90-കള്‍ തൊട്ട് 2010 വരെ നിലനിന്ന ഓള്‍ഡ് സ്‌കുള്‍ കോമഡി ട്രാക്ക് ഓര്‍മ്മയില്ലേ. പ്രിയദര്‍ശനും, സിദ്ദീഖ്-ലാലും, റാഫിയും ഷാഫിയുമൊക്കെ അര്‍മാദിച്ച ലൗഡ് കോമഡിപ്പടങ്ങള്‍. സിറ്റുവേഷണല്‍ കോമഡി, കണ്‍ഫ്യൂഷന്‍ ഡ്രാമ, രക്ഷപ്പെടാനായുള്ള നുണക്കഥകള്‍ എന്നിങ്ങനെയൊക്കെയായുള്ള ഒരു ടോട്ടല്‍ ഫണ്‍ റൈഡ്. ന്യൂജന്‍ തരംഗത്തിന്റെ കുത്തൊഴിക്കുനുള്ളില്‍ നമ്മുടെ കോമഡിയും അല്‍പ്പം സീരിയസായിപ്പോയി! ഒരേ പാറ്റേണിലുള്ള ന്യൂജന്‍ കോമഡിയില്‍നിന്നുള്ള മോചനമാണ്, ത്രില്ലര്‍ ചിത്രങ്ങളുടെ രാജാവായ, കേരളാ ഹിച്ച്കോക്ക് എന്നറിയപ്പെടുന്ന ജീത്തു ജോസഫിന്റെ പുതിയ ചിത്രം, നുണക്കുഴി. ഒരര്‍ത്ഥത്തില്‍ ഇത് പഴയ മോഡിക്കാലത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. പേര് സൂചിക്കുമ്പോലെ നുണകളുടെ ഒരു പെരുംകുഴിയാണ് ചിത്രം. സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലം നുണക്കുമേലെ നുണചേര്‍ത്ത് പടുത്തുയര്‍ത്തുന്ന പ്രശ്നങ്ങളും, തുടര്‍ന്ന് അതിന്റെ കുരുക്കഴിക്കലും.

നിസ്സംശയം പറയാം, മലയാളത്തില്‍നിന്ന് വീണ്ടുമൊരു ഹിറ്റ് കൂടിയുണ്ടാവുകയാണ്. ദൃശ്യവും മെമ്മറീസും അടക്കമുള്ള മെഗാഹിറ്റ് ത്രില്ലര്‍ ചിത്രങ്ങള്‍ എടുത്ത ജീത്തു, മൈ ബോസ്പോലുള്ള കോമഡിചിത്രങ്ങളും എടുത്തിട്ടുണ്ടെന്നത് മറക്കാനാവില്ല. അപാരമാണ് ഈ സംവിധായകന്റെ റേഞ്ച്. ട്വല്‍ത്ത്മാനും കൂമനും എഴുതിയ കെ.ആര്‍. കൃഷ്ണ കുമാറും ട്രാക്ക് വിജയകരമായി മാറ്റിപ്പിടിച്ചിരിക്കുന്നു. ലോജിക്കിനെക്കുറിച്ചും, പൊളിറ്റിക്കല്‍ കറക്ട്നെസ്സിനെക്കുറിച്ചുമൊക്കെ വലിയ ചിന്തകള്‍ ഒന്നുമില്ലാത്തവര്‍ക്ക് നന്നായി ആസ്വദിക്കാവുന്ന സിനിമയാണിത്.

