- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂട്ടന്റെ ചലന നിയമങ്ങളും ഗുരുത്വാകര്‍ഷണ നിയമവും ഒന്നും ബാധിക്കാതെ അല്ലുവിന്റെ അഴിഞ്ഞാട്ടം; ഫഹദിന്റെ മൊട്ടത്തലയന്‍ പൊലീസും കട്ടക്ക് കട്ട; അരോചകമായത് ഫാമിലി സെന്റിമെന്‍സ്; 70 ശതമാനം ഫയര്‍, 30 ശതമാനം പുഷ്പിക്കല്‍; കത്തിയാണെങ്കിലും പുഷ്പ 2 ബോക്സോഫീസ് കീഴടക്കും!
കത്തിയാണെങ്കിലും പുഷ്പ 2 ബോക്സോഫീസ് കീഴടക്കും!
ജോഷിയുടെ ഒരു ത്രില്ലര്‍ സിനിമയിലേക്ക്, ബാലചന്ദ്രമേനോന്‍ സിനിമകളിലെ ഫാമിലി സെന്റിമെന്‍സ് കയറ്റിവിട്ടാല്‍ എങ്ങനെയിരിക്കും? ഇന്ത്യയൊട്ടാകെ തരംഗമായ അല്ലു അര്‍ജുന്റെ പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗമായ, പുഷ്പ ദി റൂള്‍ കണ്ടാല്‍ തോന്നുക അങ്ങനെയാണ്. അല്ലുവിന്റെ രക്തചന്ദനക്കൊള്ളക്കാരന്‍ പുഷ്പരാജ് എന്ന പുഷ്പയുടെ അഴിഞ്ഞാട്ടവും, ഫഹദിന്റെ വില്ലന്‍ കഥാപാത്രമായ ഭന്‍വര്‍ സിങ് ഷെഖാവത്തിന്റെ അര്‍മാദവുമൊക്കെ കണ്ട് ത്രില്ലടിച്ചിരിക്കുന്ന സമയത്താണ്, അണ്ണന്‍ പാസവും, തങ്കച്ചി പാസവും, ഫാമിലി ഡ്രാമയുമൊക്കെ കയറിവരിക. അതുവരെയുള്ള ഫയര്‍ പോയി പുഷ്പ അപ്പോള്‍ വെറും പുഷ്പിക്കലായി മാറും. ആ ഫാമിലി ഡ്രാമ കുത്തിക്കയറ്റിയില്ലായിരുന്നെങ്കില്‍ സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 ഇന്ത്യന്‍ ബോക്സോഫീസ് ചരിത്രത്തിലെ ഏറ്റവും കളക്ഷന്‍ നേടുന്ന സിനിമയായി മാറിയേനെ!
പുഷ്പ ഒന്നിന്റെ അതേപോലെ അടി, ഇടി, വെടി, ഡാന്‍സ്, പാട്ട് ഫോര്‍മാറ്റിലാണ് ചിത്രത്തിന്റെ യാത്ര. പുഷ്പയുടെ, ജപ്പാനിലെ ഒരു തുറമുഖത്തെ ഇന്‍ട്രോ സീനൊക്കെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന നിലയിലാണ്. 1990കളില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശേഷാചലം കുന്നുകളില്‍ മാത്രം വളരുന്ന അപൂര്‍വ രക്തചന്ദനം കടത്താന്‍ ജോലി ചെയ്യുന്ന ഒരു കൂലിക്കാരനായിരുന്നു പുഷ്പരാജ് ആദ്യഭാഗത്തില്‍. സിനിമ അവസാനിക്കുമ്പോള്‍ അയാള്‍ ചന്ദന മാഫിയയുടെ നേതാവാകുന്നുണ്ട്. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ക്രൂരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഭന്‍വര്‍ സിങ് ഷെഖാവത്തും പുഷ്പയും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവിലാണ് പുഷ്പ ഒന്ന് അവസാനിക്കുന്നത്. രണ്ടാംഭാഗത്തിലേക്ക് വരുമ്പോള്‍ പുഷ്പ, നാഷണല്‍ ലെവല്‍ വിട്ട് ഇന്റര്‍നാഷണല്‍ ലെവലിലേക്ക് വളര്‍ന്നിരിക്കയാണ്. അത് സൂചിപ്പിക്കുന്ന ഇന്‍ട്രോക്ക് ശേഷം ചിത്രം നേരെ ചെല്ലുന്നത് ചിറ്റുരിലേക്കാണ്.
