- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരമ്പലനടയിൽ കാശ് വസൂലാവുന്ന ചിത്രം
പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയും, ബോയിങ് ബോയിങ്, അരം + അരം = കിന്നരം, ധീം തരികിട തോം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോംഗ് നമ്പർ തുടങ്ങിയ പ്രിയദർശന്റെ ആദ്യകാല സിനിമകളിലൊക്കെ കണ്ട ഒരു ഴോണർ ഓർമ്മയില്ലേ. പപ്പു, ജഗതി, മകേഷ്, മോഹൻലാൽ, ശ്രീനിവാസൻ തുടങ്ങിയവരുടെ അർമാദം. കാര്യമായ കഥയൊന്നും കാണില്ല. സിറ്റ്‌വേഷണൽ കോമഡിയും, സ്ലാപ്പ് സ്റ്റിക്ക് കോമഡിയുമൊക്കെയായി ചിരിപ്പിക്കുന്ന പടത്തിന്റെ ക്ലൈമാക്സിലാണ് കൂട്ടപ്പൊരിച്ചിൽ. ഇന്നും അത്തരം രംഗങ്ങൾ ടെലിവിഷനിലൊക്കെ വന്നാൽ ജനം പൊട്ടിച്ചിരിക്കും.
പക്ഷേ ഈ രീതി പിന്നീട് മലയാളത്തിൽ അന്യം നിന്നുപോയി. ന്യൂജൻ തരംഗത്തിന്റെ മറവിൽ മലയാള സിനിമ തീർത്തും 'പ്രകൃതിപ്പടങ്ങൾ' എന്നുവിളിക്കാവുന്ന ഒരു രീതിയിലേക്കാണ് മാറിയത്. ഇപ്പോൾ അവിടെനിന്ന് ഉൾട്ടയിടിച്ചുകൊണ്ടുള്ള ഒരു ഘടനപരമായ മാറ്റം മലയാള സിനിമയിലും കാണുന്നുണ്ട്. ഫഹദിന്റെ 'ആവേശം' അതിന്റെ വേറൊരു വേർഷനായിരുന്നു. ഇപ്പോഴിതാ പൃഥിരാജും, ബേസിൽ ജോസഫും നായകനമ്മാരായി, 'ജയ ജയ ജയ ഹേ' എന്ന ഹിറ്റ് സിനിമയെടുത്ത വിപിൻ ദാസിന്റെ സംവിധാനത്തിൽ, ഇറങ്ങിയ 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രം ആ പഴയ പ്രിയദർശൻ, സിദ്ദീഖ്-ലാൽ ക്കാലം തിരിച്ചുകൊണ്ടുവന്നിരിക്കയാണ്.
പക്ഷേ ഇതൊരു കൈവിട്ട കളികൂടിയാണ്. ഈ ഴോണറിന്റെ ഒരു പ്രശ്നം എന്താണെന്നുവച്ചാൽ, ഇഷ്ടപ്പെടുന്നവർക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെടും. ചെറിയതോതിൽ ഇഷ്ടപ്പെടാത്തവർ വല്ലാതെ നിരാശരുമാവം. 'ജയ ജയ ജയ ഹേ' എന്ന ക്ലാസ് സിനിമയുടെ മീറ്റർ വെച്ച് നിങ്ങൾ വിപിൻ ദാസിന്റെ രണ്ടാമത്തെ ചിത്രത്തെ അളക്കരുത്. ലോജിക്കും, പൊളിറ്റിക്കൽ കറ്കട്നസ്സുമൊക്കെ വല്ലാതെ നോക്കുന്നവർക്കും ഈ ചിത്രം നിരാശയാണ് നൽകുക.
