മഞ്ഞുമ്മല്‍ ബോയ്‌സ് മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാനാവുമെന്ന് തോന്നുന്നില്ലെന്ന് സംവിധായകന്‍ ചിദംബരം. ഇത് ഒരു യഥാര്‍ത്ഥ ഗുഹയേയും ആളുകളേയുംകുറിച്ചുള്ള യഥാര്‍ത്ഥ കഥയാണ്. കൂടാതെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സാംസ്‌കാരികമായ ബന്ധവും ചിത്രം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടന്ന ഐ.ഐ.എഫ്.എ അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ചിദംബരത്തിന്റെ ഈ പ്രതികരണം.

ചിദംബരം പറഞ്ഞത്:

ഇതൊരു യഥാര്‍ത്ഥ ഗുഹയുടെയും മനുഷ്യരുടെയും യഥാര്‍ത്ഥ കഥയാണ്. കേരളീയരുടെയും തമിഴ്നാട്ടുകാരുടെയും സാംസ്‌കാരിക ബന്ധം തുടങ്ങി സിനിമയെ വിജയയിപ്പിക്കാന്‍ സഹായിച്ച ഒരുപാട് ഘടകങ്ങളുണ്ട്, എന്നാല്‍ നിങ്ങള്‍ അത് റീമേക്ക് ചെയ്യാന്‍ പോകുകയാണെങ്കില്‍ അതിനെ എത്രത്തോളം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്ന് എനിക്ക് അറിയില്ല, മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം മറ്റേതെങ്കിലും ഭാഷയിലേക്ക് റീമേക്ക് ചെയ്യേണ്ട ഒരു സിനിമയാണെന്ന് ഞാന്‍ കരുതുന്നില്ല. ലോകത്തിന്റെ എല്ലാ ഭാഗത്തും, ഇതുപോലെ യാത്ര പോവുകയും യാത്ര പോയിടത്ത് ചെന്ന് ഇതുപോലെയുള്ള അപകടങ്ങളില്‍ ചാടുകയും ചെയ്യുന്ന ആണ്‍ കുട്ടികള്‍ ഉണ്ട്. ഇതൊരു സാര്‍വത്രിക കഥയാണ്. അതുകൊണ്ടാണ് ഇത് ധാരാളം ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ സാധിച്ചത്. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ പലവിധമായ സിനിമകള്‍ ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ അടുത്ത ചിത്രം ഒരു പക്ഷേ വളരെ രസകരമായതോ അല്ലെങ്കില്‍ വളരെ വയലന്റോ ആയ തരത്തിലെ ചിത്രമായിരിക്കാം. എല്ലാ ഴോണറുകളും എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഞാന്‍ ആ?ഗ്രഹിക്കുന്നുണ്ട്.

ഇതേ സമയം ഇനി വരാനിരിക്കുന്ന തന്റെ ചിത്രം മനുഷ്യ വികരങ്ങളെക്കുറിച്ചുള്ള ചിത്രമാണ് എന്നും വയലന്‍സിന്റെ ഒരു അനാട്ടമിയാണ് താന്‍ അതില്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നത് എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ സിനിമ ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രവുമായി.

മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടതിന് ശേഷം കമല്‍ ഹാസന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. ചിത്രത്തിലെ സുഷിന്‍ ശ്യാമിന്റെ സംഗീതവും അജയന്‍ ചാലിശേരിയുടെ കലാസംവിധാനവും ഏറെ പ്രശംസ നേടി. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ്.