പ്രമേയപരമായ വൈവിധ്യം വളരെകുറവ് മാത്രം കാണുന്ന ഒരു മേഖലയാണ് മലയാള സിനിമ. അവിടെ 'മാഹാവീര്യർ' പോലുള്ള ഒരു ചിത്രവുമായി എബ്രിഡ് ഷൈൻ എത്തിയത് ഈയിടെയാണ്. ഇപ്പോൾ കമ്മാരസംഭവത്തിന്റെ സംവിധാകൻ രതീഷ് അമ്പാട്ട്, മുരളിഗോപിയുടെ തിരക്കഥയിൽ ഒരുക്കിയ 'തീർപ്പ്' എന്ന സിനിമയും ഒരു തീർപ്പ് തന്നെയാണ്. മലയാള സിനിമയിൽ വെറെറ്റിയില്ലെന്ന് വിലപിക്കുന്നവർക്കുള്ള തീർപ്പ്.

ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു അസാധാരണമായ പൊളിറ്റിക്കൽ മൂവിയാണിത്. മൂന്ന് സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയിലൂടെ നിങ്ങൾക്ക് സമകാലീനമായ ഇന്ത്യൻ അവസ്ഥകൾ വായിച്ചെടുക്കാൻ കഴിയും. ഇവിടെ രാമൻ വില്ലനാണ്. ഒരു പാവപ്പെട്ട മരക്കാർ കുടുംബം കൈവശംവെച്ച ഏക്കറുകളോളം ഭൂമി തട്ടിയടുത്ത്, ആ വീട് പൊളിച്ച് ഒരു ഹെറിറ്റേജ് ഹോട്ടൽ പണിയുന്നു. ഇവിടെ ചതിക്കപ്പെടുന്നത് അബ്ദുള്ള മരക്കാറും കടുംബവുമാണ്. വേണമെങ്കിൽ നിങ്ങൾക്ക് ഇതിനെ ബാബറി മസ്ജദിന്റെ തകർച്ചയും, സമകാലീന ഇന്ത്യൻ മുസ്ലീങ്ങളുടെ അവസ്ഥയുമായി തട്ടിച്ചുനോക്കാവുന്നതാണ്. ആ രീതിയിലുള്ള തിളയ്ക്കുന്ന ഇമേജറികളാലും ഡയലോഗുകളാലും സമ്പന്നമാണ് സിനിമ. മുരളി ഗോപിയുടെ തിരക്കഥയുടെ ബ്രില്ലൻസ് പ്രകടം.

ഇനി ഒരു കോമർഷ്യൽ സിനിമ എന്ന നിലയിൽ എടുത്താൽപോലും, ടിക്കറ്റ് കാശ് വസൂലമാവുന്ന ചിത്രമാണിത്. ര ഒന്ന് രണ്ട് ഫ്ളാഷ് ബാക്ക് സീനുകളിൽ ഒഴികെ എവിടെയും, ബോറടി കടന്നുവരുന്നില്ല. തുടക്കം മുതൽ അവസാനംവരെ ഒറ്റസ്ട്രച്ചിൽ കഥയങ്ങോട്ട് ഓടിത്തീരുകയാണ്. സിനിമ കഴിഞ്ഞ പുറത്തിറങ്ങി ആലോചിക്കുമ്പോഴാണ് ഈ ചിത്രത്തിന്റെ പൊളിറ്റിക്ക്സിനെ കുറിച്ച് നമുക്ക് കൂടുതൽ ബോധ്യപ്പെടുക.

