- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറ്റു കുറയാതെ തങ്കം; ന്യൂജൻ ലോഹിതദാസെന്ന പേര് കാത്ത് ശ്യാം പുഷ്ക്കരൻ; ഭാവനാ സ്റ്റുഡിയോക്കും അഭിമാനിക്കാം; തിളങ്ങി ബിജു മേനോനും വിനീത് ശ്രീനിവാസനും; തകർത്തത് ഗിരീഷ് കുൽക്കർണിയെന്ന ഹിന്ദി നടൻ; സഹീദ് അറഫാത്തിന്റെ മേക്കിങ്ങ് വ്യത്യസ്തം; തങ്കത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം
തിരക്കഥ ശ്യാം പുഷ്ക്കരൻ, നിർമ്മാണം ഭാവനാ സ്റ്റുഡിയോസ്. ഫേസ്ബുക്കിലടക്കം ഒരുപാട് നെഗറ്റീവ് കമന്റൻസുകൾ കണ്ടിട്ടും, സഹീദ് അറഫാത്ത് എന്ന താരതമ്യേന പുതുമുഖമായ ഒരു സംവിധായകന്റെ ചിത്രത്തിന് ധൈര്യപൂർവം കയറാൻ ഇടയാക്കിയ പേരുകൾ മേൽപ്പറഞ്ഞവ ആയിരുന്നു. ന്യൂജൻ ലോഹിതാദാസ് എന്ന പേര് ശ്യാം പുഷ്ക്കരൻ ഇവിടെയും കാത്തിരിക്കുന്നു. ഔട്ട് സ്റ്റാൻഡിങ്ങ് എന്നൊന്നും പറയാനില്ലെങ്കിലും, ചെമ്പ് വെളിയിൽ കാണാതെയും, മാറ്റ് കുറയാതെയും ഒരു കഥ പറയാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് തീയേറ്ററിൽ കാശ് വസൂലാവും. ഇടക്ക് ത്രില്ലടിപ്പിച്ചും, ഇടക്ക് നൊമ്പരമായും, അൽപ്പം ചിരിപ്പിച്ചും, ഒടുവിൽ മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകൾ വ്യക്തമാക്കിയും, ബിജുമേനോനും, വിനീത് ശ്രീനിവാസനും മുഖ്യവേഷങ്ങളിലെത്തിയ 'തങ്കം' എന്ന സിനിമ ഒട്ടും ബോറടിയില്ലാതെ മുന്നോട്ട് പോവുകയാണ്.
ഒട്ടും അതിഭാവുകത്വമില്ലാതെ, തനി റിയലിസ്റ്റിക്കായ മൂവിയായ അൽപ്പം പതിഞ്ഞ താളത്തിൽ തുടങ്ങി, പൊടുന്നനേ റോഡ് മൂവിയായും, അവിടെ നിന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്കും, അവസാനം ഒരു ഫാമിലി ഡ്രാമയിലേക്കുമൊക്കെ വളരെ പെട്ടെന്ന് ഗിയർ മാറ്റി കൊണ്ടുപോകുന്നുണ്ട് ഈ ചിത്രം. പാൻ സൗത്ത് ഇന്ത്യൻ മൂവി എന്ന നിലയിൽ, തൃശൂരും, കോയമ്പത്തൂരും, മുത്തുപ്പേട്ടയും, മുംബൈയിലുമായി മാറിമറഞ്ഞുള്ള ഭൂമികയിലാണ് ചിത്രത്തിന്റെ ആഖ്യാനം. സ്വർണ്ണ ബിസിനസുകരുടെ കഥയാണെങ്കിലും, നാം നേരത്തെ നാം കേട്ട, ഇൻവസ്റ്റിഗേഷൻ മർഡർ മിസ്ട്രികളുടെ രീതിയിൽ അല്ല ഈ പടം നീങ്ങുന്നത്. ഒരു കുറ്റകൃത്യത്തിലെ പ്രതിയെ കണ്ടെത്തുക എന്നതിനെപ്പുറം, അതിന്റെ സംഘർഷങ്ങളിലേക്കും വ്യക്തികളുടെ മാനസിക വ്യാപരങ്ങളിലേക്കാണ് സിനിമയുടെ ഫോക്കേസ്.
