വെടിച്ചില്ലുപോലെ തുളഞ്ഞുകയറുന്ന സംഭാഷണങ്ങളും, ദൃശ്യങ്ങളുമായി ഒരു സിനിമ. ആഷിഖ് അബു സംവിധാനത്തോടൊപ്പം ഛായാഗ്രഹണവും നിര്‍വഹിച്ച റൈഫിള്‍ ക്ലബ്, 2024-ലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. ഒരര്‍ത്ഥത്തില്‍ ആഷിഖ് അബുവിന്റെ തിരിച്ചുവരവ് കൂടിയാണ് ഇത്. സാള്‍ട്ട് എന്‍ പെപ്പറും, മായാനദിയും, 22 ഫീമെയില്‍ കോട്ടയവും അടക്കമുള്ള മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഈ ഡയറക്ടറുടെ സമീപകാല ചിത്രങ്ങളായ നാരദനും, നീലവെളിച്ചവും വന്‍ ഫ്ളോപ്പായിരുന്നു. പക്ഷേ ശ്യാം പുഷ്‌ക്കരന്‍ അടക്കമുള്ള മികച്ച എഴുത്തുകാര്‍ ആഷിഖിനൊപ്പം ചേരുമ്പോള്‍ കളി മാറുകയായി.

ശരിക്കും വെടിക്കാരുടെ കഥയാണ് റൈഫിള്‍ ക്ലബ്. വെടി എന്നവാക്ക് മലയാളി ഇന്ന് ഉപയോഗിക്കുന്ന ദ്വയാര്‍ത്ഥത്തിലല്ല. ശരിക്കും ഷൂട്ടിങ്ങാണ്. ക്ലൈമാക്സ് അടുപ്പിച്ച് വെടിയുടെ മാലപ്പടക്കമാണ്. രണ്ടുരാത്രിയും രണ്ടു പകലും കൊണ്ട് അവസാനിക്കുന്ന ഒരു സിനിമയിലൂടെ, ഒരു സമൂഹത്തിലെ സകല വികാരങ്ങളും കാണിച്ചുതരുന്നുണ്ട് ആഷിഖ്. ഇതില്‍ പ്രണയമുണ്ട്, സൗഹൃദമുണ്ട്, അധികാരമുണ്ട്, വന്യതയുണ്ട്, ക്രൂരതയുണ്ട്, കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന മനുഷ്യരുടെ അതിജീവനമുണ്ട്... മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്, ഇതില്‍ പുരുഷനേക്കാള്‍ നന്നായി വെടിവെക്കുന്ന സ്ത്രീകള്‍!

തിന്നുകയും തിന്നപ്പെടുകയും ചെയ്യുന്ന ഭക്ഷ്യശൃംഖലയിലെ കണ്ണികളെപ്പോലെ, തികച്ചും വന്യമായ ഒരു മനുഷ്യവനത്തെയാണ് ശ്യാം പുഷ്‌ക്കരന്‍ എഴുതിവെച്ചിരിക്കുന്നത്. അത് ഒരു റൈഫിള്‍ ക്ലബ് ആണെന്ന് തോനുന്നില്ല. കടുവയും, ആനയും, കുറുക്കനുമൊക്കെയുള്ള ഒരു ഘോരവനാന്തരമാണെന്നാണ് ചിത്രം കണ്ടാല്‍ തോന്നുക. അടിസ്ഥാനപരമായി ഇരുകാലിമൃഗങ്ങള്‍ മാത്രമാണ്് മനുഷ്യരുമെന്ന് ഈ ചിത്രം ഓമ്മിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്കുശേഷം ഇത്തരം പക്കാ 'റോ' ആയ കഥാപാത്രങ്ങളെ കണ്ടിട്ടില്ല.

വെടിക്കാരുടെ പടം!