മോൺസൻ മാവുങ്കലിന്റെ റഫറൻസ്

നാല് ബാല്യകാല സുഹൃത്തുക്കൾകളുടെ കഥയാണിത്. പരമേശ്വരൻ പോറ്റി ( സൈജു കുറുപ്പ്), രാമൻ എന്ന് വിളിക്കുന്ന രാംകുമാർ നായർ (വിജയ്ബാബു), കല്യാൺ മേനോൻ (ഇന്ദ്രജിത്ത്), അബ്ദുല്ല മരക്കാർ ( പൃഥീരാജ്). വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ അവർ വല്ലാതെ മാറിപ്പോയിരുന്നു. രാംകുമാറിന്റെ വടകരയിലെ കൊട്ടാരസമാനമായ ഹെറിറ്റേജ് ഹോട്ടലിയാണ് കഥ നടക്കുന്നത്. ആകെ പൊളിഞ്ഞു നിൽക്കുന്ന ഒരു ബിസിനസുകാരനാണ് പരമേശ്വരൻ പോറ്റി. പക്ഷേ രാംകുമാർ ഇന്ന് കോടീശ്വരനാണ്. അയാളുടെ കമ്പനിയുമായി ഒരു ടൈ അപ്പ് ആഗ്രഹിച്ചാണ്, തന്റെ ബിസിനസ് പാർട്ണർ കൂടിയായ ഭാര്യക്കൊപ്പം അയാൾ രാമന്റെ കൊട്ടാരത്തിൽ എത്തുന്നത്.

പക്ഷേ ഇവർക്കിടയിൽ ഒരു സങ്കീർണ്ണമായ ഭൂതകാലമുണ്ട്. അബ്ദുല്ല മരക്കാറുടെ പിതാവിന്റെ ഭുമി, ആഗോളീകരണത്തിന്റെ മറപിടിച്ച് ഒരു മദാമ്മ വഴി, രാമന്റെയും, കല്ല്യാണിന്റെയും പിതാക്കന്മാർ തട്ടിയെടുത്തതാണ്. അതിന് മൂകസാക്ഷിയാത് ഈ പോറ്റിയുടെ പിതാവുമാണ്. അതുകൊണ്ടുന്നെ അബ്ദുല്ല മരക്കാർ ഇപ്പോൾ രാംകുമാറിനെ കൊല്ലാൻ നടക്കയാണ്. ജീവിത ദുരന്തങ്ങളിൽപെട്ട് എല്ലാം നഷ്ടപ്പെട്ട അയാൾ ഭ്രാന്തനും മുഴുക്കുടിയനും ആയി മാറുന്നു. പോറ്റി, വടകരക്കുള്ള യാത്രക്കിടെ, വർഷങ്ങൾക്ക്ശേഷം അബുദുല്ലയെ കണ്ടുമുട്ടുന്നുണ്ടെങ്കിലും അയാൾ രാംകുമാറിനെ കുറിച്ച് ഒന്ന് പറയുന്നില്ല.

രാമന്റെ ബംഗ്ലാവിൽ എത്തുന്ന പോറ്റിയും ഭാര്യയും അന്തം വിട്ട് കിളിപോവുകയാണ്. അവിടെ ഇല്ലാത്ത പുരാവസ്തുക്കൾ ഇല്ല. ഗാന്ധിജിയുടെ കണ്ണട തൊട്ട്, സദ്ദാംഹുസൈൻ കുടിച്ച മദ്യംവരെയുള്ള ഒരു പാട് സാധനങ്ങൾ. ഇവിടെയാണ് നമുക്ക് പുരാവസ്തുതട്ടിപ്പുവീരൻ മോൺസൻ മാവുങ്കലിനെ ഓർമ്മവിരിക. ഒന്നാന്തരം സിനിമാറ്റിക്ക് സ്റ്റോറിയാണെങ്കിലും, മോൺസന്റെ കഥ ആരും സിനിമയാക്കിയില്ല എന്ന കുറവ് ഈ ചിത്രം പരിഹരിക്കുന്നുണ്ട്.

അങ്ങനെയും പോറ്റിയും രാമനും ആ ഹെറിറ്റേജ് ബംഗ്ലാവിൽ കഴിയുമ്പോഴാണ്, ക്ഷണിക്കപ്പെടാത്ത അതിഥിയായി അവിടേക്ക് അബ്ദുല്ല മരക്കാർ എത്തുന്നത്. അതോടെ കളി മാറുകയാണ്. പണ്ട് ചെയ്ത വഞ്ചനയുടെ തീർപ്പ് അവിടെയാണ് സംഭവിക്കുന്നത്. .

