ഒട്ടേറെ അട്ടിമറികള്‍ കണ്ട വര്‍ഷമാണെങ്കിലും പണക്കിലുക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ബോക്സോഫീസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച വര്‍ഷമെന്ന ഖ്യാതിയോടെയാണ് 2025 ക്ലൈമാക്സിന് ഒരുങ്ങുന്നത്.ഈ വാരം പുറത്തിറങ്ങിയ ധുരന്തറും അടുത്തവാരം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്തുമസ് റിലീസ് കൂടി മിന്നിച്ചാല്‍ ഇന്ത്യന്‍ സിനിമാലോകം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ കലക്ഷനിലേക്ക് ഇ വര്‍ഷം എത്തും.

ഇന്ത്യന്‍ ബോക്‌സ്ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ വര്‍ഷം 2023 ആയിരുന്നു. 12,226 കോടി രൂപയാണ് വിവിധ ഭാഷാ സിനിമകള്‍ ചേര്‍ന്ന് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആ വര്‍ഷം നേടിയത്. ഈ വര്‍ഷത്തെ കാര്യമെടുത്താല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്ന കളക്ഷന്‍ 9,409 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം ഉയര്‍ന്ന കളക്ഷനാണ് ഇത്. മൂന്ന് മാസങ്ങളിലെ കണക്കുകളാണ് ഈ വര്‍ഷം ഇനി വരാനുള്ളത്. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ നിന്ന് ലഭിക്കുന്നത് കൂടി ചേര്‍ത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് 12,000 കോടി കടക്കുമെന്നാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സിന്റെ കണക്കുകൂട്ടല്‍. ചരിത്രത്തില്‍ ഏറ്റവുമധികം കളക്ഷന്‍ വന്ന 2023 നെ മറികടന്ന് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച വര്‍ഷമാവാനും 2025 ന് ചാന്‍സ് ഉണ്ടെന്നാണ് വിലയിരുത്തല്‍.

സാമ്പത്തിക കാര്യത്തില്‍ എല്ലാ ഇന്‍ഡസ്ട്രിയും സേഫ് ആണങ്കിലും സമാനമായ ഒരു കൗതുകം ഇ വര്‍ഷം എല്ലായിടത്തും കാണാം.ബിഗ്ബജറ്റ് ചിത്രങ്ങളുടെ സമ്പൂര്‍ണ്ണ പരാജയമായിരുന്നു അത്.മലയാളം മാത്രമാണ് അതിന് കുറച്ചെങ്കിലും അപവാദം. മറ്റ് ഇന്‍ഡസ്ട്രികളില്‍ ഒക്കെ തന്നെ വലിയ പ്രതീക്ഷയോടെ വന്ന ബിഗികള്‍ക്കെല്ലാം കാലിടറി.ചെറിയ ബജറ്റില്‍ പ്രതീക്ഷകള്‍ ഏതുമില്ലാതെ എത്തിയ ചിത്രങ്ങളുടെ അവിശ്വസനീയ കുതിപ്പിലാണ് ഇന്ത്യന്‍ ബോക്സോഫീസ് സ്വപ്നനേട്ടത്തിലെക്ക് കുതിക്കുന്നത്. ഇതില്‍ എടുത്തുപറയേണ്ട കാഴ്ചയാണ് ആനിമേഷന്‍ ചിത്രമായ മഹാവതാര്‍ നരംസിഹയുടെ കുതിപ്പ്. നരസിംഹാവതാരത്തില്‍ ഇന്ത്യന്‍ ബോക്സോഫീസ് തന്നെ കുലങ്ങിയ വര്‍ഷം.ഒറ്റവാക്കില്‍ ഇങ്ങനെ വിലയിരുത്താം 2025.