ഊരാക്കുടുക്കുപോലെ ഒരു കഥ

പ്രിയദര്‍ശന്‍ സിനിമളെപ്പോലെ കഥയും, സിറ്റുവേഷ്വനേക്കാളുമൊക്കെ കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ട് സാധൂകരിക്കേണ്ട, അല്ലെങ്കില്‍ എടുത്ത് ഫലിപ്പിക്കേണ്ട ചിത്രമാണിത്. ഇതിന്റെ വണ്‍ലൈന്‍ കേട്ടാല്‍ നമുക്ക് ഒരു പൊട്ടക്കഥയെന്നാണ് തോന്നുക. പക്ഷേ അതിലേക്ക് താരങ്ങള്‍ നിറഞ്ഞുവരുമ്പോള്‍ പടം ആകെ മാറുന്നു. ഒരു പകലും രാത്രിയും കൊണ്ട് അവസാനിക്കുന്ന കഥയാണിത്. 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന സിനിമയുടെ സെറ്റില്‍നിന്ന് നേരെ ഇറങ്ങിവന്നതുപോലെയാണ് ബേസിലിന്റെ കഥാപാത്രം. വലിയ ബിസിനസ് മാഗ്നറ്റായ, അച്ഛന്റെ വിയോഗത്തിന് പിന്നാലെ കോര്‍പ്പറേറ്റ് കമ്പനിയുടെ എം ഡിയായി എത്തിപ്പെടുകയാണ് എബി എന്ന സ്വയംപ്രഖ്യാപിത റിച്ച്മോന്‍. ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ ആഗ്രഹിക്കാത്ത ഇയാള്‍ തന്റെ പുതിയ പദവിയും ഇഷ്ടപ്പെടുന്നില്ല.

വിവാഹം കഴിഞ്ഞ് മൂന്ന് മാസം മാത്രമായതിന്റെ എല്ലാ ആക്രാന്തങ്ങളും അവനുണ്ട്. ഭാര്യയുമൊത്ത് (നിഖില വിമല്‍) പ്രണയ സല്ലാപങ്ങളില്‍ ഏര്‍പ്പെടാനാണ് അയാള്‍ക്ക് താല്‍പ്പര്യം. പിതാവിന് അസുഖമായതിനാല്‍, നേരത്തെ വിവാഹം കഴിപ്പിച്ചത് വിനയായെന്ന് അയാളുടെ അമ്മ ( ലെന) പരിതപിക്കുന്നത്.

ഓഫീസില്‍ എത്തിയാലും എബിയുടെ ചിന്ത എങ്ങനെയെങ്കിലും ഭാര്യയുടെ അടുത്ത് എത്തണമെന്നാണ്. ഭാര്യയോടൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ സ്വന്തം ലാപ്പ്ടോപ്പില്‍ ചിത്രീകരിച്ചുവെച്ച് ഓഫീസ് സമയത്തും അത് കണ്ട് രസിക്കയാണ് അയാളുടെ രീതി. താന്‍ അല്‍പ്പം റിച്ചാണെന്ന അഹന്തയും അയാള്‍ക്കുണ്ട്. റിച്ച്മോന്‍ എന്ന് പൊലീസുകാര്‍ കളിയാക്കുന്നത് വെറുതെയല്ല. അങ്ങനെ ഇരിക്കെ ആ ദിവസം സ്വന്തം ഓഫീസിലുണ്ടാവുന്ന ഒരു ഇന്‍കം ടാക്സ് റെയ്ഡില്‍ എബി പെട്ടുപോവുന്നു. അയാളുടെയും ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങളുള്ള ലാപ് ടോപ്പ് ഇന്‍കം ടാക്സുകാര്‍ കൊണ്ടുപോവുന്നു. അത് തിരിച്ചുകിട്ടിയിലെങ്കില്‍ ചത്തുകളയുമെന്ന് ഭാര്യയും. അതോടെ എബി പെട്ടുപോവുന്നു. തുടര്‍ന്ന് ലാപ്ടോപ്പ് വീണ്ടെടുക്കാനുള്ള അയാളുടെ ഓട്ടപ്പാച്ചിലാണ്. സമാന്തരമായി മറ്റുചിലരുടെ ഓട്ടവും വരുന്നു. ഒരു ചങ്ങലപോലെ അവ പരസ്പരം കെട്ടുപിണയുന്നു.