ചിത്രത്തിന്റെ കഥാകൃത്ത് കൂടിയായ സംവിധാനം ചെയ്ത സഹീദ് അറഫാത്ത് വൃത്തിയായി പടം എടുത്തിട്ടുണ്ട്. പക്ഷേ 'മഹേഷിന്റെ പ്രതികാര'മോ 'കുമ്പളങ്ങി നൈറ്റ്സോ' മനസ്സിൽ കണ്ട് അമിത പ്രതീക്ഷയോടെ ചിത്രം കാണരുത് എന്ന് മാത്രം.
വീണ്ടും കനകക്കൊല
സ്വർണക്കള്ളക്കടുത്തുകാരുടെ കഥ നാം ഒരുപാട് കേട്ടതാണ്. മലദ്വാരത്തിൽവരെ കനകം ഒളിപ്പിച്ചുവരുന്ന ആ മാഫിയയുടെ കഥയല്ല തങ്കം. ഇതുവരെ മലയാള സിനിമ ചെയ്തിട്ടില്ലാത്ത ചെറുകിട സ്വർണ്ണ ബിസിനസുകാരുടെ കഥയാണ്. കണ്ണൻ, മുത്ത് എന്നീ സുഹൃത്തുക്കളുടെ ആത്മബന്ധമാണ് സിനിമയുടെ കേന്ദ്രം. മുത്തിന്റെ ( ബിജുമേനോൻ) പണി ജൂവലറിക്കാർ തരുന്ന തങ്കംവാങ്ങി അതിൽ ചെമ്പ് ചേർത്ത് ഒരുക്കി അഭരണങ്ങൾ ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്. കണ്ണനാണ് ( വിനീത് ശ്രീനിവാസൻ) അത് തൃശൂർ മുതൽ കോയമ്പത്തൂരും അവിടെനിന്ന് മുംബൈ വരെ വ്യാപിച്ച് കിടക്കുന്ന ജൂവലറികൾക്ക് സ്വർണം എത്തിക്കുന്ന എജന്റ്. അതിനുവേണ്ടിതുള്ള യാത്രകളും സംഘർഷങ്ങും കാണിച്ച്, മനോഹരമായ ഒരു ഗാനത്തിലുടെയാണ് ചിത്രം തുടങ്ങുന്നത്. സംഗീത സംവിധായകൻ ബിജിപാലിന്റെ മിടുക്ക് പ്രകടം.
ഇന്ത്യൻ സ്വർണ്ണ വിപണിയുടെ തലസ്ഥാനം എന്ന് അറിയപ്പെടുന്ന തൃശൂരിയാണ് കഥ നടക്കുന്നത്. മുത്തും കണ്ണനും അടയും ചക്കരയും പോലുള്ള അടുത്ത സുഹൃത്തുക്കൾ മാത്രമല്ല ബിസിനസ് പാർട്ടണർമാരുമാണ്. കണ്ണന്റെ എല്ലാ പ്രാരാബ്ധങ്ങളും, ചില്ലറ സാമ്പത്തിക തരികിടകളുമെല്ലാം മുത്തിന് നന്നായി അറിയാം. ഒരു ദിവസം കണ്ണൻ സ്വർണ്ണവുമായി തന്നെ ഒന്ന് കോയമ്പത്തൂരിന് കൊണ്ടുവിടണമെന്ന് മുത്തിനോട് പറയുന്നു. ആദ്യം മടിക്കുന്ന മുത്ത് കോയമ്പത്തൂരിലെ കൂൾ പ്ലേസിന്റെ കാര്യം കേട്ടതോടെ ചാടിവീഴുന്നു. അവർക്കൊപ്പം മറ്റൊരു സുഹൃത്തും ( വിനീത് തട്ടിൽ ഡേവിഡ്) കോയമ്പത്തൂരിലേക്ക് കയറുന്നു. പക്ഷേ ആ യാത്രയിൽ കണ്ണൻ അപ്രതീക്ഷതമായി പൊലീസിന്റെ പിടിയിൽ ആവുന്നു. അവിടെ നിന്ന് ഒരുവിധത്തിൽ തലയൂരിയ അവർ തിരിച്ച് അവർ നാട്ടിലെത്തു. മുത്ത് തൃശൂരിലും കണ്ണൻ കോയമ്പത്തൂരിൽനിന്ന് മുബൈയിലേക്കും പോകുന്നു.
