- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാളാത്ത പണി; ജോജു ജോര്‍ജിന്റെ ആദ്യ സംവിധാന സംരംഭം കിടിലന്‍; കീടം വില്ലന്മാരായി അഴിഞ്ഞാടി ബിഗ്ബോസ് ഫെയിം സാഗറും ജുനൈസും; ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്; വയലന്‍സ് താങ്ങാന്‍ കെല്‍പ്പില്ലാത്തവര്‍ ചിത്രം കാണേണ്ടതില്ല; ഗാങ്സ്റ്റര്‍ തീം വെച്ച് ഇതാ വ്യത്യസ്തമായ ഒരു പടം
'പണി' ഒരു വ്യത്യസ്ത പടം
ഒരു പുഴുവില്‍ നിന്ന് പൂമ്പാറ്റ രൂപപ്പെടുത്തുപോലുള്ള മനോഹരമായ ഒരു പരിണാമ ചക്രമാണ്, ജോജു ജോര്‍ജ്് എന്ന നടനെ കാണുമ്പോള്‍ ഓര്‍മ്മ വരാറുള്ളത്. മൂന്നു പതിറ്റാണ്ടുമുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കക്ഷി തുടങ്ങിയതാണ്. ആള്‍ക്കൂട്ടങ്ങളിലെ മുഖങ്ങളിലൊന്നായും, ഗുണ്ടാസംഘങ്ങളില്‍ ഒരാളായുമൊക്കെ പഴയ ചിത്രങ്ങളില്‍ അയാള്‍ മന്നിമറഞ്ഞ് പോവുന്നത് കാണാം. നായകന് തല്ലിച്ചതക്കാനുള്ള കളിപ്പാട്ടമായൊക്കെ എത്രയോ കാലം ജോജു വേഷമിട്ടു. പിന്നെ പതുക്കെയുള്ള വളര്‍ച്ച. പ്രതിനായകനായി, സ്വഭാവ നടനായി, കൊടും വില്ലനായി, പിന്നെ നായകനായി... അങ്ങനെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ച. ജോസഫിലും, ഇരട്ടയിലുമൊക്കെ അഭിനയം കൊണ്ട് ഞെട്ടിച്ച ജോജു ജോര്‍ജ് ഇപ്പോള്‍ രചനയും സംവിധാനവും നിര്‍വഹിച്ചും ശ്രദ്ധേയനാവുകയാണ്. അദ്ദേഹം സംവിധാനം ചെയ്ത പണി, എന്ന ചിത്രം ശരിക്കും പാളിപ്പോവാത്ത പണിയാണ്. ജോജുവിന് ശരിക്കും ഡയറക്ടറുടെയും പണിയറിയാമെന്ന് ചുരുക്കം.
ചിത്രത്തിന്റെ വണ്‍ലൈന്‍ കേട്ടപ്പോള്‍ ആദ്യം കൗതുകം തോന്നിയിരുന്നില്ല. എത്രയയോതവണ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട ക്വട്ടേഷന്‍-ഗാങ്സ്റ്റര്‍ തീം വെച്ച് ജോജു എന്തുണ്ടാക്കാനാണ് എന്നാണ് ഈ ലേഖകനൊക്കെ മനസ്സില്‍ കരുതിയത്. പ്രേക്ഷകര്‍ക്കുള്ള ഒരു എട്ടിന്റെ പണിയാവും എന്ന് കരുതി കയറിതാണ്. പക്ഷേ പടം തുടങ്ങി ഇന്റര്‍വെല്‍ ആവുന്നതേ അറിഞ്ഞുള്ളു. അത്ര വേഗത്തിലാണ് ചിത്രം ചലിക്കുന്നത്!
തൃശൂരിലെ ഗുണ്ടാപ്പണിയുടെ കഥ
സാധാരണ നമ്മള്‍ കൊച്ചിയിലെ ഗ്യാങ്ങ്സ്റ്ററുടെ കഥയാണെങ്കില്‍ ഇവിടെ അത് തൃശൂരിലേക്ക് മാറുകയാണ്. അവിടെയാണ് ഗിരി എന്ന ഹൈ പ്രാഫൈല്‍ എക്സ് ഗ്യാങ്ങ്സ്റ്ററുടെ കഥ പറഞ്ഞ് ചിത്രം തുടങ്ങുന്നത്. ഗിരിയുടെ വേഷത്തിന് പെര്‍ഫക്റ്റ് മാച്ചാണ് ജോജു. തൃശൂര്‍ എന്ന കഥാപരിസരം അവതരിപ്പിച്ചതിന് ശേഷം ഗിരിയുടെയും സുഹൃത്തുക്കളുടെയും ലോകത്തേക്ക് പ്രേക്ഷകരുടെ ശ്രദ്ധ കൊണ്ടുപോവുകയാണ് സംവിധായകന്‍. ഓരോ കഥാപാത്രത്തെയും ചിത്രം കൃത്യമായി ബില്‍ഡ് ചെയ്ത കൊണ്ടവരുന്നുണ്ട്. കോളജ് കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ച ഗൗരിയുമൊത്ത് ബിസിനസും മറ്റുമായി ജീവിക്കുന്ന ഗിരിക്ക് പക്ഷേ മറ്റൊരു മുഖവും ഭൂതകാലവുമുണ്ട്.