സിനിമ നടനും, സിനിമ മോഹിയായ യുവാവും, പോലീസും ഒക്കെ എബിയുടെ ജീവിതത്തിലേയ്ക്ക് എത്തുകയാണ്. ഇവരെല്ലാം തമ്മില്‍ പരസ്പരമറിയാത്ത ബന്ധങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമൊക്കെ ചുറ്റുപിണഞ്ഞ് ഊരാക്കുടുക്കുപോലെയാണ് ചിത്രത്തിന്റെ കഥ. അത് കൂട്ടക്കുഴപ്പത്തിലേക്ക് എത്തുന്ന കണ്‍ഫ്യൂഷന്‍ ഡ്രാമയാണ് കോമഡിയില്‍ പൊതിഞ്ഞ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സിദ്ദീഖിന്റെയും ബൈജുവിന്റെയും അഴിഞ്ഞാട്ടം

നായകന്‍ എന്ന നിലയില്‍ ബേസില്‍ ജോസഫിന് മുന്‍കാലത്ത് ചെയ്തതിനേക്കാള്‍ കുടുതലായൊന്നും ചെയ്യാനില്ല. പക്ഷേ അയാളുടെ ബോഡി ലാംഗ്വേജ് കാണുമ്പോള്‍ തന്നെ ചിരിവരും. വിഷം അടങ്ങിയ മദ്യഗ്ലാസ് അറിയാതെ കുടിച്ചുപോവുമ്പോഴുള്ള ഒരു ആക്ഷനുണ്ട്. ജഗതി ശ്രീകുമാറിനെ ഓര്‍മ്മവരും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള യുവനടനായി ഈ സംവിധായകന്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ബേസിലിന്റെ ഭാര്യയായി വേഷമിട്ട നിഖില വിമലും, 'ഗുരുവയൂര്‍ അമ്പല നടയില്‍നിന്ന്' ഇറങ്ങിവന്നതാണെന്നോ തോന്നുകയുള്ളു. അതേ കലിപ്പന്‍ ഭാവം.

ഗ്രേസ് ആന്റണിയായ ചിത്രത്തിലെ നായിക. തന്റെ റോള്‍ ഗ്രേസ് കലക്കുന്നുണ്ട്. അപാരമായ ചിരി കോമ്പോയാണ്, ഗ്രേസും ബേസിലും തമ്മില്‍. സിനിമാ സ്വപ്നങ്ങളുമായി നടക്കുന്ന ചെറുപ്പക്കാരനായി നമ്മുടെ അഫ്ത്താബും, ഒരു സൂപ്പര്‍ സ്റ്റാറായി മനോജ് കെ ജയനും, നിര്‍മ്മാതാവായി ബിനു പപ്പുവുമൊക്കെ ചിരിപ്പിക്കുന്നുണ്ടെങ്കിലും, ഈ പടത്തിലെ മാന്‍ ഓഫ് ദ മാച്ച് രണ്ടുപേരാണ്. നടന്‍ സിദ്ദീഖും, ബൈജു സന്തോഷും. പ്രിയദര്‍ശന്‍ ചില പടങ്ങളില്‍ ജഗതിയെയും, പപ്പുവിനെയുമൊക്കെ അങ്ങോട്ട് അഴിച്ച് വിടാറുള്ളതുപോലെ സിദ്ദീഖിനെ അങ്ങോട്ട് ജീത്തു അഴിച്ചുവിട്ടിരിക്കയാണ്.

