശനാണ്യം നേടാവുന്ന കഥ തന്നെയാണിത്. നോയിഡയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് സിനിമ. രാജ്യത്തിന് പുറത്ത് മെച്ചപ്പെട്ടൊരു ജോലി സ്വപ്നം കണ്ട് ജീവിക്കുന്ന ദമ്പതികളുടെ ജീവിതത്തെ അസ്വസ്ഥമാക്കിക്കൊണ്ട് ഒരു വീഡിയോ പുറത്തുവരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് അറിയിപ്പ് എന്ന സിനിമയുടെ ഇതിവൃത്തം. ലവ് ലിൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. മഹേഷ് നാരായണൻ തന്നെയാണ് തിരക്കഥ എഴുതിയതും.
ദമ്പതിമാരായ ഹരീഷിന്റെയും രശ്മിയുടെയും വേഷങ്ങൾ ചിത്രത്തിൽ കുഞ്ചാക്കോബോബനും ദിവ്യപ്രഭയുമാണ് കൈകാര്യം ചെയ്യുന്നത്. ഡൽഹിയിൽ താൽക്കാലികമായി പിടിച്ചു നിൽക്കുന്നതിന് വേണ്ടി മാത്രമാണ് ഇവർക്ക് ഗ്ലൗസ് ഫാക്ടറിയിലെ ജോലി. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനാൽ കാര്യമായ സൗകര്യങ്ങളില്ലാത്ത ഒരു ചെറിയ ഫ്‌ളാറ്റിലാണ് ഇരുവരും താമസിക്കുന്നത്. അങ്ങനെയിരിക്കേ ഒരു ദിവസം ഫാക്ടറി തൊഴിലാളികളുടെ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ രശ്മിയുടെ പേരിൽ ഒരു അശ്ലീല വീഡീയോ ആരോ പോസ്റ്റ് ചെയ്യുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ കഥാതന്തു.
തിളങ്ങിയത് ദിവ്യപ്രഭ
അരക്ഷിതമായ തൊഴിലിടങ്ങളിൽ സംഭവിച്ച അപമാനത്തിൽ നിശബ്ദയാകാനാണ് സമൂഹവും പൊലീസും സ്വന്തം ഭർത്താവും അടക്കം രശ്മിയോട് ആവശ്യപ്പെടുന്നത്. എന്നാൽ രശ്മിയുടെ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളുമെല്ലാം വ്യക്തിത്വം പണയം വയ്ക്കാൻ തയ്യാറാകത്തതിന്റേതായിരുന്നു. ആദ്യ നാളുകളിൽ രശ്മിക്ക് പിന്തുണ നൽകി ഒപ്പം നിൽക്കുന്ന ഹരീഷ് ഒരു ഘട്ടം കഴിയുമ്പോൾ അവളെ തള്ളിപ്പറയുന്നു. അവിടം മുതലാണ് സ്വന്തം അഭിമാനം സംരക്ഷിക്കാനുള്ള ബാധ്യത രശ്മി ഏറ്റെടുക്കുന്നത്. സത്യം തെളിയിക്കുന്നതിന് വേണ്ടി അവൾ ഉറച്ചു നിൽക്കുന്നു.
ഒരു നടി എന്ന നിലയിൽ ദിദ്യപ്രഭയുടെ പ്രകടനമാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. അസാധാരണ ബോറടിയും ഏച്ചുകെട്ടിയ സീനുകളുമുള്ള ഈ ചിത്രത്തിൽ നാം ഉറങ്ങിപ്പോവാത്തത് ദിവ്യയുടെ സാന്നിധ്യം കൊണ്ടാണ്. വരും ദിവസങ്ങളിൽ മലയാള സിനിമയിൽ ഈ നടി കൂടുതൽ അറിയപ്പെടും എന്ന ഉറപ്പാണ്. നായകൻ കുഞ്ചാക്കോ ബോബന് ഈ പടത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ല. പക്ഷേ ഉള്ളത് ബോറാക്കിയില്ല എന്ന് പറയാം. ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് കുഞ്ചാക്കോ ബോബൻ. ഉദയാ സ്റ്റുഡിയോ സ്ഥാപിതമായ 75ാം വർഷത്തിൽ അതേ ബാനർ നിർമ്മിച്ച ചിത്രമാണിത്., കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഫാൾട്ട് വന്നിരിക്കുന്നത് തിരക്കഥയിലാണ്. നോയിഡയിലെ തൊഴിലാളികളുടെ ദുരിത കഥ, സൈബർ ലോകത്തിന്റെ കെണികളിൽ ഒറ്റപ്പെടുന്ന സ്;തീകളുടെ അതിജീവന കഥ എന്ന കുറേ വൺലൈൻ അല്ലാതെ, ഒരു ഫുൾ ലെങ്ങ്ത്ത് മൂവിക്കുള്ള സ്റ്റഫ് ഈ ചിത്രത്തിലില്ല. അതുപോലെ തന്നെ ആ ഗ്ലൗസ് ഫാക്ടറിയിൽ നടക്കുന്ന ദുരൂഹതകൾ ഒന്നും തന്നെ പ്രേക്ഷകനുമായി കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യുന്നില്ല. ആളുകൾ തന്റെ ചിത്രത്തിന്റെ കഥ മനസ്സിലാക്കരുത് എന്ന എന്തോ നിർബന്ധബുദ്ധി സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ട് എന്ന് തോന്നിപ്പോവും. എന്തായാലും മാസ്റ്റേഴ്സിന്റെ കുറിച്ച് ചിത്രങ്ങൾ മഹേഷ്് ഒന്ന് കാണുക. എന്നിട്ട് തീരുമാനിക്കുക, എന്തിനാണ് ഈ അനാവശ്യ ദുരൂഹതയെന്ന്.
കുറേ വിഷ്വൽസ് എടുത്തൂവച്ചാൽ അത് ചലച്ചിത്രമാവില്ല. ഈ ചിത്രത്തിൽ ഒരിടത്തുപോലും നമുക്ക് യാതൊരു വികാരവും തോനുന്നില്ല. കഥാപാത്രങ്ങളോട് അടുപ്പമോ അകൽച്ചയോ തോനുന്നില്ല. ആയുർവേദത്തിൽ ഉണ്ണിക്കാമ്പ് ഉപ്പേരി കൊടുക്കുന്നപോലെ, മധുരമോ ചവർപ്പോ ഒന്നുമില്ലാതെ ചിത്രം അങ്ങിനെ കണ്ടിരിക്കാം എന്നേയുള്ളൂ.
വാൽക്കഷ്ണം: മഹേഷ് നാരായണൻ എന്ന പ്രതിഭയുടെ ലോക നിലവാരം മനസ്സിലാവണമെങ്കിൽ ടേക്ക് ഓഫ് എന്ന ഒറ്റ ചിത്രം മതി. ഏത് ലോക സിനിമയോടും കിടപിടിക്കുന്ന രീതിയിലാണ് അയാൾ ഇറാക്ക് പുനസൃഷ്ടിച്ചിരിക്കുന്നത്. ഇത്രയും പ്രതിഭയുള്ള മഹേഷിന് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. അയാൾ ഒരു സ്യൂഡോ ആർട്ടിലേക്ക് വഴിമാറുമെന്നതിന്റെ രോഷമാണ് ഈ ലേഖനത്തിന് ആധാരവും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