യരാജിന്റെ 'ദേശാടനം' സിനിമ ഇറങ്ങിയകാലം ഓർമ്മയില്ലേ. ഈ ചിത്രം അന്ധവിശ്വാസ പ്രചാരണമാണ് നടത്തുന്നത് എന്ന് പറഞ്ഞ് കേരളത്തിൽ ഇടത് സാംസ്കാരിക നായകർ വൻ പ്രതിഷേധം ഉയർന്നു. പക്ഷേ ലൊക്കാർണോ എന്ന ലോക പ്രശസ്തമായ ഫിലിം ഫെസ്റ്റിവലിൽ ചിത്രം അംഗീകരിക്കപ്പെട്ടത് അന്ധവിശ്വാസത്തിനെതിരെ പ്രതികരിക്കുന്ന ചിത്രം എന്ന നിലയിലാണ്! ഒരു കുട്ടിയുടെ ബാല്യവും കൗമാരവും ഇല്ലാതാക്കുന്ന തരത്തിൽ വിശ്വാസം അടിച്ചേൽപ്പിക്കപ്പെടുന്നത് ചിത്രീകരിക്കുക വഴി ഈ ചിത്രം അന്ധവിശ്വാസത്തിനെരെ പ്രതികരിക്കുന്നുവെന്നാണ് ലൊക്കോർണോ ജൂറി വിലയിരുത്തിയത്. അതുപോലെ അടൂർ ഗോപാലകൃഷ്ന്റെ 'മുഖാമുഖം' എന്ന സിനിമക്കെതിരെ പി ഗോവിന്ദപ്പിള്ളയടക്കമുള്ള മാർക്സിസ്റ്റ് ബുദ്ധിജീവികൾ ഉറഞ്ഞു തുള്ളുകയായിരുന്നു. കമ്യുണിസ്റ്റ് വിരുദ്ധ ചിത്രം എന്ന് കേരളത്തിൽ വൻ പ്രചാരണം ഉയർന്ന ഈ സിനിമക്ക് പക്ഷേ കമ്യൂണിസ്റ്റുകാരെ അനുകൂലിക്കുന്നു എന്ന കാരണത്താൽ പല ഫിലിം ഫെസ്റ്റിവലിലേക്കും അനുമതി നിഷേധിക്കപ്പെട്ടു. ചിത്രം കണ്ട തോപ്പിൽ ഭാസി ഇങ്ങനെ എഴുതി. '' അടൂരിനെ ഒരു ചുവന്ന പൂമാല അണിയിക്കാനാണ് എനിക്ക് തോനുന്നത്്''.

അതായത് സിനിമയുടെ രാഷ്ട്രീയം എന്നത് വ്യക്തി അധിഷ്ഠിതമാണ്. തോപ്പിൽ ഭാസിയുടെ നിലപാട് അല്ല പി ഗോവിന്ദപ്പിള്ളക്ക്. ഒരു കൂട്ടത്തിന് തോനുന്നത് ആവില്ല മറ്റൊരു കൂട്ടത്തിന് തോന്നുക. ഇത് ഓർത്തുപോയത് ഇപ്പോൾ വിവാദമായ 'മാളികപ്പുറം' സിനിമ കണ്ടപ്പോഴാണ്. ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായും, സംഘപരിവാറിന് അനുകൂലമായുമുള്ള ഒരു പ്രൊപ്പഗാൻഡ ഫിലിം എന്നായിരുന്നു, ഈ ലേഖകനും കരുതിയത്. സോഷ്യൽ മീഡിയയിൽ ഭൂരിപക്ഷം ആ നിലക്കാണ്് ഉണ്ണി മുകന്ദൻ നായകനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് വിലയിരുത്തിയത്. ചിത്രം കാണാൻ വൈകിപ്പോയതും, സോഷ്യൽ മീഡിയ ഉയർത്തിയ മുൻവിധിയെ തുടർന്നാണ്. പക്ഷേ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. തുറന്നു പറയാം, ഇതിൽ ഒരു അജണ്ടയും ഒളിച്ച് കടത്തുന്നില്ല.