പൃഥീരാജിനേക്കാൾ തിളങ്ങി ഇന്ദ്രജിത്ത്

കഥാപാത്രങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കേണ്ട ചിത്രമാണിത്. ഇവിടെയാണ് 'സിനിമയാണ് എനിക്ക് വലുത് എന്റെ കഥാപാത്രമല്ല' എന്ന് പൃഥീരാജ് അഭിമുഖങ്ങളിൽ പറയുന്നത് യാഥാർഥ്യമാവുന്നത്. ഈ ചിത്രത്തിൽ സ്‌ക്രീൻടൈം താരതമ്യേന കുറവാണെങ്കിലും, പകഥാഗതിയെ നിർണ്ണയിക്കുന്നത് പൃഥിയുടെ കഥാപാത്രം തന്നെയാണ്്. പക്ഷേ പൃഥി ഈ പടത്തിൽ തകർത്തു എന്നൊന്നും പറയാൻ കഴിയില്ല. കഥാപാത്രത്തിന്റെ ട്രോമ അഭിനയിക്കുന്ന രംഗങ്ങളിലൊക്കെ കൃത്രിമത്വം കയറി വരുന്നുണ്ട്.

അതുപോലെ അടുത്തകാലത്ത് സ്ത്രീപീഡനത്തിന്റെ പേരിൽ കേസും കൂട്ടവുമായി നടക്കുന്ന വിജയ്ബാബുവിനെ, അതേപോലെ വരച്ചുവെക്കുന്ന രീതിയിലാണ്, ഈ പടത്തിലെ രാംകുമാർ നായർ. ഒരു ടിപ്പിക്കൽ വുമണൈസർ! ( ദിലീപിന്റെ 'രാമലീല' ഇറങ്ങിയപ്പോഴും ഇതുപോലെ അതിശയകരമായ സാദൃശ്യം ഉണ്ടായിരുന്നു) സൈജു കുറുപ്പിന്റെ പോറ്റി, അദ്ദേഹത്തിന്റെ സമകാലീന വേഷങ്ങളെപ്പോലെ ചിരിയും, സഹതാപവും ഒക്കെ ഉയർത്തുന്നുണ്ട്. പക്ഷേ ഈ പടത്തിൽ എല്ലാവരെയും വെട്ടിച്ച് കയറുന്നത്, കഥയുടെ ടെയിൽ എൻഡിനോട് അടുപ്പിച്ച് കയറിവരുന്ന ഇന്ദ്രജിത്തിന്റെ ക്രമിനൽ സ്വഭാവുമുള്ള ഡിഐജിയാണ്. എന്താണ് ആ രൂപവും ഭാവവും! ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ പൊലീസുകാരനുശേഷം ഇന്ദ്രന്റെ ഒരു സൂപ്പർ കഥാപാത്രം കൂടി. വ്യക്തിപരമായി നോക്കുമ്പോൾ, പൃഥിരാജിനേക്കാൾ കഴിവുള്ള നടനാണ്, ചേട്ടൻ ഇന്ദ്രജിത്ത് എന്നും തോന്നും. പക്ഷേ അയാൾക്ക് അതിന് തക്ക വേഷങ്ങൾ കിട്ടുന്നില്ല.

ശ്രീകാന്ത് മുരളി, ഹന്നാ റെജി കോശി, ഇഷാ തൽവാർ എന്നിവരും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. സിദ്ദീഖ്, മാമുക്കോയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇരുവരും ടൈപ്പ്് റോളുകളിലാണെന്ന് പറയാതെ വയ്യ. ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്റെ സെറ്റ് തന്നെയാണ്. നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയാറാക്കിയ ഹെറിറ്റേജ് ബംഗ്ലാവിലെ കാഴ്ചകളാണ് ചിത്രത്തിന്റെ ആദ്യപകുതി സജീവമാക്കുന്നത്. ഇതിൽ കലാസംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. രതീഷ് അമ്പാട്ട് എന്ന സംവിധായകനും തന്റെ ജോലി മോശമാക്കിയിട്ടില്ല.