പക്ഷേ പിന്നെ കണ്ണനെക്കുറിച്ച് യാതൊരു വിവരുമില്ല. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. കണ്ണനെ കാത്ത് തൃശൂരിലെ ജൂവലറി ഉടമായ സ്ത്രീ, ബിസിനസ് കാര്യത്തിനായി മുംബൈയിലുണ്ട്. അവർ വിളിച്ചിട്ടും കണ്ണനെ കിട്ടുന്നില്ല. ഗത്യന്തരമില്ലാതെ അവർ പൊലീസിൽ പരാതി നൽകുന്നു. അപ്പോഴാണ് അറിയുന്നത് കണ്ണൻ മുബൈയിലെ ഒരു ലോഡ്ജ് മുറിയിൽ ക്രൂരമായി കൊല്ലപ്പെട്ടുവെന്നത്. അവിടുന്നങ്ങോട്ട് സിനിമ ഒരുകുറ്റാന്വേഷണ ചിത്രം ആവുകയാണ്. മുബൈ പൊലീസും മുത്തുവും സുഹൃത്തും ചേർന്ന് കണ്ണൻ സഞ്ചരിച്ച വഴികളിലൂടെ വീണ്ടും സഞ്ചരിക്കയാണ്.
താരമായത് ഗിരീഷ് കുൽക്കർണി
സത്യത്തിൽ ഈ ചിത്രത്തിലെ താരം എന്ന് പറയുന്നത് ബിജുമേനോനൊ, വിനീത് ശ്രീനിവാസനോ ഒന്നുമല്ല. മുംബൈ പൊലീസ് ഓഫീസറായി അന്വേഷണത്തിന് എത്തുന്ന ഹിന്ദി നടൻ ഗിരീഷ് കുൽക്കർണിയാണ്. ശരിക്കും അങ്ങോട്ട് പൊളിച്ചടുക്കയാണ് ഈ നടൻ. ദേശീയ അവാർഡ് കിട്ടിയ ഗിരീഷ് കുൽക്കർണി ഫിലിം ഫെസ്റ്റിവൽ പ്രേക്ഷകർക്കൊക്കെ സുപരിചിതമാണ്. ഭരത്ഗോപിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു ക്ലാസ് ആണ് അദ്ദേഹം അഭിനയത്തിൽ കാത്തുസൂക്ഷിക്കാറുള്ളത്.
മുൻപ് ചെറിയ സൈഡ് റോളിൽ നിന്നിരുന്ന, വിനീത് തട്ടേൽ ഡേവിഡ് ത്രൂ ഔട്ട് റോളിൽ തിളങ്ങുന്നുണ്ട്. ഈ നടന് വലിയ ബ്രേക്ക് ആവും തങ്കം. സീരിയസായ മരണപ്പാച്ചിലനിടയിലും വിനീത് ഡേവിഡിന്റെ ചില ചെറിയ ചെറിയ നർമ്മങ്ങൾ ചിത്രത്തെ ലൈവാക്കി നിർത്തുന്നുണ്ട്. ബിജുമേനോന് തീർത്തും അനായാസമായി ചെയ്യാവുന്ന കഥാപാത്രമാണ് തങ്കത്തിലെ ശുദ്ധനായ മുത്ത്. അവസാനം പ്രേക്ഷകർക്ക് എവിടേയോ മുത്തിനോട് ഒരിഷ്ടം തോന്നിപ്പോവും. പക്ഷേ ബിജുവിന്റെ മുൻകാല ചിത്രങ്ങളിലെ ചില ആവർത്തനങ്ങൾ ഈ പ്രകടനങ്ങളിലും കാണാം. വിനീത് ശ്രീനിവാസൻ നടൻ എന്ന നിലയിൽ ഏറെദൂരം മുന്നോട്ട് പോവുന്നുണ്ട്. മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ കിടിലൻ നായക-വില്ലനുശേഷം വിനീതിന് കിട്ടിയ മികച്ച വേഷമാണിത്.