ഭക്തകുചേല തൊട്ട് നന്ദനവും അമേനുംവരെയുള്ള വിശ്വാസവും, ഭക്തിയും കടന്നുവരുന്ന എത്രയോ ചിത്രങ്ങൾ നാം കണ്ടതാണ്. അതുപോലെ വൃത്തിയായി എടുത്ത, ഒരിടത്തുപോലും ബോറടിപ്പിക്കാത്ത, അത്യാവശ്യം നർമ്മവും, ത്രില്ലും, ക്ലൈമാക്സിൽ ഒരു കിടിലൻ ട്വിസ്റ്റുമുള്ള ചിത്രം. ഒന്നാന്തരം പ്രൊഡക്ഷനാണ്. നല്ല ക്യാമറയും, ഫ്രെയിം ബ്യൂട്ടിയും. ഒപ്പം നല്ല കഥയും തിരക്കഥയുമുണ്ട്. ഒരു കൊമേർഷ്യൽ ചിത്രത്തിൽനിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്. അതുകൊണ്ട് തന്നെ പറയാം, ടിക്കറ്റ് കാശ് വസൂലാവുന്ന ഒരു ചിത്രം തന്നെയാണ് 'മാളികപ്പുറം'. ആദ്യത്തെ 20 മിനുട്ട് അത്രപോര എന്ന് മാത്രമേ ഈ ലേഖകന് ഒരു വിമർശനം ഉള്ളൂ.

പക്ഷേ, അടുത്തകാലത്ത് ഒന്നും ഒരു സിനിമ ഇത്രയും ശക്തമായ ഹേറ്റ് കാമ്പയിൻ നേരിട്ടിട്ടുണ്ടാവില്ല. ഒരുഭാഗത്ത് ഇസ്ലാമോ-ലെഫ്റ്റ് ഈ ചിത്രത്തെ ഡീ ഗ്രേഡ് ചെയ്യുമ്പോൾ, മറുഭാഗത്ത് സംഘപരിവാർ അനുകൂലികൾ ഇതിനെ പ്രോമോട്ടും ചെയ്യുന്നു. ഈ സംഘികളുടെ പ്രമോഷനും ചിത്രത്തിന് വിനയാവുകയാണ് ചെയ്തത്. നിഷ്പക്ഷരായ നല്ല സിനിമകളെ സ്നേഹിക്കുന്നവർ, അകന്ന് പോവുകയാണ് ഇതുമൂലം ചെയ്തത്. ഒരുപക്ഷേ മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കണം ഇതുപോലെ ഒരു സംഭവം.

അയ്യനെ കാണാൻ നാടുവിടുന്ന കുട്ടികൾ

തീർച്ചയായും ശബരിമല തന്നെയാണ് ഈ ചിത്രത്തിന്റെ കേന്ദ്ര പ്രമേയമായി വരുന്നത്. അത് പക്ഷേ സോഷ്യൽ മീഡിയയിൽ പ്രചാരണം വന്നപോലെ സ്ത്രീ പ്രവേശനത്തെ പരിഹസിക്കാൻ എടുത്തതല്ല എന്ന് മാത്രം. ഭക്തിയും അതിലെ നിഷ്‌കളങ്കതയുമാണ് മാളികപ്പുറത്തെ ആസ്വാദ്യമാക്കുന്നത്. കല്യാണി എന്ന എട്ടുവയസ്സുകാരി ശബരിമല അയ്യപ്പന്റെ വലിയ ഭക്തയാണ്. മധ്യതിരുവിതാംകൂറിലെ ഏതൊരു വിശ്വാസി കുടുംബത്തിലെന്നപോലെ, മുത്തശ്ശിയിൽനിന്ന് അയ്യപ്പന്റെ വീരകഥകൾ കേട്ടാണ് കല്യാണി വളരുന്നത്. ഊണിലും ഉറക്കത്തിലും ശബരീശ ചിന്തയുള്ള കുട്ടി. തനിക്ക് കിട്ടുന്ന മിഠായിപോലും കൂടുതൽ അവൾ നൽകുന്നത് അയ്യപ്പനാണ്. അവളുടെ കുഞ്ഞുമനസ്സിൽ ശരിക്കും ഒരു സൂപ്പർ ഹീറോയാണ് അയ്യപ്പൻ.

