ന്ദാകിനിയെന്നാൽ, മന്ദമായി സഞ്ചരിക്കുന്ന സുന്ദരിയെന്നാണ് അർത്ഥം. കാനഡയിൽ നിന്നുള്ള മലയാളികൾ തുടങ്ങി, ലോകം മുഴുവൻ ഹിറ്റായ ഒരു മദ്യത്തിന്റെ പേരും അങ്ങനെതന്നെയാണ്. ആൾക്കഹോൾ കണ്ടന്റ് 60 ശതമാനമുള്ള ഈ 'ഭീകര' സോമരസത്തെക്കുറിച്ച്, സോഷ്യൽ മീഡിയയിലൊക്കെ ഏറെ ചർച്ചകൾ നടന്നിരുന്നു. ആ മന്ദാകിനിയുടെ ഒരു മൂന്ന് പെഗ്ഗ്, ആദ്യരാത്രി ആഘോഷിക്കാനിരിക്കുന്ന ഒരു കല്യാണപ്പെണ്ണിന്റെ വയറ്റിലെത്തിയാലോ!അവളുടെ കിളിപോവുമെന്ന് ഉറപ്പാണ്. അത്തരത്തിലുള്ള രസകരമായ ഒരു കഥയാണ്, നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്യുന്ന മന്ദാകിനി എന്ന ചിത്രം.

ഒറ്റവാക്കിൽ പറഞ്ഞാൽ, നമ്മുടെ നാട്ടിലെ ഒരു സാധാരണ കല്യാണവും അതുമായി ബന്ധപ്പെട്ട വെള്ളമടിപാർട്ടിയുമൊക്കെ ചേർന്നുള്ള ഉത്സവമേളം. വൈപ്പിൻകരക്കാരിയായ അമ്പിളിയും (അനാർക്കലി മരക്കാർ) നെടുമ്പാശ്ശേരിക്കാരനായ ആരോമലും (അൽത്താഫ്) തമ്മിലുള്ള വിവാഹവും, തുടർന്നുള്ള ആദ്യരാത്രി സംഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കല്യാണ വീടും, ചെറുക്കന്റെ ആദ്യരാത്രി സിൻഡ്രോമുമൊക്കെ മലയാളത്തിൽ പലതവണ സിനിമായിട്ടുള്ളതാണ്. ഒരു ടിപ്പിക്കൽ കല്യാണ വീട്ടിൽ എന്തൊക്കെ സംഭവിക്കുന്നോ ആ ചേരുവയൊക്കെ ഈ പടത്തിലുമുണ്ട്. ബസിൽവെച്ചും കക്കുസിൽവെച്ചുമൊക്കെ മദ്യപിക്കുന്ന ടീമുകളുണ്ട്, പരദൂഷണ ചേച്ചിമാരുണ്ട്, എല്ലായിടത്തും ഓളമുണ്ടാക്കുന്ന അളിയനും അമ്മാവനുമൊക്കെയുണ്ട്. പക്ഷേ പ്രേക്ഷകർക്ക് ഇവിടെ ഒട്ടും അവർത്തന വിരസത തോനുന്നില്ല. അത് ഒഴിവാകുന്നത് ഈ പടത്തിലെ അഭിനേതാക്കളുടെ പ്രകടനം കൊണ്ടാണ്.

ഒരൊറ്റ ദിവസത്തെ സംഭവങ്ങൾ കോർത്തിണക്കി പ്രേക്ഷകനെ രണ്ടര മണിക്കൂർ തിയറ്ററിൽ പിടിച്ചിരുത്തുക എന്നത് ഇപ്പോഴത്തെ കാലത്ത് വലിയ കഷ്ടപ്പാടാണ്. പക്ഷേ ഈ അതിൽ വിജയിച്ചിരിക്കുന്നു വിനോദ് ലീലയെന്ന സംവിധായകൻ. ടർബോയും, ഗുരുവായൂർ അമ്പലനടയിലും അടക്കമുള്ള വൻ പരസ്യമുള്ള ചിത്രങ്ങൾക്കിടയിൽപ്പെട്ട് മുങ്ങിപോവേണ്ടതല്ല ഈ കൊച്ചു ചിത്രം.