റൈഫിള്‍ ക്ലബ് എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, ഇത് ഷൂട്ടേഴ്സിന്റെ സിനിമയാണ്. വയനാട് സുല്‍ത്താല്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ റൈഫികള്‍ ക്ലബ്, ഷൂട്ടര്‍മാക്കും ഷൂട്ടിങ്് ഹോബിയാക്കിയവര്‍ക്കുമുള്ളതാണ്്. ടിപ്പുവിന്റെ കാലത്ത് സുല്‍ത്താന്റെ ആയുധപ്പുരയായ ബത്തേരിയെ ചിത്രം പരിചയപ്പെടുത്തുന്നുണ്ട്. തലമുറയായി കൈമാറിപ്പോന്ന, വില മതിക്കാനാത്ത തോക്കുകളും, പീരങ്കികളുമൊക്കെ ഈ ക്ലബിലുണ്ട്. നല്ല തോക്കുകള്‍ക്ക് വിലമതിക്കാനാവില്ലെന്നും അത് പാരമ്പര്യമായി കിട്ടുന്നതാണെന്നും അവര്‍ പറയുന്നു.




1991-ലാണ് കഥ നടക്കുന്നുണ്ട്. ക്ലബ് സെക്രട്ടറിയായ ഒറ്റക്കണ്ണന്‍ അവറാനാണ് ( ദിലീഷ് പോത്തന്‍) ഇവിടുത്തെ പ്രധാന കഥാപാത്രം. മലയണ്ണാനെയും, കാട്ടുപന്നിയേയും, മുള്ളന്‍ പന്നിയേയും, കുരങ്ങനേയുമെല്ലാം തീന്‍മേശയിലെത്തിച്ച് തിന്നം കുടിച്ചും ആസ്വദിക്കയാണ് ഇയാള്‍. ചെറുപ്പത്തില്‍ ഒരു കരിങ്കുരങ്ങ് ആക്രമിച്ചതിനെ തുടര്‍ന്നാണ് അവറാന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടത്. അത് അയാളുടെ ഭാഷയില്‍ കുരങ്ങന്‍മ്മാര്‍ക്കുതന്നെ ദോഷമായി. കാരണം ഉന്നംപിടിക്കാന്‍ അവറാന് ഒരു കണ്ണ് അടക്കേണ്ടതില്ല! അവറാനൊപ്പം ക്ലബിന്റെ ഫൗണ്ടര്‍ മെമ്പറായ വിജയരാഘവനടക്കം വൈല്‍ഡ് സ്വഭാവുമുള്ള ഒരുപാട് പേരുണ്ട്.നടി വാണിവിശ്വനാഥിന്റെയും, സുരഭിലക്ഷ്മിയുടെയും, ദര്‍ശനയുടെയുമൊക്കെ കഥാപാത്രങ്ങള്‍ തൊട്ട് ആ ക്ലബിലെ വയസ്സായ വേലക്കാരിപോലും വന്യതയുടെ ആഘോഷമാണ്. ഒരു രീതിയിലും അബലകള്‍ അല്ല അവര്‍.

ഇവരില്‍ പലരും ബന്ധുക്കളുമാണ്. ഹോബിക്കായി തോക്കെടുത്തവരും ഉണ്ട്. വാണി വിശ്വനാഥിന്റെ എക്സ് ഭര്‍ത്താവായ, സുരേഷ് കൃഷ്ണയുടെ കഥാപാത്രം ഒരു പ്രശസ്തനായ സര്‍ജനാണ്. എന്നാല്‍ ഷൂട്ടിങ്ങിനായി അയാള്‍ ഇവിടെ ഒത്തുകൂടും. മണ്‍പാത്രം മുകളിലേക്ക് എറിഞ്ഞ് അവര്‍ മത്സരിച്ച് വെടിവെച്ചിടുന്നത് കണ്ടറിയണം. തോക്കുകളുമായി, തിന്നും കുടിച്ചും ജീവിതം ആസ്വദിക്കയാണ് അവര്‍.