എന്നിട്ടും അവൾക്കിതുവരെയും മല ചവിട്ടാനുള്ള ഭാഗ്യമുണ്ടാകുന്നില്ല. പ്രാരബ്ധക്കാരനായ അവളുടെ അച്ഛനാവട്ടെ (ചിത്രത്തിൽ സൈജു കുറുപ്പ് ) ഓരോ വർഷവും ഓരോ കാരണം പറഞ്ഞ് പറ്റിക്കുന്നു. ഒടുവിൽ അവൾ അച്ഛനൊപ്പം മല കയറാൻ തീരുമാനിക്കുന്നു. കറുപ്പണിഞ്ഞ് ഭസ്മമിട്ട് അവളും അങ്ങനെ മാളികപ്പുറമായി. പക്ഷേ ആ യാത്ര മുടങ്ങുന്നു. കടം കയറിയ അച്ഛൻ, അപ്രതീക്ഷിതമായ ചില സംഭവങ്ങളെ തുടർന്ന് ജീവനൊടുക്കുന്നു. കഴുത്തിലെ മാലയൂരി പിതാവിന്റെ ചിതക്ക് തീ കൊളുത്തുന്ന കല്യാണിയുടെ ദൃശ്യങ്ങൾ ഒക്കെ ഹൃദയഭേദകയാണ് ചിത്രീകരിച്ചിരിക്കുന്നത്. അച്ഛന്റെ മരണശേഷം ഒറ്റപ്പെട്ട നിലയിലായിപ്പോയ കല്യാണിക്കും അമ്മയ്ക്കും തുണയാവുന്നത് തൊട്ടയൽവാസിയാണ്. (ചിത്രത്തിൽ രമേഷ് പിഷാരടി). ആ വീട്ടിലെ പീയുഷാണ് കല്യാണിയുടെ അടുത്ത കൂട്ടുകാരൻ. പിതാവിന്റെ ദുരന്തത്തിനുശേഷം കല്യാണി ഒരു ഉറച്ച തീരുമാനം എടുക്കുന്നു. തനിക്ക് ഇത്തവണ അയ്യപ്പനെ കാണാണം. അങ്ങനെ പീയുഷും കല്യാണിയും ആരോടും പറയാതെ, പമ്പ കെഎസ്ആർടിസി ബസിൽ കയറി ശബരിമലയിലേക്ക് ഒരു യാത്രപോവുകയാണ്. ആ യാത്രയ്ക്കിടയിൽ അവൾ കണ്ടുമുട്ടുന്ന അയ്യപ്പൻ എന്ന ഉണ്ണിമുകന്ദന്റെ കഥാപാത്രം അവർക്ക് തുണയാവുന്നു.

ഇപ്പോൾ നമ്മുടെ മനസ്സിലേക്ക് എത്തുക നന്ദനം സിനിമ ആയിരിക്കും. പക്ഷേ അങ്ങനെ അല്ല. അവിടെയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ മിടുക്ക്. വെറുമൊരു ഭക്തിപ്പടം ആക്കാതെ കൃത്യമായ ഒരു പ്രമേയവും, സമകാലീന സാമൂഹിക വിഷയങ്ങ അതിൽ പെടുത്താനും ചിത്രത്തിന് കഴിയുന്നുണ്ട്.

