- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുതും വലുതുമായ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍; സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളുടെ വ്യത്യസ്ത ശൈലിയും; ബോക്സോഫീസ് നിറഞ്ഞ് കോളിവുഡ്; ഈ വര്‍ഷം 100 കോടി കടന്ന ചിത്രങ്ങള്‍
2024 തമിഴ് സിനിമയ്ക്ക് സുവര്‍ണ വര്‍ഷമായിരുന്നു. മികച്ച കഥകളും ശ്രദ്ധേയമായ സിനിമകളും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ വര്‍ഷം ചെറുതും വലുതുമായി ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ കണ്ടു. പതിവിന് വിപരീതമായി, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളുടെയും വ്യത്യസ്ത ശൈലികളിലുള്ള ചിത്രങ്ങളുടെയും വിജയഗാഥകളാലാണ് ബോക്സോഫീസ് നിറഞ്ഞത്. വാഴൈ, ഗരുഡന്‍, കൊട്ടുകാളി, ലബര്‍ പന്ത് പോലുള്ള മികച്ച സിനിമകള്‍ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ചപ്പോള്‍, അഞ്ചു തമിഴ് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിക്കഴിഞ്ഞു.
മഹാരാജ
വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമായിരുന്നു മഹാരാജ. നിതിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്ത് ദ് റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ് എന്നിവരും വിജയ് സേതുപതിയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. 20 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ആഗോളതലത്തില്‍ 149 കോടിയോളം കളക്ഷന്‍ നേടി.
അമരന്‍
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയനും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് അമരന്‍. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശിവ് അരൂരിന്റെയും രാഹുല്‍ സിങ്ങിന്റെയും ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേണ്‍ മിലിട്ടറി ഹീറോസ് എന്ന പുസ്തക പരമ്പരയുടെ അഡാപ്‌റ്റേഷനായിരുന്നു ചിത്രം. മേജര്‍ മുകുന്ദ് വരദരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയനെത്തിയത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ 21 -ാമത്തെ ചിത്രം കൂടിയായിരുന്നു അമരന്‍. 320 കോടിയോളം ചിത്രം നേടുകയും ചെയ്തു.
രായന്‍
ധനുഷ് തന്നെ കഥയെഴുതി സംവിധാനം ചെയ്ത അഭിനയിച്ച ചിത്രമാണ് രായന്‍. നടന്റെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. എസ്‌ജെ സൂര്യ, ദുഷാര വിജയന്‍, സന്ദീപ് കിഷന്‍, കാളിദാസ് ജയറാം, സെല്‍വരാഘവന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. തമിഴ്‌നാട്ടില്‍ മാത്രം 75 കോടിയോളം ചിത്രം കളക്ഷന്‍ നേടി. ലോകമെമ്പാടും 160 കോടി ചിത്രം നേടുകയും ചെയ്തു.
അരണ്‍മനൈ 4
തമന്നയും റാഷി ഖന്നയും പ്രധാന വേഷത്തിലെത്തിയ തമിഴ് കോമഡി ഹൊറര്‍ ചിത്രമായിരുന്നു അരണ്‍മനൈ 4. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം അവ്നി സിനിമാക്‌സും ബെന്‍സ് മീഡിയയും ചേര്‍ന്നാണ് നിര്‍മിച്ചത്. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റിലെത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 100.50 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നേടിയത്. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്.
വേട്ടയ്യന്‍
ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായെത്തിയ ചിത്രമാണ് വേട്ടയ്യന്‍. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റിതിക സിങ്, റാണ ദഗുബതി, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ലൈക പ്രൊഡക്ഷന്‍സായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. 160 കോടി ബജറ്റിലായിരുന്നു ചിത്രം ഒരുക്കിയത്. 260 കോടി ആഗോളതലത്തില്‍ ചിത്രം നേടി.
ദ് ഗോട്ട്
പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു വിജയ് നായകനായെത്തിയ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മ്മിച്ചത്. പ്രശാന്ത്, പ്രഭുദേവ, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. 380-400 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ വന്‍ ഹൈപ്പില്‍ ചിത്രമെത്തിയിട്ടും പ്രതീക്ഷിച്ച അത്ര വിജയം ചിത്രത്തിന് നേടാനായില്ല. തൃഷ, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങള്‍ ആഗസ്റ്റ് അപ്പിയറന്‍സിലും ചിത്രത്തിലെത്തിയിരുന്നു. 455 കോടിയോളം നേടുകയും ചെയ്തു ചിത്രം.