ഛാവയില്‍ കുതിച്ച ബോളിവുഡ്.. കരുത്തായത് പക്ഷെ മൊഴിമാറ്റ ചിത്രങ്ങള്‍

ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ വിവിധ ഭാഷാ ഇന്‍ഡസ്ട്രികളുടെ ഷെയര്‍ നോക്കിയാല്‍ ബോളിവുഡിന്റെ ആധിപത്യത്തിന് മാറ്റമൊന്നും ഇല്ല. 39 ശതമാനമാണ് ഈ വര്‍ഷം ഇതുവരെ ബോളിവുഡിന്റെ സംഭാവന.2024 ലെ കുറവ് നികത്താന്‍ പ്രതിക്ഷയോടെയാണ് ബോളിവുഡ് തുടങ്ങിയത് എങ്കിലും ജനുവരിയില്‍ പക്ഷെ കാര്യമായ വിജയങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. എന്നാല്‍ ഫെബ്രുവരിയില്‍ ഛാവ എത്തിയതോടെ ബോളിവുഡ് ഗിയര്‍ മാറ്റി.പ്രതീക്ഷകളില്ലാതെ എത്തിയ ചിത്രം ബോക്സോഫീസില്‍ വമ്പന്‍ വിജയമായി.790 കോടിയാണ് ഛാവ ബോക്സ് ഓഫീസില്‍ നേടിയത്. ആദ്യദിനം തന്നെ ചിത്രം ആഗോളതലത്തില്‍ 50 കോടി നേടിയിരുന്നു.എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും പരാജയ ശ്രേണിയിലേക്ക് വീണ ബോളിവുഡ് കരകയറിയത് കേസരി ചാപ്റ്റര്‍ 2 ന്റെ റിലീസോടെയാണ്.

പരാജയ ചിത്രങ്ങളുടെ ഭാഗമായ അക്ഷയ് കുമാര്‍ ആയതിനാല്‍ തന്നെ കോര്‍ട്ട് റൂം ഡ്രാമയായി വലിയ പ്രതീക്ഷകള്‍ ഇല്ലാതെ വന്ന ചിത്രം പക്ഷെ ബോക്സോഫീസിന്‍ മികച്ച നേട്ടം കൊയ്തു.100 കോടി കലക്ഷന്‍ പിന്നിട്ടാണ് 63 ദിവസത്തെ തിയേറ്റര്‍ റണ്‍ ചിത്രം അവസാനിപ്പിച്ചത്.

തുടര്‍ന്നുള്ള മാസങ്ങളില്‍ ഹൗസ്ഫുള്‍ 5 ഉള്‍പ്പടെ പ്രതീഷയുള്ള നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയെങ്കിലും മിക്കവയെയും പ്രേക്ഷകര്‍ നിര്‍ദ്ദാക്ഷണ്യം തള്ളിക്കളഞ്ഞു.ചുരുങ്ങിയ ചില ചിത്രങ്ങള്‍ ശരാശരി വിജയം കൊണ്ട് തൃപ്തിപ്പെട്ടു.ജുലൈയില്‍ പുറത്തിറങ്ങിയ സൈയാറ യാണ് ബോളിവുഡിലെ അടുത്ത ക്ലീന്‍ ഹിറ്റ്.സൂപ്പര്‍ താര ചിത്രങ്ങളെപ്പോലും തകര്‍ത്ത് 600 കോടിക്ക് മുകളിലാണ് ചിത്രം വാരിക്കുട്ടിയത്.

ഇതേ മാസം തന്നെയാണ് ഈ വര്‍ഷം കലക്ഷനില്‍ ഇന്ത്യന്‍ സിനിമ കണ്ട മഹാത്ഭുതം മഹാവതാര്‍ നരസിംഹ മൊഴിമാറ്റ ചിത്രവും റിലീസിനെത്തുന്നത്. തെലുഗ് ചിത്രമാണെങ്കിലും കലക്ഷനില്‍ ബഹുഭൂരിപക്ഷവും വന്നത് ഹിന്ദി പതിപ്പില്‍ നിന്നാണ്. 187.5 കോടിയാണ് ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍.ഇവിടുന്നങ്ങോട്ട് ശരാശരി വിജയങ്ങള്‍ ബോളിവുഡിന് ആശ്വാസമായി.അമീര്‍ഖാന്റെ സിതാരെ

സമീന്‍ പര്‍,ജോളി എല്‍ എല്‍ ബി 3,പരംസുന്ദരി, തമ തുടങ്ങിയ ചിത്രങ്ങള്‍ ശരാശരി വിജയമായി.എന്നാല്‍ പ്രതീക്ഷകളാേടെ വന്ന വാര്‍,ബാഗി, സിക്കന്ദര്‍ തുടങ്ങി നിരവധി സൂപ്പര്‍ താര ബിഗ്ബജറ്റ് സിനിമകള്‍ നിലംപരിശാകുന്ന കാഴ്ച്ചയ്ക്കും ബോളിവുഡ് സാക്ഷിയായി.