ഈ വന്യരുടെ കൂട്ടത്തിലേക്കാണ്, ഒരു ചോക്ലേറ്റ് ഇമേജുള്ള പ്രണയനായകന്‍ ഷാജഹാന്‍ ( വിനീത്കുമാര്‍) എത്തുന്നത്. മമ്മൂട്ടിയുടെ ഐ വി ശശി ചിത്രം മൃഗയ പുറത്തിറങ്ങിയതോടെ സുമുഖരായ നായകന്മാര്‍ക്ക് ഇനി സിനിമയില്‍ സ്ഥാനമില്ലെന്ന് സിനിമാ മാസികളില്‍ റിപ്പോര്‍ട്ട് വരന്നു. ഇതോടെയാണ മരം ചുറ്റി നായകനെ ആക്ഷന്‍ ഹീറോയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അതിന്റെ ഭാഗമായി, മെത്തേഡ് ആക്റ്ററാക്കിമാറ്റാനാണ്, ഷാജഹാനെ ഒരു നിര്‍മ്മാതാവ് ഈ റൈഫിള്‍ ക്ലബില്‍ ഷൂട്ടിങ്ങ് പരിശീലനത്തിന് എത്തിക്കയാണ്. അവിടെ അയാള്‍ക്ക് നേരിരേണ്ടി വന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്‍െ പ്രമേയം.




ദിലീഷിന്റെ കരിയര്‍ ബെസ്റ്റ്

സംവിധായകന്‍ എന്ന നിലയില്‍, മലയാള സിനിമയുടെ ഭാവുകത്വം തന്നെ മാറ്റിയ, സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്' ഇപ്പോള്‍ അഭിനയത്തിലും വന്നിരിക്കയാണ്. ഒരു ആക്റ്റര്‍ എന്ന നിലയില്‍ ദിലീഷ് പോത്തന്റ കരിയര്‍ ബെസ്റ്റാണ് ഈ ചിത്രം. ശ്യാം പുഷ്‌ക്കരന്റെ ഷാര്‍പ്പ് ഡയലോഗുകള്‍ക്ക്, അവറാന്‍ ഡെലിവറി ചെയ്യുമ്പോള്‍, 'താഴ്വാരത്തിലെ' എം ടി- മോഹന്‍ലാല്‍ കോമ്പോയാണ് ഓര്‍മ്മവരുന്നത്. കിഷ്‌ക്കിന്ധാകാണ്ഡത്തിലെ കഥാപാത്രത്തിന്റെ തുടര്‍ച്ചപോലെയുള്ള ഒരു പ്രെഡിക്റ്റബിലിറ്റി ഉണ്ടെങ്കിലും, വിജയരാഘവന്റെ വീല്‍ചെയറിലിരിക്കുന്ന വെടിക്കാരന്‍ അടക്കമുള്ള മറ്റ് ഷൂട്ടേഴ്സും സൂപ്പറാണ്.

'തോക്കിനേക്കാള്‍ നോക്കിന് ഉന്നവും ഉണ്ടയേക്കാള്‍ മുന്‍പ് മണ്ട'യുമെത്തുന്നവരാണ് ഇവരെന്നാണ് സിനിമയിലെ വിശേഷണം. ആകാശം ഇടിഞ്ഞുവീണാലും കുലുങ്ങാത്ത പ്രകൃതമെന്ന് തോന്നിക്കുന്ന സ്ത്രീകള്‍. മലയാള സിനിമയിലെ റെയറസ്റ്റ് ഓഫ് ദ റെയര്‍ പീസ്. ഒരു നോട്ടം കൊണ്ടും, ഭാവം കൊണ്ടും അവര്‍ കമ്യൂണിക്കേറ്റ് ചെയ്യുന്ന മാജിക്ക് ചിത്രത്തിലുണ്ട്. ഉണ്ണിമായ പ്രസാദ് അടക്കമുള്ളവരുടെ പ്രകടനം ശ്രദ്ധേയം. വാണി വിശ്വനാഥിന്റെ തിരിച്ചുവരവാണ് ചിത്രമെന്ന് വേണമെങ്കില്‍ പറയാം.

