സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മുഖത്ത് ചാടിച്ചവിട്ടുന്ന ഒരു നടിയെ കുറച്ചുകാലം മുമ്പുവരെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ! മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി ഇറങ്ങുന്ന ലാലേട്ടൻ മലയാളിയുടെ ഫ്യൂഡൽ പുരുഷ സങ്കൽപ്പങ്ങളുടെ ഐക്കൺ ആയിരുന്നു. ആ സൂപ്പർ സ്റ്റാറിന് അടിച്ച് കോൺ തെറ്റിവരുമ്പോൾ തൊഴിക്കാനും, വടിയാവുമ്പോൾ കരയാനുമുള്ള പാവകൾ മാത്രമായി നായികമാർ മാറുന്ന കാലം കഴിഞ്ഞു. പതുക്കെയാണെങ്കിലും നമ്മുടെ കോമേർഷ്യൽ സിനിമയിലേക്കും ന്യൂ നോർമൽ ആശയങ്ങൾ കടന്നുവരികയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, യാതൊരു ആഘോഷങ്ങളുമില്ലാതെ, പുറത്തിറങ്ങിയ പുലിമുരുകൻ ടീമിന്റെ പുതിയ ചിത്രം മോൺസ്റ്റർ! ഒന്നുമില്ലെങ്കിൽ രണ്ടു ലെസ്‌ബിയൻ സ്ത്രീകൾ ചുംബിക്കുന്ന ചിത്രമെങ്കിലും സദാചാര മലയാളിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കാൻ ഇവർക്ക് കഴിഞ്ഞില്ലേ!

സ്വവർഗാനുരാഗത്തെ പ്രോൽസാഹിപ്പിക്കുന്ന രംഗങ്ങൾ ഉള്ളതിനാൽ യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രം വിലക്കിയതായി നേരത്തെ റിപ്പോർട്ട് ചെയ്തലിരുന്നു. മഴവിൽ നിറത്തിലുള്ള എന്തും പിടിച്ചെടുക്കുന്ന രീതിയിൽ സൗദി അടക്കമുള്ള രാജ്യങ്ങൾ മാറിവരുന്ന കാലത്താണ് ഈ രീതിയിൽ ഒരു പടം ഇറങ്ങുന്നത് എന്ന് ഓർക്കണം. പക്ഷേ കേരളത്തിലെ എൽജിബിടിക്യൂ സമൂഹം ഈ ചിത്രത്തിന് എതിരെ രംഗത്ത് ഇറങ്ങാനും നല്ല സാധ്യതയുണ്ട്. അതായത് നിങ്ങളുടെ വ്യാഖ്യാനത്തിന് അനുസരിച്ചാണ്, ഇക്കാര്യത്തിലുള്ള പോസ്ിറ്റീവും നെഗറ്റീവും വരിക.