ബോക്സോഫീസ് വിജയം മാത്രമല്ല ചിത്രത്തിന്റെ വിജയപരാജയം നിര്‍ണ്ണയിക്കുന്നതെങ്കില്‍ പരാമര്‍ശിക്കാതെ പോകാന്‍ കഴിയാത്ത ചിത്രമാണ്

ഹോംബൗണ്ട്.തിയേറ്ററില്‍ ചലനങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ഒടിടി റിലീസിന് ശേഷം ഈ ചിത്രം നേടുന്ന അഭിപ്രായങ്ങള്‍ സമാനകള്‍ ഇല്ലാത്തതാണ്.ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ആയതും ഈ കുഞ്ഞുസുന്ദര സിനിമയാണ്.ഈ വാരം പുറത്തിറങ്ങിയ ധുരന്തര്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുമ്പോള്‍ ക്രിസ്തുമസ് റിലീസായി എത്തുന്ന ആല്‍ഫയാണ് മറ്റൊരു പ്രതീക്ഷ.ഇത് കൂടി വിജയിച്ചാല്‍ സമീപകാലത്തെ മികച വര്‍ഷമായി ബോളിവുഡിന് 2025 ല്‍ എന്‍ഡ് ടൈറ്റില്‍ ഇടാം.



രജനീകാന്തിന് ഉള്‍പ്പടെ കാലിടറിയ വര്‍ഷം..വരവറിയിച്ച് പ്രദീപ് രംഗനാഥന്‍;അഭിമാനമായി ടൂറിസ്റ്റ് ഫാമിലിയും ബൈസനും

ഇന്ത്യന്‍ ബോക്സോഫീസില്‍ കണ്ട കാഴ്ച്ചയുടെ അതേ പ്രതിഫലനമായിരുന്നു തമിഴ്ബോക്സോഫിസിലും ഇക്കുറി.കലക്ഷനില്‍ മറ്റു ചിത്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ രജനീകാന്തിന്റെ കൂലിയും അജിത്തിന്റെ ഗുഡ്ബാഡ്അഗ്ലിയുമൊക്കെ മുന്‍പന്തിയിലുണ്ടെങ്കിലും ചിത്രത്തിന്റെ ബജറ്റ് വച്ച് കണക്കാക്കുമ്പോള്‍ ഇവയൊക്കെ തന്നെയും പരാജയ ചിത്രങ്ങളാണ്.ഇവിടെയാണ് പ്രദീപ് രംഗനാഥന്‍ എന്ന പുതുമുഖ നടന്റെ വളര്‍ച്ച തമിഴ് സിനിമാ ലോകം കണ്ടത്.നായകനായെത്തിയ ഡ്രാഗണും ഡൂഡൂം തമിഴിലെ ഈ വര്‍ഷത്തെ വലിയ വിജയങ്ങളായി.എന്നാല്‍ നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ധനുഷിനും പരാജയം രുചിക്കേണ്ടി വന്നു.

അജിത്തിന്റെ വിടാമുയര്‍ച്ചിയായിരുന്നു തമിഴിലെ ഈ വര്‍ഷത്തെ ആദ്യത്തെ മേജര്‍ റിലീസ്.ഫെബ്രുവരിയില്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് കനത്ത പരാജയം നേരിടേണ്ടി വന്നു.എന്നാല്‍ അതേമാസം പ്രദീപ് രംഗനാഥന്‍ നായകനായി വാലന്റൈന്‍സ് ഡേ റിലീസായി എത്തിയ ഡ്രാഗണ്‍ വന്‍വിജയമായി.നടനെന്ന നിലയില്‍ പ്രദീപിന്റെ പേര് ഉറപ്പിച്ച ചിത്രം കൂടിയായിരുന്നു ഡ്രാഗണ്‍.അതേ ആഴ്ച്ച തന്നെയാണ് ധനുഷ് സംവിധാനം ചെയ്ത നിലാവുക്ക് എന്‍മേല്‍ എന്നടി കോപം പ്രദര്‍ശനത്തിനെത്തുന്നത്.മാത്യുവുള്‍പ്പടെ യുവതാരങ്ങള്‍ അണിനിരന്ന ചിത്രം വമ്പന്‍ പരാജയമായി.മാര്‍ച്ചില്‍ വിക്രം നായകനായ വീരധീരസൂരന്‍ പാര്‍ട്ട് 2 തിയേറ്ററിലെത്തി.മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ സാമ്പത്തിക വിജയമായില്ല.