ഇവിടെയൊക്കെ ശരിക്കും ഫയര്‍ തന്നെയാണ് പുഷ്പ. മൊട്ടത്തലയന്‍ ഷെഖാവത്തും പുഷ്പയും തമ്മിലുള്ള, എന്‍കൗണ്ടറുകളൊക്കെ ശരിക്കും തീ പാറുന്നതാണ്. പലയിടത്തും മരണമാസാണ് പുഷ്പ. ഷെഖാവത്ത് രക്തചന്ദനം പിടിച്ചെടുക്കയും, തന്റെ ജോലിക്കാരെ അറസ്്റ്റ് ചെയ്യുകയും ചെയ്യുമ്പോള്‍ പുഷ്പ ചെയ്യുന്നത്, പൊലീസ് സ്റ്റേഷിനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും, അവരുടെ സര്‍വീസ് കാലവധിയില്‍ കിട്ടാനുള്ള മുഴുവന്‍ ശമ്പളവും, കൈക്കൂലിയും, പെന്‍ഷന്‍ തുകയും മൊത്തം ഒറ്റയടിക്ക് കൊടുത്ത് തീര്‍ത്ത് വിലക്കെടുത്ത്, തന്റെ ആളുകളെ രക്ഷിക്കയാണ്. ഷെഖാവത്ത്് തിരിച്ച് തന്റെ ഓഫീസില്‍ എത്തുമ്പോള്‍ അവിടം ഒരാള്‍ മാത്രം. ആത്മാര്‍ത്ഥയുള്ള ഒരാള്‍ ഉണ്ടല്ലോ എന്ന് പറയുമ്പോള്‍ അയാള്‍ പറയുകയാണ് അയാളും കാശ് വാങ്ങിയെന്നും സ്റ്റേഷന്റെ താക്കോല്‍ കൈമാറാന്‍ നിന്നതാണെന്നും. മറ്റുള്ള പൊലീസ് ഓഫീസര്‍മാരൊക്കെയും പുഷ്പയുടെ കാശുവാങ്ങി രാജിവെച്ചു കഴിഞ്ഞു. പ്രതികളെ അവര്‍ തുറന്നുവിടകയും ചെയ്തു.
അതുപോലെ പുഷ്പയുടെ ഭാര്യയുടെ ആഗ്രഹമാണ് മുഖ്യമന്ത്രിക്ക് ഒപ്പം പുഷ്പ നിന്ന് ഒരു ഫോട്ടോ എടുക്കണമെന്ന്. എന്നാല്‍ കള്ളക്കടത്തുകാരന് ഒപ്പമുള്ള ഫോട്ടോ തന്റെ ഇമേജിനെ ബാധിക്കുമെന്ന് കരുതി, സി എം അതിന് തയ്യാറാവുന്നില്ല. ആ ഒരു ഒറ്റക്കാരണത്താല്‍ കോടികള്‍ വാരിയെറിഞ്ഞ് എംഎല്‍എമാരെ വാങ്ങി വീഴ്ത്തി, മുഖ്യമന്ത്രിയെ മാറ്റി തന്റെ സിന്‍ഡിക്കേറ്റ് അംഗത്തെ അധികാരത്തില്‍ കയറ്റുകയാണ് പുഷ്പ.
പക്ഷേ കാണികള്‍, അച്ചോടാ എന്നായിപ്പോവുക ഫാമിലി ഡ്രാമ വരുമ്പോഴാണ്. കുലമഹിമ, പാരമ്പര്യം, രക്തബന്ധം എന്നിവവെച്ചുള്ള ചില വെറുപ്പിക്കല്‍ പാസങ്ങള്‍ കണ്ടാല്‍ ചിരിച്ചുപോകും. ക്ലൈമാക്സ് അടുപ്പിച്ചുള്ള ഇത്തരം സീനുകളില്‍ ജനം അലറി കൂവുകയാണ്. ശരിക്കും കറേ മലങ്കള്‍ട്ട് ഡയലോഗുകള്‍ ഉണ്ട്. പുഷ്പ-3 ക്ക് വഴിമരുന്നിട്ടുകൊണ്ട് 2 അവസാനിക്കുന്ന ഭാഗങ്ങള്‍ ഒട്ടും കണ്‍വിന്‍സ്ഡ അല്ല. അതുവരെ കൊണ്ടുവന്ന ബില്‍ഡപ്പൊക്കെ കുളമാക്കുന്ന രീതിയിലായിപ്പോയി അവസാനത്തെ ഫാമലി ഡ്രാമ.
അല്ലുവിന്റെ പതിവ് ഫയര്‍ ബ്രാന്‍ഡ് ഈ ചിത്രത്തിലുമുണ്ട്. രജനീകാന്തിനെപ്പോലെ സ്റ്റെലാണ് അല്ലുവിന്റെ കരുത്ത്. അല്ലാതെ ഭാവാഭിനയമല്ല.
(പുഷ്പ ഒന്നാം ഭാഗത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം അല്ലുവിന് കിട്ടിയത് എന്നോര്‍ക്കണം. ഈ ജാതി മസാലക്കൊക്കെ ദേശീയ അവാര്‍ഡ് കൊടുക്കുന്ന ജൂറിക്കും കൊടുക്കണം ഒരു നല്ല നമസ്‌ക്കാരം). പക്ഷേ രണ്ടാം ഭാഗത്തില്‍ പുഷ്പ ഷെഖാവത്തിനോട് മാപ്പു പറയുന്ന സീനിലൊക്കെ അല്ലുവിനിലെ നടനെക്കുടി കാണാം. അടിക്കടിയുള്ള ബോക്സോഫീസ് വിജയങ്ങളിലുടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി ഈ യുവ നടന്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രഭാസും, അല്ലുവും, രാം ചരണ്‍ തേജയും, രാജമൗലിയും അടങ്ങും തെലുഗു സിനിമയാണ് ഇന്ന് ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ ഏറ്റവും ശക്തമായ ഇന്‍ഡസ്ട്രിയും.