നായികമായ അപർണ്ണ ബാലമുരളിക്ക് ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ല. ആരും ചെയ്താലും ഏൽക്കുന്ന സീനുകൾ തന്നെയാണിത്. പക്ഷേ ഉള്ളത് മോശമാക്കിയിട്ടില്ല എന്ന് മാത്രം. കാസ്റ്റിങ്ങും ലൊക്കേഷൻ പ്രസന്റേഷനുമൊക്കെ സൂപ്പറാണ് ചിത്രത്തിൽ. സൈഡ് റോളിൽ വരുന്നവർപോലും നന്നായിട്ടുണ്ട്.
ക്ലൈമാക്സ് ചീറ്റിയോ?
പക്ഷേ സോഷ്യൽ മീഡിയിൽ ഈ ചിത്രത്തെക്കുറിച്ച് വരുന്ന എറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന്, സിനിമയുടെ ക്ലൈമാക്സ്് ചീറ്റിപ്പോയെന്നാണ്. പക്ഷേ ഈ ലേഖകന് അങ്ങനെ തോനുന്നില്ല. അതിസങ്കീർണ്ണമായ മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങൾ എന്നേ തോന്നിയിട്ടുള്ളൂ. സാധാരണ നമ്മൾ കൊമേർഷ്യൽ സിനിമകളിൽനിന്ന് കണ്ടുവരുന്ന കഥാ ഫോർമാറ്റ് ശ്യാം പുഷ്ക്കരനിൽനിന്ന് പ്രതീക്ഷരുത്. അതുവരെ വലിയെ ഒരു ബിൽഡപ്പ് കൊണ്ടുവന്ന് അതിനേക്കാൾ വലിയ ക്ലൈമാക്സ് ഉണ്ടാക്കാൻ ഇത് ഉദയകൃഷ്യുടെ രചനയല്ലല്ലോ. മാത്രമല്ല, ലോജിക്കാലായി നോക്കുമ്പോൾ ക്ലൈമാക്സ് കൺവിൻസിങ്ങ് തന്നെയാണ്. അതുപോലെ നൂറായിരം സംഭവങ്ങൾ നടന്ന നാടാണ് കേരളം. സാൾട്ട് എൻ പെപ്പർ തൊട്ടുള്ള ശ്യാം പുഷ്ക്കരൻ പങ്കാളിയായ സ്ക്രിപ്്റ്റുകളിലൊക്കെ കാണാ ഈ വ്യത്യസ്തത.
അതുപോലെതന്നെ സംവിധായകൻ സഹീദ് അറഫാത്തിന്റെ മേക്കിങ്ങ് ശൈലിയും ശ്രദ്ധേയമാണ്. ഗൗതം ശങ്കറിന്റെ ക്യാമറ ചിത്രത്തെ നന്നായി ലിഫ്റ്റ് ചെയ്യുന്നുണ്ട്. പക്ഷേ തീർത്തും പെർഫകറ്റായ ഒരു സിനിമയൊന്നുമല്ല ഇത്. പരിമിതികളും പരാതികളും ഉണ്ടാവും. പക്ഷേ തീർത്തും എഴുതിത്ത്ത്ത്ത്തള്ളേണ്ട സിനിമയല്ല ഇത്. ഒരു ശരാശി പ്രേക്ഷകനെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ടെന്ന് നിഷ്പ്രയാസം പറയാം.
വാൽക്കഷ്ണം: ആരാധകരെപ്പോലെ ഒരു വലിയൊരു വിഭാഗം ഹേറ്റേഴ്സും ശ്യാം പുഷ്ക്കരൻ ടീമിനുണ്ട്. ഇതിനേക്കാൾ എത്രയോ വളിപ്പ് ചിത്രങ്ങളെ ഒരുകാര്യവുമില്ലാതെ പൊക്കിവിടുന്നവർ സോഷ്യൽ മീഡിയിൽ ചിത്രത്തിനെതിരെ ഹേറ്റ് കാമ്പയിൽ നടത്തുകയാണ്. പക്ഷേ അത് ഫലിക്കുന്നില്ല എന്ന് തീയേറ്ററിലെ ആൾക്കൂട്ടം തെളിയിക്കുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