ഏപ്രില്‍ മാസത്തിലാണ് അജിത്തിന്റെ ഏറെ പ്രതീക്ഷയുള്ള ഗുഡ്ബാഡ്അഗ്ലി പ്രേക്ഷകരിലേക്കെത്തിയത്.ആദ്യദിവസങ്ങളില്‍ നേടിയ കലക്ഷന്റെ പിന്‍ബലത്തില്‍ ചിത്രം ഇ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസിലെ പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉണ്ടെങ്കില്‍ ചിത്രത്തിന്റെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ആദിക് രവിചന്ദ്രന്‍ ചിത്രം പരാജമായി.ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം വന്നെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഭിപ്രായം മാറിമറിഞ്ഞത് ചിത്രത്തിന് തിരിച്ചടിയായി.തൊട്ടടുത്ത മാസമാണ് കാര്‍ത്തിക സുബ്ബരാജ് -സുര്യ ചിത്രം തിയേറ്ററിലെത്തിയത്.സൂര്യയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകര്‍ക്ക് ഇക്കുറിയും നിരാശയായിരുന്നു ഫലം.സാമ്പത്തികമായും ചിത്രം ശരാശരിയിലൊതുങ്ങി.എന്നാല്‍ ഇതിനൊപ്പം ഒരു പ്രതീക്ഷയുമില്ലാതെയെത്തിയ ടൂറിസ്റ്റ് ഫാമിലി മികച്ച ചിത്രമെന്ന അഭിപ്രായത്തോടൊപ്പം സാമ്പത്തികമായും വന്‍വിജയമായി.

2025 നെ തമിഴ്സിനിമ അടയാളപ്പെടുത്തുന്നത് പോലും ഈ കൊച്ചുചിത്രത്തിന്റെ പേരിലാണ്.ജൂണിലാണ് ഈ വര്‍ഷം തമിഴ് സിനിമ എറ്റവും കൂടുതല്‍ കാത്തിരുന്ന മണിരത്നം- കമലഹാസന്‍ ചിത്രം തഗ്ഗ് ലൈഫ് തിയേറ്ററിലെത്തിയത്.ഇന്ത്യന്‍ ടുവില്‍ കാലിടറിയ കമല്‍ഹാസന് അതിനേക്കാള്‍ വലിയ പ്രഹരമാണ് തഗ്ഗ് ലൈഫില്‍ ഉണ്ടായത്.സാമ്പത്തികമായി ഈ വര്‍ഷത്തെ വലിയ പരാജയങ്ങളിലൊന്നായ ചിത്രം വ്യാപകവിമര്‍ശനവും നേരിട്ടു.തുടര്‍ന്നുള്ള മാസങ്ങളില്‍ നിരവധി ചിത്രങ്ങള്‍ തിയേറ്ററിലെത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ത്രി ബിഎച്ച്കെ,ഫഹദ്-വടിവേലു ചിത്രം മാരീസന്‍,വിജയ് സേതുപതി ചിത്രം തലവന്‍ തലൈവി എന്നിവ മാത്രമായിരുന്നു.ആഗസ്ത് 15 ന് ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന രജനീകാന്ത് -ലോകേഷ് ചിത്രം കൂലി തിയേറ്ററിലെത്തി.ഏവരെയും ഞെട്ടിച്ച് കൂലിയും ശരാശരി പ്രകടനത്തിലൊതുങ്ങി.ലോകേഷിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയവുമായി കൂലി.




ഒക്ടോബറില്‍ ദീപാവലി റിലീസായാണ് തമിഴില്‍ പിന്നീട് മേജര്‍ റിലീസുകള്‍ ഉണ്ടായത്.ധനുഷ് തന്നെ നായകനായി സംവിധാനം ചെയ്ത ഇഡലി കടൈ,മാരി സെല്‍വരാജ് ചിത്രം ബൈസന്‍ കാലമാടന്‍,പ്രദീപ് രംഗനാഥന്‍ ചിത്രം ഡൂഡ്.ഇഡലി കടൈ ശരാശരി വിജയത്തിലൊതുങ്ങിയപ്പോള്‍ ഡൂഡും ബൈസന്‍ കാലമാടനും വിജയങ്ങളായി.ഡൂഡ് സമിശ്ര അഭിപ്രായത്തിലും മികച്ച സാമ്പത്തിക വിജയം നേടി.എന്നാല്‍ മാരിസെല്‍വരാജ് പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രമായി.ഇതിനൊപ്പം വിശാല്‍ നായകനായ ത്രില്ലര്‍ ചിത്രം ആര്യനും തിയേറ്ററിലെത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയില്ല.നവംബര്‍ അവസാനമിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കാന്തയും നിരൂപകശ്രദ്ധ നേടിയെങ്കിലും സാമ്പത്തികമായി ചിത്രം വിജയം കണ്ടില്ല.ഈ വര്‍ഷം അവസാനിക്കാന്‍ ഇരിക്കെ പ്രദീപ് നായകനായി വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ലവ് ഇന്‍ഷൂറന്‍സ് കമ്പനിയാണ് തമിഴിലെ പ്രതീക്ഷയുള്ള ചിത്രം.എടുത്തു പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത തമിഴ് സിനിമാ ലോകത്തിന് ഒരു വിജയത്തിലൂടെ ഈ വര്‍ഷത്തോട് യാത്രപറയാന്‍ പറ്റുമോ എന്ന പ്രതീക്ഷയിലാണ് ലവ് ഇന്‍ഷൂറന്‍സ് കമ്പനി എത്തുന്നത്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ വിവിധ ഭാഷാ ഇന്‍ഡസ്ട്രികളുടെ ഷെയര്‍ നോക്കിയാല്‍ 15 ശതമാനവുമായി മൂന്നാമത് തമിഴ് സിനിമാ ലോകം.