പൊളിറ്റിക്കൽ ആയ ഉള്ളടക്കം എന്തുമാവട്ടെ, ഒരു സിനിമ എന്ന നിലയിൽ ടിക്കറ്റ് എടുത്തുകയറുന്ന പ്രേക്ഷകന് കാശ് വസൂൽ ആവുന്ന ചിത്രമാണിത്. ഒരു ഫാമിലി ഫീൽഗുഡ് മൂവിയായി പതിഞ്ഞ താളത്തിൽ തുടങ്ങി, ഘട്ടംഘട്ടമായി ഗിയർ മാറ്റുകയാണ്, തിരിക്കഥാകൃത്ത് ഉദയകൃഷ്ണയും, സംവിധായകൻ വൈശാഖും. ഉദയകൃഷ്ണയുടെ സ്ഥിരം കൊമേർഷ്യൽ ഫോർമാറ്റിൽ തന്നെയാണ് കഥ നീങ്ങുന്നത്. ഫീൽ ഗുഡ് ഫാമിലി സബ്ജക്്റ്റിൽ പോകുന്ന ആദ്യപകുതി, ത്രില്ലർ ട്രാക്കിലേക്ക് മാറുന്ന ട്വിസ്റ്റുള്ള ഇടവേള, പിന്നെങ്ങോട്ട് തുടർച്ചയായ രണ്ട് ട്വിസ്റ്റും ഒരു നല്ല എൻഡിങ്ങും. നേരത്തെ സിബി കെ തോമസിനൊപ്പം, പലതവണ പരീക്ഷിച്ച അതേ ഫോർമാറ്റ് തന്നെയാണ് ഉദയൻ ഇവിടെയും എടുക്കുന്നത്. അതിനുള്ളിൽ ഈ മഴവിൽ പ്രമേയം അടക്കമുള്ള ചില വ്യത്യസ്തകൾ കൊണ്ടുവരുന്നു. പക്ഷേ പടം കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രേക്ഷകർ സന്തുഷ്ടരാണ്. ലക്കി സിങ്ങായി വരുന്ന, ലാലിന്റെ ആദ്യപകുതിയിലെ ഓവറാക്കി ചളമാക്കിയ പ്രകടനം നിയന്ത്രിച്ചിരുന്നുവെങ്കിൽ, ചിത്രം മെഗാഹിറ്റ് ആവുമായിരുന്നു.

'ഭ്രമരം' മോഡൽ തുടക്കം

മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബിലെത്തിയ പുലിമുരുകനു ശേഷം ഹിറ്റ് മേക്കർ വൈശാഖും ഉദയകൃഷ്ണയും മോഹൻലാലും ഒരുമിക്കുമ്പോൾ വമ്പൻ പ്രതീക്ഷകൾ ആണ് ഉണ്ടാവുക എന്ന് അറിഞ്ഞുകൊണ്ടുതന്നെ, മാസ് സൈക്കോളജി പഠിച്ചാണ്, ഇതിന്റെ അണിയറ ശിൽപ്പികൾ പരസ്യ തന്ത്രങ്ങൾ മെനഞ്ഞത്. സാധാരണ ഒരു മോഹൻലാൽ ചിത്രത്തിൽ കാണുന്നപോലുള്ള, പ്രചാരണ കോലാഹലങ്ങളും, തീയേറ്ററുകളിലെ ചെണ്ടമേളവും, ഡാൻസും, പാട്ടുമൊന്നും ഈ പടത്തിന് ഇല്ലായിരുന്നു. എന്തിന് പ്രമുഖ പത്രങ്ങളിൽ പരസ്യം പോലും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ലോസ്റ്റ് മൂവി എന്ന ഫീലിങ്ങാണ്, ഇത് കടുത്ത ലാൽ ഫാൻസിൽ പോലും ഉണ്ടാക്കിയത്. പക്ഷേ ആദ്യ ഷോ കഴിഞ്ഞതിനുശേഷം പടത്തിന് പോസറ്റീവായ കമൻസാണ് വരുന്നത്. നേരെ തിരിച്ച് ബ്ര്ഹമാണ്ഡ ഹൈപ്പ് കൊടുത്ത് പടം ഇറക്കുകയായിരുന്നെങ്കിൽ, പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ചിത്രം ഉയരില്ലായിരുന്നു.