കേരളവര്‍മ കോളജിലെ സഹപാഠികളും, പിന്നീട് തൃശൂരിനെ വിറപ്പിച്ച ഗ്യാങ്ങായി മാറിയ ഗിരിയും സജിയും കുരുവിളയും ഡേവിയും ജയയും ചേര്‍ന്ന സംഘം ഇപ്പോള്‍ ബിസിനസ് ലോകത്താണ്. അവര്‍ അങ്ങനെ ജീവിച്ചുപോവുമ്പോഴാണ്, എവിടെനിന്നോ രണ്ടു പിള്ളേര്‍ മുട്ടന്‍ പണിയുമായി തൃശൂരില്‍ എത്തുന്നത്. ഗ്യാങ്്സ്റ്റര്‍ പരിപാടിയൊക്കെ നിര്‍ത്തിയെങ്കിലും ഒരു വലിയ ടീം ഗിരിയുടെ പിന്നിലുണ്ട്. പക്ഷ അവരൊക്കെ വിചാരിച്ചിട്ടും ഈ പിള്ളേരെ ഒതുക്കന്‍ കഴിയുന്നില്ല. അവിടെ തുടങ്ങുന്നു പണിയുടെ സ്സപെന്‍സ്. രണ്ടാം പകുതിക്ക് തൊട്ടുമുമ്പാണ് തിരിച്ചടിക്കുന്ന സിഗ്നല്‍ വരുന്നത്. ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറായാണ് ചിത്രമെത്തുന്നത്. ഒപ്പം കുടുംബന്ധങ്ങളുടെ കൂടി നൂലില്‍ കോര്‍ത്താണ് ചിത്രം അണിയിച്ചൊരുക്കുന്നുണ്ട്
മലയാളി ഏറെ കണ്ടുമടുത്താണ് ആക്ഷന്‍ ക്രൈം ഡ്രാമ പരിപാടി. അത് എടുത്ത വിജയിപ്പിക്കുന്ന എന്നത് വലിയൊരു പണിയാണ്. ഇവിടെയും നമ്മള്‍ പണ്ട് കണ്ട പല ഗ്യാങ്ങ്സ്റ്റര്‍ മൂവികളുടെയും ഛായ വരുന്നുണ്ടെങ്കിലും, കഥയില്‍ അപ്പോഴും പുതുമ കൊണ്ടുവരാന്‍, ജോജുവിന് കഴിയുന്നുണ്ട്. വയലന്‍സിന്റെ അതി പ്രസരം സിനിമയിലുണ്ടെന്നും ആക്ഷേപിക്കപ്പെടാവുന്നത്. പക്ഷേ അത് ഈ ഴോണര്‍ സിനിമകളില്‍ സാധാരണവുമാണ്. വയലന്‍സ് താങ്ങാന്‍ കെല്‍പ്പില്ലാത്തവര്‍ ചിത്രത്തിന് പോവാതിരിക്കുന്നതാവും നല്ലത്.
സാധാരണ ഇത്തരം സിനിമകളില്‍ നായകന്‍ നന്‍മമരം ആയിരിക്കം. പക്ഷേ ഇവിടെ അതില്ല. നായകന്‍ വല്യ സംഭവമാണ് എന്ന് കാണിക്കാന്‍ ഒരു ബില്‍ഡപ്പുമില്ല. സിംപിള്‍ ആണ് ഇന്‍ട്രോ. എന്നിട്ടും ഒരു ആക്ഷന്‍ ത്രില്ലറ്റിന്റെ അതേ മൂഡ് കൊടുക്കാന്‍ കഴിയുന്നിടത്താണ് ജോജു ജോര്‍ജ് എന്ന ഫിലിം മേക്കറുടെ വിജയം. പ്രശസ്ത സംവിധായകന്‍ അനുരാഗ് കാശ്യപ്, ചിത്രം കണ്ട് അഭിനന്ദിച്ചത് ഓര്‍ക്കുക. മലയാളസിനിമയില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ക്ലൈമാക്സുമാണ് ചിത്രത്തിന്റെത്.