പ്രതീക്ഷകാത്ത് ഈ വര്‍ഷത്തെ വലിയ വിജയമായി കാന്തര 1..അത്ഭുതമായി മഹാവതാര്‍ നരസിംഹ!സര്‍പ്രൈസ് ഹിറ്റായി സുഫ്രംസോയും

സമീപകാലത്ത് ഏറ്റവും മികച്ച സിനിമകള്‍ ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ സംഭാവന ചെയ്യുന്ന ഇന്‍സ്ട്രിയായി മാറുകയാണ് കന്നട.പ്രദേശികമായി നിരവധി ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ പ്രദര്‍ശനത്തിനെത്തി സാമ്പത്തികമായും കലാപരമായും മികച്ച വിജയം നേടാന്‍ കന്നട സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന ഈ പതിവ് ഇക്കുറിയും കന്നഡ സിനിമ മേഖല തെറ്റിച്ചില്ല.ഈ വര്‍ഷത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായ കാന്തര ചാപ്റ്റര്‍ 1,അത്ഭുത വിജയമായ മഹാവതാര്‍ നരംസിഹ,സര്‍പ്രൈസ് ഹിറ്റായ സു ഫ്രം സോ മൂന്നം കന്നഡ സിനിമയുടെ സംഭവനകളാണ്.

പ്രതീക്ഷകളുമായി വന്ന ബിഗ്ഗിസ് ഒക്കെ പ്രതീക്ഷ അസ്ഥാനത്താക്കി ഈ വര്‍ഷം പരാജയം രുചിച്ച് പ്രേക്ഷകനെ നിരാശരാക്കിയെങ്കില്‍ പ്രതീക്ഷയക്കൊത്തൊ അതിന് മുകളിലൊ സമ്മാനിച്ച് ഈ വര്‍ഷത്തെ വലിയ വിജയമായി മാറിയ ചിത്രമാണ് കാന്താര ചാപ്റ്റര്‍ 1.ഒക്ടോബര്‍ 2 നായിരുന്നു 'കാന്താര ചാപ്റ്റര്‍ 1' ന്റെ റീലീസ്.ദീപാവലി സമയത്ത് മറ്റ് ഇന്‍ഡസ്ട്രികളിലൊക്കെ പ്രമുഖ റിലീസുകള്‍ ഉണ്ടായിരുന്നിട്ട് കൂടി അവിടങ്ങളിലൊക്കെയും മികച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചു.125 കോടി ചിലവിട്ട് നിര്‍മ്മിച്ച ചിത്രം 900 കോടിക്ക് മുകളില്‍ നേടിയാണ് തിയേറ്റര്‍ വിട്ടത്.

പെട്ടന്നുള്ള ഒടിടി റിലീസും വിദേശ മാര്‍ക്കറ്റിലെ വിതരണത്തിലെ അപാകതയും ശ്രദ്ധിച്ചിരുന്നെങ്കില്‍ 1000 കോടിയെന്ന മാന്ത്രിക സംഖ്യ ചിത്രം പിന്നിടുമായിരുന്നു.