ഒരു ഭാര്യയും ഭർത്താവും, മകളും അടങ്ങുന്ന പ്രാരാബ്ധങ്ങൾ ഏറെയുള്ള കുടംബത്തിലേക്ക് ക്ഷണിക്കപ്പെടാത്ത, അതിഥിയായി വലിഞ്ഞുകയറിവരുന്ന ഒരു സർദാർജിയുടെ കഥയാണിത്. ഭ്രമരം എന്ന ബ്ലെസി ചിത്രത്തിന്റെ തുടക്കംപോലെ തോന്നിക്കും. പക്ഷേ ഭ്രമരത്തിന്റെ നിലവാരം തുടക്കത്തിൽ ചിത്രത്തിനില്ല. കൊച്ചിയിൽ ഷീ ടാക്സി ഓടിക്കുന്ന ഭാമിനിയുടെ ( ഹണിറോസ്) ഒരു ദിവസത്തെ കസ്റ്റമർ ആണ്, എക്സെൻട്രിക്ക് എന്ന് ഒറ്റ നോട്ടത്തിൽ തോനുന്ന ലക്കി സിങ് ( മോഹൻലാൽ). കമ്പനിക്ക് അങ്ങേയറ്റം വേണ്ടപ്പെട്ട കസ്റ്റമർ എന്ന പരിചയപ്പെടുത്തലോടെ, എയർപോർട്ടിൽ പോയി ലക്കി എന്ന് മലയാളം അറിയുന്ന സിങിനെ പിക്ക് ചെയ്യാനുള്ള ഡ്യൂട്ടി അവൾക്ക് കിട്ടുന്നു. കൊച്ചിയിൽ താൻ വാങ്ങിയ ഫ്്ളാറ്റ് വിൽക്കാനായെന്ന് പറഞ്ഞാണ് ഡൽഹിയിൽ നിന്നും ലക്കി എത്തുന്നത്. പക്ഷേ ഒരു ഒഴിയാബാധപോലെ അയാൾ അവളുടെ പിറകെ കൂടുകയാണ്. ഭർത്താവ് അനിലുമൊത്ത് ( സുദേവൻ) വിവാഹവാർഷികം ആഘോഷിക്കാനിരിക്കുന്ന, ആ കുടുംബത്തിലേക്ക് അയാളും എത്തുകയാണ്.

അനിലും ഭാമിനിയും മകൾ കുഞ്ഞാറ്റയും അടങ്ങുന്ന ആ വീട്ടിലേക്ക് ശരിക്കും അയാൾ വലിഞ്ഞ് കയറി വരികയാണ്. ആദ്യം ഇഷ്ടക്കേടുണ്ടായെങ്കിലും പിന്നീട് അയാളുടെ സാന്നിധ്യം അവർ ഇഷ്ടപ്പെട്ടുതുടങ്ങുന്ന നിമിഷം, കഥയുടെ ട്രാക്ക് മാറുന്നു. ആരാണ് അയാൾ, എന്താണ് അയാളുടെ മോട്ടീവ്. ആദ്യത്തെ അരമണിക്കൂറിനുശേഷം ഒരു മികച്ച ക്രൈം ത്രില്ലറായി ചിത്രം വളരെ വേഗത്തിൽ മുന്നേറുകയാണ്. പക്ഷേ ആ കഥയിലെ ട്വിസ്്റ്റുകൾക്കിടയിൽ മലയാളത്തിൽ ആരും പറയാൻ മടിക്കുന്നൊരു പ്രമേയം ഉദയകൃഷ്ണ പറയുന്നുണ്ട്. അതാണ് ഈ ചിത്രത്തെ വ്യതിരിക്തമാക്കുന്നതും.

തിളങ്ങിയത് ഹണി റോസും, ലക്ഷ്മി മഞ്ജുവും

അത്യുജ്ജല പ്രകടനം കൊണ്ട് തനിക്കൊപ്പമുള്ളവരെ മൊത്തമായി നിഷ്പ്രഭരാക്കിക്കളയുക എന്നത് മോഹൻലാലിന്റെ ഒരു പ്രത്യേകതയായിരുന്നു. മമ്മൂട്ടി പോലും ആ തിളക്കത്തിൽ പെട്ടുപോയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് അഭിനയച്ച നമ്പർ ട്വന്റി മദ്രാസ് മെയിൽ, ഹരികൃഷ്ണൻസ്, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളൊക്കെ നോക്കുക. ലാലിന്റെ കരിസ്മക്കു മുന്നിൽ മമ്മൂക്ക കരിഞ്ഞുപോകുന്നു. പക്ഷേ ഈ പടത്തിൽ എന്താണെന്ന് അറിയില്ല മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരം അത്ര നന്നായിട്ടില്ല. ആദ്യ പകുതിയിലെ ലക്കിസിങ്ങിന്റെ പ്രകടനവും, മുഖഭാവവും, ശരീരഭാഷയുമെല്ലാം ഓക്കാനമുയർത്തുന്നതാണ്. ഇത് തുറന്ന് പറയുന്നതിൽ ലാൽ ഫാൻസ് പ്രകോപിതർ ആവേണ്ട കാര്യമില്ല. അത് മോഹൻലാലിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് പറയുന്നതാണ്. ഈ പൊക്കിവിടലുകാർ ആണ് ആ നടനെ നശിപ്പിക്കുന്നത്.