കലക്കിയത് ഈ കുട്ടികൾ

ഈ ചിത്രത്തിൽ പക്ഷേ താരമായത് ഉണ്ണി മുകന്ദനല്ല. പീയുഷിന്റെയും കല്യാണിയുടെയും വേഷം ചെയ്ത, ശ്രീപദും ദേവനന്ദയുമാണ്. ശ്രീപദിന്റെ കോമഡികൾ ശരിക്കും വർക്കൗട്ടാവുന്നുണ്ട്. കുട്ടിത്തതിന്റെ നിഷ്‌ക്കളങ്കമായ ചിരി. ഭാവിയുള്ള ബാലതാരമാണ് ഇവനെന്ന് എന്ന് നിസ്സംശയം പറയാം. കുഞ്ഞുമാളികപ്പുറമായി നിറഞ്ഞാടിയ ദേവനന്ദന പ്രേക്ഷകരുടെ മനസ്സ് കവരുന്നുണ്ട്. ഇവർ തമ്മിലെ കോമ്പോയാണ് മാളിക്കപ്പുറത്തിന്റെ ഹൈലൈറ്റ്.

മലയാള ന്യൂജൻ നായകരിൽ ഈ ഈ ലേഖകന് എറ്റവും ഇഷ്ടപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. പക്ഷേ ഈ നടന് വെല്ലുവിളികൾ ഉയർത്താൻ മാത്രം പറ്റിയ കഥാപാത്രമൊന്നുമല്ല ഈ ചിത്രത്തിലേത്. പക്ഷേ ഉള്ളത് ഉണ്ണി വൃത്തിയായി ചെയ്തിട്ടുണ്ട്. ഡാൻസ്- ആക്ഷൻ രംഗങ്ങളിൽ അയാൾ പതിവുപോലെ തകർക്കുന്നുണ്ട്. (വളർന്നുവരുന്ന ഒരു യുവ നടനോട്, ഇത്രയും ഹേറ്റ് കാമ്പയിൻ വേണോ എന്ന് സോഷ്യൽ മീഡിയ കാണുമ്പോൾ തോന്നിപ്പോകാറുണ്ട്. ഉണ്ണി ആരെയോ കൊന്ന രീതിയിലാണ് പലരുടെയും പ്രതികരണം) വിവിധ ഭാഷകളിൽ എടുക്കുന്ന 'മാളികപ്പുറം' ഉണ്ണിയുടെ സ്റ്റാർ വാല്യൂ വർധിപ്പിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

സൈജു കുറുപ്പിന്റെ അച്ഛൻ കഥാപാത്രവും മോശമായിട്ടില്ല. പക്ഷേ സൈജുവിന് കോമഡി രംഗങ്ങളിൽ ഒരു പ്രശ്നമുണ്ട്. തീർത്തും ടൈപ്പായി പോകുന്നു. അടുത്തകാലത്തെ എല്ലാ കഥാപാത്രങ്ങളുടെ ഭാവവും ഒരുപോലെ. പക്ഷേ ഈ ചിത്രത്തിൽ ഏറ്റവും വലിയ ബ്രേക്ക് രമേഷ് പിഷാരടിക്കാണ്. തരിമ്പും കോമഡിയില്ലാത്ത, ഒരു സ്വഭാവ വേഷം പിഷാരാടി ഗംഭീരമാക്കുന്നുണ്ട്. അവസാന സീനുകളിൽ മനോജ് കെ ജയനും എത്തുന്നുണ്ട്. ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി ചിത്രത്തിലെ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്ത ആരും മോശമായിട്ടില്ല. വില്ലനും സൂപ്പർ. ശരിക്കും ഭീതി കണ്ണുകളിൽ നിറക്കുന്നുണ്ട്. വിഷ്ണു നാരായണന്റെ ഛായാഗ്രഹണം സിനിമയെ കാഴ്ചാനുഭവം ആക്കി മാറ്റുന്നുണ്ട്. ആദ്യത്തെ 20 മിനുട്ടുനേരത്തെ ഒരു ലാഗ് മാത്രമേ ഈ ചിത്രത്തെക്കുറിച്ച് കുറ്റമായിട്ട് പറയാൻ കഴിയൂ. പിന്നീടങ്ങോട്ട് ചിത്രം കത്തിക്കയറുകയാണ്.