സിനിമകളുടെ ജയപരാജയങ്ങള്‍ക്ക് എപ്പോഴുമുള്ള ഒരു അപ്രവചനീയ സ്വഭാവമുണ്ട്. കൊട്ടിഘോഷിച്ചെത്തുന്ന സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും ജനപ്രീതി നേടുന്നതില്‍ പരാജയപ്പെട്ട് ബോക്‌സ് ഓഫീസില്‍ മൂക്ക് കുത്തുമ്പോള്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ എത്തുന്ന ചില ചിത്രങ്ങളെ പ്രേക്ഷകരെ പാടിപ്പുകഴ്ത്താറുണ്ട്.ബോക്‌സ് ഓഫീസ് നിറയ്ക്കാറുമുണ്ട് അത്തരം ചിത്രങ്ങള്‍.ഇന്ത്യന്‍ സിനിമാലോകത്തെ ഈ വര്‍ഷം അമ്പരപ്പിച്ച നിരവധി ചിത്രങ്ങളുണ്ട്.ബോക്‌സ് ഓഫീസ് വിജയങ്ങളുടെ കാര്യമെടുത്താല്‍ നിരവധി സര്‍പ്രൈസ് ഹിറ്റുകളും. എന്നാല്‍ അക്കൂട്ടത്തില്‍ മറ്റുള്ളവയില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന ഒരു ചിത്രം ഉണ്ടായതും കന്നഡയിലാണ്.

ആനിമേഷന്‍ ചിത്രമായ മഹാവതാര്‍ നരസിംഹയാണ് ആ ചിത്രം.ക്ലീം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച്,പ്രശസ്ത ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് അവതരിപ്പിച്ച്,അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം 2024 നവംബറില്‍ ഗോവ ചലച്ചിത്ര മേളയിലാണ് പ്രീമിയര്‍ ചെയ്തത്.എന്നാല്‍ തിയറ്റര്‍ റിലീസ് ഈ വര്‍ഷം ജൂലൈ 25 നും.കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി 2ഡിയിലും 3ഡിയിലുമായാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

15 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് ഇത്.തിയറ്ററുകളില്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴും ഇന്ത്യയില്‍ ആകമാനം 240 ല്‍ ഏറെ തിയറ്ററുകളില്‍ ചിത്രം തുടര്‍ന്നിരുന്നു.പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 249.95 കോടിയാണ്. ഗ്രോസ് 297.38 കോടിയും.വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 28 കോടിയും ചിത്രം നേടി. അങ്ങനെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആകെ മഹാവതാര്‍ നരസിംഹയുടെ നേട്ടം 325.38 കോടിയാണ്.അതായത് ബജറ്റിന്റെ 21 ഇരട്ടിയാണ് ചിത്രം അമ്പത് ദിവസത്തില്‍ കളക്റ്റ് ചെയ്തത്!

കലക്ഷനില്‍ ബഹുഭൂരിപക്ഷവും വന്നത് ഹിന്ദി പതിപ്പില്‍ നിന്നാണ്. 187.5 കോടിയാണ് ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍. രണ്ടാമത് തെലുങ്ക് പതിപ്പും. 49.12 കോടിയാണ് ഇന്ത്യയില്‍ നിന്ന് തെലുങ്ക് പതിപ്പ് നേടിയ നെറ്റ് കളക്ഷന്‍.ഇന്ത്യന്‍ സിനിമകളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ നാലാമത്തെ കളക്ഷന്‍ ഈ ചിത്രത്തിന്റെ പേരിലാണ്. അഭിനേതാക്കളില്ലാത്ത ഒരു എക്‌സ്‌പെരിമെന്റല്‍ അനിമേഷന്‍ ചിത്രം നേടിയ കളക്ഷന്‍ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ പുതിയ സാധ്യതകളാണ് തുറക്കുന്നത്.മാത്രമല്ല മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റ ചെയ്ത ചിത്രം അതാത് ഭാഷകളില്‍ ഈ വര്‍ഷത്തെ മികച്ച സാമ്പത്തിക വിജയ പട്ടികയില്‍ ആദ്യ പത്തില്‍ തന്നെയുണ്ട്.

സുഫ്രംസോയാണ് കന്നഡയില്‍ ഇത്തവണ പ്രേക്ഷകരെ സര്‍പ്രൈസ് ചെയ്ത മറ്റൊരു ചിത്രം.കന്നഡ ഇന്‍ഡസ്ട്രിയില്‍ നൂറുകോടി പിന്നിട്ട ചിത്രം കേരള ബോക്സോഫിലും തരംഗമായി.ആദ്യം 75 സ്‌ക്രീനില്‍ പ്രദര്‍ശനമാരംഭിച്ച ചിത്രം പ്രേക്ഷക അഭ്യര്‍ത്ഥന മാനിച്ച് 225 സ്‌ക്രീനിലേക്ക് വര്‍ധിപ്പിച്ചിരുന്നു.'കെജിഎഫ് 2', 'കാന്താര' എന്നീ സിനിമകള്‍ക്ക് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ ചിത്രമെന്ന ഖ്യാതിയും ഈ ചിത്രം നേടി.ട്ര്ാക്കര്‍മാരുടെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്സോഫീസിലേക്കുള്ള ഷെയറില്‍ നാലാം സ്ഥാനത്താണ് കന്നഡ ഇന്‍ഡ്സ്ട്രി




പ്രതീക്ഷയ്ക്കൊത്തുയരാതെ തെലുങ്ക് സിനിമ..ആശ്വാസമായത് ഒജി മാത്രം!