സാധാരണ സിനിമ എത്ര മോശമായാലും, ലാലിന്റെ കഥാപാത്രം നന്നാവാറുണ്ടായിരുന്നു. ഇത് ആദ്യമായാണ് തിരിച്ച് സംഭവിക്കുന്നത്. പടം നന്ന് പക്ഷേ ആദ്യപകുതിയിൽ മോഹൻലാൽ മോശം എന്നതാണ് അവസ്ഥ. എന്നാൽ രണ്ടാം പകുതിയിൽ മോഹൻലാലിന്റെ സ്റ്റാർഡം ഉയർത്തുന്ന രീതിയിലും, ആരാധകർക്ക് കൈയടിക്കാനുമുള്ള മാസ് രംഗങ്ങളുണ്ട്.

മോഹൻലാലല്ല, ഹണി റോസും, ലക്ഷ്മി മഞ്ജുവുമാണ് ഈ പടത്തിലെ മാൻ ഓഫ് ദ മാച്ചുകൾ. നടി നിർമ്മാതാവ് എന്ന നിലയിൽ തെലുങ്കിൽ തിളങ്ങിനിൽക്കുന്ന ലക്ഷ്മി മഞ്ജുവാണ് ക്ലൈമാക്സിലടക്കം കൊലമാസ് ആവുന്നത്. തീർത്തും വേറിട്ട ഗെറ്റപ്പിലാണ് ഈ നടി മോൺസ്റ്ററിൽ എത്തുന്നത്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒന്നാന്തരം നടിയായി ഇവർ ഭാവിയിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്. ആ രീതിയിലുള്ള ഫയർ അവരുടെ ബോഡി ലാംഗ്വേജിൽ പ്രകടമാണ്.

അതുപോലെ ഹണി റോസും. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനിയെ നമ്മൾ കണ്ടതാണ്. അതിലും മികച്ചൊരു വേഷമാണ് ഇതിൽ ഹണിയുടെ ഭാമിനി. സൂക്ഷ്മമായ ഭാവങ്ങൾ പോലും പെർഫക്റ്റ് ഒ കെ. ഇനിയും ഒരുപാട് പൊട്ടൻഷ്യലുള്ള നടിയാണ് ഹണി എന്ന് ഈ ചിത്രവും തെളിയിക്കുന്നു. സിദ്ദീഖ്, ഗണേശ് കുമാർ, ലെന, ജോണി ആന്റണി, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പതിവ് ടൈപ്പ് വില്ലനിൽനിന്ന് സുദേവൻ മാറ്റിപ്പിടിക്കപ്പെട്ട ചിത്രമാണിത്. കുഞ്ഞാറ്റ എന്ന കഥാപാത്രമായെത്തിയ ജെസ് സ്വീജൻ എന്ന കുട്ടിയുടെ പ്രകടനവും ശ്രദ്ധേയമാണ്.

ഈ കഥാപാത്രങ്ങൾക്ക് ഒക്കെ കൃത്യമായി നിഗുഡതയുടെ മറയിട്ടുകൊണ്ടുള്ള വൈശാഖിന്റെ ആഖ്യാനവും ശ്രദ്ധേയമാണ്. പതിവ് ചേരുവകൾ ധാരാളമെങ്കിലും ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റും സിനിമയുടെ പ്ലസാണ്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും സ്റ്റണ്ട് സിൽവയുടെ സംഘട്ടനവും വേറിട്ടതാണ്.