പൃഥി-ബേസിൽ കോമ്പോയുടെ അഴിഞ്ഞാട്ടം
പൃഥിരാജിന് ഹാസ്യം ചെയ്യാൻ കഴിയില്ല എന്ന് പറയുന്ന ഹേറ്റേഴ്സിന്റെ മുഖമടച്ചുള്ള ഒരു അടിയാണ് ഈ പടത്തിലെ ആനന്ദേട്ടൻ. അൽപ്പം ക്രൂക്കഡും, അൽപ്പം ടോക്സിക്കുമായ ആനന്ദനെ പൃഥി അടിപൊളിയാക്കുന്നുണ്ട്. ആടുജീവിതത്തിലെ മെലിഞ്ഞുണങ്ങിയ നജീബിൽനിന്ന്, പോളിഷിഡ് ജീവിതം നയിക്കുന്ന ആനന്ദനിലേക്കുള്ള മാറ്റം തന്നെയാണ് പൃഥിരാജ് എന്ന നടന്റെ മികവും. 'കുഞ്ഞിരാമായണ'ത്തിലൂടെ കഴിവ് തെളിയിച്ച ദീപു പ്രദീപിന്റെതാണ് തിരക്കഥ. ഈ ടീമിലേക്ക് ഹ്യൂമറിന്റെ ആശാനായ ബേസിൽ ജോസഫിനെ കാസ്റ്റ് ചെയ്തത് മനസ്സിലാക്കാം. പക്ഷേ സീരിയസ് സിനിമകളുടെ ബ്രാൻഡ് അംബാസിഡഡറായ പൃഥി ഇതിൽ മിസ്‌കാസ്റ്റായിപ്പോവുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാൽ അത് അസ്ഥാനത്താണ്. പഴയ മോഹൻലാൽ-മുകേഷ് കോമ്പോയെ ഒക്കെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, പൃഥി-ബേസിൽ കോമ്പോയുടെ അഴിഞ്ഞാട്ടമാണ് ചിത്രത്തിൽ.
ബേസിൽ അവതരിപ്പിക്കുന്ന, വിനു രാമചന്ദ്രന്റെ കല്യാണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഗുരുവായൂരമ്പലനടയിൽ നടക്കുന്ന കല്യാണത്തിനായി ഗൾഫിൽ നിന്നും നാട്ടിലേക്ക് എത്തുകയാണ് വിനു. വിനുവിന്റെ അളിയൻ ആനന്ദായാണ് പൃഥ്വിരാജ് എത്തുന്നത്. അളിയന്മാരായ വിനുവും ആനന്ദും തമ്മിലുള്ള സ്നേഹമാണ് സിനിമയുടെ കേന്ദ്രബിന്ദു. ഇങ്ങനെയുണ്ടോ ഒരു അളിയൻ സ്നേഹമെന്ന് ആരുമൊന്നു മൂക്കത്തു വിരൽ വച്ചു പോവുന്നത്ര കട്ടസ്നേഹം. വിനുവിന് താൻ കേട്ടാൻപോവുന്ന പെണ്ണിനെ കാണാനല്ല, തന്റെ അളിയൻ ആനന്ദേട്ടനെ കാണാനാണ് ധൃതി. അയാൾ തന്റെ വധുവിനെ വിളിക്കുമ്പോൾ ചോദിക്കുന്ന കാര്യങ്ങളിൽ ഏറെയും ആനന്ദേട്ടനെ കുറിച്ചാണ്. കാരണം, ഒരു പ്രേമ നൈരാശ്യത്തിൽപെട്ട്, ഇനി കല്യാണം വേണ്ട എന്ന് പറഞ്ഞ് നടന്ന വിനുവിനെ മോട്ടിവേറ്റ് ചെയ്ത് തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ആനന്ദേട്ടനാണ്.
എന്നാൽ, ആ അളിയന്മാർക്കിടയിൽ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങളുണ്ടാവുന്നു. അതോടെ കാര്യങ്ങൾ മൊത്തം കുഴഞ്ഞുമറിയുകയാണ്.
പക്ഷേ, ചക്കരയും അടയുംപോലെ ഇരുന്നിരുന്നു അവർ, കഥ പുരോഗമിക്കുമ്പോൾ ശത്രുക്കളാവുകയാണ്. തുടർന്നങ്ങോട്ട് കണ്ടുതന്നെ അറിയുക. എന്തായാലും ഇരു നടന്മ്മാരുടെയും കട്ടക്ക് കട്ടക്കുള്ള പ്രകടനത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്.
സിറ്റുവേഷണൽ കോമഡിയുടെ അയ്യരുകളി
കഴിഞ്ഞ കുറച്ചുകാലമായി മലയാളത്തിൽ അന്യം നിന്നുപോയ ഒരു സാധനമാണ് സിറ്റുവേഷണൽ കോമഡി. എന്നാൽ ഈ പടത്തിൽ ഏറെയും അതാണ്. ന്യുജൻ സിനിമകൾ വന്നതോടെ, മാതപിതാക്കൾ- മക്കൾ, ചേട്ടൻ- സഹോദരി, ഭർത്താവ്- ഭാര്യ എന്നിങ്ങനെയുള്ള കോമ്പോയൊക്കെ നമ്മുടെ സിനിമയിനിന്ന് നാടുകടന്നിരുന്നു. ഈ പടം ആ അർത്ഥത്തിലും വലിയ തിരിച്ചുവരവാണ്. ഈ ബന്ധങ്ങളെയെല്ലാം രസകരമായി കോർത്തിണക്കിയാണ് തിരക്കഥാകൃത്തായ ദീപു പ്രദീപും, വിപിൻ ദാസും കഥ പറഞ്ഞുപോവുന്നത്.
