സിനിമയിലെ ആദ്യ കാലത്ത് തന്നെ ചൂഷണം ചെയ്യാന്‍ പലരും ശ്രമിച്ചതായി ബോളിവുഡ് നടന്‍ രവി കിഷന്‍. സിനിമാമേഖലയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചയായിത്തീര്‍ന്ന കാസ്റ്റിങ് കൗച്ച് താനും അഭിമുഖീകരിക്കേണ്ടി വന്നതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. യൂട്യൂബിലൂടെ ശുഭാംഗര്‍ മിശ്രയുമായി നടത്തിയ അഭിമുഖത്തിലാണ് സിനിമയില്‍ പുരുഷന്മാര്‍ നേരിടുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍.

450 ലേറെ ഭോജ്പുരി ചിത്രങ്ങളില്‍ വേഷമിട്ട രവി കിഷന്‍ ശക്തമായ കഥാപാത്രങ്ങള്‍ കാഴ്ചവെച്ച് ബോളിവുഡിലും ശ്രദ്ധേയനാണ്. ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഒദ്യോഗിക എന്‍ട്രിയായിരുന്ന ലാപതാ ലേഡീസ് ആണ് രവി കിഷന്റേതായി ഏറ്റവും ഒടുവിലായെത്തിയ ചിത്രം. അതിലെ സബ് ഇന്‍സ്പെക്ടറായ ശ്യാം മനോഹര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ നിന്നുള്ള ലോക്സഭാംഗം കൂടിയാണ് രവി കിഷന്‍. ബിഹാറിലെ ഒരു ഗ്രാമത്തിലെ ദരിദ്രജീവിതത്തില്‍ നിന്ന് മോചനം തേടി കൗമാരക്കാലത്ത് മുംബൈയിലെത്തിയതാണ് താനെന്ന് രവി കിഷന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. വെല്ലുവിളികള്‍ നേരിടേണ്ടി വന്ന അക്കാലത്ത് തന്നെ ചൂഷണം ചെയ്യാന്‍ ചില വ്യക്തികള്‍ ശ്രമിച്ചതായും എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തതിനാല്‍ താന്‍ ചൂഷണത്തെ അതിജീവിച്ചുവെന്നും രവി കിഷന്‍ പറഞ്ഞു.

ചെറുപ്പകാലത്ത് തന്നെ ചൂഷണം ചെയ്യാന്‍ പലരും ശ്രമിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. 'നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍, കാണാന്‍ നന്നായിരിക്കുമ്പോള്‍, നിങ്ങള്‍ ആരോഗ്യവാനായിരിക്കുമ്പോള്‍, അതേസമയം നിങ്ങളുടെ പക്കല്‍ പണമില്ലാതിരിക്കുമ്പോള്‍ ചില വ്യക്തികള്‍ നിങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കും. സിനിമാമേഖലയില്‍ മാത്രമല്ല പല മേഖലകളിലും ഇതുസംഭവിക്കുന്നുണ്ട്. അവര്‍ അതിനായി ശ്രമിക്കും. അത്തരത്തില്‍ നടക്കുമെന്ന് തന്നെ കരുതും', സിനിമാമേഖലയില്‍ പുരുഷന്‍മാരും ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്നതിനെ കുറിച്ച് രവി കിഷന്‍ പറഞ്ഞു.

മെലിഞ്ഞ, നീണ്ട മുടിയുള്ള, കാതില്‍ കമ്മലണിഞ്ഞ താന്‍ ആകര്‍ഷണീയനായിരുന്നുവെന്നും അത് പലരിലും അനാവശ്യചിന്തകളുണര്‍ത്തിയതായും രവി കിഷന്‍ പറഞ്ഞു. വിജയത്തിലേക്ക് കുറുക്കുവഴികളൊന്നുമില്ലെന്നും അത്തരം വഴികള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം സിനിമയില്‍ അവസരം തേടിയെത്തുന്ന പുതുമുഖങ്ങള്‍ക്ക് ഉപദേശവും നല്‍കി. കുറുക്കുവഴികള്‍ സ്വീകരിച്ചാല്‍ അത് പിന്നീട് കുറ്റബോധം മാത്രമേ നല്‍കുകയുള്ളൂവെന്നും രവി കിഷന്‍ കൂട്ടിച്ചേര്‍ത്തു.

കുറുക്കുവഴിയിലൂടെ ആരും താരമായിട്ടില്ലെന്നും രവി കിഷന്‍ പറഞ്ഞു. 'നിങ്ങളുടെ സമയം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണം. എനിക്കായി ഒരിക്കല്‍ സൂര്യനുദിക്കുമെന്ന് ഞാന്‍ സ്വയം പറയുമായിരുന്നു. 90കളിലെ എന്റെ സുഹൃത്തുക്കള്‍ അക്ഷയ് കുമാറും അജയ് ദേവ്ഗണുമൊക്കെ സൂപ്പര്‍സ്റ്റാറുകളായി, എന്റെ സമയം വരാന്‍ ഞാന്‍ കാത്തിരുന്നു', അദ്ദേഹം പറഞ്ഞു.