മുരളിഗോപിയും 'വിപ്ലവകാരിയായി'

നാളിതുവരെയുള്ള തന്റെ സിനിമകളിലൂടെ മുരളീഗോപി പറഞ്ഞു വന്ന ആശയങ്ങളിൽനിന്നുള്ള ഒരു യു ടേൺ ആണ്, സത്യത്തിൽ ഈ സിനിമ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാൻ, തുടങ്ങിയ ചിത്രങ്ങളിലൂടെയൊക്കെ ഹിന്ദുത്വ അജണ്ട ഒളിച്ച് കയറ്റുന്നുവെന്ന് വിമർശിക്കപ്പെട്ട, എഴുത്തകാരനാണ് മുരളി ഗോപി. പക്ഷേ ഈ സിനിമ പൂർണ്ണമായും, അടിച്ചമർത്തപ്പെട്ടവന്റെ ഭാഗത്തും ന്യനപക്ഷങ്ങൾക്കും ഒപ്പമാണ്. കേരളത്തിന്റെ കടലോരത്ത് നടക്കുന്ന കഥയിൽ, ദേശീയ രാഷ്ട്രീയവും, ബാബ്‌റി മസ്ജിദ് തകർച്ച, ഹിന്ദു- മുസ്ലിം സംഘർഷങ്ങൾ, ആഗോളവത്കരണം, തീവ്രഹിന്ദുത്വ നിലപാടുകളിലേക്കുള്ള പ്രയാണം തുടങ്ങിയവയൊക്കെ വരുന്നുണ്ട്. ഗാന്ധിജിയുടെ കണ്ണടക്ക് വെടിയേൽക്കുന്നതുപോലുള്ള ഇമേജറികൾ വേറെയും. ഹെറിറ്റേജ് റിസോർട്ടിലെ കഥക്ക് സമാന്തരമായി ഒരു തീവ്രഹിന്ദുത്വ പാർട്ടിയുടെ സമ്മേളനവും കാണിക്കുന്നുണ്ട്.

സംഘിയെന്ന് നേരത്തെ വിമർശിക്കപ്പെട്ട മുരളി ഗോപി ഈ ഒരു ഒറ്റപ്പടം കൊണ്ട് വിപ്ലവകാരിയായി കൊണ്ടാടപ്പെടും. നേരത്തെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം ഇറങ്ങിയപ്പോഴൊക്കെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് ഇടതു സർക്കിളിൽനിന്ന് മുരളിഗോപിക്ക് ഏൽക്കേണ്ടിവന്നത്. കൈതേരി സഹദേവൻ എന്ന ചിത്രത്തിലെ കഥാപാത്രം പിണറായി വിജയനാണെന്ന് തോന്നിക്കുന്നതിനാൽ ആയിരുന്നു അത്. (അവസാനം ഇത് എം വി രാഘവന്റെ കഥയാണെന്ന മട്ടിലുള്ള ഒരു പരാമർശം മുരളിഗോപി എവിടെയോ നടത്തിയിരുന്നു)

പക്ഷേ ഈ ലേഖകന് ചിത്രത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വളരെ മോശം അഭിപ്രായംം മാത്രമാണ് ഉള്ളത്. ഇന്ത്യയിൽ തങ്ങൾ ഇരകൾ മാത്രമാണെന്നും, ഒരു രീതിയിലും തങ്ങൾക്ക് നീതികിട്ടില്ല എന്നും പറഞ്ഞ് പഠിപ്പിച്ചാണ് ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമൊക്കെ, മുസ്ലിം ചെറുപ്പക്കാർക്കിടയിൽ വേരു പിടിക്കുന്നത്. അതേ ഇരവാദത്തിന് വളം വെക്കുന്ന സിനിമയാണ് 'തീർപ്പും'.