സൈക്കോ ഷമ്മിയുടെ പൊലീസ് വേര്‍ഷന്‍പോലെ തോന്നിക്കുന്ന, ഷെഖാവത്തനായി ഫഹദും കസറുന്നുണ്ട്. പക്ഷേ ഫാമിലി ഡ്രാമയിലേക്ക് തിരിയുന്നതിന് പകരം ഫഹദിനെ കുറേക്കൂടി ഉപയോഗപ്പെടുത്താമെന്ന് തോന്നി. വിക്രം, വേട്ടയ്യന്‍ തുടങ്ങിയ ചിത്രങ്ങളും ഇതും ചേരുമ്പോള്‍ ശരിക്കും കരുത്താനായ പാന്‍ ഇന്ത്യന്‍ നടനാവുകയാണ് ഫഹദ്. രശ്മിക മന്ദാന അവതരിപ്പിക്കുന്ന ശ്രീവല്ലിയുടെ കഥാപാത്രത്തിന് ആദ്യഭാഗത്തേക്കാള്‍ സീനുകള്‍ ഏറെയുണ്ട്.
നമ്മുടെ യുക്തിചിന്തകള്‍കൊണ്ടും പൊളിറ്റിക്കല്‍ കറക്ടനസ് കൊണ്ടും വിലയിരുത്തപ്പെടേണ്ട സിനിമയല്ല, അല്ലു അര്‍ജുനെപ്പോലുള്ള മെഗാതാരങ്ങളുടെ സിനിമകള്‍. രജനീകാന്തിനെയും, ചിരഞ്ജീവിയെയുമൊക്കെപ്പോലെ ന്യൂട്ടന്റെ ചലനനിയമങ്ങളും, ഗുരുത്വാകര്‍ഷണ നിയമങ്ങളുമൊന്നും സിനിമയില്‍ ബാധകമല്ലാത്ത നടനാണ് അല്ലു. ഇതില്‍ ഒരു രണ്ടുകാലും കൈയും കെട്ടിയിട്ടിട്ടും, തലകൊണ്ട് കുത്തിയും, കടിച്ചുമൊക്കെയുള്ള പുഷ്പയുടെ ഒരു ഫൈറ്റ് സീന്‍ ഉണ്ട്. ലോകത്തില്‍ ഇന്നുവരെ ഇതുപോലെ ഒരു പെരും കത്തി കണ്ടിട്ടില്ല! രണ്ടുകാലും കെട്ടിയിട്ടിട്ടും അയാള്‍ റോക്കറ്റുപോലെ കുതിക്കയാണ്. പക്ഷേ ആരാധകര്‍ക്ക് ഈ കത്തിയെല്ലാം പ്രശ്നമല്ല. അവര്‍ കൈയടിക്കും. അതുകൊണ്ടുതന്നെ പുഷ്പ 2 ബോക്സോഫീസ് കീഴടക്കുമെന്ന് ഉറപ്പാണ്.
ചിത്രത്തിന്റെ ദൈര്‍ഘ്യമാണ് മറ്റൊരു വില്ലന്‍. ആദ്യ പുഷ്പയ്ക്ക് രണ്ട് മണിക്കുര്‍ 55 മിനിട്ടാണ് ഉണ്ടായിരുന്നതെങ്കില്‍, പുഷ്പ 2വിന്റെ സമയം മൂന്നു മണിക്കൂറും 20 മിനുട്ടുമാണ്. വെറുപ്പിക്കുന്ന ഈ ഫാമിലി ഡ്രാമയൊക്കെ ചെത്തിക്കളഞ്ഞ്, ഒരു രണ്ടേ മുക്കാല്‍ മണിക്കൂറിലേക്ക് എഡിറ്റ് ചെയ്തിരുന്നെങ്കില്‍ ഈ പടം എത്ര നന്നാവുമായിരുന്നു. പക്ഷേ അടുത്ത തവണത്തെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് ഒരുപക്ഷേ ഈ പടത്തിനായിരിക്കും കിട്ടുക!
വാല്‍ക്കഷ്ണം: ഏറ്റവും പാളിപ്പോയത് മലയാളത്തിലേക്കുള്ള ഡബ്ബിങ്ങാണ്. പാട്ടുകളൊക്കെ മൊഴിമാറ്റിയിരിക്കുന്നത് കേട്ടാല്‍ പെറ്റ തള്ള സഹിക്കില്ല. 'വയലാര്‍ എഴുതുമോ ഇങ്ങനെ' എന്ന് ഒരു സിനിമയില്‍ നടന്‍ സിദ്ദീഖ് ചോദിച്ച അതേ മോഡലിലെ തനി പൊട്ട വരികള്‍. ടി പി ശാസ്തമംഗലം ഈ വരികള്‍ കേട്ടാല്‍ ഹൃദയം പൊട്ടി മരിക്കാനിടയുണ്ട്!