പ്രൊപ്പഗൻഡ സിനിമയല്ലേ.. പക്ഷേ

മാളികപ്പുറം സിനിമ കണ്ടാൽ ഏവർക്കും അറിയാം, അത് ശബരിമല സ്ത്രീ പ്രവേശനത്തെ പരിഹസിക്കയോ, സംഘപരിവാറിന് അനുകൂലമായ മണ്ണ് ഒരുക്കുകയോ ചെയ്യുന്നില്ലെന്ന്. പക്ഷേ ഒന്ന് രണ്ട് അബദ്ധങ്ങൾ സിനിമയിൽ സംവിധായകൻ വരുത്തിവെക്കുന്നുണ്ട്. അതിലൊന്നാണ് മോഹൻഭാഗവത് തൊട്ട് കെ സുരേന്ദ്രനും, കുമ്മനം രാജശേഖരനുമൊക്കെ നന്ദി പറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കും സുരേഷ്ഗോപിക്കുമൊക്കെ നന്ദി പറയുന്നത് നമുക്ക് മനസ്സിലാക്കാം. മാളികപ്പുറത്തിന്റെ തുടക്കത്തിലെ വോയ്സ് ഓവർ മമ്മൂട്ടിയുടേതാണ്. അതുപോലെ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന് നന്ദി പറയുന്നതും മനസ്സിലാക്കാം. വനത്തിലെ സിനിമയുടെ ചിത്രീകരണ അനുമതിപോലെയുള്ള ഒരുപാട് കാര്യങ്ങൾക്ക് സഹായം അദ്ദേഹത്തിൽനിന്ന് കിട്ടിയിരിക്കാം. സ്വാഭാവികമാണത്.

പക്ഷേ മോഹൻ ഭാഗവതിന് ഈ സിനിമയിലെ റോൾ എന്താണ്. നാഗ്പ്പൂരിലെ ആർഎസ്എസ് ആസ്ഥാനം, ചിത്രം കാണിക്കുന്നുണ്ടോ. ആർഎസ്എസിന്റെ ഒരു സാധനവും ഇല്ലാത്ത ചിത്രത്തിൽ വെറുതെ മോഹൻ ഭാഗവതിന് നന്ദി പറയുന്നതൊക്കെ എന്തിനാണ്. അത് സിനിമാക്കാരുടെ രാഷ്ട്രീയ താൽപ്പര്യം വെളിപ്പെടുത്തുന്നതാണ്. പക്ഷേ അത് അവർ സിനിമക്ക് ഉള്ളിലേക്ക് എടുത്തിട്ടില്ല.

അതുപോലെ ചിത്രത്തിന്റെ അവസാനം ഉണ്ണിമുകന്ദന്റെ അയ്യപ്പൻ എന്ന കഥാപാത്രം പറയുന്നുണ്ട്, അയ്യപ്പസ്വാമി വിചാരിച്ചാലേ, ശബരിമലയിലേക്ക് ആളുകൾക്ക് എത്താൻ കഴിയൂ എന്നും, ഇവർ എത്രപേരെ കയറ്റാൻ ശ്രമിച്ചുവെന്നും. രണ്ടുമണിക്കുർ ദൈർഘ്യമുള്ള ചിത്രത്തിൽ പ്രൊപ്പഗൻഡ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് ഈ ഒരു ഡയലോഗ് മാത്രമെ കിട്ടുകയുള്ളു. ഇനി ഇതും സംഘപരിവാറിന് അനുകൂലമാണെന്ന് എങ്ങനെയാണ് പറയാൻ കഴിയുക.

കേരളത്തിലെ അയ്യപ്പവിശ്വാസികളിൽ എല്ലാം പാർട്ടിക്കാരും ഉണ്ട്. അതിലും കണക്ക് എടുത്താൽ സിപിഎമ്മുകാർ ആയിരിക്കും കൂടുതൽ! പക്ഷേ ശബരിമല പ്രക്ഷോഭത്തിന് ഇറങ്ങി സംഘപരിവാർ, മൊത്തം ഹിന്ദുക്കളുടെ പ്രതിനിധികളാവാൻ ശ്രമിച്ചു. ഈ ചിത്രം വിശ്വാസികൾക്ക് അനുകൂലമായ ഒരു ചിത്രമാണ്. അല്ലാതെ സംഘപരിവാറിന് അനുകൂലമല്ല. തിരിച്ചു പറയുമ്പോൾ കേരളത്തിലെ വിശ്വാസികൾ മൊത്തം സംഘികളാണ് എന്ന് പരോക്ഷമായ അംഗീകരിച്ചുകൊടുക്കുന്ന രാഷ്ട്രീയ അബദ്ധത്തിനാണ് നിങ്ങൾ കൂട്ടുനിൽക്കുന്നത്. സൈബർ സഖാക്കൾ അടക്കം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്.