പക്ഷേ ചിത്രത്തില്‍ ഏറ്റവും തിളങ്ങിയത് ഹനുമാന്‍ കൈന്‍ഡ് റാപ്പര്‍, സൂരജ് ചെറുകാടാണ്. കിടു വില്ലന്‍ എന്ന് പറയാം. നല്ല സംവിധായകരുടെ കൈയില്‍ കിട്ടിയാല്‍ ഇയാള്‍ വളരുമെന്ന് ഉറപ്പാണ്. അതുപോലെ, പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് വേഷമിട്ട ആദ്യ മലയാള ചിത്രം കൂടിയാണിത്. കാശ്യപിന്റെ സാനിധ്യം തന്നെ ചിത്രത്തെ മാറ്റിമറിക്കയാണ്. സുരേഷ് കൃഷ്ണ, പ്രശാന്ത് മുരളി, റംസാന്‍ മുഹമ്മദ് തുടങ്ങിയ പ്രധാന വേഷങ്ങളില്‍ എത്തിയ എല്ലാവരും നന്നായിട്ടുണ്ട്. ഇതില്‍ ഒരു ഡാന്‍സര്‍ -ഫൈറ്റര്‍ എന്ന രീതിയില്‍ റംസാന്റെ പെര്‍ഫോമന്‍സ് എടുത്തുപറയേണ്ടതുണ്ട്. നല്ല ഡയറക്ടേഴ്സിന്റെ കൈയില്‍ കിട്ടിയാല്‍, നമ്മുടെ ഹനുമാന്‍ കൈന്‍ഡിനെപ്പോലെ ഈ പയ്യനും കയറിവരും.




റെക്സ് വിജയന്റെ മ്യൂസിക്ക് ചിത്രത്തെ നന്നായി ലിഫ്റ്റ് ചെയ്യുന്നുണ്ട്. 90-കളിലെ കഥയായതുകൊണ്ട് ആ മൂഡ് കിട്ടുന്ന രീതിയിലാണ്, ചിത്രത്തിന്റെ ആദ്യത്തെ പാട്ട്. ബിജിഎമ്മും കിടിലനാണ്. ആഷിഖ് അബു തന്നെയാണ് 'റൈഫിള്‍ ക്ലബി'ന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഗംഭീരം എന്ന് ഒറ്റവാക്കില്‍ പറയാം. ഡയറക്ഷനും ക്യാമറയും ഒന്നിച്ച് നിര്‍വഹിക്കയെന്നത്് വലിയ സ്ട്രെയിനുള്ള പണി തന്നെയാണ്. പെട്ടന്ന് തീര്‍ന്നുപോയെന്ന് തോനുന്ന ക്ലൈമാക്സിനെ കുറിച്ച് മാത്രമാണ് ഈ ലേഖകന് വിയോജിപ്പുള്ളത്.

പക്ഷേ ഈ പടത്തിന്റെ മാന്‍ ഓഫ്് ദി മാച്ച് എന്ന് പറയുന്നത് സ്‌ക്രിപ്റ്റ് -ഡയലോഗ് ടീമാണ്. ശ്യാം പുഷ്‌ക്കരനും ദിലീഷ് കരുണാകരനും സുഹാസും ചേര്‍ന്ന് നടത്തിയ രചന വേറിട്ടതാണ്. മനുഷ്യന്‍ എന്ന ലോകത്തിലെ ഏറ്റവും ബുദ്ധിവികാസം സംഭവിച്ച ജീവിയുടെ ഉള്ളില്‍ ഉറഞ്ഞ് കിടക്കുന്ന മൃഗതൃഷ്ണയായി, പരിണമാചരിത്രം തൊട്ടുള്ള വന്യമായ അതിജീവനപോരാട്ടമായൊക്കെ ഈ ചിത്രം വായിച്ചെടുക്കാം. ഇങ്ങനെ വിവിധ തലങ്ങളില്‍ വായിക്കാവുന്ന ചിത്രങ്ങള്‍ തന്നെ മലയാളത്തില്‍ അപൂവമാണേല്ലോ?

വാല്‍ക്കഷ്ണം: സ്‌ക്രിപ്റ്റാണ്, ഒരു ചിത്രത്തിന്റെ ആത്മാവെന്ന്് ഈ പടം വീണ്ടും തെളിയിക്കുന്നു. കഥയില്ലാതെ സാങ്കേതിക മികവ്വെച്ച് സിനിമ ബില്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നാണത്.