പകല്‍ വെല്‍ ഡ്രസ്ഡായിട്ടുള്ള സ്ട്രിക്റ്റായ ഇന്‍കംടാക്സ് ഓഫീസറായിട്ടും, രാത്രി കൊടും മദ്യപാനിയായ ഒരു അവസരവാദിയായുമുള്ള സിദ്ദീഖിന്റെ വേഷപ്പകര്‍ച്ച കാണേണ്ടതാണ്. മദ്യപിച്ചുള്ള കൗണ്ടറുകളും, മൂപ്പിക്കലുകളും, ആ മുത്രമൊഴിയുമൊക്കെ ലെവല്‍ വേറെയാണ്. സ്ഥിരം മദ്യപാനികള്‍ക്ക് അടി തുടങ്ങുന്നതിന് മുമ്പ് മൂടിയില്‍ കുറച്ച് മദ്യമൊഴിച്ച് ഒന്ന് മണത്തുനോക്കിയുള്ള ഒരു ഷോട്ട് ഡ്രിങ്കുണ്ട്! സിദ്ദീഖ് അത് കാണിക്കുന്നത് കണ്ടാല്‍ ചിരിച്ചു മറിയും. ശരിക്കും വെള്ളമടിക്കയാണോ എന്ന് തോന്നിപ്പോവും. നമ്പര്‍ ട്വന്റി മദ്രാസ് മെയിലില്‍ മോഹന്‍ലാല്‍ കഥാപാത്രമാണ് ഇത്ര സ്വാഭാവികതയോടെ മദ്യപനെ അവതരിപ്പിച്ചിട്ടുള്ളത്.

അതുപോലെയാണ് നടന്‍ ബൈജുവും. ചാനല്‍ ഇന്റവ്യൂകളിലൊക്കെ ഇരുന്ന് കൗണ്ടറിടിക്കുന്ന അതേ ബൈജുവിനെ, സിനിമയിലേക്ക് അങ്ങോട്ട് പറിച്ച് നട്ടിരിക്കയാണ്. ബൈജുവിന്റെ കരിയര്‍ ബെസ്റ്റ് സിനിമകളുടെ കൂട്ടത്തില്‍ ഈ പടവും ഉണ്ടാവുമെന്ന് ഉറപ്പാണ്. ബൈജുവിന്റെ കൗണ്ടറുകള്‍ കൂട്ടച്ചിരി ഉയര്‍ത്തുകയാണ്. അതുപോലെ സൈജു കുറുപ്പും, അസീസും ചിരിപ്പിക്കുന്നുണ്ട്. അജുവര്‍ഗീസിന് ചിത്രത്തില്‍ ചെറുതെങ്കിലും നിര്‍ണ്ണായകമായ ഒരു റോളുണ്ട്.

പക്ഷേ ഈ പടത്തിന്റെ ക്രേഡിറ്റില്‍ ഏറെയും പോകുന്നത് ഡയറക്ടര്‍ ജീത്തു ജോസഫിന് തന്നെയാണ്. പേര് ടൈറ്റിലില്‍ വെച്ചില്ലെങ്കില്‍ ഇതൊരു ജീത്തു ജോസഫ് സിനിമയെന്ന് ആരും പറയാന്‍ പോലും സാധ്യത ഇല്ല. സമയം വലച്ചുനീട്ടി ചിത്രം വെറുപ്പിക്കുന്നുമില്ല. വെറും 2 മണിക്കുറും പത്തുമിനുട്ടുമേ ചിത്രമുള്ളൂ. ഒറ്റവാക്കില്‍ പറഞ്ഞാല്‍, കാശ് വസൂലാവുന്ന ഒരു എന്റര്‍ടെയിനറാണ് നുണക്കുഴി.

വാല്‍ക്കഷ്ണം: ഫണ്‍റൈഡുകളായ, ടോം ആന്‍ഡ് ജെറി കോംമ്പോകളിലൊന്നും നാം ഒരോ സീനിലും, ലോജിക്ക് നോക്കരുത്. അങ്ങനെ നോക്കിയാല്‍ ചിത്രം നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയല്ല. ലാപ്ടോപ്പ് കിട്ടാനായി ഫ്ളാറ്റ് കുത്തിത്തുറക്കാന്‍ ഇറങ്ങുകയാണോ, തലയടിച്ച് വീണ് ചോര ഒഴുകി ഒലിച്ച് 'മരിച്ചവന്' പിന്നെ എണീറ്റ് ഫൈറ്റ് ചെയ്യാന്‍ കഴിയുമോ എന്നൊക്കെ ചോദിച്ചാല്‍, കഥയില്‍ ചോദ്യമില്ല എന്നേ പറയാന്‍ കഴിയു.