അഴിഞ്ഞാടി സാഗറും ജുനൈസും
ബിഗ് ബോസ് മലയാളം സീസണ്‍ 6-ലെ മത്സരാര്‍ഥികളായി ശ്രദ്ധപിടിച്ചു പറഞ്ഞിയ സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ഈ ചിത്രത്തിലെ പ്രധാന വില്ലന്‍മ്മാരെ അവതരിപ്പിച്ചിട്ടുള്ളത്. രണ്ടുപേരും പൊളിയാണ്. സിനിമാ കാണുമ്പോള്‍, നമുക്ക് സ്‌ക്രീലിലേക്ക് കയറി ഇവരുടെ ചെപ്പക്കുറ്റിക്ക് നോക്കി ഒന്ന് പൊട്ടിക്കാന്‍ തോന്നും. അത്രക്ക് വെറുപ്പും, ജുഗുപ്സയുമാണ് ഇവര്‍ സൃഷ്ടിക്കുന്നത്. രണ്ടാം പകുതിയിലെ സാഗര്‍ സൂര്യയുടെ പ്രകടനമൊക്കെ ശരിക്കും അഴിഞ്ഞാട്ടം എന്ന് പറയാം. സാഗര്‍ നേരത്തെ 'കുരുതി' എന്ന സിനിമയിലൊക്കെ അഭിനയിച്ച് കഴിവ് തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ജുനൈസാണ് ശരിക്കും ഞെട്ടിച്ചത്. ഭാവിയില്‍ സൂപ്പര്‍ താരങ്ങളാവാന്‍ വരെ കഴിവുള്ള ഫയറുള്ള നടന്‍മ്മാരാണ് ഇവര്‍ രണ്ടുപേരുമെന്ന് നിസ്സംശയം പറയാം. പലപ്പോഴും ഇവരുടെ കഥാപാത്രമാണ് നായകനേക്കാളും മുകളില്‍പോവുന്നത്. സാധാരണ ഗതിയില്‍ ഇത്തരം വ്യത്യസ്തമായ വില്ലന്‍മ്മാരെ തേടി, കന്നഡയിലേക്കോ, ഹിന്ദിയിലേക്കോ ഒക്കെ പോവാറുണ്ട്. പക്ഷേ അതിന്റെയൊന്നും യാതൊരു ആവശ്യവുമില്ലെന്നും, ഈ കേരളത്തിതന്നെ ഒരു പാട് പ്രതിഭകള്‍ ഉണ്ടെന്നും ചിത്രം തെളിയിക്കുന്നു.
പ്രശാന്ത് അലക്‌സാണ്ടര്‍, സുജിത് ശങ്കര്‍, രഞ്ജിത് വേലായുധന്‍ തുടങ്ങിയ ഒരു പാട് താരങ്ങള്‍ ചിത്രത്തിലുണ്ട്. ആരും മോശമായിട്ടില്ല. നായിക, ഗൗരിയായി വേഷമിട്ട അഭിനയയുടെ അഭിനയവും സിനിമയില്‍ എടുത്തുപറയണം. ചെവി കേള്‍ക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത അഭിനയ, ഗൗരിയായി വളരെ ഭംഗിയായി പകര്‍ന്നാടിയിട്ടുണ്ട്. സംഭാഷണങ്ങള്‍ക്ക് അനുസരിച്ചുള്ള അവരുടെ ചുണ്ടനക്കം, സംസാരിക്കാനാവാത്ത ഒരാളുടേതാണെന്ന് തിരിച്ചറിയാനാവില്ല. ശരിക്കും ഒരു അത്ഭുതമാണ് ഈ നടി. ജോജുവിന്റെ അഭിനത്തെക്കുറിച്ച് പ്രേത്യകിച്ച് ഒന്നും പറയേണ്ടകാര്യമില്ലല്ലോ. ആ മഹാനടന്റെ റേഞ്ച് വെച്ചുനോക്കുമ്പോള്‍, ഗിരി ജോജുവിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രവുമല്ല.
രണ്ടുപേരാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. വേണുവും ജിന്റോ ജോര്‍ജും. ഇവരില്‍ ഏതാണ് ആരുടെ വര്‍ക്ക് എന്ന് അറിയാന്‍ കഴിയാത്ത വിധം അത് ചിത്രവുമായി ചേര്‍ന്ന് കിടക്കുന്നു. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. വിഷ്ണു വിജയ്യും സാം സി എസും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്താന്‍ ഇവര്‍ക്കായിട്ടുണ്ട്.
പക്ഷേ ഈ ചിത്രത്തിലെ ഒരു പ്രധാന പേരായ്മ ഇതിലെ പൊലീസ് ഇന്‍വസ്റ്റിഗേഷനുമായി ബന്ധപ്പെട്ട ലോജിക്കില്ലായ്മയാണ്. പൊലീസുകാരൊക്കെ യാതൊരു ബുദ്ധിയുമില്ലാത്ത മനുഷ്യരാണ് എന്നാണ് തോന്നുക. അത്തരത്തിലുള്ള ഫാള്‍ട്ടുകള്‍ പരിഹരിച്ചിരുന്നുവെങ്കില്‍, ചിത്രം എത്രയോ നല്ല അനുഭവമാകുമായിരുന്നു. പക്ഷേ ക്ലൈമാക്സ് അടുപ്പിച്ച് ചിത്രം വല്ലാതെ ഉയരുന്നുണ്ട്. ക്ലൈമാസ് കണ്ടുകഴിഞ്ഞാല്‍ നാം ശരിക്കും നടുങ്ങിപ്പോകും!
വാല്‍ക്കഷ്ണം: അഞ്ചു ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത് എന്നോര്‍ക്കം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മലയാള സിനിമയുടെ വിപണി വിശാലമാവുന്നത്, ഇവിടുത്തെ കലാകാരന്‍മാരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കയാണ്.