ഒരു നായരും മോനോനും, പോറ്റിയും ചേർന്ന് എത്ര എളുപ്പത്തിലാണ് ഒരു പാവം മരക്കാരെ പറ്റിക്കുന്നത്. അതിന് കൂട്ട് മദാമ്മയും അഗോളീകരണവും. മദാമ്മ എന്നാൽ അമേരിക്ക തന്നെ. അമേരിക്കയും ഇന്ത്യൻ സവർണ്ണരും ചേർന്ന് എപ്പോഴും ഇന്ത്യൻ മുസ്ലീങ്ങളെ ഉപദ്രവിക്കും എന്ന തെറ്റായ ഷുഡുവാദത്തിന് കുടപിടിക്കയാണ് ഈ ചിത്രം ചെയ്യുന്നത്. ഇത് മുരളീഗോപിക്കുപകരം ഒരു മുസ്ലിം നാമധാരിയാണ് എഴുതിയതെങ്കിൽ, തീവ്രവാദത്തിന് തീവെട്ടിപിടിക്കുന്നു എന്നുവരെ ആരോപണം ഉയരുമായിരുന്നു.

മുരളിഗോപിയുടെ സ്‌ക്രിപ്റ്റിലെ പാളിച്ചകൾ ഇവിടെ പ്രകടമാണ്. നാലുഏക്കർ പുരയിടം വിൽക്കാൻ കരാർ എഴുതിയ എഴുത്തും വായനയും അറിയാത്ത മരക്കാറെ, അത് തിരുത്തി എട്ട് ഏക്കർ ആക്കിയാണ് നായരും, പോറ്റിയും, മേനോൻ വക്കീലും പറ്റിക്കുന്നത്. അതും 90കളിൽ. ഒരു പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്താൽ പ്രതികൾ അകത്താവുന്ന കേസ്. ഇതെന്താണ് പൊലീസും കോടതിയും ഒന്നും ഇല്ലാത്ത വെള്ളരിക്കാപ്പട്ടണമാണോ. അങ്ങനെ ആദ്യം എഴുതിയ ആധാരം തിരുത്തിയാൽ ലോകത്ത് എത്ര തട്ടിപ്പുകൾ നടക്കും. ഇങ്ങനെയൊന്നുമല്ല റിയൽ എസ്റ്റേറ്റ് മാഫിയ ഭൂമി തട്ടാറുള്ളത്. ഇവിടെയാന്നും മുരളിഗോപി തീരെ ബുദ്ധി പ്രയോഗിച്ചില്ല. ബാബറി മസ്ജിദിന്റെ കഥയുമായി ഒപ്പിക്കണം എന്ന ടെപ്ലേറ്റ് അദ്ദേഹത്തിന് ബാധ്യതയാവുകയാണ്.

ചുരുക്കിപ്പറഞ്ഞാൽ, മഹത്തായ സിനിമ എന്നൊന്നും ഇതിനെ പറയാൻ സാധിക്കില്ല, മാസിന്റെ സിനിമയുമല്ല. ഇടവേള കഴിഞ്ഞ് ഇടക്ക് ലാഗടിക്കുന്നുണ്ട്. അതൊക്കെ അവിടെ നിൽക്കട്ടെ. പക്ഷേ ഇത് ഒരു വ്യത്യസ്തമായ ചിത്രമാണ്. അതുതന്നെയാണ് 'തീർപ്പിന്റെ' പ്രസ്‌ക്തിയും.

വാൽക്കഷ്ണം: മലബാറിലെ മുസ്ലീങ്ങളുടെ കഥപറയുന്ന തല്ലുമാലയെന്ന ഇപ്പോഴത്തെ ട്രെൻഡിങ്ങ് ചിത്രം നോക്കുക. പർദയും, മഫ്ത്തയും, പോയിട്ട് ഒന്ന് സലാം പാറയുന്നതുപാലും ചിത്രത്തിൽ കാണാൻ കഴിയില്ല. അപ്പോഴാണ് മുരളിഗോപിയെപ്പോലുള്ളവർ ഇരവാദവുമായി വരുന്നത് എന്നതും ശ്രദ്ധേയമാണ്.