വളരെ പ്രെഡിക്റ്റബിളായ രീതിയിലാണ് കഥയുടെ പ്രയാണം. എന്നാൽ, ആ പ്രെഡിക്റ്റബിലിറ്റിയേയും താരങ്ങളുടെ പ്രകടനം മറികടക്കുകയാണ്. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, രേഖ, യോഗി ബാബു, കെപി കുഞ്ഞികൃഷ്ണൻ, ബൈജു സന്തോഷ്, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളെല്ലാം നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്്. ഇതിൽ നിഖില വിമലിനെ കുറച്ചുകൂടി ഉപയോഗപ്പെടുത്താമായിരുന്നു. യോഗി ബാബു എന്ന തമിഴ് ചിരിക്കുടുക്കയ്ക്ക്, തമിഴ് സിനിമയിൽപോലും ഇതുപോലെ ഒരു കഥാപാത്രത്തെ കട്ടിയിട്ടുണ്ടാവില്ല.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗമൊക്കെ പഴയ പ്രിയദർശൻ, ചിത്രങ്ങളെയാണ് ഓർമ്മിപ്പിച്ചത്. ഒരു കല്യാണം കൂടാൻ എത്തിയത്രയും ആളുകൾ തന്നെ കല്യാണം മുടക്കാനുമായി ഗുരുവായൂരമ്പല നടയിൽ എത്തുന്നു. അതിനൊപ്പം പൃഥിയുടെ ആദ്യ ചിത്രമായ നന്ദനത്തിന്റെ റഫറൻസുകളൊക്കെ വന്നതോടെ സംഭവം കളറായി. ലോജിക്കോ, പൊളിറ്റക്കൽ കറക്ട്നസ്സോ ഒന്നും ചികയാൻ നിൽക്കാതെ ജാളി മൂഡിൽ കാണാവുന്ന ഒരു ക്ലീൻ എന്റർടെയിനർ ആണ് ചിത്രം. അല്ലാതെ ഒരു ടിപ്പക്കിൽ പൃഥിരാജ് പടം പ്രതീക്ഷിച്ച്പോയാൽ നിങ്ങൾ നിരാശയിൽ ആവും.
ഫസ്റ്റ് ഹാഫിന്റെ അത്ര സെക്കൻഡ് ഹാഫ് എത്തുന്നില്ല എന്നതും ചിത്രത്തിന്റെ പേരായ്മയാണ്. നീണ്ടുകിടക്കുന്ന ക്ലൈമാക്സും കുറേക്കൂടി നന്നാക്കാമായിരുന്നു. ചിലയടിത്തൊക്കെ പണ്ടു കണ്ട സിനിമകളുടെ അവശിഷ്ടങ്ങളുമുണ്ട്. മ്യൂസിക് ചെയ്ത അങ്കിത് മേനോൻ പടത്തെ ഫെസ്റ്റിവൽ മൂഡിലേക്ക് ഉയർത്തുന്നുണ്ട്. ഒരു ആഘോഷചിത്രം എന്ന നിലയിൽ ഗുരുവായൂരമ്പല നടയിൽ വിജയചിത്രമാണ്. പക്ഷേ കലാപരമായി നോക്കുമ്പോൾ അത്ര മെച്ചമൊന്നുമല്ല ചിത്രം. എന്നിരുന്നാലും നമുക്കും ഈ ആഘോഷത്തിൽ പങ്കാളിയാവാം.ഇത്തരം സിനിമകളും വിജയങ്ങും ഈ ഇൻഡസട്രിക്ക് അനിവാര്യമാണ്.
വാൽക്കഷ്ണം: പക്ഷേ ഈ ചിത്രത്തിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ, ഗുരുവായൂരമ്പല നട സെറ്റിട്ട കലാസംവിധായകൻ സുനിൽകുമാറാണ്. ഇതു യഥാർഥ ക്ഷേത്രമാണെന്നു ധരിച്ച്, തൊഴുതു പ്രാർത്ഥിക്കുന്ന സ്ത്രീയുടെ വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ സെറ്റിനും ശേഷം ഇത്രയും ഒറിജിനാലിറ്റിയോടെയുള്ള ഒരു സെറ്റ് അത്ഭുതമാണ്!