ഇതിലും നല്ല മേക്കിങ്ങ് അർഹിക്കുന്ന ചിത്രം

പക്ഷേ ക്ലൈമാക്സിൽ ചിത്രം കടന്നുപോകുന്ന വഴികൾ നോക്കുമ്പോൾ, ഇതിലും നല്ല ഒരു മേക്കിങ് ചിത്രം ആവശ്യപ്പെടുന്നുണ്ട്. പുതിയ കാലത്തോട് സംവദിക്കുന്നതിൽ ഒട്ടും അപ്ഡേറ്റല്ല, മോഹൻലാലിന്റെ ടീം. ഇപ്പോൾ സ്പൂൺഫീഡ് ചെയ്തുള്ള കഥ പറച്ചിലാണ് ഇവിടെ. അല്ലാതെ ഇപ്പോൾ ഹിറ്റായി ഓടുന്ന മമ്മൂട്ടിയുടെ റോഷാക്ക് പോലെ, പ്രേക്ഷകരുടെ ചിന്തിക്കാനുള്ള ശേഷിയെ മാനിച്ചുകൊണ്ടുള്ള പടമല്ല ഇത്. ശരിക്കും ഓൾഡ് ജനറേഷൻ മേക്കിങ്ങാണ് മിക്കവാറും മോഹൻലാൽ ചിത്രങ്ങൾക്ക് ഉണ്ടാവുന്നത്. ആറാട്ടും, ട്വൽത്ത് മാനും ഒക്കെ ഉദാഹരണം.

പക്ഷേ നോക്കണം, മാസ് സിനിമകൾ എടുക്കുന്ന ഡയറക്ടറാണ് വൈശാഖ്. ഇതുപോലെ ഒരു അത്ര മാസല്ലാത്ത പടം എടുക്കുമ്പോഴുള്ള പ്രതിസന്ധികൾ അദ്ദേഹത്തിനും നന്നായി അറിയാവുന്നതാണ്. എന്നിട്ടും അയാൾ ധൈര്യപൂർവം ഈ പടം ചെയ്തുവല്ലോ. ഒരു മോഹൻലാൽ-ഉദയകൃഷ്ണ സിനിമയുടെ ക്ളീഷേ ബലഹീനതകൾ എല്ലാം തന്നെ കണ്ടെത്താമെങ്കിലും അവസാനത്തെ അര മണിക്കൂർ തീർത്തും പൊളിയാണ്. ഈ ധൈര്യത്തിന്, ഉദയനും വൈശാഖിനും കൈയടി കൊടുക്കാം. അതിന്റെ പേരിൽ തന്നെയാവും ഈ പടം അറിയപ്പെടുകയും. തീർച്ചയായും ചിത്രം സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യവും ഈ കാലഘട്ടത്തിലെ അനിവാര്യതയും കണക്കിലെടുത്ത് ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാ വിഷയമാകുമെന്നുറപ്പാണ്.

വാൽക്കഷ്ണം: ലൂസിഫറിനുശേഷം ഒരു നടൻ എന്ന നിലയിൽ തനിക്ക് വെല്ലുവിളിയാവുന്ന വേഷങ്ങൾ ഒന്നും മോഹൻലാലിന് കിട്ടിയിട്ടില്ല. കന്നഡ ഫിലിം ഇൻഡസ്ട്രിപോലും കയറിവരുന്ന ഇക്കാലത്ത്, താരങ്ങൾ തന്നെയാണ് സിനിമയുടെ ബ്രാൻഡ് അംബാസഡർമാർ. ആ നിലക്ക് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ലാൽ കുറേക്കൂടി ശ്രദ്ധിക്കേണ്ട സമയമാണ് കടന്നുപോവുന്നത്.