ഇവിടെ ആചാര ലംഘനങ്ങളുമുണ്ട്

മറ്റൊരു രീതിയിൽ വായിക്കുമ്പോൾ ആചാരലംഘനങ്ങളും വിശ്വാസ നിഷേധങ്ങളും 'മാളികപ്പുറം' സിനിമയിലും കണ്ടെത്താൻ കഴിയും. ഉദാഹരണമായി മുഖ്യകഥാപാത്രമായ പെൺകുട്ടിയുടെ പിതാവായി അഭിനയിച്ച സൈജു കുറുപ്പ് ആത്മഹത്യ ചെയ്ത സന്ദർഭം. അപ്പോൾ മരിച്ചയാളുടെ ചിതക്ക് തീ കൊളുത്തുന്നത് അയാളുടെ ആഗ്രഹപ്രകാരം മകൾ ആണ്. യാഥാസ്തിക മനസ്സുവെച്ച് നോക്കുമ്പോൾ കടുത്ത ആചാരലംഘനം തന്നെയാണിത്.

എല്ലാ വിശ്വാസങ്ങളും അങ്ങനെ തന്നൊണ്. കാലഘട്ടത്തിനും സാഹചര്യത്തിനും സന്ദർഭത്തിനും അനുസരിച്ച് അത് മാറിയേ പറ്റൂ. ഇനി മറ്റൊരു വായനയിൽ നോക്കുന്നവർക്ക് ദൈവം കണ്ണും കാതുമില്ലാത്ത വെറും കരിങ്കല്ലുതന്നെയാണ് എന്നതിന്റെ തെളിവുകളും ചിത്രത്തിൽ കിട്ടും. ഒരു അയ്യപ്പഭക്തയുടെ അച്ഛനാണ്് മാലയിട്ട് മലക്ക്പോകാൻ ഒരുങ്ങിനിൽക്കവേ, പലിശക്കാരന്റെ പരസ്യ മർദനമേറ്റ് നാണം കെട്ട് ജീവനൊടുക്കുന്നത്. അവിടെ ഒരു ദൈവത്തിന്റെയും ഒരു അത്ഭുദവും നടക്കുന്നില്ല. അപ്പോൾ ഈ സിനിമ പരോക്ഷമായി ദൈവ നിഷേധം പ്രോൽസാഹിപ്പിക്കയാണെന്ന് പറഞ്ഞുകൂടെ. പൊക അഥവാ പൊൽറ്റിക്കൽ കറകട്നസ് വാദക്കാർ ഇവ കൂടി കാണണം.

ഇനി പ്രൊപ്പഗൻഡാ സിനിമകൾ എടുക്കാനും ഈ നാട്ടിൽ ഏവർക്കും അവകാശമുണ്ട്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' തൊട്ട് നിരവധി പ്രൊപ്പഗൻഡ സിനിമകൾ ഈ നാട്ടിൽ കമ്യുണിസ്റ്റുകാർക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബിജെപി അവർക്കുവേണ്ടി ഒരു പ്രൊപ്പഗൻഡാ പടം ഇറക്കിയാൽ ആർക്ക് കുറ്റം പറയാൻ കഴിയും. പക്ഷേ ഇവിടെ അതല്ല പ്രശ്നം. ഈ പടം പ്രൊപ്പഗാൻഡാ പടം അല്ല. വർഗീയതയോ, വംശീയതയോ, മനുഷ്യത്വവിരുദ്ധതയോ ഈ ചിത്രം ഒളിച്ച് കടുത്തുന്നില്ല.