എട്ടിന്റെ പണി കിട്ടിയ നായകൻ

നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത്, വിമാനങ്ങൾ പൊങ്ങിയുയരുന്നത് തൊട്ടടുത്ത് കാണാവുന്ന ഒരു കല്യാണ വീട്ടിലെ വിശേഷങ്ങളും രസങ്ങളുമൊക്കെയായി പുരോഗമിക്കുന്ന ചിത്രം പതിയെ ചുവടുമാറുകയാണ്. മക്കളെ വളർത്താൻ ഭർത്താവിന്റെ ഡ്രൈവിങ് സ്‌കൂളിന്റെ വളയം കയ്യിലെടുത്ത അമ്മയാണ് രാജലക്ഷ്മി. രാജലക്ഷ്മിയുടെ മകൻ ആരോമലിന് പ്രത്യക്ഷത്തിൽ ചേർച്ച തോന്നാത്ത അമ്പിളി എന്ന മോഡേൺ വധുവിനെയാണ് കിട്ടിയത്. ഡ്രൈവിങ് സ്‌കൂളിൽ പഠിക്കാനെത്തിയ അമ്പിളിയെ രാജലക്ഷ്മി തന്നെ മകനുവേണ്ടി കല്യാണം ആലോചിച്ച് ഉറപ്പിച്ചു. സ്‌കൂളിൽ പഠിച്ച സമയത്ത് പെൺകുട്ടികളിൽ നിന്നു നേരിട്ട അവഗണനയെല്ലാം മറന്ന് ആരോമൽ അമ്പിളിയെ സ്വപ്നം കണ്ടു. ആദ്യരാത്രിക്ക് സമയമടുത്തതോടെ, ആരോമലിന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. അളിയന്റെ നിർബന്ധത്തിന് വഴങ്ങി ഒരു ധൈര്യത്തിന് രണ്ടെണ്ണം അടിക്കാൻ തന്നെ ആരോമൽ തീരുമാനിച്ചു പക്ഷെ അത് അയാൾക്ക് വലിയ പാരയാവുന്നു.

കല്യാണദിവസം യുകെ യിൽനിന്നും വരുന്ന ആരോമലിന്റെ അളിയനായ ഉണ്ണിയുടെ ( വിനോദ് തട്ടിൽ) സുഹൃത്ത് സാഗർ ( ജിയോബേബി) കല്യാണവീട്ടിൽ എത്തിക്കുന്ന രണ്ട് മന്ദാകിനി ബോട്ടിലുകളാണ് സ്ഥിതി ആകെ മാറ്റുന്നത്. അത് കണ്ടറിയണം. അതിനുശേഷം ചിത്രം ഒറ്റരാത്രിയിലെ കഥയാണ് പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ കഥാപാത്രങ്ങളുമായി പ്രേക്ഷകരെ കണക്ട് ചെയ്യിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്. ഉശിരുള്ള സ്ത്രീ കഥാപാത്രങ്ങളും കഥാഗതിയിൽ നിർണായകമാകുന്നുണ്ട്. പാട്ടുകളും പശ്ചാത്തലസം?ഗീതവും മികവ് പുലർത്തിയതും ചിത്രത്തിന് മുതൽക്കൂട്ടായി.

ഇത് വിനോദ് തട്ടിലിന്റെ സിനിമ!

ഒരുപാട് കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെങ്കിലും, ഈ ചിത്രത്തിൽ ശരിക്കും തകർത്തത് വിനോദ് തട്ടിലിന്റെ അളിയനാണ്. ലിജോ ജോസ് പെല്ലിശേശ്ശരിയുടെ അങ്കമാലി ഡയറീസിൽ പെരുമ്പാമ്പിനെ പൊരിച്ച് ടച്ചിങ്ങ്സാക്കിയ നടൻ. ഒരുപാട് സിനിമകളിൽ ചെറിയ ചെറിയ ഗുണ്ടാ വേഷം ചെയ്ത വിനോദിന്റെ കരിയർ ബ്രേക്കാവും ഈ പടം. ഇതിലും വിനോദിന് ഗുണ്ടാ പശ്ചാത്തലം ഉണ്ടെന്നത് വേറകാര്യം. പക്ഷേ അൽപ്പം സൂത്രശാലിയായ, എന്നാൽ കല്യാണപ്പുരയിലെ ഓൾഇൻഓൾ ആയ അളിയനായി അയാൾ നിറഞ്ഞു നിൽക്കയാണ്. തീപ്പെട്ടിതൊട്ട് മദ്യകുപ്പിവരെ എടുത്തുകൊടുക്കാൻ ഈ അളിയൻ വേണം. ഈ പടത്തിൽ അൽത്താഫിനും അഞ്ജലി മരക്കാറിനുമൊക്കെ മുകളിൽപോവുന്നത് വിനോദാണ്.

ചെറിയ വേഷംപോലും വ്യത്യസ്തമായ ശൈലിയാൽ ശ്രദ്ധേയനാക്കുന്ന നടനാണ് അൽത്താഫ് സലീം. പക്ഷേ ഈ പടത്തിൽ ആ മീറ്റർ അനുസരിച്ച് നോക്കുമ്പോൾ അൽത്താഫ് കത്തിക്കയറിയിട്ടില്ല. വടക്കുനോക്കിയന്ത്രത്തിലൊയെക്കെ ശ്രീനിവാസൻ പരീക്ഷിച്ച ചില മാനറിസങ്ങൾ അൽത്താഫിലും കാണാം. അനാർക്കലി മരക്കാറിനും ഫുൾ ലെങ്്ത്ത് അഭിനയിക്കാനുള്ള പടമാണിത്. അവർ അത് നന്നായി ചെയ്തിട്ടുമുണ്ട്. അനാർക്കലിയുടെ വേഷം അൽപ്പം താഴ്ന്ന്പോയാൽ ചിത്രം മൊത്തം വെടിതീർന്ന് പോയേനെ.

അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, സംവിധായകൻ അജയ്വാസുദേവ് എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അജയ്വാസുദേവിന്റെ പല രംഗങ്ങളും ചിരിപ്പിക്കുന്നുണ്ട്. ഒപ്പം ജാഫർ ഇടുക്കിയും പഴയഫോമിൽ അഴിഞ്ഞാടുന്നുണ്ട്. അജയ് വാസുദേവിനെപ്പോലെ മറ്റ് മൂന്ന് സംവിധായകർ കൂടി ചിത്രത്തിലുണ്ട്. അളിയന്റെ സുഹൃത്തായ ജിയോബേബിയും, അൽപ്പം പൊങ്ങനായ പൊലീസുകാരനായി ജൂഡ് ആന്റണി ജോസഫും, അനാർക്കലിയുടെ അച്ഛനായി ലാൽജോസും. ഇതിൽ ലാൽജോസിന് കാര്യമായി ഒന്നും ചെയ്യാനില്ല. ജിയോബേബി നന്നായി ചെയ്തിട്ടുണ്ട്. ഒരു പെഗ്ഗ് മന്ദാകിനി കിട്ടാനുള്ള ജിയോയുടെ തത്രപ്പാടുകളും, വിനോദിന്റെ സൂത്രപ്പണിയും ചിരിയുയർത്തുന്നു.

ചിത്രം അവസാനിക്കുന്നത് ഒരു സ്ത്രീപക്ഷ സിനിമയായിട്ടാണ്. മലയാള ന്യുജൻ സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ ഇല്ല, എന്ന വലിയ നിലവിളികൾക്കിടയിലാണ് ഇത്തരം ഒരു സിനിമ വരുന്നത്. പക്ഷേ അത്തരം സീനുകളിലെ മാസ് ലേഡിയായ രാജലക്ഷമിയെ ഹോൾഡ് ചെയ്യാനുള്ള ഒരു പവർ സരിത കുക്കുവിന് പൂർണ്ണമായും ഉണ്ടെന്ന് പറയാൻ കഴിയില്ല.

പ്രതിനായക വേഷത്തിലെത്തുന്ന ഗണപതിയും നന്നായിട്ടുണ്ട്. പക്ഷേ ഈ ചിത്രത്തിന്റെ പ്രധാന പോരായ്മയെന്ന് പറയുന്നത് രണ്ടാം പകുതിയിലടക്കം പലയിടത്തും സ്‌ക്രിപ്റ്റിന് ബലം ഇല്ലാത്തതാണ്്. സ്ത്രീകൾ തമ്മിൽ പരദൂഷണം പറയുന്ന സീനുകളൊക്കെ ഒന്ന് മാറ്റിപ്പടിക്കാമായിരുന്നു. ഔട്ട് സ്റ്റാൻഡിങ്ങ് എന്ന് വിശേഷിപ്പിക്കാവുന്ന ഗംഭീര സിനിമയെന്നുമല്ല ഇത്. പലയിടത്തും കൈവിട്ടുപോവുന്നുണ്ട്. കാര്യങ്ങൾ തീരുമാനമായ ശേഷം പിന്നെയും കഥ കൊണ്ടുപോകാതെ അവസാനത്തെ ഒരു പത്തു മിനിറ്റെങ്കിലും വെട്ടിക്കളയാമായിരുന്നു. പക്ഷേ ഈ സ്‌ക്രിപ്റ്റുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയൂ. അതുകൊണ്ടുതന്നെ നവാഗതനായ വിനോദ് ലീല, പ്രതീക്ഷയുയർത്തുന്ന ഡയറട്കർ ആണെന്ന് നമുക്ക് തീർത്ത് പറയാം.

വാൽക്കഷ്ണം: അടുത്തകാലത്ത് വർധിച്ചുവരുന്ന, സെൻസർ ബോർഡിന്റെ കയറിടൽ കാരണമാവാം സിനിമയിൽ എവിടെയും മന്ദാകിനി എന്ന പേര് ഹൈലെറ്റ് ചെയ്യുന്നില്ല. ബോട്ടിലിൽ ഉള്ള പേര് തന്നെ ബ്ലർചെയ്ത് കാണിക്കുകയും ചെയ്യുന്നു. ഇത് ഒരു മദ്യബ്രാൻഡിനെ മാർക്കറ്റ് ചെയ്യുന്ന സിനിമയാണെന്ന് പറഞ്ഞ് ആരും ബഹളം കൂട്ടേണ്ടെന്ന് ചുരുക്കം.