തെലുങ്ക് സിനിമ മേഖലയ്ക്കൊപ്പം മറ്റ് ഭാഷകള്‍ക്ക് കൂടി പ്രതീക്ഷയുള്ള നിരവധി പ്രൊജക്ടുകള്‍ ഇത്തവണ തെലുങ്കില്‍ ഉണ്ടായെങ്കിലും ഒന്നും തന്നെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയപ്പോള്‍ ഇന്‍ഡസ്ട്രി മറക്കാനാഗ്രഹിക്കുന്ന വര്‍ഷമാകും 2025.അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഈ വര്‍ഷത്തെ തെലുങ്കിലെ ഏറ്റവും പണം വാരി ചിത്രം കന്നഡയില്‍ നിന്ന് മൊഴിമാറ്റിയെത്തി മഹാവതാര്‍ നരസിംഹയാണ്.പവന്‍ കല്യാണ്‍ നായകനായ ഒജി യാണ് തെലുങ്ക് ഭാഷയില്‍ സാമ്പത്തിക വിജയം നേടിയ ഏക ചിത്രം.പി്ന്നാലെ ദഗ്ഗുബതി വെങ്കിടേഷ് അഭിനയിച്ച 'സംക്രാന്തികി വാസ്തുനം' എന്ന തെലുങ്ക് ചിത്രവും പ്രതീക്ഷ കാത്തു.

ബാക്കി ഒട്ടുമിക്ക ചിത്രവും ശരാശരിയിലൊതുങ്ങിയപ്പോള്‍ പ്രതീക്ഷയുടെ അമിതഭാരം പേറിയെത്തിയ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളുമായി.കിങ്ഡം,ഹരഹര വീരമല്ലു,ഹിറ്റ് 3,ഡാകു മഹരാജ്,മിറായ്,ഗെയിംചെയ്ഞ്ചര്‍ തുടങ്ങിയവയൊക്കെയും ശരാശരിയൊ അതില്‍ താഴെയോ മാത്രമായി ഒതുങ്ങി.നന്ദമൂരി ബാലകൃഷ്ണയുടെ അഖണ്ഡ 2 ഈ വര്‍ഷം റിലീസ് പറഞ്ഞിരുന്നെങ്കിലും മാറ്റിവച്ചതും ഇന്‍ഡസ്ട്രിക്ക് തിരിച്ചടിയായി.സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യന്‍ ബോക്സോഫീസിലേക്കുള്ള ഷെയറില്‍ ബോളിവുഡ് കഴിഞ്ഞാല്‍ 20 ശതമാവനുമായി രണ്ടാം സ്ഥാനം തെലുങ്ക് സിനിമാ മേഖലയ്ക്കാണ്.




വാണിജ്യ വിജയത്തിനൊപ്പം കലാമൂല്യവും.. അഭിമാന നിറവില്‍ മലയാളം

മലയാള സിനിമ മേഖലയെ സംബന്ധിച്ചിടത്തോളം എല്ലാതരത്തിലും മികച്ച വര്‍ഷം തന്നെയാണ് 2025.സാമ്പത്തികമായി സമീപകാലത്തെ ഏറ്റവും മികച്ച വളര്‍ച്ച കണ്ടപ്പോള്‍ കലാമൂല്യത്തിലും മലയാള സിനിമ തിളങ്ങി.കേരള ബോക്സോഫിസിലും ആഗോള ബോക്സോഫിസിലും ഇന്ഡസ്ട്രി ഹിറ്റ് മാറി മറിഞ്ഞ വര്‍ഷമാണ് മലയാളത്തിന് 2025.ഇന്ത്യയിലെ തന്നെ മികച്ച കലക്ഷന്‍ നേടിയ ആദ്യ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ 2 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുമാണ്.ലോകയും എമ്പുരാനും.ലോകയിലുടെ ആദ്യമായി മലയാള സിനിമ 300 കോടി ക്ലബ് കണ്ടു.വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തുടരും എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം നേടിയ ഇന്‍ഡസ്്ട്രി ഹിറ്റ് നേട്ടത്തെ മാസങ്ങളുടെ ഇടവേളയില്‍ തകര്‍ത്ത് ലോകയുടെ കുതിപ്പുമൊക്കെ മലയാള സിനിമ വ്യവസായത്തിന് കരുത്ത് പകര്‍ന്ന കാഴ്ച്ചകളാണ്.