ഹജ്ജിനുപോകാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് സലിം കുമാറിന് ദേശീയ അവാർഡ് കിട്ടിയ 'ആദാമിന്റെ മകൻ അബു'. അതിൽ അബുവിന് അയൽവാസിയായ അന്യ സമുദായക്കാരൻ തരുന്ന പണംപോലും വിശ്വാസ വിലക്ക് കാരണം സ്വീകരിക്കാൻ കഴിയാത്ത രംഗമുണ്ട്. അവാർഡ് കിട്ടിയപ്പോൾ ഒരാളെ ഹജ്ജിന് കൊണ്ടുപോകാമെന്ന് സലിം കുമാർ പറയുകയും ആ വാഗ്ദാനം അദ്ദേഹം നിറവേറ്റുകയും ചെയ്തിരുന്നു. പക്ഷേ അന്നൊന്നും ഇത് വർഗീയതയാണെന്ന് കേരളത്തിൽ ചർച്ച വന്നില്ലല്ലോ. പിന്നെന്തിനാണ് നിങ്ങൾ ഉണ്ണി മുകന്ദന്റെ നേർക്ക് പാഞ്ഞു കയറുന്നത്. ( ഹജ്ജിനുപോകുന്നതും ശബരിമലക്കും പോകുന്നതും ഒരുപോലെ അന്ധവിശ്വാസമാണെന്ന് കരുതുന്നയാളാണ് ഈ ലേഖകൻ. പക്ഷേ അത്തരം സിനിമകൾ ആസ്വദിക്കുന്നതിൽനിന്ന് മാറി നിൽക്കേണ്ട കാര്യമില്ല. കലവേറെ, നിലപാട് വേറെ)

അതായത് ഉത്തമാ, ഫേസ്‌ബുക്കിൽ സൈബർ കമ്മികളും ഇസ്ലാമിസ്റ്റുകളും തള്ളിമറക്കുന്നത് കേട്ട്, ഈ പടം കാണാതെ പോകരുത്. രണ്ടുമണിക്കുർ മാത്രം നീളമുള്ള, ബോറടിയില്ലാത്ത, നർമ്മവും ത്രില്ലുമുള്ള, ഒരു കൊച്ചു ചിത്രമാണിത്. അത് കാണേണ്ടവർ കണ്ടോട്ടെ. വിദേഷ പ്രചാരത്തിലൂടെ അതിനെ തകർക്കാതിരിക്കുക. മലയാളികളുടെ അഭിമാനമായി വളരേണ്ട ഒരു നടനാണ് ഉണ്ണി മുകന്ദൻ. അയാൾക്കും ഒരു സ്പേസ് കൊടുക്കുക. നാളെ അയാൾ ചിലപ്പോൾ പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറിയേക്കാം.

വാൽക്കഷ്ണം: മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ട സിപിഐക്കാരന്റെ സ്ഥാപനം ആക്രമിക്കുന്നതിനും പ്രബുദ്ധ കേരളം സാക്ഷിയായി. സിപിഐ പ്രവർത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി പ്രഗിലേഷാണ് ആ ഹതഭാഗ്യൻ. പോസ്റ്റിന് പിന്നാലെ സൈബർ ആക്രമണവുമുണ്ടായി. എന്നിട്ടും അരിശം തീരാതെ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനത്തിലെ, ലൈറ്റുകൾ സൂക്ഷിച്ചിരുന്ന പെട്ടികൾ, ക്ഷേത്രോത്സവങ്ങൾക്കായി തയ്യാറാക്കിയ സ്വാഗതബോർഡുകൾ തുടങ്ങിയവ രാത്രിയിൽ തീവെച്ചു നശിപ്പിച്ചു. നോക്കുക, ഒരു സിനിമ റിവ്യൂ കൊണ്ട് ഒരുത്തന്റെ അന്നം മുട്ടുന്നു. എന്തൊരു സഹിഷ്ണുത. എന്തൊരു നവോത്ഥാനം. എന്റെ കേരളം എത്ര സുന്ദരം!