തുടരും,എമ്പുരാന്‍,ഹൃദയപൂര്‍വ്വം എന്നീ ചിത്രങ്ങളിലുടെ മോഹന്‍ലാല്‍ ഹാട്രിക്ക് 100 കോടി ക്ലബ് നേടിയപ്പോള്‍ ബസൂക്കയിലെയും ഡൊമനിക്ക് ആന്‍ഡ് ലേഡീസ് പേഴ്സിലെ പരാജയത്തെ കളംകാവലിലൂടെ മറികടന്ന് മമ്മൂട്ടിയും ഈ വര്‍ഷത്തെ നേട്ടത്തിന്റെതാക്കി.ഇക്കോ,പൊന്‍മാന്‍,രേഖാചിത്രം,ഗോവയില്‍ ഉള്‍പ്പടെ രാജ്യാന്തര ശ്രദ്ധ നേടിയ സര്‍ക്കീട്ട്,ടോവിനോയുടെ നരിവേട്ട,മൂണ്‍വാക്ക്,നാരായണീന്റെ മൂന്നാണ്‍മക്കള്‍ തുടങ്ങി കലാമൂല്യമുള്ള ചിത്രങ്ങളും ഈ വര്‍ഷം മലയാളത്തെ ശ്രദ്ധേയമാക്കി.

കുഞ്ചാക്കോ ബോബനും പ്രിയാമണിയും പ്രധാന വേഷത്തിലഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി,വ്യസനസമേതം ബന്ധുമിത്രാദികള്‍,ഷാഹി കബീറിന്റെ റോന്ത്,പടക്കളം,ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി തൂടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററില്‍ അത്യാവശ്യം ചലനങ്ങള്‍ ഉണ്ടാക്കി.ക്രിസ്തുമസ് റിലീസായി എത്തുന്ന ദിലീപ് ചിത്രം ഭഭബ,നിവില്‍ പോളി ചിത്രം സര്‍വ്വം മായ എന്നിവയാണ് ഈ വര്‍ഷം അവസാനം മലയാളത്തിന് പ്രതീക്ഷയുള്ള ചിത്രങ്ങള്‍

വളര്‍ച്ചയുടെ പാതയിലാണ്. കൊവിഡ് കാലം ഏല്‍പ്പിച്ച ആഘാതത്തില്‍ തകര്‍ന്ന ചലച്ചിത്ര വ്യവസായം പോയ വര്‍ഷങ്ങളില്‍ ട്രാക്കിലേക്ക് വെറുതെ മടങ്ങി എത്തുകയായിരുന്നില്ല. മറിച്ച് വളര്‍ച്ചയുടെ പടവുകള്‍ വച്ചടി കയറുക കൂടിയായിരുന്നു.ബാഹുബലിക്ക് മുന്‍പ് വ്യവസായം എന്ന നിലയില്‍ ഇന്ത്യന്‍ സിനിമയില്‍ ബോളിവുഡോളം മറ്റൊരു ഭാഷാ ചലച്ചിത്ര വ്യവസായവും എണ്ണപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ന് അതല്ല കഥ. മലയാളത്തില്‍ നിന്നുള്ള ലോക ഉള്‍പ്പടെ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.ഇതര സംസ്ഥാനങ്ങളില്‍ മലയാള ചിത്രങ്ങളടക്കം വലിയ ബോക്‌സ് ഓഫീസ് കളക്ഷനും നേടുകയാണ്.




ഇന്ത്യന്‍ ബോക്‌സ്ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ വര്‍ഷം 2023 ആയിരുന്നു. 12,226 കോടി രൂപയാണ് വിവിധ ഭാഷാ സിനിമകള്‍ ചേര്‍ന്ന് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആ വര്‍ഷം നേടിയത്.ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ നിന്ന് ലഭിക്കുന്നത് കൂടി ചേര്‍ത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് 12,000 കോടി കടക്കുമെന്നാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സിന്റെ കണക്കുകൂട്ടല്‍.ചരിത്രത്തില്‍ ഏറ്റവുമധികം കളക്ഷന്‍ വന്ന 2023 നെ മറികടന്ന് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച വര്‍ഷമാവാനും 2025 ന് ചാന്‍സ് ഉണ്ടെന്നാണ് വിലയിരുത്തല്‍.